Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസത്തിന് ഒരേക്കർ നൽകുന്ന പെൺകുട്ടി

swaha-01 സ്വാഹ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

ഒരു വലിയ ദുരന്തത്തെ ഒന്നിച്ച് അതിജീവിക്കുന്ന കേരളം ഇന്നു പുലർന്നത് ഒരു കൊച്ചുപെൺകുട്ടിക്കു നന്ദി പറഞ്ഞുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരേക്കർ ഭൂമി ദാനം ചെയ്യാൻ മനസ്സുകാണിച്ച പയ്യന്നൂർ സ്വദേശിനി സ്വാഹയാണിപ്പോൾ വാർത്തകളിൽ നിറയെ. തന്റെയും സഹോദരൻ ബ്രഹ്മയുടെയും നല്ല ഭാവിയെക്കരുതി അച്ഛൻ നൽകിയ ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകാൻ തയാറാണെന്നു പറഞ്ഞുകൊണ്ട് സ്വാഹ സ്കൂൾ അധികൃതർക്കു നൽകിയ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കൊച്ചുമനസ്സിലെ വലിയ നന്മ പുറംലോകമറിഞ്ഞത്.

പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനി സ്വാഹയും അതേ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ബ്രഹ്മയും ചേർന്നാണ് അച്ഛൻ നൽകിയ ഭൂസ്വത്ത് പ്രളയബാധിതർക്കു നൽകാൻ മനസ്സുകാണിച്ചത്. കോറോം ശ്രീനാരായണ എൻജിനീയറിങ് കോളേജിനു സമീപത്തെ അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലമാണ് സ്വാഹ സംഭാവന ചെയ്യുക. മകളെക്കുറിച്ചും അവളുടെ കുഞ്ഞുമനസ്സിലെ നന്മയെക്കുറിച്ചും സ്വാഹയുടെ അച്ഛൻ മനോരമ ഓൺലൈനിനോട് പറഞ്ഞതിങ്ങനെ:-

എന്റെ മക്കളുടെ ഇഷ്ടമാണ് എന്റെയിഷ്ടം

ലക്ഷക്കണക്കിനു പേർ എല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ അവർക്കായി ഇങ്ങനെയൊരു കാര്യം ചെയ്യാൻ എന്റെ മക്കൾ മനസ്സു കാണിച്ചതിൽ എനിക്കഭിമാനം മാത്രമാണു തോന്നുന്നത്. അവരുടെ മനസ്സിലെ സഹാനുഭൂതിയും കരുണയുമെല്ലാം കണ്ട് ഞാനഭിമാനിക്കുന്നു. ഞങ്ങളിപ്പോൾ താമസിക്കുന്നത് പഴയൊരു വീട്ടിലാണ്. വസ്തുവിറ്റ് ആ പണം കൊണ്ട് വീടുപുതുക്കിപ്പണിയാം എന്നുവേണമെങ്കിൽ എന്റെ മക്കൾക്കു ചിന്തിക്കാമായിരുന്നു. എന്നാൽ അവർ ചിന്തിച്ചത് ആ വസ്തു പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കു നൽകാമെന്നാണ്.

മകൾ നൽകുന്നത് ഒരേക്കർ ഭൂമി

വില പറഞ്ഞു നൽകാൻ ഇതൊരു കച്ചവടം ഉറപ്പിക്കലല്ലല്ലോ, മനസ്സറിഞ്ഞു നൽകലല്ലേ. അതുകൊണ്ടുതന്നെ എത്രരൂപയുടെ സ്വത്താണ് എന്ന കണക്കു കൂട്ടലുകളൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. മകളുടെ തീരുമാനമറിഞ്ഞപ്പോൾ ചിലരൊക്കെ അഭിനന്ദിച്ചു. ചിലരൊക്കെ വിമർശിച്ചു. പക്ഷേ ഞാനെന്റെ മക്കളെ വളർത്തിയത് ശരിയായ രീതിയിലാണെന്നു തെളിയിച്ച നിമിഷമാണിത്.

