Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശനം: ഇവർ പറയുന്നതിങ്ങനെ

shabarimala-01

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമാകാം എന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധിയോടു സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ പ്രതികരിക്കുന്നതിങ്ങനെ:

മാധ്യമപ്രവർത്തക ഗീതാബക്ഷി പറയുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി ഇന്ത്യൻ സമൂഹത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കം കുറിക്കുന്നതാണ്. പെൺശരീരത്തെ സമൂഹത്തിന്റെ സ്വാർഥതയുടെയും വിഡ്ഢിത്തത്തിന്റെയും അളവുകോൽ കൊണ്ടു മുറിച്ചിടുന്ന  കീഴ്‌വഴക്കം ഇവിടെ പുതിയ വിചിന്തനത്തിനു വിധേയമായിരിക്കുന്നു .

ആർത്തവം, പെണ്ണിന്റെ ലൈംഗിക ചിന്തകൾ  ഇതിനെയെല്ലാം നികൃഷ്ടമാക്കി അവളെ തുല്യത അവകാശപ്പെടാൻ കഴിയാത്ത ജന്മമായി മാറ്റി നിർത്തുക. 

ഒരു മതം മാത്രമല്ല ഈ വഴി പിന്തുടർന്നത്. അധികാരം, സ്വത്ത് ഇവ നൽകുന്ന ലഹരിയിൽ മതിമറന്ന ആദിമകാല പുരുഷ സമൂഹത്തിന്റെ കൗശലം പല അവതാരങ്ങളും രൂപങ്ങളും പ്രാപിച്ച് നൂറ്റാണ്ടുകളായി വേരാഴ്ത്തിയിരിക്കുന്നു .പെൺമനസ്സിൽ പോലും ആത്യന്തികമായി ഈ അധമബോധം വേരാഴ്ത്തിയതിനു പിന്നിലെ കാരണം അതാണ്. ശബരിമല വിധിയെ തുടർന്നു മാധ്യമങ്ങളിൽ വരുന്ന സാധാരണ സ്ത്രീകളുടെ പ്രതികരണങ്ങൾ ചൂണ്ടിക്കാണിക്കുന്നതും അതുതന്നെ.

geetha-bakshi-55 ഗീതാബക്ഷി

മതം വരച്ചിട്ട ലക്ഷ്മണ രേഖകൾ ഇപ്പോഴും നമ്മുടെ മനസ്സിൽ ഭീതി പടർത്തുന്നുണ്ട് .വരും തലമുറയെങ്കിലും ഇത്തരം അടിച്ചമർത്തലുകളിൽനിന്നു മോചിക്കപ്പെടാൻ ഈ വിധി ഉപകാരപ്പെടും. എന്റെ ചെറുപ്പത്തിൽ, വിധവകളായ സ്ത്രീകൾ തല മുണ്ഡനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച് അനാഭരണയും അനലങ്കാരയും ആയി ഒരു നേരം സസ്യാഹാരം കഴിച്ചു കഴിഞ്ഞു കൂടുക എന്നതു ചോദ്യം ചെയ്യാത്ത ആചാരമായിരുന്നു.

അതിനെ ചോദ്യം ചെയ്ത ആദ്യത്തെ സ്ത്രീയെ പടിക്കു പുറത്താക്കിയതിന് സമൂഹം തറവാടിനെ പുകഴ്ത്തുകയും ആഢ്യത്തത്തിൽ കുറേക്കൂടി ഉന്നത പദവിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്ന് നോക്കൂ, പുതിയ തലമുറ ആ ഓർമയ്ക്കു മുന്നിൽ നാണംകെട്ട് തല കുനിക്കുന്നു. വരും കാലത്ത് അന്നത്തെ തലമുറ അതേപോലെ ഓർമിക്കും, പണ്ടൊരു കാലത്ത് ഇത്തരമൊരു അനാചാരം നില നിന്നു എന്ന്

ശബരിമലയിൽ ഡ്യൂട്ടിക്കു നിന്നിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻ ഹരി പ്രകാശ് പറയുന്നു:

