Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ ചിലങ്കകള്‍ക്ക് ഊര്‍ജം പകർന്നത് '

Mansiya മന്‍സിയ

എല്ലാം മറന്ന് നൃത്തമാടുമ്പോള്‍, ശരീരവും മനസ്സും ഒന്നായി താളലയ ഭാവങ്ങളുടെ പരകോടിയിലൂടെ സഞ്ചരിക്കുമ്പോള്‍ ലോകം തന്നെ കാഴ്ചക്കാരായി എത്തുന്നതായി തോന്നും. ആ പ്രയാണം നയിക്കുന്നത് വാക്കുകള്‍ക്കതീതമായ അഭിനിവേശമാണ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ആ ആനന്ദത്തിനു മുന്‍പില്‍ നിഷ്പ്രഭമായി പോകും. അതുകൊണ്ടാണ് മന്‍സിയയ്ക്ക് ഇത്രമേല്‍ മനോഹരമായി നൃത്തമാടാനാകുന്നത്. വിശ്വാസങ്ങളോടു ചേരുന്നില്ലെന്ന പേരിൽ കലാരൂപം അഭ്യസിച്ചതിന് എതിര്‍പ്പുകള്‍ നേരിട്ട മന്‍സിയയുടെ കഥ മലയാളികള്‍ക്ക് അപരിചതമൊന്നുമല്ല. മന്‍സിയ യാത്ര തുടരുകയാണ്...ആഗ്നേയ എന്ന പേരിലൊരു നൃത്ത വിദ്യാലയം കൂടി ആരംഭിച്ചു കൊണ്ട് കേരള കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായി മാറിക്കൊണ്ട്...

അമ്മയുടെ ഉമ്മ...

എന്റെ ആറാം ക്ലാസു വരെയേ അമ്മ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം ഉപ്പയാണ് എല്ലാം. എനിക്കങ്ങനെ നൃത്തം പഠിക്കണം എന്നൊന്നുമില്ലായിരുന്നു. ടിവിയിലെപ്പോഴോ ക്ലാസിക്കല്‍ ഡാന്‍സ് കാണാനിടയായ ഉമ്മയ്ക്ക് അതിലെ ഭാവങ്ങളും വസ്ത്രങ്ങളും പാട്ടും എല്ലാം ചേര്‍ന്നൊരു ഭംഗി ഒരുപാടിഷ്ടപ്പെട്ടു. നാലാം ക്ലാസു വരെ പഠിച്ച, തീര്‍ത്തും യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഉമ്മ ആ ഒരു ഇഷ്ടത്തിന്റെ പേരില്‍ മാത്രമാണ് എന്റെ ചേച്ചിയെ അടുത്തുള്ളൊരു നൃത്തവിദ്യാലയത്തില്‍ ചേര്‍ക്കുന്നത്. ആ കലയെപ്പറ്റി ഉമ്മയ്ക്ക് ഒട്ടും അറിവുണ്ടായിരുന്നില്ല. പിന്നീട് ചേച്ചിയുടെ വഴിയെ ഞാനും... മൂന്നു വയസ്സു മുതല്‍ നൃത്തം പഠിച്ചു തുടങ്ങി. ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ഭരതനാട്യത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. അതോടൊപ്പം രാജശ്രീ വാര്യര്‍ക്കു കീഴില്‍ നൃത്തം അഭ്യസിക്കുന്നുമുണ്ട്. ചേച്ചി റൂബിയ ലഖ്‌നൗവില്‍ നൃത്താധ്യാപികയായിരുന്നു. ഇപ്പോള്‍ ലീവിലാണ്.

എതിര്‍സ്വരങ്ങള്‍ വന്നു മൂടിയപ്പോള്‍...

