Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ, മേരിക്കുട്ടിയിൽ നിങ്ങളെത്രപേരെ ഒളിപ്പിച്ചിരുന്നു!

opinion

ബാലചന്ദ്ര മേനോന്റെ "അമ്മയാണെ സത്യം" എന്ന സിനിമ കണ്ടപ്പോൾ ഒരിക്കലും തോന്നിയില്ല നീണ്ടു മെലിഞ്ഞ ആ പയ്യൻ ഒരു പെൺകുട്ടി ആയിരിക്കുമെന്ന്. ഒടുവിൽ കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും അമ്പരന്നു ബാലചന്ദ്ര മേനോൻ ആദ്യമായി തിരശീലയ്ക്ക് മുന്നിൽ കൊണ്ട് വന്ന ആൺകുട്ടി ഒരു പെൺകുട്ടിയായിരുന്നു.

യാതൊരു വ്യത്യാസവും തോന്നാതെ ആൺ കുട്ടിയുടെ വേഷം ആനി തകർത്ത അഭിനയിക്കുകയും ചെയ്തു. പിന്നീട് അവ്വൈ ഷണ്മുഖി ഇറങ്ങിയപ്പോഴും ദശാവതാരം ഇറങ്ങിയപ്പോഴും മായാമോഹിനിയും ചാണക്യ തന്ത്രവും ഇറങ്ങിയപ്പോഴും ഈ വേഷം കെട്ടൽ ഒരു കല ആയി തന്നെ തുടർന്നു. ഏറ്റവുമൊടുവിൽ ജയസൂര്യ മേരിക്കുട്ടി ആയിരിക്കുന്നു. പക്ഷേ മുകളിൽ പറഞ്ഞ എല്ലാ കഥാപാത്രങ്ങളിൽ നിന്നും ജയസൂര്യയുടെ മേരിക്കുട്ടിയെ വേർതിരിച്ചു നിർത്തുന്നത് മേരിക്കുട്ടി എന്ന കഥാപാത്രം ഒരു വേഷംകെട്ട് ആയിരുന്നില്ല എന്നിടത്താണ്. 

njan-marykutty-review-1

ഹോർമോണുകൾ അതിശയങ്ങൾ കാട്ടിത്തുടങ്ങുന്ന കൗമാരത്തിൽ താൻ ആണല്ല പെണ്ണാണെന്ന് തിരിച്ചറിയപ്പെടുക. ആൺ ശരീരത്തിനുള്ളിലുള്ള ചിന്തകളും മനസ്സും പെണ്ണിന്റേതാണെന്ന് മനസ്സിലാവുക. അത് എന്തൊരു നിമിഷമായിരിക്കും. ശരീരത്തിനുള്ളിൽ നിന്ന് പോലും പുറത്തു ചാടാൻ കൊതിക്കുന്ന ആത്മാവിന്റെ തീരാ സങ്കടങ്ങൾ. അങ്ങനെയൊരു അവസ്ഥ അവനവനല്ലാതെ അരികിൽ നിൽക്കുന്ന മറ്റൊരാൾക്ക് പോലും ഉൾക്കൊള്ളാൻ ആയി എന്ന് വരില്ല.

അത് അച്ഛനോ അമ്മയോ ആയാലും സഹോദരങ്ങളായാലും. അതുകൊണ്ടു തന്നെയാണ് മിക്ക ട്രാൻസ്ജെൻഡേഴ്സിനും വീടുവിട്ട് ഇറങ്ങിപ്പോരേണ്ടി വരുന്നതും. അങ്ങനെയുള്ള പല വൈകാരിക നിമിഷങ്ങളിലൂടെയുമാണ് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി സഞ്ചരിക്കുന്നത്. തന്റെ അസ്തിത്വം അംഗീകരിക്കാത്ത വീട്ടുകാരിൽ നിന്ന് ഒളിച്ചോടുന്ന മേരിക്കുട്ടി വർഷങ്ങൾക്കു ശേഷം നാട്ടിൽ കാലു കുത്തുന്നത് പൂർണമായും ശസ്ത്രക്രിയ ചെയ്ത ട്രാൻസ് സെക്ഷ്വൽ ആയ സ്ത്രീയായി മാറിക്കൊണ്ടാണ്. പക്ഷേ സ്വാഭാവികമായും മേരിക്കുട്ടിയെ, മാത്തുക്കുട്ടിയായി അറിയാവുന്ന സമൂഹത്തിനു അതൊരു വേഷം കെട്ടൽ തന്നെയാണ്. 

renju-01 രെഞ്ചു.

