Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കറങ്ങുന്ന കസേര വേണ്ട, ആ ദിവസങ്ങളിൽ ഒന്നിരിക്കണം'

x-default പ്രതീകാത്മക ചിത്രം.

എത്രയോ വർഷങ്ങളായി മനുഷ്യന്റെ വസ്ത്രം എന്ന അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് നേരെ തലച്ചോർ തുറന്നു പിടിക്കുന്ന കച്ചവട തന്ത്രങ്ങളുമായി വസ്ത്ര വിപണി പുറത്തുണ്ട്. വസ്ത്രം എന്ന ഏറ്റവും അടിസ്ഥാന ആവശ്യം ശരീരം മറയ്ക്കുക എന്നതിനപ്പുറം വ്യക്തിത്വത്തിന്റെയും ആർഭാടത്തിന്റെയും അടയാളമായി മാറിയതോടെ വിപണി വളരെയധികം കച്ചവട സാധ്യതയുള്ള ഒന്നായി തീർന്നു. ഇത്തരം വ്യാപാരങ്ങൾ സജീവമായതോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും വർധിച്ചു, അവരവരുടെ സങ്കൽപ്പങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചുള്ള വസ്ത്രങ്ങൾ ട്രെൻഡ് ആയി മാറി. പക്ഷേ എല്ലായിടങ്ങളിലും ഒരു വിഭാഗം മനുഷ്യർ അവരുടെ സന്തോഷങ്ങളിലേക്കു നടക്കുമ്പോൾ മറ്റൊരു വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ ഒരിടത്ത് നിശബ്ദമാക്കപ്പെടുകയായിരുന്നു. 

കേരളത്തിൽ നടന്ന തൊഴിലാളി സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളായ സ്ത്രീകളുടെ ഇരിക്കൽ സമരം. തങ്ങളുടെ ഇരിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദിവസങ്ങളോളം അവർ സമരം നടത്തിയത്. പക്ഷേ പലതും അടിച്ചമർത്തപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. മാറി മാറി വന്ന ഒരു സർക്കാരും ഇവരെ ശ്രദ്ധിച്ചതേയില്ല. എന്നാൽ ഇത്തവണ ഇരിക്കൽ സമരത്തിന്റെ ഉത്തരം ഇടതുപക്ഷ സർക്കാർ ഹൃദയപൂർവം നൽകിയിരിക്കുന്നു. അവർക്ക് ഇനി മുതൽ ജോലിയുടെ ഇടവേളകളിൽ ഇരിക്കാം. 

''ഇരിക്കാൻ ഇരിപ്പിടമെന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. കറങ്ങുന്ന കസേരയിലെ ജോലിയൊന്നും സ്വപ്നം കാണുന്നില്ല. പക്ഷേ ആർത്തവദിവസങ്ങളിലൊക്കെ ഒന്നിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പല തവണ ആഗ്രഹിച്ചിട്ടുണ്ട്. കടയിൽ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ നിന്നേ പറ്റൂ. വെരിക്കോസ് വെയിൻ പോലുള്ള ബുദ്ധിമുട്ടുകൾ‌ ഉള്ള ഒരുപാട് ആളുകൾ ഞങ്ങൾക്കിടയിലുണ്ട്. സഹിക്കാൻ വയ്യാതെ വരുമ്പോൾ സ്റ്റെപ്പുകളിലും മറ്റുമാണ് പോയി ഇരിക്കാറ്. മാസത്തിൽ ആകെയുള്ളത് രണ്ട് അവധി മാത്രമാണ്. അസുഖങ്ങളൊക്കെ ഉണ്ടെങ്കിലും ജോലിക്കു വരാതിരിക്കാൻ സാധിക്കില്ല. പക്ഷെ ഇവിടെ വരുമ്പോൾ ഒന്നു നടുവ് നിവർത്താൻ പോലും പറ്റില്ല. അങ്ങനെയുള്ള ഞങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ് പുതിയ നടപടി. രാവിലെ മുതൽ രാത്രി വരെയുള്ള ഇൗ നിൽപ്പിന് അറുതി വരുത്തിയ സർക്കാരിന് അഭിനന്ദനങ്ങൾ''. സന്തോഷം പങ്കുവെച്ച് അവർ പറയുന്നു.

