Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നൃത്തം മത്സരത്തിന് വേണ്ടിയാകരുത്; ആദ്യം ഗുരുക്കന്മാർ മനസിലാക്കണം'

malavika-01 മാളവിക.

കലയെ ജീവിതമായി കാണുന്നവർ എത്രയോ പേരുണ്ട്, നൃത്തം എന്ന പെർഫോമിങ് ആർട്ട് ഫോം കലകളിൽ തന്നെ ഏറ്റവും ജനകീയമായി നിൽക്കുന്നതിന്റെ കാരണം അത് സാധാരണക്കാരിലേക്ക് വളരെ ഊർജസ്വലതയോടെ ഇറങ്ങി നിൽക്കുന്നു എന്നുള്ളതുകൊണ്ടാണ്. കലാക്ഷേത്ര മാളവിക എന്ന നർത്തകിയുടെ ജീവിതം അത്തരമൊരു ആർജവത്തോടെ അവതരിപ്പിക്കാനുള്ളതാണ്. പരമ്പരാഗതമായ കലാരൂപങ്ങളെ അതിന്റെ തനിമയോടെ തന്നെ അവതരിപ്പിക്കുകയും  ആധുനിക സമൂഹത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന കലകളെ സാധാരണക്കാരിലേക്ക് വരെ എത്തിക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല. മികച്ച അധ്യാപിക ആയിരിക്കുകയും നല്ലൊരു നർത്തകി ആയിരിക്കുകയും ചെയ്യുക എന്നത് ഏതൊരു നർത്തകിയുടെയും സ്വപ്നമാണ്. അത് അനുവർത്തിക്കുന്നതാണ് മാളവികയുടെ ജീവിതം. കലാക്ഷേത്ര മാളവിക സംസാരിക്കുന്നു...

മൂന്നാം വയസ്സിൽ തുടങ്ങി, ആറാം ക്ലാസിൽ കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ്

മൂന്നു വയസ്സുള്ളപ്പോഴാണ് നൃത്തം പഠിച്ചു തുടങ്ങുന്നത്. അതിൽ തന്നെ ഭരതനാട്യം പഠിക്കുന്നത് അഞ്ചു വയസ്സുള്ളപ്പോൾ. ചന്ദ്രലേഖ ജോസ് എന്ന ടീച്ചറാണ് എന്നെ ഭരതനാട്യം പഠിപ്പിച്ചത്. ആ സമയത്തു സ്‌കൂളിലൊക്കെ സജീവമായി എല്ലാ പ്രോഗ്രാമുകളിലും പങ്കെടുത്തിരുന്നു. കലാതിലകമാകാനും കഴിഞ്ഞിരുന്നു. അന്നൊക്കെ സ്‌കൂൾ കുട്ടികൾക്കു കല അവതരിപ്പിക്കാനുള്ള വഴി സ്‌കൂൾ യുവജനോത്സവങ്ങളായിരുന്നു. ഇന്നത്തെ അത്രയും വേദികളില്ല. നൃത്തം ഇഷ്ടം ഉള്ളതുകൊണ്ട് പഠിക്കുന്നു എന്നതിനപ്പുറം ഇതെന്റെ ജീവിതമാകുമെന്ന് കരുതിയിട്ടേ ഇല്ല.

malavika-02

ആറാം ക്ലാസിൽ പഠിക്കുമ്പോൾ മോഹിനിയാട്ടത്തിനു കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് കിട്ടി. അതോടെയാണ് കുറച്ചു കൂടി ഗൗരവമായി നൃത്തത്തെ കാണാൻ തുടങ്ങിയത്. പിന്നീട് ഭരതനാട്യത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനായി കലാക്ഷേത്രയിലേക്ക് ചേക്കേറി. അവിടെ പ്രശ്സ്തരായ ഗുരുക്കന്മാരായിരുന്നു ഉണ്ടായിരുന്നത്, രുഗ്മിണി ദേവിയെ പോലെയൊക്കെയുള്ളവർ. അവരൊക്കെ കലയോടു കാണിക്കുന്ന ആത്മാർഥത കാണുമ്പോഴാണ് നൃത്തം അത്രത്തോളം പ്രസക്തമാണെന്നും ജീവിതത്തെ സ്വാധീനിക്കുന്നതാണെന്നും മനസ്സിലാക്കുന്നത്.