"നെഞ്ചിടിപ്പായിരുന്നു സിനിമ കാണാൻ ചെന്നിരുന്നപ്പോൾ മുതൽ. തുടങ്ങും മുൻപ് തന്നെ എന്റെ തന്നെ ജീവിതം മുന്നിൽ കാണാൻ പോകുന്നത് പോലെ .വല്ലാത്ത വിമ്മിഷ്ടം എനിക്കറിയില്ല അതെന്താണെന്ന്. അതിലെ ഓരോ നിമിഷങ്ങളും കടന്നു പോകുമ്പോൾ പലയിടത്തും ഞാൻ ജീവിച്ചു പോന്നിരുന്ന അവസ്ഥകൾ കാണാൻ കഴിഞ്ഞു. ഒരിക്കലും മറ്റു തലത്തിലേയ്ക്ക് പോകാനാണ് ഞാനും ആഗ്രഹിച്ചത്. മേരിക്കുട്ടിയെ പോലെ വിജയിച്ച ഒരു സ്ത്രീയാകാനായിരുന്നു എനിക്കുമിഷ്ടം. അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഏറെക്കുറെ എനിക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് ഞാൻ എത്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഇവിടം കൊണ്ടും തീർന്നിട്ടില്ല എന്നെനിക്കറിയാം. ഇനിയും എനിക്ക് ഉയരേണ്ടതുണ്ട്, മുന്നോട്ടു പോകേണ്ടതുണ്ട്. കമ്മ്യൂണിറ്റിക്കു വേണ്ടി ഇനിയും ഞങ്ങൾക്ക് ചെയ്യാനുണ്ടെന്ന് മനസ്സിലാകുന്നു. അതിനു വേണ്ടി ഞങ്ങളുണ്ടാകും. മേരിക്കുട്ടി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയാണ്, മാത്രമല്ല ധാരാളം മേരിക്കുട്ടിമാർ നമുക്ക് ചുറ്റുമുണ്ട്, ഈ പ്രാധന്യം ഉള്ളതുകൊണ്ട് തന്നെ മറ്റു ഭാഷകളിലേക്കും മേരിക്കുട്ടി മൊഴിമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.

പ്രശസ്ത ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രെഞ്ചു രെഞ്ജിമാർ ഞാൻ മേരിക്കുട്ടിയെ കുറിച്ച് പറയുന്നു. 

വിഭാഗീയവത്കരിക്കപ്പെട്ടു പോകുന്ന വലിയ ഒരു സമൂഹമുണ്ട്, നമുക്ക് ചുറ്റും. സ്വന്തം മനസ്സിനെ സ്വീകരിച്ചെന്ന പേരിൽ. മേരിക്കുട്ടി പറയുന്നത് പോലെ ഒരുവൻ ആദ്യം അവനവനെയാണ് അംഗീകരിക്കേണ്ടത്, പിന്നീട് അവനെ കുടുംബവും സമൂഹവും അംഗീകരിച്ചോളും. അവനവനെ അംഗീകരിക്കാത്ത കാലത്തോളം അവനെ ലോകം ഒരിക്കലും കയ്യേൽക്കാനും പോകുന്നില്ല. മഹത്തായ ഒരു സന്ദേശമാണ് ഇത് ട്രാൻസ്ജെൻഡേഴ്സിന് നൽകുന്നത്. രാത്രിയിൽ ഇറങ്ങി നടക്കുന്ന എല്ലാ സ്ത്രീകളും ട്രാൻസ്ജെൻഡേഴ്‌സും "മറ്റേ പണി" ക്കാണ് രാത്രിയിൽ പുറത്തിറങ്ങുന്നതെന്ന കപട സദാചാര ചിന്ത വച്ച് പുലർത്തുന്ന ഒരു സമൂഹത്തെയും സിനിമ അഡ്രസ്സ് ചെയ്യുന്നു.

