Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചെത്തിയ വെള്ളം കവർന്നത് 3 പേരുടെ ജീവൻ; നടുക്കം മാറാതെ വീട്ടമ്മ

annamma-varghese.jpg.image.784.410 അന്നമ്മ വർഗീസ് മംഗലം കണ്ണാടതെക്കേതിൽ വീടിനു മുന്നിൽ. ചിത്രം ആർ.എസ്. ഗോപൻ ∙ മനോരമ

ഓഗസ്റ്റ് 15 ബുധനാഴ്ച ഉച്ചയ്ക്കു കരച്ചിൽ തുടങ്ങിയതാണ് അന്നമ്മ വർഗീസ്. ചെങ്ങന്നൂർ കല്ലിശ്ശേരി മംഗലത്തെ കണ്ണാടത്തെക്കേതിലെ വീട്ടമ്മ. വെള്ളപ്പൊക്കത്തിൽനിന്നു ഞങ്ങളെയും രക്ഷിക്കൂ എന്ന നിലവിളി. ഭർത്താവു പ്രമേഹരോഗി കെ.ജി.വർഗീസ് എന്ന ബേബിയും ഭർത്താവിന്റെ അമ്മ 97 വയസ്സുകാരി ശോശാമ്മയും മൂത്ത മകൻ റെനി ജോർജുമുണ്ട് കൂടെ. അപകടത്തിൽ മാരകമായി പരുക്കേറ്റ് ആറുവർഷമായി കി‍ടക്കയിൽത്തന്നെയാണു റെനി. പ്രധാനറോഡിൽനിന്ന് അരക്കിലോമീറ്റർ ദുരെയുള്ള വീട്ടിൽനിന്നുള്ള നിലവിളി നാട്ടുകാർ കേട്ടതു മൂന്നാം ദിവസം ഉച്ചയ്ക്ക്. രണ്ടു വള്ളങ്ങൾ എത്തി. അപ്പോൾ ജീവനോടെ ശേഷിച്ചത് അന്നമ്മ മാത്രം. വീടിന്റെ ഗ്രില്ലിൽ പിടിച്ചു കരയുകയായിരുന്നു ആ വീട്ടമ്മ.

നിലയില്ലാതെ നിലവിളി

നട്ടുച്ചയ്ക്കുപോലും തണലും തണുപ്പുമുള്ള മംഗലം കണ്ണാടത്തെക്കേതിൽ വീട്ടിലിപ്പോൾ ആൾപ്പെരുമാറ്റമില്ല; ഇടവഴി വിജനവും. ശ്രദ്ധിച്ചാൽ ഇപ്പോഴും കേൾക്കാം നിലവിളി; രക്ഷിക്കൂ എന്ന ആർത്തനാദം. സൂക്ഷിച്ചുനോക്കിയാൽ ഇപ്പോഴും കാണാം; വീടിന്റെ ഗ്രില്ലിൽപിടിച്ചുനിന്നു കരയുന്ന ഒരു വീട്ടമ്മയുടെ രൂപം. ഭർത്താവും ഭർത്താവിന്റെ അമ്മയും മൂത്ത മകനുമുൾപ്പെടെ മൂന്നുപേരെ ജീവനെക്കാൾ ജീവനായി കാക്കുകയും ഒടുവിലവരുടെ മൃതദേഹങ്ങൾക്കു കാവലിരിക്കുകയും ചെയ്ത വീട്ടമ്മ. വരട്ടാറിൽനിന്നു കുതിച്ചെത്തിയ വെള്ളം ഉറ്റവരുടെ ജീവൻ കവർന്നതിന്റെ ഓർമയിൽ കണ്ണീർ തോരാത്ത വീട്ടമ്മ.

ഉത്തർപ്രദേശിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നഴ്സ് ആയിരുന്നു അന്നമ്മ വർഗീസ്. ഭർത്താവ് ബേബി മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ. 2007–ൽ ബേബി നാട്ടിൽവന്നു സ്ഥിരതാമസമാക്കി. കൂട്ടിന് അമ്മ ശോശാമ്മ. അഞ്ചുവർഷം കൂടി കഴിഞ്ഞപ്പോൾ അന്നമ്മയും നാട്ടിലെത്തി. മൂത്ത മകൻ റെനി ജോർജും ഉണ്ടായിരുന്നു കൂടെ. വാഹനാപകടം തളർത്തിയ മുപ്പത്തിയൊൻപതുകാരൻ മകൻ ആദ്യവർഷങ്ങളിൽ കിടക്കയിൽ തന്നെയായിരുന്നെങ്കിലും നാട്ടിലെത്തിയതോടെ ആരോഗ്യം കുറച്ചു വീണ്ടെടുത്തു. വീൽചെയറിൽ ഇരിക്കും. സംസാരിക്കും. പിന്താങ്ങാൻ ആളുണ്ടെങ്കിൽ എഴുന്നേറ്റുനിൽക്കുകവരെ ചെയ്യും. ഇടയ്ക്കു തമാശയും കളിയും. ഇളയ മകൻ ഡേവിഡ് ജോർജ് വിവാഹിതനായി; അധ്യാപക ജോലിയുമായി ഗുജറാത്തിൽ.