സുപ്രീം കോടതി വിധി പ്രസ്താവിച്ച തലത്തിൽ നിന്നുകൊണ്ടാണെങ്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ കോടതിനിയമങ്ങൾ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അത് അങ്ങനെ തന്നെ ചെയ്യുകയും ചെയ്യും. ഒരു വിശ്വാസി എന്ന നിലയിൽ പണ്ടു മുതലേ ഈ വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിച്ച ഒരു കുടുബത്തിലാണ് ജനിച്ചതും ഇപ്പോൾ ജീവിക്കുന്നതും. എന്റെ അമ്മയും ഭാര്യയും ഒക്കെ അയ്യപ്പ വിശ്വാസികളാണ്. അതുകൊണ്ടു തന്നെ, അവർ ഈ വിധി ഉണ്ടായി എന്നു വച്ച് മല ചവിട്ടാൻ തയാറാകും എന്നെനിക്കു തോന്നുന്നില്ല, കാരണം അമ്മ തന്നെയാണ് എന്നെ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണങ്ങൾ പഠിപ്പിച്ചത്. അതുകൊണ്ട് കുടുംബങ്ങളിലുള്ള വിശ്വാസങ്ങൾ അങ്ങനെ തന്നെ നിൽക്കും എന്നാണു എനിക്കു തോന്നുന്നത്. 

എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശബരിമലയിലെ ഏറ്റവും വലിയ പ്രശ്നം തിരക്കാണ്. എറ്റവും കൂടുതൽ തിരക്കുള്ള മണ്ഡലപൂജ സമയത്ത് ലക്ഷങ്ങളാണ് അയ്യപ്പനെ കാണാനെത്തുന്നത്. ആ സമയത്തെ തിരക്ക് നിയന്ത്രിക്കുക എന്നാൽ വലിയ മലകയറ്റം പോലെ തന്നെയുള്ള ഒരു പണിയാണ്. ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് പടി കയറ്റത്തിലാവും. ആയിരങ്ങളാണ് ഒരേ സമയം പടി കയറുന്നത്. ഓരോ പടിയിലും രണ്ടു വശത്തും പൊലീസുകാരുമുണ്ടാകും, അവർ കുനിഞ്ഞു നിന്നാണ് ഭക്തരെ തള്ളി കയറ്റി അകത്തേക്കു വിടുന്നത്. ഈ പോലീസുകാർ എങ്ങനെ സ്ത്രീകളെ കൈകാര്യം ചെയ്യും എന്നതു പ്രശ്നമാണ്. ഇരച്ചു കയറി വരുന്ന ഭക്തരുടെ ഇടയിൽ സ്ത്രീയെന്നും പുരുഷനെന്നും വേർതിരിച്ചു നിർത്തൽ എന്തുമാത്രം എളുപ്പമാകും എന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇരുപത് മിനിറ്റ് നടു നിവരാതെ കുനിഞ്ഞു നിന്നാണ് പൊലീസുകാർ ഡ്യൂട്ടി ചെയ്യുന്നത്, അടുത്ത ഇരുപത് മിനിറ്റ് റസ്റ്റ്, വീണ്ടും ജോലി. അങ്ങനെ മണിക്കൂറിൽ നാലു വട്ടമാണ് ഡ്യൂട്ടി, നടു അനക്കാൻ വയ്യെങ്കിലും ആ ഡ്യൂട്ടി ഒരു പുണ്യമായാണ് പൊലീസുകാരെല്ലാം കാണുന്നത്. 

തിരക്കിന്റെ മറ്റൊരു പ്രശ്നം, കാത്തിരിപ്പിന്റേതാണ്. തിരക്കിനിടയിൽ അയ്യപ്പ ദർശനം ലഭിക്കണമെങ്കിൽ ചിലപ്പോൾ ഒരു ദിവസം പോലും ക്യൂ നിൽക്കേണ്ടി വന്നേക്കാം. സ്ത്രീകൾക്ക് അത്തരം നിൽപ്പുകൾ എന്തുമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കും എന്നറിയില്ല. സുരക്ഷ ഒരു പ്രശ്നമാവില്ലെന്ന് വിശ്വസിക്കുന്നു, കാരണം ഫോഴ്സ് ഇപ്പോൾ ഉള്ളതുപോലെ തന്നെ ഉണ്ടാകും. അതിന്റെ എണ്ണം കൂട്ടാൻ തന്നെയാണ് സാധ്യതയും.

മറ്റൊരു പ്രശ്നം ജീവൻ തന്നെയാണ്. മാല ഇട്ടു കഴിഞ്ഞാൽ എല്ലാവരും അയ്യപ്പന്മാരാണ്. മലയാളികളും തമിഴനും ആന്ധ്രക്കാരനും എല്ലാവരുമുണ്ട്. ഒരു നിയന്ത്രണം ഒന്നു മാറ്റിയാൽ എല്ലാവരും ഓട്ടമാണ്, അത് ക്ഷേത്രത്തിലേക്ക് ആണെങ്കിലും ദർശനം കഴിഞ്ഞു ബസ് പിടിക്കാൻ ആണെങ്കിലും. ഈ രണ്ട് ഓട്ടവും അപകടം തന്നെയാണ്. ബസ് തേടിയുള്ള ഓട്ടം പലപ്പോഴും കണ്ടിട്ടുണ്ട്. പലരും തിരിച്ചു ജീവനോടെ വീട്ടിൽ എത്തുന്നതു തന്നെ മഹാ ഭാഗ്യമെന്നു തോന്നിയിട്ടുണ്ട്. മലയാളിയോടു പറയാം, അവർ മനസ്സിലാക്കും പക്ഷേ മറ്റു സംസ്ഥാനക്കാരോട് പറഞ്ഞാലൊന്നും അവർ അത് മനസ്സിലാക്കുകയോ അനുസരിക്കുകയോ ഇല്ല. വൻ അപകട സാധ്യതയാണ് ഇക്കാര്യത്തിലുള്ളത്.