പ്രശസ്ത സിനിമ പ്രവർത്തക സുധ രാധികയുടെ വാക്കുകൾ 

"ഞാൻ മേരിക്കുട്ടി, ട്രാൻസ്ജെൻഡറെന്ന് സമൂഹം ഭ്രഷ്ട്‌ കൽപ്പിച്ചു നിർത്തിയിരിക്കുന്ന ഒരു വിഭാഗത്തിന്റെ സത്വബോധം ചർച്ച ചെയ്യുന്നു. ഞാനടക്കം വലിയ ഒരു വിഭാഗം അടുത്തു കണ്ടിട്ടുപോലുമില്ലാത്ത അവരുടെ ജീവിതം എടുത്തുകാണിക്കാൻ ശ്രമിച്ച മേരിക്കുട്ടിയുടെ ശിൽപികൾ ആ കാരണംകൊണ്ട്‌ അഭിനന്ദനമർഹിക്കുന്നു. 100% ട്രാൻസ്ജെൻഡറുകളും ക്രൂരമായ ഒറ്റപ്പെടലും അപമാനവും അവഗണനയും അനുഭവിച്ചവരാണെന്ന സത്യം എത്ര വേദനാജനകമാണ്. കഥയിലെ അത്തരം മുഹൂർത്തങ്ങൾ എല്ലാം തന്നെ യഥാർഥസംഭവങ്ങൾ ആണെന്നത്‌ സമൂഹജീവിയെന്നു അഭിമാനിക്കുന്ന മനുഷ്യർക്ക്‌ ആ വാക്കിനു അർഹത ഇല്ലാതാക്കുന്നു. 

മേരിക്കുട്ടിയായി വന്ന ജയസൂര്യ എന്ന നടൻ അസാധാരണമാം വിധം ആ കഥാപാത്രമായി ജീവിച്ചു. മാനറിസങ്ങളിൽ എത്ര ട്രാൻസ്ഫോം ചെയ്യപ്പെട്ടു. ഷാജി പാപ്പനിൽ നിന്ന് മേരിക്കുട്ടി എന്നത്‌ അദ്ഭുതമാണ്. ട്രാൻസ്ജെൻഡർ അവർക്ക്‌ കൃത്യമായ ഒരു ഐഡി അടയാളപ്പെടുത്തുന്ന സ്പെസിഫിക്‌ റ്റൈറ്റിൽ പോലും സമൂഹം ഇതുവരെ കണ്ടെത്തിയില്ല എന്നത്‌ അവഗണനയുടെ ആഴം പ്രതിഫലിപ്പിക്കുന്നു. വീടുകളിൽ നിന്നും പുറത്തേക്ക് തള്ളിക്കളയാതെ സമൂഹം അവരെ അംഗികരിച്ചാൽ സാധാരണ ജീവിതങ്ങൾ അവർക്കും സാധ്യമാണ്.

sudha-radhika സുധ രാധിക.

മനുഷ്യരായി അവരെ പരിഗണിക്കുക എന്നത് വലിയ ആയാസമൊന്നുമില്ലാത്ത ഒരു ദൗത്യമേ സമൂഹം അതിനായി ചെയ്യേണ്ടതുള്ളു. ഈ വിഷയം മാസ്‌ ആക്സെപ്റ്റൻസ്‌ നോക്കാതെ ഏറ്റെടുത്ത രഞ്ജിത്തും ജയസൂര്യയും ആത്യന്തികമായി കലാകാരനു വേണ്ടത്‌ മനുഷ്യത്വം ആണെന്നു ഓർമ്മപ്പെടുത്തുന്നു. ഹൗസ്‌ ഫുൾ ആയ ഷോയിൽ മേരിക്കുട്ടിയുടെ വിജയങ്ങൾക്കൊപ്പം കയ്യടികളുമായി നിന്ന പ്രേക്ഷകർ ജീവിതത്തിലും ആ മാറ്റം ഉൾക്കൊണ്ടാൽ മതിയായിരുന്നു. പടം കാണുമ്പോൾ നിലാഞ്ചു പലവട്ടം കരഞ്ഞു പോയി. മനുഷ്യനിർമ്മിതിയിലേയ്ക്ക്‌ ഈ സമൂഹം ഇനിയെത്ര ഉയരാനുണ്ട്‌, ല്ലേ? പൊലീസ്‌ സ്റ്റേഷനിൽ വന്ന് സ്വന്തം അച്ഛനിൽ നിന്ന് എവിടേലും പോയി ചത്തൂടെ, എന്ന ആ വാചകം അവർ എത്ര തവണ എത്ര സന്ദർഭങ്ങളിൽ അവനവനിൽ നിന്നു പോലും കേട്ടു കാണും. ഞാൻ എന്റെ മകൾ നിലാഞ്ചുവിനോട്‌ പറഞ്ഞു. ഓരോ അപമാനത്തിന്റെ അടയാളവും ജീവിക്കാനുള്ള ഇൻസ്പിരേഷൻ ആയി കാണുന്ന മേരിക്കുട്ടിയെ നോക്കുക എന്ന്."

