Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്തം തരുന്ന സന്തോഷം സിനിമ തരില്ല; മുന്‍ മിസ് കേരള പറയുന്നു

reshma-george-01 രേഷ്മ ജോർജ്.

പ്രഫഷനല്‍ കരിയറും കലാജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഒരുപാടു പേര്‍ നമുക്കിടയില്‍ ഇന്നുണ്ട്. കലയെയും തൊഴിലിനെയും ഒരുപോലെ സ്‌നേഹിക്കുന്ന, അര്‍പ്പണബോധത്തോടെ ചേര്‍ത്തു നിര്‍ത്തുന്ന, കുടുംബത്തെ ഒരു സ്‌നേഹക്കൂടായി ചേര്‍ത്തു വയ്ക്കുന്ന അവര്‍ വരുംതലമുറയിലെ കലാപ്രവര്‍ത്തകര്‍ക്കു പ്രതീക്ഷയാണ്. അക്കൂട്ടത്തിലൊരാളാണ് രേഷ്മ ജോര്‍ജ്. ഐടി മേഖലയിലെ തിരക്കിട്ട ജോലിക്കിടയിലും ഭരതനാട്യം നര്‍ത്തകിയായി ശ്രദ്ധ നേടുന്ന രേഷ്മ മുന്‍ മിസ് കേരള കൂടിയാണ്. സെപ്റ്റംബർ 7 ന് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന  ചിദംബര നടനം എന്ന നൃത്തപരിപാടിയുടെ റിഹേഴ്സിൽ തിരക്കിനിടയിൽ ജീവിതത്തെക്കുറിച്ചും നൃത്തവിശേഷങ്ങളെക്കുറിച്ചും മനോരമഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് രേഷ്മ.

അമ്മയിലൂടെ...

കൊച്ചിയിലാണു ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്നെ നൃത്തത്തിലേക്കു കൈപിടിച്ചത് അമ്മയായിരുന്നു. എന്നേക്കാള്‍ കലയോട് ഇഷ്ടം അമ്മയ്ക്കായിരുന്നു. ചെറുപ്പം മുതല്‍ക്കേ അമ്മയ്ക്കു ക്ലാസിക്കല്‍ ഡാന്‍സിനോടു വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടം എന്നിലൂടെ നേടിയെടുത്തു. ആറാം വയസ്സ്് മുതല്‍ നൃത്തം പഠിച്ചു തുടങ്ങി. അന്നു പക്ഷേ ഇത്രയും സീരിയസ് ആയി തനി ക്ലാസിക്കലായ, ആഴമുള്ള, സംസ്‌കാരമുള്ള നൃത്തപഠനത്തിലേക്കു പോകണം എന്നൊന്നും കരുതിയിരുന്നില്ല.

ഐടി മേഖലയിലെ ജോലി, നൃത്തം, കുടുംബം...

ഞാന്‍ ബിടെകും എംബിഎയും പഠിച്ചത് കൊച്ചിയിലാണ്. നൃത്തം പോലെതന്നെ ഒരുപാട് ഇഷ്ടമായിരുന്നു അക്കാഡമിക്‌സും. ജോലിയും പാഷനും ഒരുമിച്ചു കൊണ്ടുപോകാന്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അച്ഛന്‍ ലാൻസി ജോര്‍ജ് ഡാല്‍മിയ സിമന്റ് കമ്പനിയുടെ കീഴിലുള്ള ഗോവൻ ട്രാവൽസിലാണ് ജോലി ചെയ്യുന്നത്. അമ്മ ചിത്രലേഖ വീട്ടമ്മയാണ്. അവര്‍ ഇത്രയധികം പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും ഒന്ന് എനിക്ക് എന്നേ ഉപേക്ഷിക്കേണ്ടി വന്നേനെ. കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് നിവിന്‍ മാത്യുവും പിന്നെ മകള്‍ നികിതയും ജീവിതത്തിലേക്കു വന്നു. എല്ലാവരും എനിക്കു വേണ്ടിത്തന്നെയാണു നില്‍ക്കുന്നത്. അങ്ങനെയല്ലാത്ത പക്ഷം രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാകും. ഇപ്പോഴും ബുദ്ധിമുട്ട് ഇല്ലെന്നല്ല, പക്ഷേ നമ്മള്‍ ഒരു കാര്യത്തെ അത്രമേല്‍ ഇഷ്ടപ്പെട്ടാല്‍ അതു ചെയ്യാന്‍ മറ്റൊന്നും തടസ്സമാകില്ലെന്നാണ് എനിക്കു തോന്നുന്നത്. ബുദ്ധിമുട്ടൊക്കെ എളുപ്പമായി മാറും. ഞാന്‍ ടിസിഎസിലാണു ജോലി ചെയ്യുന്നത്. ഭര്‍ത്താവും അവിടെത്തന്നെ. ശനിയും ഞായറും അവധിയാണ്. ആ ദിവസങ്ങള്‍ കൂടാതെ പ്രോഗ്രാം ഉള്ളതു കൊണ്ട് ഇപ്പോള്‍ എന്നും പ്രാക്ടീസ് ഉണ്ട്. അമ്മ ചില ദിവസങ്ങളില്‍ എനിക്കൊപ്പം വരും. അന്നേരം ഭര്‍ത്താവ് മകള്‍ക്കൊപ്പം നില്‍ക്കും. അങ്ങനെയൊക്കെയാണ് എല്ലാം മാനേജ് ചെയ്തു പോകുന്നത്.