2018 ഓഗസ്റ്റ് 15

ദിവസവും രാവിലെ നടക്കാൻ പോകുന്ന പതിവുണ്ട് ബേബിക്ക്. 15– നു രാവിലെ തോരാത്ത മഴയിൽ ബേബി വീടിനു പുറത്തേക്കു നടക്കുമ്പോൾ ഇടവഴിയിലേക്കു വെള്ളം കയറിയിരുന്നു. പതിവു നടത്തം പൂർത്തിയാക്കാതെ ബിസ്കറ്റ് വാങ്ങി വേഗം മടങ്ങിവന്നു. ഉച്ച. മുറ്റത്തേക്ക് അടിവച്ചുകയറുന്നു വെള്ളം. സന്ധ്യ കഴിഞ്ഞ് അന്നമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാലിൽ ചെറിയ നനവ് അനുഭവപ്പെട്ടു. നോക്കിനിൽക്കുമ്പോഴേക്കും വെള്ളം കയറി മുട്ടുവരെയെത്തി. തയാറാക്കിയ ചപ്പാത്തി ബേബിക്കും ശോശാമ്മയ്ക്കും മകനും കൊടുത്തു. ഭക്ഷണം കഴിക്കാൻ നിൽക്കാതെ കിടപ്പുമുറിയിലേക്ക് ഓടി. ഫോണിൽ കോളുകൾ വരുന്നുണ്ട്. വിളിക്കുന്നതാരെന്നുപോലും നോക്കാതെ വിളിച്ചുകരഞ്ഞു; രക്ഷിക്കൂ. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്.

അടുക്കളയിൽ അടുക്കിവച്ചിരുന്ന വിറകുകഷണങ്ങൾ ഒഴുകിനടക്കുന്നു. അവയ്ക്കിടയിലൂടെ നടന്നു മുറിയിൽ റെനിയുടെ അടുത്തെത്തി. റെനിയെ കട്ടിലിൽ കിടത്തി. വെള്ളം കുതിച്ചുകയറുന്നു. മകന്റെ വായിലേക്കു വെള്ളം കയറാൻ തുടങ്ങിയപ്പോൾ അന്നമ്മ മകനെ തോളിലെടുത്തുനിന്നു. തലയണ തോളിൽവച്ചു മകനെ ഉയർത്തിക്കിടത്തി. ബേബിയും ശോശാമ്മയും മുറിയിൽത്തന്നെ നിൽക്കുന്നു. അവർക്കൊന്നും ചെയ്യാനില്ല. നാലുപേർ മുഖത്തോടു മുഖം നോക്കിനിന്നു.

annamma-varghese-1.jpg.image.784.410 അന്നമ്മ വർഗ്ഗീസ് വീടിനുള്ളിൽ

അന്നു പകൽ മുഴുവൻ അവർ നാലുപേർ നിൽപുതന്നെ. കഴുത്തറ്റം മൂടുന്ന വെള്ളത്തിൽ. അന്നമ്മ നിൽക്കുന്നതു റെനിയെ കയ്യിൽ താങ്ങി. മകൻ പേടിച്ചിട്ടുണ്ട്. പരസഹായമില്ലാതെ അനങ്ങാനാകാത്തതിനൊപ്പം പ്രളയം കൂടി കണ്ടപ്പോഴുള്ള പകപ്പ്. രക്ഷിക്കാൻ ആരെങ്കിലും എത്തില്ലേ എന്നു ചോദിക്കുന്നുണ്ട്. ഉടൻ ആരെങ്കിലും വരും, പേടിക്കണ്ട... അമ്മ മകനോടു പറഞ്ഞു. എഴുന്നേൽക്കണമെന്നുണ്ട്. ഭർത്താവിനും ശോശാമ്മയ്ക്കും മകനും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നുണ്ട്. വീട്ടിലാകെ വെള്ളം. മുറിക്കുള്ളിൽപോലും ശക്തിയായ ഒഴുക്ക്. ബേബി ഇടയ്ക്ക് എഴുന്നേൽക്കാൻ ശ്രമിച്ചു; കാലുറയ്ക്കുന്നില്ല. ഒരു രാത്രിയും പകലും കഴിഞ്ഞിരുന്നു അപ്പോൾ.