നിയമം എങ്ങനെയാണോ അങ്ങനെ തന്നെ ഒപ്പം നിൽക്കും, പക്ഷേ സ്ത്രീകളെയും സ്വീകരിക്കാൻ ശബരിമല തയാറാകണമെങ്കിൽ ഒരു നിർദേശം വയ്ക്കാനുള്ളത്, നട എല്ലാ ദിവസവും തുറക്കുക എന്നതാണ്

പാലിയേറ്റിവ് കെയറിൽ ജോലി ചെയ്യുന്ന ജ്യോതി രാജീവ്

ഏറെ നാളത്തെ വിവാദങ്ങളാണ് ഇന്നൊരു വിധിയിലൂടെ തീർപ്പാകുന്നത്. ശബരിമലയെ മറ്റുള്ള അമ്പലങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത് അത് എല്ലാ ജാതിമത വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു എന്നതുകൊണ്ടു തന്നെയാണ്. ശബരിമല ഹിന്ദുവിന്റെ മാത്രം ഇടമല്ല, അയ്യപ്പനെന്നത് ഹിന്ദുവിന്റെ മാത്രം ദൈവവുമല്ല. ആർക്കും വിശ്വസിക്കാം ആർക്കും കടന്നുചെല്ലാം.

അങ്ങനെയുള്ള ഒരു സങ്കൽപം  മനുഷ്യരിൽ ഒരു വിഭാഗത്തിൽ പെട്ടവരെമാത്രം കുറേനാളത്തേക്ക് അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുമെന്നു ചിന്തിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്. പൂർണ്ണ ആരോഗ്യമില്ലാത്ത/ ആശ്രയം വേണ്ടുന്ന രണ്ടുഘട്ടങ്ങളിൽ  മാത്രമേ സാധാരണ ഗതിയിൽ സ്ത്രീകൾക്ക് ശബരിമലയിൽ പോകാനാവുമായിരുന്നുള്ളു . ബാല്യവും യൗവനം കഴിഞ്ഞുള്ള അവസ്ഥയും ഒരു പരിധി വരെയെങ്കിലും മറ്റൊരാളെ ആശ്രയിക്കേണ്ടത് അനിവാര്യമാകുന്നു. അതിനാൽത്തന്നെ ശബരിമലയെന്നത്  കടുത്ത അയ്യപ്പഭക്തരായ പല സ്ത്രീകൾക്കും എത്തിപ്പെടാനാവാത്ത ഒരിടമായി മാറിയിരുന്നു . 

jyothi-01 ജ്യോതി രാജീവ്

മതമെന്നതും മതത്തിന്റെ ആചാരമെന്നതും മനുഷ്യനിർമിതമാണ്. എല്ലാ മതങ്ങളോടും, അവയുടെ എല്ലാ ആചാരങ്ങളോടും ആ ഒരു സമീപനം തന്നെയാണ്. കാലം മാറുമ്പോൾ, സമൂഹത്തിന്റെ ചിന്താഗതികൾ മാറുമ്പോൾ അവയ്ക്കനുസരിച്ച് മതവും അതിന്റെ കാഴ്ചപ്പാടുകളും ആചാരങ്ങളും മാറണം. ശരികളിലേക്ക്, മനുഷ്യരിലേക്ക്, തുല്യതയിലേയ്ക്കാവണം അവയുടെ കണ്ണുകൾ തുറന്നുവെയ്ക്കേണ്ടത്. ദൈവം ഒരുവന്റെ മനസ്സിലും, പ്രവൃത്തിയിലും ചിന്തകളിലുമാണ് കുടികൊള്ളുന്നത്. ‘അഹം  ബ്രഹ്മാസ്മി’ എന്നല്ലേ അയ്യപ്പനും ചിന്തിപ്പിക്കുന്നത്.  എല്ലാ മതക്കാർക്കും കയറിച്ചെല്ലാവുന്ന ഇടം എല്ലാ മനുഷ്യർക്കും എന്നാവുന്നതിൽ സന്തോഷിക്കുന്നു. ഈ വിധിയെ സ്വാഗതം ചെയ്യുന്നു.

