Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തഭൂമികളിൽ ഇനിയും ജോലി ചെയ്യാൻ തയാർ; ഡോ ഷേർലി പറയുന്നു

dr-sherly-philip-01 ഡോ. ഷേർലി ഫിലിപ്.

ജോലി നന്നായി ചെയ്യുന്നതിനൊപ്പം നിയോഗങ്ങളിലും വിശ്വസിക്കുന്നുണ്ട് ഡോ.ഷേർലി ഫിലിപ്. കേരളത്തിൽ കനത്ത നാശനഷ്ടം വരുത്തിയ പ്രളയത്തിൽ ചെങ്ങന്നൂർ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ആദ്യഡോക്ടർമാരിൽ ഒരാളാകാൻ തനിക്കു കഴിഞ്ഞതു നിയോഗം തന്നെയാണെന്നു വിശ്വസിക്കുന്നു ഡോക്ടർ. അഭിനന്ദനങ്ങളും പ്രശംസാപത്രങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ദുരന്തഭൂമികളിൽ ഇനിയും ജോലി ചെയ്യാൻ തയാറാണെന്നും ഡോക്ടർ പറയുന്നു. 

പുറപ്പെട്ടതു ഡിസ്പെൻസറിയിലേക്ക്; എത്തിയതു ദുരിതാശ്വാസ ക്യാംപിൽ 

ചെങ്ങന്നൂർ ഇഎസ്ഐ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറാണ് ലോംങ്ജംപിൽ മുൻ ദേശീയ ചാംപ്യൻ കൂടിയായ ഡോ.ഷേർലി ഫിലിപ്. കൊല്ലം മുഖത്തല സ്വദേശിയാണെങ്കിലും ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനു സമീപമാണു 90 വയസ്സിലധികമുള്ള അമ്മയ്ക്കൊപ്പം താമസിക്കുന്നത്. ഓഗസ്റ്റ് 15 നു ക്ലിനിക്കിൽനിന്നു മടങ്ങുമ്പോൾതന്നെ ചെങ്ങന്നൂരിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ട്. ബുദ്ധിമുട്ടിയാണ് അന്നു വീട്ടിൽ തിരിച്ചെത്തിയത്. അന്നു രാത്രി ക്ലിനിക്കിലെ ഒരു സ്റ്റാഫ് വിളിച്ചു. വീട്ടിൽ വെള്ളം കയറിയതിനാൽ പിറ്റേന്ന് വരാൻ കഴിയില്ലെന്നു പറഞ്ഞുകൊണ്ട്. അപ്പോഴും മഹാപ്രളയമാണു വരുന്നതെന്ന തോന്നലൊന്നും ഡോക്ടർക്കുണ്ടായില്ല. 

പക്ഷേ, 16 നു പുലർച്ചെ ക്ലിനിക്കിലേക്ക് ഇരുചക്രവാഹനത്തിൽ വരുമ്പോൾ കണ്ടത് അവിശ്വസനീയമായ ദൃശ്യങ്ങൾ. എൻജിനീയറിങ് കോളജിലേക്ക് കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്ന പ്രളയബാധിതർ. പലയിടത്തുനിന്നായി രക്ഷാപ്രവർത്തകർ എത്തിക്കുന്നവരാണ്. കൂടുതലും പ്രായം ചെന്നവർ. രോഗബാധിതരും കുട്ടികളുമുണ്ട്. ഡോ.ഷേർലി ഫിലിപ് കൂടുതൽ ആലോചിച്ചില്ല. ചെങ്ങന്നൂരിൽ തുറന്നിരുന്ന ഒരേയൊരു മെഡിക്കൽ സ്റ്റോറിൽനിന്ന് കഴിയുന്നത്ര മരുന്നുകൾ വാങ്ങി വേഗം എൻജിനീയറിങ് കോളജിലെത്തി. 