reshma-george-333

മിസ് കേരള ആയ കഥ

ഒരിക്കലും അങ്ങനെയൊരു മത്സരത്തില്‍ പങ്കെടുക്കും എന്നു കരുതിയതല്ല. പത്രത്തില്‍ പരസ്യം കണ്ട് ഒരു കൗതുകത്തിന് അയച്ചതാണ്. അധികം വൈകാതെ ഗ്രൂമിങ്ങിനു വിളിച്ചു. ഈ മത്സരം സ്വപ്‌നം കണ്ട ഒരുപാടു പേര്‍ക്കിടയില്‍ എന്നെപ്പോലെ ഒരു മുന്‍ധാരണയും ഇല്ലാതെ വന്നവര്‍ ചുരുക്കമായിരുന്നു. മത്സരമല്ലേ, രസമല്ലേ.. പോകുന്നിടത്തോളം ആകട്ടെ എന്നേ കരുതിയുള്ളൂ. എന്തായാലും 2004 ലെ മിസ് കേരള ആയി. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരവും വിജയവും ആയിരുന്നു. അതുകൊണ്ടുതന്നെ അത് ഉപയോഗപ്പെടുത്തണമെന്നും കരുതിയില്ല. അതിലെ മിക്ക മത്സരാര്‍ഥികളും മോഡലിങ് ഇഷ്ടമുള്ളവരോ ആ രംഗത്തേക്കു പോകണമെന്ന് ആഗ്രഹിച്ചവരോ ആയിരുന്നു. അല്ലെങ്കില്‍ സിനിമയോ കോംപയറിങ്ങോ ലക്ഷ്യമിട്ടവർ‍. എനിക്ക് അത്തരമൊരു ചിന്തയേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ മത്സരം കഴിഞ്ഞ് പഠിത്തത്തിലേക്കും ഡാന്‍സിലേക്കും പോയി. അന്നു സിനിമകളില്‍ നിന്ന് ഓഫര്‍ വന്നെങ്കിലും ബിടെക് പഠനത്തിനിടെ ആയതുകൊണ്ടു വേണ്ടെന്നു വച്ചു. ആ ലോകം ഒരിക്കലും ആകര്‍ഷിച്ചിട്ടേയില്ല. നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്‌പെഷല്‍ ആയിരുന്നു.

നല്ല ഗുരുക്കന്‍മാര്‍, മത്സരങ്ങളില്ലാത്ത പഠനം

വീടിനടുത്തുള്ള ശ്യാമളാ സുരേന്ദ്രന്‍ എന്ന അധ്യാപികയായിരുന്നു ആദ്യ ഗുരു. കലാക്ഷേത്ര ശൈലിയിൽ പഠിച്ചിറങ്ങിയ അധ്യാപികയാണ്. അതുപോലെ പ്രശസ്ത നര്‍ത്തകരായ ധനഞ്ജയന്‍ സാറിനു കീഴില്‍ നൃത്തം അഭ്യസിച്ച ആളുമാണ്. നല്ല ഗുരുക്കന്‍മാരാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എനിക്ക് അതിനുള്ള അവസരമുണ്ടായി.

നൃത്തത്തെ കലയായി മാത്രം കാണുന്ന ഗുരുക്കന്‍മാരായിരുന്നു എല്ലാവരും. അവിടെ മത്സരമില്ല. മനസ്സും ശരീരവും അര്‍പ്പിച്ചുള്ള പഠനം മാത്രമേയുളളൂ. അതുകൊണ്ടുതന്നെ സ്‌കൂളിലും കോളജിലുമൊന്നും മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. മത്സരങ്ങള്‍ പാടില്ലെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. സാധാരണ ഒരു ഭരതനാട്യവര്‍ണം ചെയ്തു തീര്‍ക്കാന്‍ ഇരുപത്, മുപ്പത് മിനിറ്റോളം വേണ്ടി വരും. പക്ഷേ ഒരു മത്സരത്തിൽ നമുക്കു കിട്ടുന്നത് പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ്. അത്രയും ചുരുക്കി വേണം മത്സരങ്ങളില്‍ അവതരിപ്പിക്കേണ്ടത്. അതുപോലെ നമ്മള്‍ പല ഐറ്റങ്ങൾ പഠിക്കേണ്ടിയും വരും. അത്തരത്തിലുള്ള പഠനം കലാക്ഷേത്ര രീതികള്‍ പിന്തുടരുന്ന അധ്യാപകര്‍ അനുവദിക്കാറില്ല. എനിക്കും അതുകൊണ്ട് അങ്ങനെയൊരു ആഗ്രഹം വന്നില്ല.