ചർച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങൾ മേരിക്കുട്ടി അവതരിപ്പിക്കുന്നുണ്ട്. മദ്യപാനം സ്ത്രീകൾ ചെയ്യുമ്പോൾ അത് പരിഹസിക്കപ്പെടേണ്ട ഒന്നാണെന്ന പൊതുബോധം രാത്രിയിൽ നടക്കുന്ന ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റു ജോലികൾ ചെയ്യാൻ നടക്കുന്നവരാണെന്ന ചിന്ത, ട്രാൻസ്‌ജെൻഡർ എന്നാൽ വേഷം കെട്ടലാണെന്ന സാമൂഹിക അവസ്ഥ എന്നിങ്ങനെ പല കാര്യങ്ങൾ മേരിക്കുട്ടി പൊളിച്ചെഴുതുന്നുണ്ട്. ഏറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ എന്നും അവതരിപ്പിക്കുന്ന സംവിധായകനെന്ന നിലയിൽ രഞ്ജിത് ശങ്കറിന് അഭിമാനിക്കാം, കാരണം സമൂഹം ഒറ്റപ്പെടുത്തുന്ന, അവഗണിക്കുന്ന, വിഭാഗീയവത്കരിക്കുന്ന സമൂഹങ്ങളെ ഒപ്പം കൊണ്ട് നടക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമമാണ് രഞ്ജിത് ശങ്കർ നടത്തുന്നത്. 

njan-marykutty-review

'ചാന്ത്പൊട്ട്' പോലെയുള്ള സിനിമകളിൽ പുരുഷനിലെ സ്ത്രീത്വം എന്നത് മാനസിക രോഗമാണെന്നും വളർത്തു ദോഷമാണെന്നും പറഞ്ഞു വച്ചിടത്തു നിന്നാണ് കാലം മാറിയപ്പോൾ ട്രാൻസ്ജെൻഡറുകൾ ഞാൻ മേരിക്കുട്ടിയിലൂടെ ഉയിർത്തെഴുന്നേൽക്കുന്നത്. തെല്ലും മാറാതെ കൂടുതലും കുറവും ഇല്ലാതെ കൃത്യമായി മേരിക്കുട്ടിയായി വേഷം കെട്ടിയ ജയസൂര്യ കയ്യടിയർഹിക്കുന്നു.

സിനിമ ഒരു സാമൂഹിക മാധ്യമമാണ്, മനുഷ്യനെ അടയാളപ്പെടുത്താനുള്ള മാധ്യമം. ട്രാൻസ്ജെൻഡർ എന്ന വിഷയം സിനിമയ്ക്കു കാരണമായത് ഒരു ചെറിയ കാര്യമായി കാണേണ്ടതില്ല, വേഷം കെട്ടലുകളല്ല, കൃത്യമായ വേഷമാണ് അവർക്കുള്ളത്. അത് കാണിച്ചു തരുക എന്നത് കലയുടെ ലക്ഷ്യവുമായാണ്. സമൂഹത്തിന്റെ മുൻ നിരയിലേക്ക് ട്രാൻസ് സമൂഹവും സമാന്തരമായി വരട്ടെ. ഞാൻ മേരിക്കുട്ടി അതിനൊരു കാരണവുമാകട്ടെ. ഒരുപാട് വീടുകളിൽ, ഹൃദയങ്ങളിൽ തിരിച്ചറിവിന്റെ മഹാ വെളിച്ചമായി അത് മാറട്ടെ.