ഞങ്ങള്‍ രണ്ടു പേരും സ്‌കൂള്‍ കലോത്സവങ്ങളിലും നാട്ടിലെ മറ്റു ചില വേദികളിലുമൊക്കെ ഡാന്‍സ് കളിച്ചു തുടങ്ങിയപ്പോഴാണ് മതവിശ്വാസത്തിന്റെ പേരിൽ എതിര്‍ സ്വരങ്ങള്‍ വന്നത്. ഒരുപാടു പഴി കേട്ടിട്ടുണ്ട്. ഒരുപാടു കരഞ്ഞിട്ടുണ്ട്. ഇനി നൃത്തം ചെയ്യരുതെന്നു പറഞ്ഞത് അനുസരിക്കാതെ വന്നപ്പോള്‍ മോശമായ പലതും പറഞ്ഞു പരത്തി. ഉപ്പയേയും ഉമ്മയേയും ഉപദേശിച്ചവരും ശാസിച്ചവരുമേറെ. പക്ഷേ അവര്‍ മറ്റെല്ലാത്തിനും വലുതായി മക്കളെ കണ്ടതു കൊണ്ടും ഒരു നൃത്തം ചെയ്തുവെന്നു കരുതി ഒന്നും സംഭവിക്കാനില്ലെന്ന് ഉറച്ചു വിശ്വസിച്ചതു കൊണ്ടും ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഞങ്ങളുടെ വഴിയെ നടക്കാനായി. വലിയ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും മക്കളുടെ ആഗ്രഹത്തിനും കഴിവിനും വിലങ്ങുതടിയാകാന്‍ ഒന്നിനേയും അനുവദിക്കില്ലെന്നു ചിന്തിക്കാനുള്ള ബോധം അവര്‍ക്കുണ്ടായിരുന്നുവെന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

Mansiya

എങ്കിലും ഈ വിവാദങ്ങളൊക്കെ പല രീതിയിലും ബാധിച്ചു. പിന്നെയും ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. ഫെയ്സ്ബുക്കിലൂടെയും അല്ലാതെയുമൊക്കെ പലപ്പോഴും ഭീഷണികള്‍ വന്നു. ഇതൊക്കെ പലവട്ടം പറഞ്ഞതാണ്. ഇപ്പോള്‍ അതൊന്നും ഓര്‍ക്കാറില്ല. പക്ഷേ ആ സാഹചര്യങ്ങള്‍ സമ്മാനിച്ചത് ധൈര്യമായിരുന്നു. കരച്ചില്‍ പതിയെ ചെറുത്തു നില്‍പ്പിലേക്കും ധൈര്യത്തിലേക്കും എത്തിച്ചു. ഉമ്മ മരിച്ച സമയത്തും ഉപ്പയോട് ഇതേപ്പറ്റി സംസാരിച്ചവര്‍ ഏറെയാണ്. ഉപ്പ അതൊന്നും ചെവിക്കൊണ്ടില്ല. ഉപ്പ സ്‌ട്രോങ്ങാണ്. അത്ര വേഗമൊന്നും ആരും പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാത്തതു കൊണ്ട് ബന്ധുക്കളടക്കം പിന്നീട് ഇക്കാര്യത്തില്‍ എതിര്‍പ്പുമായി വന്നിട്ടില്ല. എന്നിരുന്നാലും ഈ ഡാന്‍സ് പഠിക്കരുതെന്നും പെണ്‍കുട്ടികള്‍ നൃത്തമാടരുതെന്നും പറഞ്ഞുകൊണ്ട് ആദ്യമേ എതിര്‍ സ്വരവുമായി വന്നവർ ഇപ്പോഴും കൂരമ്പുകള്‍ വിടാറുണ്ട്. നാട്ടുകാരില്‍ ഒരു വലിയ വിഭാഗത്തിന് എന്നെയും ചേച്ചിയേയും ഇഷ്ടമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ അവരും നിസഹായരാണ്. കാരണം അന്ധമായ വിശ്വാസമുള്ളവരും സമൂഹത്തില്‍ വലിയ നിലയിലുള്ളവരുമൊക്കെയായിരുന്നു അന്ന് എതിര്‍പ്പുമായി വന്നത്.

ഇപ്പോള്‍ ഇതൊന്നും എന്നെ തെല്ലും ബാധിക്കുന്നില്ല. നൃത്തത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കാന്‍ വിവാദങ്ങൾ പ്രാപ്തയാക്കി. ഇനിയുള്ള ജീവിതത്തില്‍ നൃത്തം മതി എന്ന തീരുമാനം എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്നെക്കൊണ്ട് എടുപ്പിച്ചത് എതിര്‍ സ്വരങ്ങളാണ്. അതാണ് മറ്റെന്തെങ്കിലുമൊരു പ്രഫഷന്‍ സ്വീകരിച്ച്, നൃത്തം ഒരു സൈഡായി കൊണ്ടുപോകാം എന്ന ചിന്ത ഉപേക്ഷിക്കാന്‍ കാരണമായത്.

ഹൃദയം കൊണ്ടു ചേര്‍ത്തു പിടിച്ചവര്‍!

