Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയുടെ ഒറ്റയാൾ പോരാട്ടം; മനസ്സു തുറന്ന് അറ്റ്‌ലസ് രാമചന്ദ്രൻ

atlas-ramachandran-wife-01 ഫൊട്ടോ: ദയ പ്രേംകുമാർ.

രണ്ടേ മുക്കാല്‍ വര്‍ഷമായി ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളി മറന്നിട്ടില്ലാത്ത മുഖമാണ് രാമചന്ദ്രന്റേത്.  ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യ വാചകം മുതല്‍ ‘കോട്ടു നമ്പ്യാര്‍’ എന്ന നിഷ്‌കളങ്കമായ പരിഹാസം വരെ. അക്ഷരശ്ലോക സദസ്സുകളിലും റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യം. കലാമൂല്യമുള്ള ഒരുപിടി സിനിമകളുടെ നിര്‍മാതാവ്, അഭിനേതാവ്... അങ്ങനെയങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സ്വർണാഭരണ വ്യവസായിയായിരുന്നു എം. എം. രാമചന്ദ്രന്‍ എന്ന അറ്റ്ലസ് രാമചന്ദ്രന്‍. 

സാധാരണ ബാങ്ക് ജോലിക്കാരനില്‍ നിന്നു തുടങ്ങി തന്റെ എ ളിമയും  ദീര്‍ഘദൃഷ്ടിയും കൊണ്ട്   ഒരു പുരുഷായുസ്സില്‍ എത്തിപ്പിടിക്കാവുന്നതെല്ലാം  നേടി നില്‍ക്കുമ്പോഴാണ്  പെട്ടെന്നൊരു  നാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിയത്. കോടികളുടെ കടബാധ്യതയുള്ള വമ്പന്‍ സ്രാവുകള്‍ സര്‍ക്കാരിനെയും പൊതുജനത്തെയും വഞ്ചിച്ചു മുങ്ങി വിദേശരാജ്യങ്ങളില്‍ സുഖവാസം നടത്തുമ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍റെ കാരാഗൃഹവാസം മലയാളിക്ക് അദ്ഭുതം ആയിരുന്നു.  ഇപ്പോഴിതാ 33 മാസത്തെ ഇടവേളയ്ക്കു ശേഷം സ്വതസിദ്ധമായ നറുചിരിയുമായി അദ്ദേഹം വീണ്ടും നമുക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ദുബായില്‍ ഒരു വശം പൂര്‍ണമായും പുറത്തേക്ക് കാഴ്ച നല്‍കുന്ന, ബാല്‍ക്കണികളില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പുമായി നില്‍ക്കുന്ന ഫ്ലാറ്റിന്റെ വാതില്‍ തുറന്നത് ഗൃഹനാഥ ആയിരുന്നു. കുളിച്ചു വിടര്‍ത്തിയിട്ട മുടിച്ചുരുളുകളും നെറ്റിയില്‍ ചെറിയ ചന്ദനക്കുറിയുമായി യാതൊരു അലങ്കാരങ്ങളും ഇല്ലാതെ ഐശ്വര്യത്തിന്റെ മൂര്‍ത്ത രൂപം പോലെ രാമചന്ദ്രന്‍റെ പ്രിയ പത്നി ഇന്ദിര.  പിന്നില്‍ എപ്പോഴത്തെയും പോലെ അലക്കി തേച്ച ഷെര്‍വാണിയില്‍ ശാന്തമുഖവുമായി രാമചന്ദ്രന്‍.

ജയില്‍ വിമോചിതനായ േശഷം രാമചന്ദ്രനും ഭാര്യ ഇന്ദിരയും ഒരുമിച്ച് ആദ്യമായി ഒരു മാധ്യമത്തിനു മുന്നില്‍ മനസ്സ് തുറക്കുകയാണ്.

ബിസിനസ്സില്‍ ഒട്ടും ഇടപെടാതിരുന്ന ഭാര്യ ഇന്ദു മാത്രമാണ് തളര്‍ച്ചയുടെ കാലത്തു കൂടെ നിന്നതെന്നും ഒറ്റയാള്‍ പട്ടാളമായുള്ള അവരുടെ പോരാട്ടം കൊണ്ടാണ്  വീണ്ടും ഹൃദയപൂർവം സൂര്യോദയം ആസ്വദിക്കാനായത് എന്നും പറഞ്ഞുവല്ലോ...?

തൊട്ടരികെ ചിരിച്ചു കൊണ്ടിരിക്കുന്ന പത്നിയുടെ മുഖത്തേക്ക് സ്‌നേഹപൂര്‍ വം നോക്കി അദ്ദേഹം ഒരു ശ്ലോകം ഓര്‍മിച്ചെടുത്തു െചാല്ലി.

'മല്ലാക്ഷീ മണിയായ ഭാമ സമരം ചെയ്തീലയോ,  

തേര്‍ തെളിച്ചില്ലേ പണ്ട് സുഭദ്ര?

പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ?

മല്ലാക്ഷീ മണിമാര്‍ക്ക് പാടവം ഇവയ്ക്കെല്ലാം 

ഭവിച്ചീടുകില്‍ ചൊല്ലേറും കവിതയ്ക്ക് മാത്രം 

അവരാളല്ലെന്നു വന്നീടുമോ...?.'