"നമ്മളൊക്കെ മറ്റുള്ളവർ നടത്തിയ സമരങ്ങളുടെ ഫലം അനുഭവിക്കുന്നവരാണ്. സമരം നടത്താൻ താൽപര്യമില്ലാഞ്ഞിട്ടല്ല ഇറങ്ങാതിരുന്നത്, ഇറങ്ങിയാൽ ആ ദിവസത്തെ കൂലി ഇല്ല, അങ്ങനെ എത്ര ദിവസം. മാസം ആദ്യമാണ് ശമ്പളം ലഭിക്കുക അതിൽ കുറവ് വരുന്ന കാര്യം ആലോചിക്കാൻ വയ്യ നിവൃത്തികേടുകൊണ്ടാണ്. ഒന്ന് താളം തെറ്റിയാൽ കുടുംബത്തിന്റെ എല്ലാം താളം തെറ്റും,.പിന്നെ ഞങ്ങൾ എന്ത് ചെയ്യാൻ?". സമരത്തിന് ഇറങ്ങാൻ കഴിയാതെ പോയ അനുഭവം പങ്കു വയ്ക്കുന്നു ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി, "തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്ന നിയമം ഭേദഗതി ചെയ്തുവെന്നൊക്കെ അറിഞ്ഞു, സന്തോഷം, പക്ഷേ ഇതൊക്കെ എത്ര നാളത്തേയ്ക്കൊന്നും ഞങ്ങൾക്കറിയില്ല. ഇതൊക്കെ ഞങ്ങൾക്ക് ശീലമായി കഴിഞ്ഞു" അവർ തുടരുന്നു.

പല അവസ്ഥകളും അതിരൂക്ഷമായാലും നമുക്ക് അതൊക്കെയും നമ്മുടെ ശീലങ്ങളാക്കി മാറ്റാനുള്ള കഴിവുണ്ട്. അതുതന്നെയാണ് ഇത്തരം അവസ്ഥകളിൽ പെട്ടിരിക്കുന്നു പല സ്ത്രീകളും പിന്തുടരുന്നതും. കോഴിക്കോടുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സ്ത്രീ പറയുന്നത് കേൾക്കൂ, "ഞങ്ങൾക്കിവിടെ പ്രാഥമിക ആവശ്യങ്ങൾ നടത്താനുള്ള സൗകര്യം പോലുമില്ലായിരുന്നു. പിന്നീട് എത്രയോ സമരങ്ങൾ അകത്തു നടത്തിയിട്ടാണ് അത്തരം സൗകര്യങ്ങളൊരുക്കിയത്. അതൊന്നും ആരും  പറയാനും അറിയാനും പോകുന്നില്ല. ഇവിടെ തന്നെ പലരും നട്ടെല്ലിന് വേദന അനുഭവിക്കുന്നവരാണ്. മാനേജരോട് പറഞ്ഞാൽ പ്രായം കൂടിയവർ ആവശ്യമില്ലെന്ന് പറയും. എത്ര വർഷമായി ജോലി ചെയ്യുന്നവരാണ് അവരൊക്കെ, അവരിനി എന്തു ജോലി ചെയ്യും. പ്രായം കൂടുന്തോറും ഈ ഇരിക്കാൻ കഴിയാതെ നിന്നുകൊണ്ട് ചെയ്യുന്ന ജോലികൾ ശരീരത്തെ ബാധിച്ചു തുടങ്ങും. പക്ഷേ എത്ര വേദന ഉണ്ടെങ്കിലും കസ്റ്റമർ വരുമ്പോൾ നമ്മൾ അവരുടെ മുന്നിൽ മുഖം കറുപ്പിക്കാറില്ല".

Textile-shop.jpg.image.784.410

എത്ര ഭേദഗതി ചെയ്തെന്നു പറഞ്ഞാലും നിയമങ്ങൾ നിയമങ്ങളായി തുടരുമോ അതോ നടപ്പാക്കുമോ എന്ന് സംസാരിച്ച സ്ത്രീകൾക്കെല്ലാം ഭയമുണ്ട്. പക്ഷേ എന്നിരുന്നാലും പുതിയ നിയമങ്ങൾ അവർക്കെല്ലാം സന്തോഷമാണ് നൽകുന്നത്.എന്നാൽ ഇതേക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ലാത്തവരും അതിന്റെ പ്രാധാന്യം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെയവരും ഇപ്പോഴുമുണ്ട്. "അങ്ങനെയൊരു മാറ്റം വന്നത് അറിഞ്ഞിട്ടില്ല, പക്ഷേ ഇടയ്ക്കൊക്കെ ഞങ്ങൾ ഇടവേളകളിൽ അല്ലെങ്കിലും ഇരിക്കാറുണ്ട്. കടയിലാണെങ്കിലും വീട്ടിൽ ചെന്നാലും ഒട്ടും സമയം കിട്ടാറില്ല. എപ്പോഴും ഓട്ടമാണ്. അതുകൊണ്ട് നമ്മുടെ ആരോഗ്യം കുറച്ചെങ്കിലും നമ്മൾ നോക്കണ്ടേ? അതുകൊണ്ട് കടയിൽ ആരുമില്ലാത്തപ്പോൾ ഇടയ്ക്കൊക്കെ ഇരിക്കാറുണ്ട്. അല്ലാതെ പറ്റില്ല", തൃശൂർ ജില്ലയിലെ ഒരു ചെറു തുണിക്കടയിലെ സെയിൽസ് ഗേളായ സുകന്യ പറയുന്നു.