മകനെ തോളിലെടുത്ത് അന്നമ്മയും നിസ്സഹായരായി ബേബിയും ശോശാമ്മയും റെനിയും. പുറത്തു ശബ്ദം കേൾക്കുമ്പോൾ അന്നമ്മ അലറി വിളിക്കും. മറുപടി പറയാൻ ഒരാളുമില്ല. കഴുത്തറ്റം ഉയരത്തിൽ എത്തിയ വെള്ളവും ഇരുട്ടും മാത്രം. വൈകുന്നേരമായപ്പോഴേക്കും ശോശാമ്മ തളർന്നു. ഒരു വാക്കുപോലും പറയാതെ നിന്നനിൽപിൽ അവർ വീണു; വെള്ളത്തിലേക്ക്. കൈ ഉയർത്താൻപോലും കഴിഞ്ഞില്ല അന്നമ്മയ്ക്ക്. കയ്യിൽ വിശന്നുതളർന്ന മകൻ. ബേബിയും തളർന്നു. രാവിലെ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് എടുത്തുകഴിക്കാനുള്ള ആരോഗ്യം പോലുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അന്നമ്മയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പ് ബേബിയും വീണു; മുഖമടിച്ചു വെള്ളത്തിലേക്ക്.

വിശപ്പും ദാഹവും ഉറക്കമില്ലായ്മയും ക്ഷീണവും. വീണുപോയ ഉറ്റവരെക്കുറിച്ചുള്ള വേദന. അവർക്കെന്തു സംഭവിച്ചുവെന്ന ആകാംക്ഷ. അന്നമ്മയ്ക്കു ബോധം നഷ്ടപ്പെട്ടു. ആ രാത്രി ഉണർന്നിരിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു കരയുകയാണ് ഇപ്പോഴും ഈ വീട്ടമ്മ. രാത്രിയിലെപ്പോഴോ മകൻ കയ്യിൽനിന്ന് ഊർന്നുപോയി. കൈ നീട്ടി പിടിക്കാൻ പലവട്ടം ശ്രമിച്ചു. നിലയില്ലാത്ത വെള്ളത്തിൽ കയ്യും കാലും നീട്ടി തുഴഞ്ഞു. വെള്ളം..വെള്ളം മാത്രമായിരുന്നു ചുറ്റും.

ഓഗസ്റ്റ് 17

മംഗലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി. പ്രധാന റോഡിൽനിന്ന് അകന്നു മരങ്ങളാൽ ചുറ്റപ്പെട്ട അന്നമ്മയുടെ വീട്ടിലേക്കു വള്ളം എത്തി. ഒന്നല്ല; രണ്ടു വള്ളങ്ങൾ. വള്ളത്തിൽ പിടിച്ചുകയറാൻ ബാക്കിയുണ്ടായിരുന്നത് അന്നമ്മ മാത്രം. മുറികളിൽ പരിശോധിച്ച രക്ഷാപ്രവർത്തകർക്കു കിട്ടിയതു മൂന്നു മൃതദേഹങ്ങൾ. മൂന്നു പതിറ്റാണ്ടിലധികം ഉത്തർപ്രദേശിൽ ജോലി ചെയ്ത്, നാട്ടിൽ തിരിച്ചെത്തിയ അന്നമ്മ വർഗീസ് ഒരിക്കലും മറക്കില്ല ഇക്കഴിഞ്ഞ തിരുവോണം.

സ്വന്തം വീട്ടിലെ മൂന്നുപേരുടെ ശവസംസ്കാരം മംഗലം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന ദിവസം. മൂന്നുദിവസം കാവലിരുന്നിട്ടും കാത്തുരക്ഷിക്കാനാകാതെ പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങളിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ദിവസം. ആ ദിവസത്തിന്റെ ഓർമയിൽ ചെങ്ങന്നൂരിൽത്തന്നെയുള്ള അടുത്ത ബന്ധു റോഷൻ ചാക്കോയുടെ വീട്ടിൽ ഇരുന്ന് അന്നമ്മ വിതുമ്പുന്നു, കണ്ണട മാറ്റി കണ്ണീർ തുടയ്ക്കുന്നു; പറയാൻ ശ്രമിക്കുന്ന വാക്കുകൾ മുറിഞ്ഞുപോകുമ്പോൾ വീണ്ടും കണ്ണീരിൽത്തന്നെ അഭയം കണ്ടെത്തുന്നു.