കയ്യിൽ മരുന്നുകൾ അടുക്കിപ്പിടിച്ച് ഓരോരുത്തരുടെ അടുത്തുമെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരുന്നുകൾ വേണ്ടവർക്ക് അവ നൽകി. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഹായവുമായി കൂടെനിന്നു. വിദ്യാർഥികളെ ദുരന്തമുഖത്തെ രക്ഷാപ്രവർത്തകരാക്കി പെട്ടെന്നുതന്നെ മാറ്റിയതും ഡോക്ടർ തന്നെ. അതിനുവേണ്ട പരിശീലനവും നൽകി.  അന്നുമുതൽ 31 വരെ വിശ്രമമില്ലാത്ത മണിക്കൂറുകളാണു ഡോക്ടറെ കാത്തിരുന്നത്. പ്രളയം രൂക്ഷമായ ദിവസങ്ങളിൽ ക്ലിനിക് അടഞ്ഞുകിടന്നതിനാൽ മുഴുവൻ സമയവും ക്യാംപുകളിൽതന്നെ കഴിഞ്ഞുകൂടി. 

ചെങ്ങന്നൂരിലെ ദുരിതാശ്വാസക്യാംപിൽ ആദ്യമെത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഷേർലി ഫിലിപ്. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ക്യാംപിൽ രക്ഷപ്പെട്ടെത്തിയ ഡോ.ബിനു പിന്നീടെത്തി. അപ്പോഴേക്കും ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും ക്യാംപ് തുറന്നു. താമസിയാതെ, സിഎസ്ഐ പള്ളി, മലങ്കര കത്തോലിക്ക പള്ളി, എസ്എൻഡിപി ഹാൾ, വൈഎംസിഎ ഹാൾ എന്നിവടങ്ങളിലും ക്യാംപുകൾ തുറന്നു. എല്ലായിടത്തും ഓടിയെത്തി ഡോക്ടറും സഹായികളായ വിദ്യാർഥികളും. രണ്ടാമത്തെ ദിവസമായപ്പോഴേക്കും മരുന്നുകൾ ക്യാംപുകളിൽ എത്തിത്തുടങ്ങി. വിവിധ പ്രദേശങ്ങളിൽനിന്ന് കൂടുതൽ ഡോക്ടർമാരും രക്ഷാപ്രവർത്തകരും എത്തി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ക്യാംപ് തുടങ്ങി. 

ആദ്യമെത്തി; മടങ്ങിയത് അവസാനം 

16 നു പുലർച്ചെ മുതൽ 31 വരെയായിരുന്നു ഡോക്ടർ വിശ്രമമില്ലാതെ ക്യാംപുകളിൽ പ്രവർത്തിച്ചത്. പിന്നീടെത്തിയ ഡോക്ടർമാർ തന്നെ ചെങ്ങന്നൂരിന് ആശ്വാസം പകർന്ന ആദ്യഡോക്ടർമാരിലൊരാളായ ഡോ.ഷേർലി ഫിലിപ്പിനെ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 

ഇതാദ്യമല്ല ഡോക്ടർ ഷേർലി ദുരന്തമുഖത്ത് ക്ഷീണം വകവയ്ക്കാതെ സേവനപ്രവർത്തനം നടത്തുന്നത്. സൂറത്ത് മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ പഠനത്തിനിടെ, അവിടെ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് ബാധിതർക്കുവേണ്ടിയും സേവനപ്രവർത്തനം നടത്തേണ്ടിവന്നിട്ടുണ്ട്. 

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് കാറ്റഗറിയിൽ 2015 ൽ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയിട്ടുള്ള   ഡോ.ഷേർലി കായികരംഗത്തെ പെൺകുട്ടികളിൽ മികച്ച വാഗ്ദാനത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വിദ്യാർഥിനിയായിരിക്കെ കേരള സർവകലാശാല അത്‍ലറ്റിക് ടീമിന്റെ ക്യാപ്റ്റനുമായിരുന്നിട്ടുണ്ട്. 

ചെങ്ങന്നൂർ ഇഎസ്ഐ ഡിസ്പെൻസറിയിൽ മുന്നുവർഷം മുമ്പാണ് ഡോ.ഷേർലി എത്തുന്നത്. ഭർത്താവ് ഡോ. ഫിലിപ് പുതുമന കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജൻ. മകൻ ഡോ.ഫിലിപ്.പി.പുതുമന തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദത്തിനുശേഷം പിജിക്കു പഠിക്കുന്നു. മകൾ അനു ഫിലിപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാനവർഷ വിദ്യാർഥിനി.