പല സ്ത്രീകളും പലതും പറയുമ്പോൾ പേരുകൾ വെളിപ്പെടുത്താൻ ഭയക്കുന്നു. തങ്ങൾ ജോലിയെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെ പേരുകൾ തുറന്നെഴുതാൻ മടിക്കുന്നു. അവർക്ക് അവരുടെ അനുഭവം മാത്രം പേരുകളല്ലാതെ പറയാൻ കഴിഞ്ഞാൽ മതി,അത് തന്നെ ആശ്വാസം."ഒന്നിനും സമയം കിട്ടാറില്ല, ഇരിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും. നല്ല തിരക്കുള്ള കടയാണ്. നമുക്ക് ഒന്നും ചെയ്യാനില്ല. ചില കസ്റ്റമേഴ്സുണ്ട് വാരി വലിച്ചു നമ്മളെ കൊണ്ട് ഇടീപ്പിക്കും, പക്ഷേ അതിൽ നിന്നും ഒന്ന് പോലും തിരഞ്ഞെടുക്കാതെ അവർ ഇട്ടിട്ട് പോവുകയും ചെയ്യും. അതു കണ്ടുകൊണ്ട് നിൽക്കുന്ന മാനേജരുടെ മുഖം കാണുമ്പൊൾ നെഞ്ചിടിപ്പ് കൂടി വരും. പലപ്പോഴും ഒന്നും പറയാറില്ല, പക്ഷേ എന്തോ അവരുടെ നോട്ടത്തിൽ വല്ലാതെ ഭയം തോന്നും. നമ്മളെന്തു ചെയ്യാനാണ്, ഈ സമയങ്ങളിലൊന്നും ഇരിക്കാൻ കഴിയാറേയില്ല. ഒടുവിൽ ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചെന്നു വരുത്താൻ ഓടുമ്പോഴാണ് ഒരു അഞ്ചു മിനിറ്റ് ഇരിക്കുക. ബാത്റൂമിലോക്കെ പോകുമ്പോൾ തുടയൊക്കെ നീറി പുകയും. പക്ഷേ ജീവിതം, കുടുംബം ഒക്കെ ഓർക്കുമ്പോൾ ഈ പുകച്ചിലൊക്കെ ഒന്നുമല്ലെന്ന് തോന്നും. എന്തൊക്കെ നിയമങ്ങൾ മാറി വന്നാലും വാങ്ങാൻ വരുന്നവരുടെ ഇത്തരം രീതികൾ മാറാതെ ഞങ്ങളെ പോലെയുള്ളവർക്കിരിക്കാൻ സമയം കിട്ടുമെന്ന പ്രതീക്ഷയില്ല", വേദനയോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ശരീരത്തിന്റെ പുകച്ചിലും വേദനയും ശബ്ദത്തിൽ പ്രകടമായതു പോലെ. 

ഓരോ സ്ത്രീകളും അനുഭവിക്കുന്നത് ഓരോന്നാണ്. പലരും നിയമഭേദഗതിയെക്കുറിച്ചറിഞ്ഞെങ്കിലും പോലും അതെങ്ങനെ പ്രവർത്തികമാക്കുമെന്ന ചോദ്യത്തിലാണ്. എങ്കിലും ഇത്തരത്തിൽ അവസരം കിട്ടിയതിനെ പൊതുവെ വസ്ത്ര വ്യാപാര രംഗത്തെ സ്ത്രീകൾ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ഇരിക്കാൻ സമയം കിട്ടുക എന്നത് തന്നെ തങ്ങളുടെ സമരത്തിന്റെ വിജയമായി പല സ്ത്രീകളും കാണുന്നുണ്ടാകയും. അതിജീവനത്തിന്റെ ഭാഗമായി എന്ത് ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടവരല്ലല്ലോ സ്ത്രീകൾ, ജോലി ചെയ്യാനുള്ള ആരോഗ്യവും പ്രധാനം തന്നെ. പ്രാഥമിക ആവശ്യങ്ങൾക്കുള്ള ആവശ്യം തന്നെയാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത് എന്ന് ഒട്ടു മിക്ക സ്ത്രീകളും അടിയുറച്ചു വിശ്വസിക്കുന്നു. ഇത് തങ്ങളുടെ വിജയമാണെന്ന് അവർ കരുതുകയും ചെയ്യുന്നു.