സ്വാഹ എന്ന പേരിനു പിന്നിലെ കൗതുകം

‘മകൾക്കു വേണമെങ്കിൽ പ്രിയയെന്നു പേരിടാമായിരുന്നു. ഈ ലോകത്തു കുറേ പ്രിയമാരില്ലേ? കുറേയധികം ഇനിഷ്യൽസ് ഒക്കെയുള്ള ഒരുപാട് പ്രിയമാർ. എന്റെ മകൾക്കിടുന്ന പേര് വേറെ ഒരു പെൺകുട്ടിക്കും ഉണ്ടാവരുത് എന്ന നിർബന്ധമുണ്ടായിരുന്നു. സ്വാഹ എന്ന പേരു തിരഞ്ഞെടുക്കാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. ഹിന്ദു പുരാണത്തിലെ പ്രബലയായ ഒരു സ്ത്രീയായിരുന്നു സ്വാഹ. അഗ്നിദേവന്റെ ഭാര്യ. എല്ലാ ശുഭകാര്യങ്ങൾക്കും നമ്മൾ അഗ്നിദേവനെ പ്രീതിപ്പെടുത്താറുണ്ട്. മന്ത്രോച്ചാരണങ്ങളിലും സ്വാഹയുണ്ട്. സാധാരണയായി ഭാര്യമാർ അറിയപ്പെടുന്നത് ഭർത്താക്കന്മാരുടെ പേരിലാണ്. ഇവിടെ അഗ്നിദേവൻ അറിയപ്പെടുന്നത് ഭാര്യയുടെ പേരിലാണ്.’

സ്വാഹ ആദ്യമായി സ്കൂളിലെത്തിയത് ഒൻപതാംക്ലാസിൽ

‘എന്റെ രണ്ടുമക്കളും ആദ്യമായി സ്കൂളിൽ ചേരുന്നത് ഒൻപതാം ക്ലാസിലേക്കാണ്. സ്വാഹ ഒൻപതിൽനിന്നു പരീക്ഷയെഴുതി പത്തിലെത്തുകയും പത്താംക്ലാസ് വരെ നോർമൽ സ്കൂൾ വിദ്യാഭ്യാസം നേടിയ കുട്ടികളോടൊപ്പം പരീക്ഷയെഴുതി പത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. എന്റെ രണ്ടുമക്കളും ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് അവരുടെ ഒൻപതാം ക്ലാസിലാണ്. അതുവരെ എന്റെ കൂടെ പാടത്തും പറമ്പിലും വരും, കാര്യങ്ങൾ ചോദിച്ചും പറഞ്ഞും പഠിക്കും. പ്രകൃതിയെ അറിഞ്ഞാണ് അവരിരുവരും വളർന്നത്. എനിക്കറിയാവുന്ന പുസ്തകങ്ങളും പത്രങ്ങളും അവർക്കു വായിക്കാൻ നൽകുമായിരുന്നു.’

ഇവിടം സ്വർഗമാണ്

കണ്ണൂർ പയ്യന്നൂരിലെ മാവിച്ചേരിയിലെ സ്വർഗമെന്ന വീട്ടിലാണ് ശങ്കരനും വിധുബാലയും സ്വാഹയും ബ്രഹ്മയുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിന്റെ ജീവിതം. മക്കൾ നന്മ ചെയ്യുമ്പോൾ മാത്രം ‘എന്റെ മക്കൾ’ എന്ന് അഭിമാനത്തോടെ പറയുന്ന അച്ഛന്മാരിൽനിന്നു വ്യത്യസ്തനാണ് ഈ അച്ഛൻ. വിധുബാല വളർത്തിയ മക്കളുടെ നന്മ എന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് ആ അച്ഛൻ സംസാരിച്ചവസാനിപ്പിച്ചത്. സ്വാർഥതയിലും തൻകാര്യത്തിലും ഒതുങ്ങിക്കൂടുന്ന സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായി ഭൂമിയിലെ സ്വർഗത്തിലേക്കു രണ്ടു മാലാഖക്കുഞ്ഞുങ്ങളെ വിധി അയയ്ക്കുമെന്നു കരുതിയിട്ടാകുമോ വീടിനു സ്വർഗ്ഗമെന്ന പേരിട്ട് ശങ്കരനും വിധുബാലയും കാത്തിരുന്നത്? അറിയില്ല. പക്ഷേ ഒന്നറിയാം, ഈ കുഞ്ഞുമനസ്സിലെ നന്മയ്ക്കു മുമ്പിൽ ഇന്ന് ഒരുപാടു മുതിർന്ന മനുഷ്യർ തല കുമ്പിടുന്നുണ്ട്.

സ്വാഹയുടെ കത്തു ലഭിച്ച സ്കൂൾ അധികൃതർ സ്വത്തുമായി ബന്ധപ്പെട്ട രേഖകളൊക്കെ പരിശോധിച്ചു വരികയാണ്. അതു പൂർത്തിയാക്കിയതിനു ശേഷമുള്ള നടപടി ക്രമങ്ങളും പൂർണമായാൽ പ്രളയബാധിതർക്കു കൈത്താങ്ങാകാനുള്ള സ്വാഹയുടെ സ്വപ്നം സഫലമാകും.