തോട്ടേക്കാട്ട്  ഇക്കാവമ്മയുടെ ‘സുഭദ്രാര്‍ജുനം’ എന്ന കവിതയിലുള്ളതാണ്. ഇത്രയെല്ലാം സ്ത്രീകള്‍ക്ക് ചെയ്യാമെങ്കില്‍ എന്തു കൊണ്ട് കവിത രചിച്ചു കൂടാ എന്നാണ് കവയത്രി ഉദ്ദേശിച്ചത്. അതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഓരോ സ്ത്രീയുടെയുള്ളിലും വളരെ വലിയ ശക്തി ഒളിച്ചിരിപ്പുണ്ട്. അതിന്റെ ഉദാഹരണമാണ് എന്റെ ഇന്ദു. ഒരു ചെക്ക് ഒപ്പിടാന്‍ പോലും അറിയാത്ത ഇന്ദുവിന്റെ തലയില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് ഒരു ദിവസം പെട്ടെന്ന് നിക്ഷേപിക്കപ്പെട്ടത്. സഹായിക്കും എന്ന് പ്രതീക്ഷിച്ചവര്‍ ആരും സഹായിച്ചില്ല. നല്ല കാലത്ത് അപദാനങ്ങള്‍ വാഴ്ത്തി പാടിയവരാരും തിരിഞ്ഞു നോക്കിയില്ല. ഒരുപക്ഷേ, ആരോപിക്കപ്പെട്ട കടബാധ്യതയുടെ ഉത്തരവാദിത്തം (കടം എന്ന് പറഞ്ഞവര്‍ ആസ്തിയെക്കുറിച്ചു മറന്നു) അവര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നാലോ എന്ന ഭയം കൊണ്ടാകണം. ആരെയും കുറ്റപ്പെടുത്തുകയല്ല. അതാണ് ലോകനീതി. 

മസ്‌കത്തില്‍ നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രണ്ട് ആ ശുപത്രികള്‍ വിറ്റിട്ടാണ് ഈ പ്രതിസന്ധിയില്‍ നിന്നു കര കേറിയത്. അതെല്ലാം ചെയ്തത് ഇന്ദു തനിച്ചായിരുന്നു.

അപ്രതീക്ഷിതം ആയിരുന്നല്ലോ ആ സംഭവം. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായിരുന്നുവോ ?

ഓർമയെ വര്‍ഷങ്ങള്‍ക്കു പുറകിലേക്കു കൊണ്ടു പോയതു  പോലെ രണ്ടു പേരും ഒരു നിമിഷം നിശബ്ദരായിരുന്നു. പിന്നെ, പതിഞ്ഞ ശബ്ദത്തില്‍ ഇന്ദു സംസാരിച്ചു തുടങ്ങി.

‘‘േകാളിങ് െബല്‍ അടിക്കുന്നത് കേട്ടു വന്നു നോക്കിയത് ഞാനാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഒരാളും കന്തൂറ (അറബി വേഷം) ധരിച്ച ഒരാളും ആയിരുന്നു അതിഥികള്‍. ‘രാമചന്ദ്രന്‍ അകത്തുണ്ടോ’ എന്നു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ േരഖ (െഎഡി പ്രൂഫ് ) എടുത്ത് ഒന്നു പുറത്തു വരാന്‍ പറയൂ എന്ന് ആവശ്യപ്പെട്ടു. 

‘കുറച്ചു സംസാരിക്കാന്‍ ഉണ്ട്, ഞങ്ങളുടെ കൂടെ വരണം’ എന്നവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമല്ല’ എന്നു പറഞ്ഞു ഞാന്‍ വിലക്കാന്‍ ശ്രമിച്ചു. 

‘എങ്കില്‍ നിങ്ങളും കൂടെ വന്നു കൊള്ളൂ’ എന്നായി അവര്‍. ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു പോയത്. അതിനു ശേഷം...’’ കൂടുതല്‍ പറയാന്‍ ശക്തി ഇല്ലാത്തതു പോലെ അര്‍ധോക്തിയില്‍ അവര്‍ നിര്‍ത്തി.

‘വണ്ടിച്ചെക്കിന്റെ പേരില്‍ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തു’ എന്നാണ് പിറ്റേന്നുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ‘വണ്ടിച്ചെക്ക് എന്നാല്‍ എന്തെന്നു കുട്ടിക്ക് അറിയാമോ?’ ഒരു ചോദ്യത്തോടെ രാമചന്ദ്രന്‍ സംസാരിച്ചു തുടങ്ങി.