പതിനാറാം വയസ്സിലെ അരങ്ങേറ്റം

ഇത്ര വൈകി അരങ്ങേറ്റം ഇവിടെ പതിവില്ലല്ലോ. പക്ഷേ എന്റെ അധ്യാപകരെല്ലാം പറയുന്നത്, നമ്മള്‍ അരങ്ങേറുമ്പോള്‍ ലോകത്തോട്, ഞാനിതാ ഒരു നര്‍ത്തകിയായിരിക്കുന്നു, എനിക്കു തനിയെ നൃത്തം അവതരിപ്പിക്കുവാന്‍ കഴിയും എന്നു കൂടി പറയുകയാണ്. നമ്മുടെ കഴിവു കൂടി തെളിയിക്കുന്ന ഇടമായി അതു മാറുകയാണ്. സാധാരണ അരങ്ങേറ്റം വളരെ ചെറുപ്പത്തിലാണ്, മിക്കപ്പോഴും ഗ്രൂപ്പായിട്ടും. പക്ഷേ ഇവിടെ ലൈവ് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം തനിയെ ഏഴു മുതല്‍ പത്തു വരെ ഐറ്റം നമ്മള്‍ അവതരിപ്പിക്കണം. രണ്ടു മണിക്കൂറോളം നീളുന്ന പരിപാടി. നൃത്തം നന്നായി പഠിച്ചിട്ട്, നമുക്ക് അതുമായി മുന്നോട്ടു പോകാനുള്ള ക്ഷമയും കഴിവും ഉണ്ടെന്നു തെളിയിച്ചിട്ടു മതി അരങ്ങേറ്റം എന്ന രീതിയാണ് കലാക്ഷേത്രയില്‍.

reshma-george-02

മറക്കില്ല ഈ വേദികള്‍

സൂര്യ പരമ്പരയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നു. അതു മറക്കാനേ സാധിക്കില്ല. കലയെ അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ചേര്‍ത്തുവയ്ക്കുന്നവര്‍ക്കുള്ള ഇടമല്ലേ. അവിടെ കാഴ്ചക്കാരായി എത്തുന്നവരും മനസ്സില്‍ കലയോട് ഒരുപാടിഷ്ടം സൂക്ഷിക്കുന്നവരായിരിക്കും. ആ വേദിയില്‍ നൃത്തം ചെയ്യാനായതു മറക്കില്ല. അതുപോലെ എന്റെ അരങ്ങേറ്റവും. അന്ന് ധനഞ്ജയന്‍ സാറും അദ്ദേഹത്തിന്റെ പത്‌നിയും നര്‍ത്തകിയുമായ ശാന്താ ധനഞ്ജയനും എത്തിയിരുന്നു.

ആ വാക്കുകള്‍

ഡാന്‍സ് പഠിച്ചു തുടങ്ങിയത് അമ്മ വഴിയാണ്. പക്ഷേ മാറ്റി നിര്‍ത്താനാകാത്ത വിധം, അല്ലെങ്കില്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യങ്ങളിലൊന്നായി അതു മാറി. ഡാന്‍സുമായി മുന്നോട്ടു പോകാം എന്നു ഞാന്‍ തീരുമാനിച്ചുറപ്പിച്ചതു പോലെ, അങ്ങനെ തന്നെയാകണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച ഒരുപാടു പേരുണ്ട്. കൂട്ടുകാരും ബന്ധുക്കളും നമ്മളെ അറിയുന്നവരുമൊക്കെ എവിടെയെങ്കിലും വച്ചു കണ്ടാല്‍ കുശലാന്വേഷണത്തില്‍ ഉറപ്പായും ഡാന്‍സിനെ പറ്റി ചോദിക്കും. ഇപ്പോള്‍ എവിടെയാണു പഠിക്കുന്നത്, ഡാന്‍സ് ചെയ്യുന്നുണ്ടല്ലോ അല്ലേ... അങ്ങനെ‍. എന്റെ ഐഡന്റിറ്റി ആയി നൃത്തം മാറി. പിന്നെ തൃശൂരുള്ള ഹരിശ്രീ വിദ്യാനികേതന്‍ എന്ന സ്ഥാപനത്തിലെ അധ്യാപിക നളിനി ചന്ദ്രന്റെ വാക്കുകളും വലിയ പ്രചോദനമായി. താളം എന്ന ഫെസ്റ്റിവല്‍ അവരും കൂടി ചേര്‍ന്നാണു നടത്തുന്നത്. ആ ഫെസ്റ്റിവലില്‍ എനിക്കു നൃത്തം ചെയ്യാന്‍ അവസരം കിട്ടി. ഡാന്‍സ് കഴിഞ്ഞ് ടീച്ചര്‍ എന്നോടു പറഞ്ഞത് എന്തു വന്നാലും നൃത്തം വിട്ടുകളയരുത്, അതു തുടരണം എന്നായിരുന്നു.