എഴുത്തുകാരനായ രാജേഷ് ചിത്തിര

കാനനവാസനും  നൈഷ്ഠിക ബ്രഹ്മചാരിയുമായ ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ ശാരീരികശുദ്ധിയുടെ കാരണം പറഞ്ഞ് പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ അനുവദിക്കാതിരുന്ന കേരള ആരാധനാലയ പ്രവേശനനിയമം 1965 ലെ റൂള്‍ 3 (b) യ്ക്കെതിരെ അഞ്ചു വനിതാഅഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വന്നിരിക്കുന്നു. വിശ്വാസപരവും സാമൂഹികവുമായ ദൂരവ്യാപക മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു വിധിയാണ് ഇതെന്ന് ആദ്യ വായനകള്‍ വ്യക്തമാക്കുന്നു. ലിംഗപരമായ വ്യത്യാസങ്ങള്‍ക്ക് വിശ്വാസവുമായി ബന്ധമില്ലായെന്ന് അസന്ദിഗ്ധമായി വെളിവാക്കുന്ന ഒരു വിധിന്യായമാണ് ഇത്. ഇതിലേക്ക് എത്തുന്നതിനിടെ പരമോന്നത നീതിപീഠം നടത്തിയ ചില നിരീക്ഷണങ്ങള്‍ ഓര്‍മിക്കുന്നത് പ്രസക്തമാണ് എന്ന് തോന്നുന്നു. പുരുഷന് എന്തൊക്കെ അനുവദനീയമായമാണോ അതൊക്കെ സ്ത്രീക്കും ബാധകമാണ്. പൊതുവിടം എന്ന് പറയുന്ന ഒരിടം ആര്‍ക്കും പ്രവേശിക്കാന്‍ അനുവദനീയമാണ്. ഒരു സ്ത്രീയുടെ അവകാശം നിയമപരമായി അപേക്ഷിച്ച് നേടിയെടുക്കേണ്ട ഒന്നല്ല. ആര്‍ത്തവം അശുദ്ധമല്ല. ഈ നിരീക്ഷണങ്ങള്‍ മറ്റു മതങ്ങളുടെ ആരാധനയും ആരാധനാലയങ്ങളെയും സംബന്ധിച്ച വ്യക്തിസ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്ന വിധികള്‍ക്ക് പ്രത്യാശ നല്‍കുന്ന ഒന്നാണ്. കടുത്ത ജാതിവിവേചനം നിലന്നിന്നിരുന്ന കാലത്ത് ക്ഷേത്രപ്രവേശനം ചില വിഭാഗങ്ങള്‍ക്ക് മാത്രം അനുവദനീയമായിരുന്നിടത്തുനിന്ന് സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അത് മുഴുവന്‍ വിശ്വാസി സമൂഹത്തിനു വേണ്ടിയും നേടിയെടുത്തതാണ്

അടുത്തിടെ, വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വിശ്വാസി കൂടിയായ വനിതാസുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. അനുകൂല വിധി വന്നാല്‍ ശബരിമലയിൽ പോകുമോ എന്ന ചോദ്യത്തില്‍ മറുപടി പറയുകയായിരുന്നു അവര്‍. തലമുറകളായി പിന്തുടര്‍ന്നു പോവുന്ന ചില വിശ്വാസ-ആചാരങ്ങളെ മറികടന്ന്‌ ഞാന്‍ പോവില്ല, അത് എന്റെ മാതാപിതാക്കളെ, പ്രപ്രിതാക്കളെ ഒക്കെ വിഷമിപ്പിക്കും എന്നായിരുന്നു അവരുടെ മറുപടി. വിശ്വാസം, ആചാരം തുടങ്ങിയ ലോജിക്കുകളുടെ അടിസ്ഥാനത്തില്‍, ഒരു വിശ്വാസി സമൂഹം ഒരുപക്ഷേ ചെറിയൊരു കാലത്തേക്ക് വിട്ടു നിന്നേക്കും എങ്കിലും പതിയെ വിശ്വാസികളായ എല്ലാ സ്ത്രീകളും ശബരിമല കയറും എന്നുതന്നെയാണ് തോന്നുന്നത്.