എതിര്‍പ്പുകള്‍ തുടക്കകാലത്ത് വളരെ ശക്തമായിരുന്നു. തീര്‍ത്തും ഒറ്റപ്പെടതു പോലെ. വീട്ടിലെല്ലാവരും തീരുമാനത്തില്‍ ഉറച്ചു നിന്നെങ്കിലും ഇടയ്‌ക്കൊക്കെ ചോര്‍ന്നുപോകുമായിരുന്ന ധൈര്യത്തിനു പിന്നെയും കരുത്തേകിയത് കുറേ നല്ല മനുഷ്യരാണ്. പ്രത്യേകിച്ച് എന്റെ നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനം. അവര്‍ തന്ന പിന്തുണ അത്രമാത്രം വലുതാണ്. ഈ കൂട്ടുകാര്‍ ഹൃദയംകൊണ്ടാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത ഒരുപാടു മനുഷ്യര്‍ ഫോണ്‍ വിളിച്ച് സംസാരിച്ചത് പ്രചോദനമായിരുന്നു. അവരുടെ ഒരു വാക്കു പോലും എനിക്കന്നു വലിയ ആശ്വാസമായിരുന്നു. കലോത്സവങ്ങളാണ് എന്നെ വളര്‍ത്തിയത്. എന്റെ സാഹചര്യത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞവരൊക്കെ ആ നാളുകളില്‍ കരുത്തേകി. ഈ മനുഷ്യരാണ് ഒരു സാധാരണ കുടുംബത്തിനു താങ്ങാവുന്നതിനും അപ്പുറമായിരുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തമിഴ്‌നാട്ടില്‍ ഒരിടത്ത് നൃത്തം ചെയ്യാന്‍ പോയിരുന്നു. പരിപാടി കഴിഞ്ഞ ശേഷം എന്റെ അമ്മൂമ്മയുടെയൊക്കെ പ്രായമുള്ളവര്‍ എന്നെ കാണാന്‍ വന്നു. എന്റെ കാല്‍ എടുത്ത് അവരുടെ ശിരസ്സില്‍ വയ്ക്കുകയും വണങ്ങുകയുമൊക്കെ ചെയ്തു‍. കലയെയും കലാകാരന്‍മാരെയും അത്രമാത്രം സ്‌നേഹിക്കുകയും വില കല്‍പിക്കുകയും ചെയ്ത ആ മനുഷ്യരും ഇന്നത്തെ എന്റെ യാത്രയ്ക്കു വേഗം നല്‍കിയവരാണ്. എവിടെ പഠിക്കാന്‍ ചെന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ നിന്നു വരുന്നതാണെന്ന് അറിയാമായിരുന്നതു കൊണ്ടുതന്നെ വലിയ ഇഷ്ടവും സഹകരണവുമാണ്. ഇപ്പോഴത്തെ ഗുരു രാജശ്രീ മാഡത്തിനൊക്കെ വലിയ സ്‌നേഹമാണ്.

ചില വേദികളില്‍ അങ്ങോട്ടു പണം കൊടുക്കേണ്ടി വരും നമ്മള്‍. അതുപോലെ ലൈവ് ഓര്‍ക്കസ്ട്ര തന്നെ വേണമെന്നു നിര്‍ബന്ധമുള്ള വേദികളുണ്ട്. വലിയ പൈസച്ചെലവാണ് അപ്പോഴൊക്കെ. ഉപ്പയുടെയും എന്റെയും കയ്യില്‍ നില്‍ക്കാതെ വരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എംഎ, എംഫില്‍, പിഎച്ച്ഡി എന്നിവ ചെയ്യുമ്പോള്‍ അത്തരം കച്ചേരികള്‍ ഒരുപാടു ചെയ്യണം. എംഎ, എംഎഫില്‍ എന്നിവ ചെയ്യുന്ന സമയത്ത് എന്നെ സ്‌പോണ്‍സര്‍ ചെയ്തത് ഇപ്പോഴത്തെ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ സര്‍ ആണ്. അങ്ങനെ എത്രയോ മനുഷ്യര് എന്റെ ചിലങ്കകള്‍ക്ക് ഊര്‍ജമായിരിക്കുന്നു.