malavika-04

നൃത്തം പാഷൻ മാത്രമല്ല 

ജോലി ഏതായാലും അതിനു വേണ്ടി നമ്മൾ സമയം കണ്ടെത്തേണ്ടി വരും. നൃത്തം പാഷനായി എടുക്കുന്നവരുണ്ട്. പ്രഫഷനായി കൊണ്ടുപോകുന്നവരുമുണ്ട്. എങ്ങനെയാണെങ്കിലും ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യം കൊടുത്തു കൊണ്ടുപോകാൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. എനിക്കിത് പാഷനും പ്രഫഷനുമാണ്. പ്രാരാബ്ദം കൊണ്ട് നൃത്തം വേണ്ടെന്ന് വയ്ക്കരുത്. നൃത്തത്തിലെ മുറിവൈദ്യന്മാർക്കാണ് പ്രരാബ്ദമുണ്ടാകുന്നത്. ടാലന്റ് ഉള്ളവർക്ക് പരിശ്രമത്തിലൂടെ അതൊരു ജീവിതമാർഗമാക്കാം.

പുതിയ കുട്ടികളുടെ താൽപര്യം

കുട്ടികളിൽ പലർക്കും നൃത്തം ഇഷ്ടമാണ്. മിക്കപ്പോഴും കുട്ടികളെക്കാളും വലിയ താൽപര്യം രക്ഷാകർത്താക്കളാണ്. ചിലർ കുട്ടികളിൽ നൃത്തം അടിച്ചേൽപ്പിക്കും. തന്റെ കുട്ടി വേദിയിൽ കളിക്കുന്നത് കാണണം അതാണ് മുഖ്യ കാരണം. അവിടെ കുട്ടിയുടെ അഭിരുചിയ്ക്ക് രണ്ടാം സ്ഥാനം മാത്രം. ചിലർ മത്സരങ്ങൾക്കായി വേണ്ടി മാത്രം പഠിപ്പിക്കുന്നവർ. വളരെ ചുരുക്കം പേർ ഒന്നും അറിയാതെ വരുന്നവരുണ്ട്. വീട്ടിലെ കുട്ടികളുടെ ചില വാസനകൾ കണ്ട് കുട്ടികളെ കൊണ്ടുവരും. നന്നാകുമെങ്കിൽ പഠിപ്പിക്കാം. അല്ലെങ്കിൽ പറ്റില്ലെന്നു പറയണം എന്നു പറയുന്നവർ. ആരു വന്നാലും ഞാൻ അവരോടു ആദ്യം പറയുന്നത്, പെട്ടെന്ന് ഒരു ദിവസം അവരെ അരങ്ങിൽ കയറ്റാൻ കഴിയില്ല എന്നു തന്നെയാണ്. അവർ കല പഠിക്കട്ടെ, അതിനെ കുറിച്ചു ആഴത്തിൽ അറിയട്ടെ. ശേഷം, അതും ആഗ്രഹമുള്ളവർക്ക് മാത്രം അരങ്ങേറ്റം നടത്താം. മത്സരങ്ങൾക്കായി മാത്രം വരുന്നവരെ പ്രോത്സാഹിപ്പിക്കാറില്ല. വളരെ ഗൗരവമായി കലയെ കാണുന്നവരാണ് എന്റെ കുട്ടികൾ.