rajesh-01 രാജേഷ് ചിത്തിര

മകരവിളക്കിനെ സംബന്ധിച്ച മിത്തുകള്‍ ഇല്ലാതെയായിട്ടും അതു മനുഷ്യനിര്‍മിതമെന്നു തെളിയിക്കപ്പെട്ടിട്ടും ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം കുറഞ്ഞിട്ടില്ല എന്നതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശാരീരിക അശുദ്ധി, 41 ദിവസത്തെ വ്രതാനുഷ്ഠാനം ഇവയൊക്കെ വളരെ നേര്‍ത്ത് പോയ ഒരു കാലത്ത്, ഒന്നോ രണ്ടോ ദിവസം മുൻപ് തീരുമാനിച്ചാണ് പുരുഷഭക്തര്‍ മല ചവിട്ടുന്നത്. സ്ത്രീകളെ  അകറ്റി നിര്‍ത്താന്‍ വേണ്ടി പറയുന്ന ശാരീരികശുദ്ധി  ഒരു നല്ല കാരണമല്ല.

രണ്ടാമതായി പറയുന്ന സുരക്ഷ എന്ന കാരണം ശബരിമലയില്‍ മാത്രമല്ല സ്വന്തം വീടകത്ത് പോലും അപ്രാപ്യമായ ഒന്നാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം. മതിയായ സുരക്ഷ, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഇവയൊക്കെ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവാദിത്തങ്ങളാണ്. അവ സ്വാഭാവികമായി ഉണ്ടാവും. ശബരിമല ഉള്‍പ്പെടുന്ന കാനനപ്രദേശത്തിന് ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭക്തജനത്തെ സംബന്ധിച്ച കണക്കുകള്‍ക്കും അത് വഴി ഉണ്ടാവേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്കും ഈ വിധി സഹായകം ആവും എന്ന് തോന്നുന്നു. അത് ഭക്തരുടെ ലിംഗത്തെയോ പ്രായത്തെ അടിസ്ഥാനമാക്കിയാവില്ല. ഒരു പുരോഗമന ജനസമൂഹത്തിനു ചേര്‍ന്ന വിധിയാണ് സുപ്രീം കോടതിയുടെത് എന്നു പറയാന്‍ ആഗ്രഹിക്കുന്നു. അയ്യപ്പനെ മാത്രമല്ല മാളികപ്പുറത്തിനെയും അത് സന്തോഷിപ്പിക്കുന്നുണ്ടാവും; ദൈവത്തിനു സ്വന്തം സൃഷ്ടികളോടുള്ള സ്നേഹം തുല്യമാകുമല്ലോ.

എഴുത്തുകാരിയായ മഞ്ജു ഉണ്ണികൃഷ്ണൻ 

ഞാൻ ഒരു അയ്യപ്പഭക്തയല്ല. അതുകൊണ്ട് ഈ വിധി വ്യക്തി എന്ന നിലയിൽ എനിക്ക് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല .പോകുന്നവർക്ക് പോകാം. വിധി വന്നതോടെ ആചാരം എന്ന സങ്കൽപം ഇല്ലാതായല്ലോ. സതിയും ക്ഷേത്രപ്രവേശന വിളംബരവും അതതു കാലത്തെ ആചാരരീതികളെ തച്ചുടച്ചിട്ടുണ്ട് . ഇപ്പോൾ തന്നെ മലയ്ക്കു താങ്ങാൻ പറ്റാത്ത അത്ര ജനം വരുന്നുണ്ട് .അവിടെ ഉള്ള സൗകര്യങ്ങളെപ്പറ്റിയും ആശങ്കയുണ്ട്. ശബരിമല എന്നല്ല എല്ലാ ക്ഷേത്രങ്ങളും പള്ളികളും  ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയാണ് .ധ്യാനിക്കാനോ പ്രാർഥിക്കാനോ പറ്റിയ ഇടങ്ങൾ അല്ലാതാവുന്നു. അതിന്റെ കൂടെ പലവിധ കച്ചവടവും. ഭക്തി വിൽക്കാനുള്ളതല്ല എന്ന ബോധ്യമാണ് എന്നെ നയിക്കുന്നത്. മലിനമാകാതെ സൂക്ഷിക്കണം എന്ന് പ്രാർഥന. തത്വമസി എന്ന് അവിടെ എഴുതി വച്ചിട്ടുണ്ടല്ലോ. ജാതിയും മതവും ഒന്നും ഇല്ലാത്ത ഒരു മാനവികത എന്നെങ്കിലും വരുമായിരിക്കും. ഇത്തരം പ്രതീക്ഷകളാണ് മുന്നോട്ടു നയിക്കുന്നത് .

റെഡി ടു വെയിറ്റ് എന്നുള്ളവർക്ക് അങ്ങനെ തുടരാം. ഒന്നും ആചാരമല്ലാതാകുമ്പോൾ പിന്നെന്തു ബാക്കിയാവും എന്നതും ഒരു ആശങ്കയാണ്. ഇനി ആ ഏകീകൃത സിവിൽ കോഡ് കൂടി. നീതി, നിയമം, നിയമനം ഒക്കെ കൂടാതെ സമ്പാദ്യത്തിനും പരിധി വയ്ക്കുന്ന വിധികൾ വരട്ടെ. ശബരിമലയിൽ മാത്രമല്ല എല്ലാ പള്ളിയിലും ക്ഷേത്രത്തിലും എല്ലാ മനുഷ്യർക്കും കയറാം എന്നാക്കണം. എപ്പോഴും തുറന്നു വച്ച് ശബരിമലയെ സർക്കാർ പിരിവ് കേന്ദ്രം ആക്കുന്നതിനോട് യോജിപ്പില്ല താനും.

manju-01 മഞ്ജു ഉണ്ണികൃഷ്ണൻ

എഴുത്തുകാരിയായ പ്രിയ സയൂജ്

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമാകുമ്പോൾ വിശ്വാസികൾക്ക് അത് എത്രത്തോളം സ്വീകാര്യമാകും എന്നാണ് ഇനി കാണാനുള്ളത്. വിശ്വാസം മാറ്റി നിർത്തി ചിന്തിച്ചാൽ സ്ത്രീ പുരുഷ സമത്വമാണ് കോടതി ഇതുവഴി നേടിത്തന്നിരിക്കുന്നത് എന്നത് പ്രശംസനീയമാണ്. എന്നാൽ വിശ്വാസത്തിലേക്കു വരുമ്പോൾ ഈ സമത്വം വിധി പറഞ്ഞ ഏക വനിതാ ജഡ്ജ് പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

ഈ വിധിയുടെ മറ്റൊരു പ്രത്യേകത, ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ് എന്നതാണ്. എന്നാൽ പ്രായോഗിക ജീവിതത്തിൽ മറ്റു മതങ്ങൾ ഇത് അംഗീകരിക്കുമോ എന്നത് ഒരു ചോദ്യമാണ്. എന്തായിരുന്നാലും വരും കാലങ്ങളിൽ ശബരിമലയിൽ നിർണായകമായ മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിച്ചേ തീരൂ കാരണം ഇന്നത്തെ തലമുറ പഴയ ആചാരങ്ങളെ എത്രകണ്ട് പരിഗണിക്കും എന്നതിനെ മാത്രം ആശ്രയിച്ചാണ് ശബരിമലയുടെ ഭാവി. നിയമം നല്ലതു തന്നെയാണ്. സ്ത്രീയെ എവിടെയും അടിച്ചമർത്താൻ ആർക്കും അവകാശമില്ല അവൾ തുല്യ തന്നെയാണ്. എന്നാൽ വിശ്വാസങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. "സ്ത്രീ" തീരുമാനിക്കട്ടെ.

priya-01 പ്രിയ സയൂജ്

ശബരിമലയുടെ കാര്യത്തിൽ നിയമത്തെക്കാളും വിശ്വാസങ്ങൾക്കു തന്നെയാണ് മുൻ‌തൂക്കം ഉണ്ടാവേണ്ടത് എന്നാണു എന്റെ അഭിപ്രായം കാരണം ആ  വിശ്വാസങ്ങൾ തന്നെയാണ് ശബരിമലയുടെ പ്രത്യേകതയും. ഒരു  വിശ്വാസിയെന്ന നിലയിൽ  അയ്യപ്പനെ കാണാൻ  അമ്പതു വയസ്സ് വരെ കാത്തിരിക്കാൻ ഞാൻ തയാറാണ്. ആ  കാത്തിരിപ്പിന് ആത്മീയമായ ഒരു സുഖമുണ്ടു താനും.

എഴുത്തുകാരിയായ അനുപമ എം. ആചാരി

ശബരിമല സീസണ്‍ ആകുമ്പൊ മാത്രമാണ് ഫെമിനിസ്റ്റുകൾ ആർത്തവത്തെപ്പറ്റി ഓർക്കുന്നത് എന്നു തോന്നുന്നു. 365 ദിവസവും ഇതു തന്നെയല്ലേ അവസ്ഥ ? ശബരിമല മാത്രം അല്ലല്ലോ. ഒരു അമ്പലത്തിലും സാധ്യമാകാത്ത കാര്യമല്ലേ ഇത്?  ഏതെങ്കിലും ഒരു പെണ്ണ് പബ്ലിക്‌ ആയി പറയാൻ തയാറാകുമോ ആർത്തവ സമയത്ത് ഞാൻ ക്ഷേത്രത്തിൽ കയറിയിട്ടുണ്ട് എന്ന്? ഈ കാര്യത്തിൽ പുരുഷൻ അല്ല ഒരിക്കലും ശത്രു. പുറത്തായാൽ മാറ്റിക്കിടത്തുന്ന ഭർത്താക്കന്മാർ ഇന്നുണ്ടെന്നു തോന്നുന്നില്ല.