‘‘തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ല എന്നറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് ഒരു തുകയുടെ ചെക്ക് കൊടുത്തു ബോധപൂര്‍ വം ചതിക്കുമ്പോഴാണ് ‘വണ്ടിചെക്ക്’ എന്നു പ്രയോഗിക്കുക. ഇവിെട അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ബിസിനസ് കത്തി നില്‍ക്കുന്ന കാലമായിരുന്നു അത്. ഒരുപാട് പണം വന്നു പോകുന്ന കാലം. എല്ലാ ബാങ്കുകളും സഹായവുമായി പുറകെ വന്നിരുന്നു. ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന പണത്തിന്റെ ഉറപ്പില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കും. എന്തെങ്കിലും   കാരണവശാല്‍ ആ വിനിമയം നടന്നില്ല എങ്കില്‍ അഡ്വാന്‍സ് കൊടുത്ത പണം നഷ്ടപ്പെടും. 

ഓരോ തവണ ചോദിക്കുമ്പോഴും അക്കൗണ്ടന്റ് പറഞ്ഞു കൊണ്ടിരുന്നത് ‘എല്ലാം സുഗമമായി പോകുന്നു, ഒരു പ്രശ്‌നവുമില്ല’ എന്നാണ്. പെട്ടെന്നൊരു ദിവസം ബാങ്ക് അധികൃതര്‍ പറയുന്നു ‘നിങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ കുറയ്ക്കുകയാണ്. വലിയ ഒരു തുക (കാലാവധി സമയം ആകുന്നതിനു മുന്‍പ്) തിരിച്ചടക്കണം’ എന്നൊക്കെ. ഒരു ബാങ്കില്‍ നിന്നു കേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാകാം  മറ്റു ബാങ്കുകളും അവിശ്വസിച്ചു തുടങ്ങി. അങ്ങനെയായിരുന്നു തുടക്കം.

ഒരു പഴയ കഥ പറയാം. സവ്യസാചി എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ദേഹമൊരിക്കല്‍ കടല്‍ക്കരയിലൂടെ നടക്കുമ്പോള്‍ കാല്‍ക്കല്‍ തിരമാലകള്‍ ഒരു തലയോട് കൊണ്ടുവന്നിട്ടു. സവ്യസാചി അതു വെള്ളത്തില്‍ കഴുകി വൃത്തിയാക്കി, ഉത്തരീയം കൊണ്ടു തുടച്ച് അതിന്റെ ഉടമയുടെ ജീവിതം വായിച്ചെടുക്കാന്‍ ശ്രമിച്ചു. 

സത്യസ്വരൂപൻ എന്ന വ്യക്തിയുടെ തലയോട് ആയിരു ന്നു അത്. അസൂയക്കാരുടെ വാക്കു കേട്ട് രാജാവ് സത്യസ്വ രൂപനെ കാരാഗൃഹത്തില്‍ അടച്ചു. അദ്ദേഹത്തിന്റെ നിഷ്‌കളങ്കത്വം അറിയാമായിരുന്ന ഭാര്യ ‘അപരാജിത' നീണ്ട ഒറ്റയാൾ പോരാട്ടത്തിനൊടുവില്‍ രാജാവിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തി. സത്യം തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തെ കാരാഗൃഹത്തില്‍ നിന്നു പുറത്തു വിട്ടു. മാത്രമല്ല, കൂടുതല്‍ പണവും  സ്ഥാനമാനങ്ങളും സൗകര്യങ്ങളും കൊടുത്ത് സ്വന്തം തെറ്റ് തിരുത്താന്‍ സന്നദ്ധനായി. 

ആഡംബരങ്ങളില്‍ ഒന്നും താൽപര്യം ഇല്ലാത്ത സത്യസ്വരൂപന്‍ സാധാരണ ജീവിതം തന്നെയാണു  പിന്നെയും തുടര്‍ന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം  ഗംഗാതീരത്തേക്ക് പോകുകയും അവിടെ സമാധി ആവുകയും ചെയ്തു. 

ഇത്രയും കാര്യങ്ങള്‍ തലയോടില്‍ നിന്നു വായിച്ചെടുത്ത സവ്യസാചിക്ക്, അതിനു ശേഷം കണ്ട ഒരു വാചകം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ‘കിഞ്ചിത് ശേഷം ഭവിഷ്യതി’ എന്നായിരുന്നു ആ വാചകം. തലയോട് അദ്ദേഹം വീട്ടിലേക്കു കൊണ്ടുവരികയും ആ വാക്കുകളുടെ അർഥം എന്താകും  എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം തലയോട് അപ്രത്യക്ഷമായി. പരിഭ്രാന്തനായി അദ്ദേഹം പത്നിയോടു ചോദിച്ചു, ‘എവിടെ ആ തലയോട്?’ അവര്‍ പറഞ്ഞു, ‘കുറെ നാള്‍ ആയല്ലോ അത് അങ്ങയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട്. ഞാന്‍ ആ തലയോട് അമ്മിയില്‍ വച്ചു പൊടിച്ചു കടലില്‍ ഒഴുക്കി വിട്ടു.’ അപ്പോള്‍ സവ്യസാചിക്ക് മനസ്സിലായി തലയോടില്‍ എഴുതിയിരുന്ന വാചകം സത്യമായി എന്ന്. 

തലവര മായ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നു കേട്ടിട്ടില്ലേ. എന്റെ ജീവിതത്തിലെ ‘കാനനവാസ’വും അതുപോലെ ദൈവഹിതം മാത്രം ആയിരുന്നു.'

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം