Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 വർഷമായി ഓട്ടോ ഓടിക്കുന്നു; ത്രേസ്യ റപ്പായി ഹാപ്പിയാണ്

thressia-55 തൃശൂർ നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ആടാട്ട് അക്കരപട്യേൽ ത്രേസ്യ. ചിത്രം : മനോരമ

എന്താ സംശയം?‍ ഞാനീ ജോലി ആസ്വദിക്കുന്നുണ്ട്. പത്തുമുതൽ അഞ്ചുവരെ ഓട്ടോ ഓടിക്കും. വെറുതെ വീട്ടിലിരിക്കുന്നത് ആലോചിക്കാനേ വയ്യ. ഇതുപറഞ്ഞ് തൃശൂർ നഗരത്തിൽ ഓട്ടോ ഓടിക്കുന്ന അടാട്ട് അക്കരപട്യേൽ ത്രേസ്യ ഓട്ടോ പറത്തി. പടിഞ്ഞാറേക്കോട്ടയിൽ റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നവരെ കണ്ടപ്പോൾ ഓട്ടോ സ്പീഡ് കുറച്ചു.

‘‘ അന്നു ഞങ്ങൾ ആറുപേരായിരുന്നു അടാട്ട് ഓട്ടോ ഓടിക്കാനിറങ്ങിയത്. ഇപ്പോ പലരും ഫീൽഡ് വിട്ടു. അവരുടെയൊക്കെ ഓട്ടോ ആണുങ്ങൾ വാടകയ്ക്ക് ഓടിക്കുകയാ...’’

16 വർഷം മുൻപ് 2002ൽ അക്കരപട്ട്യേൽ ത്രേസ്യ അടക്കം ആറു സ്ത്രീകളാണ് അടാട്ട് പഞ്ചായത്തിന്റെ പദ്ധതിയിൽ ഓട്ടോ വാങ്ങിയത്. മുതുവറ, ചിറ്റിലപ്പിള്ളി, പുറനാട്ടുകര, അടാട്ട് എന്നിവിടങ്ങളിലായിരുന്നു ഓട്ടം. ഇതിൽ ചിലർ പിന്നെ ഓട്ടം നിർത്തി. ഒരാൾ ഇപ്പോൾ  ചെറിയ വാനിൽ സ്കൂൾ കുട്ടികളുടെ ഓട്ടം ഓടുന്നുണ്ട്.

 എന്താണ് കൂടുതൽ സ്ത്രീകൾ ഈ  മേഖലയിലേക്കു വരാത്തത് 

∙ രാത്രിയൊക്കെ ഓടണ്ടേ? വൈകിട്ടും രാത്രിയിലുമൊക്കെ പിള്ളേരുടെ കാര്യം നോക്കണം. അതായിരിക്കും.

 ത്രേസ്യ എന്താ രാത്രി ഓട്ടോ ഓടിക്കാത്തത്. പേടിച്ചിട്ടാണോ?

∙ പേടിയോ? വേണേൽ നേരം വെളുക്കുംവരെ ഓടിക്കാം. വേണ്ടെന്നു വച്ചിട്ടാണ്. രാത്രി വീട്ടിലുണ്ടാവുന്നതു തന്നെയാണിഷ്ടം. 

 പകൽ മാത്രമോടിയാൽ ആവശ്യത്തിനു പണം കിട്ടുമോ?

∙ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ ഞാൻ ഓട്ടോ ഓടിക്കാറുള്ളു. ആവശ്യത്തിനുള്ള പണം കിട്ടും. അതുമതി. പിന്നെ ജോലി എൻജോയ് ചെയ്യുന്നുണ്ട്.

 ഓട്ടോ തട്ടുകയോ മുട്ടുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ?

∙ഏയ്. ആദ്യകാലത്ത് ഒരു തവണ ‘ചെറുതായിട്ട്’ ഒന്നു മറിഞ്ഞു. പിന്നെ ഇതുവരെ ഒരു പോറൽ പോലുമില്ല.

 ഓട്ടത്തിനിടെ യാത്രക്കാരുമായി വല്ല ഉടക്കോ മറ്റോ?

∙ ഒന്നുമില്ല. എല്ലാവരും നന്നായിത്തന്നെയാണു പെരുമാറുന്നത്. ആരെങ്കിലും മോശമായി പെരുമാറാൻ വന്നാൽ വിട്ടുകൊടുക്കുകയുമില്ല.

  16 വർഷം മുൻപ് നിങ്ങൾ  നിരത്തിലിറങ്ങിയപ്പോൾ എന്തായിരുന്നു പ്രതികരണം?

∙ ഇതൊക്കെ എത്രകാലമെന്നു ചോദിച്ചവരാണധികവും. ഞങ്ങൾ എത്രയും പെട്ടെന്ന് ഇട്ടിട്ടുപോകുമെന്നറിയാമായിരുന്നു.. കുറച്ചൊക്കെ ശരിയുമായി. എന്നാൽ ഇപ്പോഴും ഞാൻ പിടിച്ചു നിൽക്കുന്നുണ്ട്.

 മറ്റു വനിതാ ഓട്ടോ ഡ്രൈവർമാരുമായി അടുപ്പമുണ്ടോ?

ടൗണിലിപ്പം വേറെ വനിതാ ഡ്രൈവർമാരില്ലല്ലോ? മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പരിസരത്ത് ഉണ്ടൊരാൾ. പേര് മൈന.

നഗരത്തിലൊന്നു വലംവച്ച് ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ ത്രേസ്യ റപ്പായിയുടെ മുഖത്തെ ആത്മവിശ്വാസം കണ്ടു. അടുത്ത യാത്രക്കാരനെ തേടി ത്രേസ്യയുടെ ഓട്ടോ പറന്നു. മൈനയെപ്പോലെ.

വയനാട്ടിൽ നിന്നു തുടക്കം

വലിയ തിരക്കിട്ട് ഓടിച്ചു വരുന്ന വാഹനങ്ങളെയൊക്കെ കടത്തിവിട്ടു സൗമ്യമായാണു ത്രേസ്യ വണ്ടിയോടിക്കുന്നത്.വയനാട്ടിൽ നിന്നാണ് ഡ്രൈവിങ് പഠിക്കുന്നത്. അതുവരെ സൈക്കിൾ ചവിട്ടാൻ മാത്രമേ അറിയാമായിരുന്നു. ഓട്ടോ ഓടിക്കാൻ പഠിച്ചു ലൈസൻസ് എടുത്തപ്പോൾ അധികൃതർ ചോദിച്ചു. എന്താണ് ആഗ്രഹം.?

നല്ല തിരക്കുള്ള നഗരങ്ങളിലൂടെ ഓട്ടോ ഓടിച്ചു ജീവിക്കണം... അതായിരുന്നു ത്രേസ്യയുടെ മറുപടി. ഭർത്താവ് വയനാട്ടിൽ ജോലി ചെയ്തിരുന്നതിനാലാണ് അവിടെ അന്നു താമസിച്ചിരുന്നത്. പിന്നെയാണ് അടാട്ട് വന്ന് ഓട്ടോ ഓടിച്ചു തുടങ്ങിയത്.

ജനസമ്പർക്കത്തിൽ കിട്ടിയ മോഹം

നഗരത്തിൽ ഓട്ടോ ഓടിക്കാനുള്ള മോഹം പിന്നെയും ബാക്കിയായിരുന്നു. ടൗൺ പെർമിറ്റിന് പലതവണ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ഓട്ടം വളരെക്കുറവുള്ള സ്ഥലത്ത് കാത്തുകിടന്നിരുന്നെങ്കിൽ ചിലപ്പോൾ ഇപ്പോൾ  ഓട്ടോ ഡ്രൈവറായി തുടരാൻ കഴിയില്ലെന്നു തോന്നി. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിയിൽ അപേക്ഷ വച്ചു. ഇനി കൊടുക്കുന്ന ആദ്യ പെർമിറ്റ് ത്രേസ്യയ്ക്ക് ആയിരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയാണത്രേ 2014ൽ ടൗൺ പെർമിറ്റ് കിട്ടുന്നത്.