അടുക്കളയിൽ കയറണ്ടെന്നും അലമാരയിൽ തൊടണ്ട എന്നും പുലമ്പുന്നത് അമ്മയും അമ്മായിയമ്മയും ഒക്കെയല്ലേ? മണിച്ചിത്രത്താഴിൽ പപ്പു നടക്കുന്നത് പോലെ ഒരു മുറി  മറു മുറി തൊടാതെ ചാടി നടക്കുന്നതും ഈ സത്രീ  ജനങ്ങളുടെ കാർക്കശ്യം കൊണ്ടല്ലേ ? ഒരുമിച്ചു നിന്നാൽ ഒരുപക്ഷേ വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളുടെ പരിസമാപ്തി പോലെ ക്ഷേത്രങ്ങളുടെ വാതായനങ്ങൾ നമുക്കു നേരേ തുറക്കാം ..

anupama-55 അനുപമ എം ആചാരി

പക്ഷേ ഇതിനു ഒരു മറുപുറം തീർച്ചയായും ഉണ്ട്‌. മഹാഭാരതത്തിൽ രജസ്വല ആയ പാഞ്ചാലി ആണ് വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നത്. ശയ്യാഗൃഹത്തിൽ തളർന്നുറങ്ങുകയായിരുന്ന ദ്രൗപദി ആണ് ആക്രമിക്കപ്പെട്ടത്. ആർത്തവം എന്ന അവസ്ഥ രക്തം വമിക്കുന്നതിന്റെ മാത്രം അല്ലല്ലോ കഠിനമായ വേദനകളുടെയും ക്ഷീണത്തിന്റെയും കൂടിയാണ്. അപ്പോൾ എങ്ങനെയാണ് കഠിനമായ വ്രതവും മറ്റും അനുഷ്ഠിച്ച് പൊന്നമ്പലമേട് കേറുന്ന മലകയറ്റം കഠിനം തന്നെയാണ്.

ആർത്തവ കാലത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കണമോ വേണ്ടയോ എന്നത് മാറ്റർ ഓഫ് ചോയ്സ് തന്നെയാണ്. ദൈവത്തിനെ ഭയത്തിന്റെ പ്രതീകമായി കാണാത്തവർക്ക് ധൈര്യമായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മല്ലടിച്ചും പോരാടിയും നേടാൻ ഇത് ഫണ്ടമെന്റൽ റൈറ്റ് അല്ലല്ലോ.

എതിർക്കേണ്ടത് മതത്തെയും സംസ്കാരത്തെയും അല്ല. അതിൽ അടങ്ങിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയം എന്നു വിളിക്കാതിരിക്കണമെങ്കിൽ തയാറാവേണ്ടത്‌ എന്തിനെയും എതിർക്കുന്ന ജനതയെയല്ല വിവേകപൂർവം  മാറ്റങ്ങളെ സ്വീകരിക്കുന്ന ഒരു തലമുറയെ ആണ്. അതുകൊണ്ടുതന്നെ വിധിയെ സ്വാഗതം ചെയ്യുന്നു. പോകുന്നവർ പോകട്ടെ. പോകാതിരിക്കുക എന്ന തീരുമാനത്തിൽ ആവും ബഹുഭൂരിപക്ഷ സ്ത്രീകളും എന്നുതന്നെ കരുതുന്നു.

തിരക്കഥാകൃത്തായ കൃഷ്ണമൂർത്തി

എനിക്കു കോടതികളെക്കുറിച്ചാണ് സംസാരിക്കാനുള്ളത് ആദ്യം. ഇക്കഴിഞ്ഞ ദിവസമാണ് രാജ്‌കുമാർ വിഷയത്തിൽ വീരപ്പനെതിരെ കോടതി വിധി പ്രസ്താവിച്ചത്. അതുപോലെ  എൽജിബിറ്റി (LGBT) കോടതി വിധി, അങ്ങനെ എത്ര വിധികൾ, ഇനിയും വിധി നടപ്പിലാക്കാതെ കാത്തു കെട്ടിക്കിടക്കുന്ന എന്തുമാത്രം കേസുകൾ. മേയ് മാസം ഇന്ത്യയിൽ കോടതികൾ അവധിയാണ്, കാരണം പണ്ടത്തെ ബ്രിട്ടിഷ് ഭരണം ഇപ്പോഴും ഇവിടെ സ്വാധീനം ചെലുത്തുന്നു. കോടതികൾക്ക് സമൂലമായ പരിവർത്തനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഗൗണുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പഴയ ബ്രിട്ടിഷ് നിയമങ്ങളെ കളഞ്ഞ് ഇന്ത്യൻ കോടതിയുടെ തലത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്. ആ ഒരു നിലപാടിൽ നിന്നുകൊണ്ടാണ് ഈ വിഷയത്തെയും ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. ഒ‌രു ഡെമോക്രാറ്റിക് രാജ്യത്ത് മനുഷ്യന്റെ വികാരങ്ങൾക്കു പ്രാധാന്യം ഉണ്ടാകണമെന്ന് തോന്നുന്നു. 