chilanka-03

ശിവ പാർവതി സാംസ്‌കാരിക സംഘടന എന്റെ സ്വപ്‌നം

വെഞ്ഞാറമൂടിൽ ഞാനാരംഭിച്ച ശിവ പാർവ്വതി സാംസ്‌കാരിക സംഘടനയാണ് എന്റെ സ്വപ്നം. ആദ്യം നൃത്ത ക്ലാസായിരുന്നു. പിന്നീടത് ഒരു സംഘടനയായി. കാവാലം നാരായണ പണിക്കർ സാർ ഉൾപ്പെടെയുള്ളവർ എനിക്ക് നൽകിയ ഉപദേശങ്ങളാണ് ശിവ പാർവതിയുടെ വളർച്ചയ്ക്ക് കാരണം. മൂന്നു വർഷമായി ചിലങ്ക ആർട്സ് ഫെസ്റ്റ് എന്ന പേരിൽ കലകളുടെ ഫെസ്റ്റ് നടത്തുന്നുണ്ട്. മണിപ്പൂരി, കഥക് ഉൾപ്പെടെ പല നൃത്ത രൂപങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്, അതെല്ലാം അതാതു നാട്ടിലെ കലാകാരന്മാരെ വച്ചു തന്നെ. നഷ്ടപ്പെട്ടു പോകുന്ന പല കലകളുമുണ്ട്. അവയെ തിരികെ കൊണ്ടു വരണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. ഇതൊക്കെ തന്നെയാണ് ചിലങ്ക ആർട്സ് ഫെസ്റ്റിവലിന്റെ ധർമവും.

chilanka-01

ചിലങ്ക ആർട്സ് ഫെസ്റ്റ് ഉടനെ തന്നെ ചിലങ്ക റൂറൽ ടൂറിസം ഫെസ്റ്റ് ആക്കി നടത്താൻ ആഗ്രഹമുണ്ട്, അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നു. നഷ്ടപ്പെട്ടു പോകുന്ന കലകൾ പലയിടങ്ങളിലുമുണ്ട്, അവയെ ഒക്കെ പുനരുദ്ധരിക്കണം. റിമോട്ടായ പ്രദേശങ്ങളിലാണ് അവരുടെ സംസ്കാരം അനുസരിച്ചുള്ള കലകളും കരകൗശലങ്ങളും എല്ലാമുള്ളത്, അതൊക്കെ നമ്മൾ പൊതുവിടങ്ങളിലേക്കും സമൂഹത്തിന്റെ മുന്നിലേക്കും കൊണ്ടുവരണം. ഇതിനായുള്ള വേദിയൊരുക്കുക എന്നതാണ് റൂറൽ ടൂറിസം ഫെസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്. ഒപ്പം പല സംസ്ഥാനങ്ങളിലുമുള്ള കലാരൂപങ്ങളെ ഈ ഇടങ്ങളിലേക്ക് കൊണ്ടു വരിക.

chilanka-77

കുടുംബമാണെല്ലാം അവരുടെ പിന്തുണയും

malavika-03

കുടുംബവും കരിയറും ഒന്നിച്ചു കൊണ്ടുപോകുന്ന ഒരാളാണ് ഞാൻ. അങ്ങനെ വരുമ്പോൾ തീർച്ചയായും ജീവിത പങ്കാളിയുടെ പിന്തുണ വലിയൊരു ഘടകമാണ്. വളരെ ചെറുപ്പം മുതൽക്കേ കഷ്ടപ്പെട്ട് നൃത്തം പഠിച്ച്, കല്യാണത്തിന് ശേഷം അതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരുന്ന ഒരുപാടു പേരുണ്ട്. വിവാഹം കഴിഞ്ഞാൽ കുടുംബത്തിന്റെ പിന്തുണയില്ലാതെ കലയുമായി മുന്നോട്ട് പോകാൻ പ്രയാസമാണ്. ആ പിന്തുണ എന്റെ കാര്യത്തിൽ പൂർണമായും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഫെസ്റ്റിവലിന് എന്റെ കുടുംബം പൂർണ പിന്തുണയുമായി കൂടെയുണ്ട്. പല കാര്യങ്ങളും അദ്ദേഹമാണ് ചെയ്യുന്നത്. ഒരുപക്ഷേ ദൈവത്തിന്റെ അനുഗ്രഹമാകാം ഇങ്ങനെയൊരു പിന്തുണയ്ക്ക് പിന്നിൽ. ഞങ്ങളുടെ മകന് ഇപ്പോൾ ഒൻപത് വയസ്സുണ്ട്, അവനും എല്ലാം മനസ്സിലാക്കുന്നുണ്ട്. ഇതും കൂടി ചേർന്നതാണല്ലോ ഞങ്ങളുടെ മൂന്നു പേരുടെയും ലോകം.