അവര്‍ നൃത്തത്തിനായി ജനിച്ചവര്‍

മകള്‍ ജനിച്ചതിനു ശേഷം ഒരു ഇടവേള വന്നിരുന്നു. അതിനു ശേഷം നൃത്തത്തിലേക്കു തിരിച്ചു വരുന്നത് രമാ വൈദ്യനാഥിന്റെ ഒരു വര്‍ക്‌ഷോപ്പില്‍ പങ്കാളിയായിക്കൊണ്ടാണ്. അവരുടെ തന്നെ ഒരു നൃത്തം പഠിപ്പിക്കുകയായിരുന്നു അവിടെ. അതു വലിയൊരു അനുഭവമായിരുന്നു. ക്യാംപസ് പ്ലേസ്‌മെന്റ് കിട്ടി എത്തിയതാണ് ബെംഗളൂരുവില്‍. ആ സ്ഥലം സമ്മാനിച്ച ഏറ്റവും വലിയ കാര്യമായിരുന്നു ഈ വര്‍ക്‌ഷോപ്പ്. അതിമനോഹരിയായാണ് അവര്‍ വേദിയില്‍ നില്‍ക്കുന്നത്‍. കണ്ണിന്റെ ചലനം പോലും എത്ര മനോഹരമാണെന്നോ. അതുപോലെ തന്നെയാണ് അവരുടെ മകളും. ആ നൃത്തരൂപത്തിന്റെ ഭംഗി മുഴുവന്‍ ആവാഹിച്ചവര്‍. അതുപോലെ എനിക്കിഷ്ടമാണ് പ്രിയദര്‍ശിനി ഗോവിന്ദും ജാനകി രംഗരാജനും. ഓരോരുത്തര്‍ക്കും ഓരോ സ്‌റ്റൈല്‍ ആണ്. പക്ഷേ മൂവരും നൃത്തം അവതരിപ്പിക്കുവാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സ്വപ്‌ന വേദി, പരീക്ഷണങ്ങള്‍

ചിദംബരം, കൊണാര്‍ക് അങ്ങനെ കുറേ വേദികളുണ്ട്. ക്ലാസിക്കൽ കലകളെ പ്രാധാന്യത്തോടെ സ്വാഗതം ചെയ്യുന്ന എല്ലാ വേദികളും ഇഷ്ടമാണ്. കുറേയിടത്തു നൃത്തം ചെയ്യണം എന്നുണ്ട്. എങ്കിലും കൊച്ചി ഒരുപാട് സ്‌പെഷലാണ്. ഏകദേശം പത്തു വര്‍ഷത്തിനു ശേഷം, ഞാന്‍ നൃത്തം ചെയ്തു തുടങ്ങിയിടത്തേക്കു തന്നെ വരാനായതില്‍ ഒരുപാടു സന്തോഷമുണ്ട്. ജോലിയുടെ ഭാഗമായുള്ള ട്രാന്‍സ്ഫറില്‍ വന്നതാണ്.

ഭരതനാട്യത്തിലെ പരമ്പരാഗത മാര്‍ഗങ്ങളാണ് അവതരിപ്പിക്കുന്നത്. അത് ക്രമാനുസൃതമായി അവതരിപ്പിക്കുന്നു. എല്ലാം നടരാജസ്തുതി തന്നെയാണ് ചെയ്യുന്നത്. ദീപാ റാവു, ഗരിജാ രവീന്ദ്രനാഥ് എന്നീ അധ്യാപകര്‍ക്കു കീഴിലാണ് ഇപ്പോള്‍ നൃത്തം അഭ്യസിക്കുന്നത്.

ക്ലാസിക്കല്‍ നൃത്തത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്ന നര്‍ത്തകര്‍ ഒരുപാടുണ്ട്. എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിലും നിലവില്‍ അതിനു തയാറെടുപ്പൊ പദ്ധതിയോ ഇല്ല. നമ്മുടെ പരമ്പരാഗത നൃത്തത്തില്‍ത്തന്നെ ഇനിയും ഒരുപാടു കഥകള്‍ പറയാനുണ്ട്. അവയെ അതിന്റെ ഭംഗിയോടെ അവതരിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.