ഭക്തി, നൃത്തത്തോടു മാത്രമാണ്

Mansiya

ഞാന്‍ കൂടെക്കൂട്ടിയ നൃത്തത്തിലൂടെ സംവദിക്കുന്നതിൽ കൂടുതലും ദൈവങ്ങളുടെ കഥയാണ്. അതെങ്ങനെ സാധ്യമാകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ഞാനൊരു ദൈവവിശ്വാസിയല്ല. നൃത്തം ചെയ്യുമ്പോൾ ഞാന്‍ വേറൊരാളായി മാറുകയാണ്. മന്‍സിയ എന്ന വ്യക്തി അവിടെ ഇല്ലാതാകുന്നു. എനിക്കു തോന്നുന്നു എല്ലാ കലാകാരികളും ഇതുതന്നെയാണ് അനുഭവിക്കുന്നതെന്ന്. അവിടെ തീര്‍ത്തും വ്യക്തിപരമായ ഇഷ്ടങ്ങളും വിശ്വാസങ്ങളും ഒന്നും ബാധിക്കുന്നില്ല. ആ കലാരൂപത്തിന്റെ ഭംഗിയുടെയും നിയമത്തിന്റെയും വഴിയിലൂടെ, അതിനോട് ഇഴചേര്‍ന്ന്, മറ്റെല്ലാം മറന്നു സഞ്ചരിക്കുകയാണ്. കൃഷ്ണന്റെയും ശിവന്റെയും കഥകളാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത്. അവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ട, എനിക്കൊരുപാട് അറിയാവുന്ന, എങ്ങോ ജീവിച്ചിരിക്കുന്ന വ്യക്തികളായിട്ടാണു തോന്നിയിട്ടുള്ളത്. ഭക്തി നൃത്തത്തോടു മാത്രമാണ്.

ആഗ്നേയ....

ഇന്നും എന്റെ നാടായ മലപ്പുറം വള്ളുവമ്പ്രത്തെ പല പരിപാടികളില്‍നിന്നും എന്നെ മാറ്റി നിര്‍ത്തുന്നുണ്ട്. എനിക്കു വേദികള്‍ തരാറില്ല. എനിക്കതു പ്രശ്നമല്ല. അതുകൊണ്ടുതന്നെ എനിക്കൊരു വാശിയായിരുന്നു അവിടെത്തന്നെ ഒരു നൃത്തവിദ്യാലയം തുടങ്ങണമെന്ന്. ഒരു കുട്ടിയെങ്കിലും മതി. അവിടെ ക്ലാസ് നടത്തും. കുട്ടികളും വീട്ടമ്മമാരുമായി അമ്പതു ശിഷ്യരുണ്ട് എനിക്ക് അവിടെ. ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല അത്രയും പേരെ. പിഎച്ച്ഡിയും നൃത്തപഠനവും കൂടിയുള്ളതുകൊണ്ട് ഞായറാഴ്ചകളില്‍ മാത്രമാണ് ക്ലാസ്. എങ്കിലും വളരെയധികം സന്തോഷകരമായി അതു മുന്നേറുന്നു.

ഇഷ്ടം ഇതൊക്കെ... ഇവരോട്!

എല്ലാ ക്ഷേത്രകലകളിലും ഇപ്പോള്‍ പരീക്ഷണങ്ങളുണ്ട്. സമൂഹത്തിലെ പ്രശ്‌നങ്ങളും പ്രസക്തമായ വിഷയങ്ങളുമൊക്കെ അവതരിപ്പിക്കുന്നവര്‍ ഏറെയാണ്. എനിക്കും ചെയ്യാന്‍ താല്‍പര്യമുണ്ട്. അതിന്റെ പണിപ്പുരയിലാണിപ്പോള്‍. ആ രീതിയില്‍ ഭരതനാട്യമൊക്കെ അവതരിപ്പിക്കുന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതോടൊപ്പം തീര്‍ത്തും ട്രെഡീഷണല്‍ ആയ രീതിയേയും അതിന്റേതായ ഭംഗിയില്‍ അവതരിപ്പിക്കുക തന്നെ ചെയ്യും. 

അലര്‍മേല്‍വള്ളി, രമാ വൈദ്യനാഥന്‍... ഇവരൊക്കെയാണ് എനിക്കെന്നും ഇഷ്ടമുള്ള നര്‍ത്തകിമാര്‍. കേരളത്തിനകത്തും പുറത്തും ഒരുപാടു വേദികളില്‍ നൃത്തം ചെയ്യാനുള്ള അവസരമുണ്ടായിട്ടുണ്ട്. എങ്കിലും എനിക്കിപ്പോഴും ഇഷ്ടം സാധാരണക്കാര്‍ വന്നെത്തുന്ന തീര്‍ത്തും സാധാരണമായ വേദികളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല അമ്പലങ്ങളും നൃത്തം ചെയ്യാന്‍ വേദി തന്നിട്ടുണ്ട്. അത്തരം വേദികളോടാണ് എന്നും പ്രിയം.