ചില ക്ലീഷേ ഹിന്ദുത്വ പ്രസ്താവനയോട് എനിക്ക് താൽപര്യമില്ല, ഹിന്ദു സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റാമെങ്കിൽ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ പള്ളിയിലും കയറ്റണം പോലെയുള്ള സോകോൾഡ് പ്രസ്താവനകളിൽ എനിക്ക് താൽപര്യമില്ല. പക്ഷേ ഇത്തരം വിഷയങ്ങൾ ഒരു കോമൺ താൽപര്യങ്ങൾ കൂടി സംരക്ഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എങ്കിൽ പോലും എല്ലാ മതങ്ങൾക്കും ഒരേ നിലപാടുകളാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് വിശ്വസിക്കുന്നു. ആ മതത്തിൽ അത്തരം ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ചർച്ചയ്ക്ക് എടുക്കുക തന്നെ വേണം. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെ തന്നെയാണ്. അത് കോടതി തന്നെ ഇടപെട്ട് ചെയ്യുകയും വേണം. ഇപ്പോൾ ഒന്നാലോചിക്കൂ, കോടതിയിലെ ആ പഴയ ബ്രിട്ടിഷ് ഭരണകാലത്തെ വിശ്വാസങ്ങൾ അങ്ങനെ തന്നെ നിലനിർത്തുന്ന കോടതിക്ക് എങ്ങനെ ഒരു പഴയ ആചാരത്തെ ഉടച്ചു വാർക്കാനാകും? അങ്ങനെ മാറ്റിയെഴുതുമ്പോൾ അത് എല്ലായിടത്തും മാറ്റങ്ങൾ കൊണ്ടു വരേണ്ടതും ആകണ്ടേ!

ദൈവമുണ്ടോ ഇല്ലയോ എന്നതിന്റെ ഉത്തരം ഇവിടെ കോടതി പറയേണ്ടത് അത്യാവശ്യമാണെന്നു തോന്നി. ഓരോ വിശ്വാസത്തിനും ഓരോ നിയമമുണ്ടോ, അതനുസരിച്ചാണോ ആചാരങ്ങൾ പിന്തുടരുന്നത്, ഇതെല്ലാം കോടതി നോക്കേണ്ടതല്ലേ? അങ്ങനെ നോക്കുമ്പോൾ, കുറച്ചു പേരെ ഈ നിയമം സംതൃപ്തിപ്പെടുത്തുമ്പോൾ മറ്റു പലരുടെയും വൈകാരികതയെ ഇത് ഹനിക്കുന്നുമുണ്ട്. ഓരോ സ്ഥലത്തിനും അതിന്റെതായ പ്രത്യേകതയുണ്ട്, പക്ഷേ അവിടെ ചെല്ലുമ്പോൾ ആണുങ്ങളുടെ നിയന്ത്രണം പോകും എന്നതോ സ്ത്രീകളുടെ സുരക്ഷാ പ്രശ്നമാകുമെന്നതോ ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ വളരെ ദുർഘടം പിടിച്ച ഹിമാലയത്തിൽ വരെ സ്ത്രീകൾ ഒറ്റയ്ക്കു പോകുന്നുണ്ട്. ഇവിടെ ചിലരുടെ വിശ്വാസങ്ങളും അതിന്റെ പിന്നിലെ വൈകാരികതയുമാണ് പ്രശ്നം.

krishna-moorthi-55 കൃഷ്ണമൂർത്തി

കഴിഞ്ഞ ദിവസം വന്ന വിവാഹേതര ബന്ധത്തിലെ നിയമം പോലെ ഇത്തരം സ്വതന്ത്ര അഭിപ്രായങ്ങൾ ഇനിയും ഉണ്ടാകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. പക്ഷേ ചില വിശ്വാസങ്ങളെപ്പറ്റി മറ്റൊരു തലത്തിൽ നിന്നുകൊണ്ടാണ് സംസാരിക്കേണ്ടത് എന്ന അഭിപ്രായവുമുണ്ട്.