Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാടിയത് ആളുകളുടെ അയ്യേ! മനോഭാവത്തോട്: ലിജിഷ പറയുന്നു

lijisha-04 ലിജിഷ.

‘അയ്യേ ഇതല്ലാതെ വേറെ ബിസിനസ്‌ ഒന്നും കിട്ടിയില്ലേ?’ എന്ന ചോദ്യം കൊണ്ടു തളര്‍ത്താന്‍ ശ്രമിച്ചവര്‍പോലും ഇപ്പോള്‍ കട്ട സപ്പോര്‍ട്ട് ആയി കൂടെയുണ്ടെന്ന സന്തോഷം പങ്കുവെച്ചാണ് ലിജിഷ കൃഷ്ണറാം എന്ന ബിസിനസ് വുമൺ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു തുടങ്ങിയത്.

എല്ലാ സ്ത്രീകള്‍ക്കും ഏറ്റവും അത്യാവശ്യമുള്ളതും എന്നാല്‍ പലരും തുറന്നു ചോദിക്കാൻ മടിക്കുന്നതുമായ ഒരു കൂട്ടം ഉൽപന്നങ്ങളുമായാണ് ലിജിഷ എന്ന കണ്ണൂർ സ്വദേശി മുൻപരിചയമൊന്നുമില്ലാത്ത ബിസിനസ് മേഖലയിലേക്കു ചുവടുവച്ചത്. പാശ്ചാത്യരാജ്യങ്ങൾക്ക് ഏറെ പരിചിതമാണ് ലിജിഷ വിപണിയിലെത്തിച്ചിരിക്കുന്ന ഉൽപന്നങ്ങളിൽ പലതും. ഓൺലൈൻ പരസ്യങ്ങളിലും മറ്റും ഇത്തരം ഉൽപന്നങ്ങൾ പലരും കണ്ടിട്ടുണ്ടെങ്കിലും വാങ്ങി പരീക്ഷിക്കാനുള്ള ധൈര്യമില്ലായ്മയാണ് മലയാളികളെ അവയിൽനിന്ന് അകറ്റിയത്. അടിസ്ഥാനപരമായ ആവശ്യങ്ങളെക്കുറിച്ചുപോലും തുറന്നു പറയാൻ മടിയുള്ള സ്ത്രീകൾക്കുവേണ്ടി സ്ത്രീ സൗഹൃദ ഉൽപന്നങ്ങൾ വിപണിയിലിറക്കിയതിനെക്കുറിച്ചും മലയാളി സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെക്കുറിച്ചും ലിജിഷ പറയുന്നു.

ആ ലജ്ജയെ ഒരുപിടി ചാരമാക്കി

ആർത്തവത്തെക്കുറിച്ചും ആ സമയത്തുവേണ്ട ആവശ്യകാര്യത്തെക്കുറിച്ചും തുറന്നു പറയാൻ മടിക്കുന്ന സ്ത്രീകൾ ഇന്നുമുണ്ട്. വീട്ടമ്മമാർക്കും ജോലിചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കുമെല്ലാം ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതാണ് ഉപയോഗശേഷമുള്ള സാനിറ്ററി നാപ്കിന്റെ നിർമാർജനം. മറ്റൊരു മാർഗവുമില്ലാതെ അവ ക്ലോസറ്റിൽ നിക്ഷേപിക്കുന്നവരുണ്ടാവും. അത് ശുചിമുറിപൈപ്പിലും മറ്റും ബ്ലോക്കുണ്ടാക്കാം. പിന്നെ ഏറെ പണം ചെലവഴിച്ചാലേ ബ്ലോക്കൊക്കെ നീക്കി വീണ്ടും ശുചിമുറി ഉപയോഗയോഗ്യമാവൂ. ചിലർ സാനിറ്ററി വേസ്റ്റ്  കത്തിച്ചുകളയാൻ ശ്രമിച്ചു പരാജയപ്പെടും. പാതി കത്തിയ മാലിന്യം പരിസ്ഥിതിക്കും മനുഷ്യനും ദോഷം ചെയ്യും. ഇത്തരം പ്രതിസന്ധികൾക്ക് ശാശ്വതപരിഹാരം എന്ന നിലയിലാണ് ലിജിഷ സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ വിപണിയിലെത്തിച്ചത്.

vomera-01

നിലവിൽ നാപ്കിൻ ഡിസ്ട്രോയറുകളുടെ വലിയ പതിപ്പുകൾ വിപണിയിലുണ്ടെങ്കിലും ചെറുകിട ഉപയോഗത്തിനുള്ളവ സാധാരണമല്ല. ഉപയോഗിച്ച നാപ്കിനെ ഒരുപിടി ചാരമാക്കുന്ന ലിജിഷയുടെ ഉൽപന്നം വീടുകളെയും ഓഫിസുകളെയുമാണ് ലക്ഷ്യമിടുന്നത്. 20 മുതല്‍ 4000 വരെ നാപ്കിനുകള്‍ കത്തിക്കുന്ന വിവിധതരം ഡിസ്‌ട്രോയറുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതിരുകളില്ലാത്ത ആകാശം സ്ത്രീകള്‍ക്കു സമ്മാനിക്കുക എന്ന ലക്ഷ്യവുമായി ലിജിഷ മുന്നിട്ടിറങ്ങിയപ്പോള്‍ പിന്തുണയുമായി ഭർത്താവുമെത്തി. അങ്ങനെയാണ് ഒട്ടേറെ സ്ത്രീസൗഹൃദ ഉൽ‌പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ലാര്‍ക്ക് ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ പിറവി.

ആർത്തവം അശുദ്ധിയല്ല, പൂക്കാലം

ആര്‍ത്തവത്തെ അശുദ്ധി ആയി കാണാനല്ല സ്ത്രീജീവിതത്തിലെ പൂക്കാലമായി കാണാനാണ് ലിജിഷക്കിഷ്ടം. അതുകൊണ്ടാണ് ബിസിനസ് തുടങ്ങിയപ്പോള്‍ അതു സ്ത്രീകൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തുടങ്ങണമെന്ന് ഉറപ്പിച്ചത്. ഫീല്‍ ദ് ഫ്ലവറിങ് ടൈം എന്ന ടാഗ്‌ലൈനോടെയാണ്  വോമെറ എന്ന ബ്രാൻഡ് ലാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിപണിക്കു പരിചയപ്പെടുത്തിയത്. അശുദ്ധി കൽപിച്ച് മാറ്റിനിർത്താതെ സ്ത്രീ ശരീരത്തിന്റെ പൂക്കാലത്തെ ആഘോഷമാക്കണം എന്ന ആശയത്തിൽനിന്നു പിറന്ന ലിജിഷയുടെ  ബിസിനസിനെ ആദ്യമൊക്കെ ‘അയ്യേ’  മനോഭാവത്തോടെയാണ് അടുത്ത ബന്ധുക്കൾ പോലും കണ്ടത്.

vending-machine-55

പിന്നീട് ഇതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയപ്പോള്‍ ഏറ്റവും അധികം പിന്തുണ നൽകിയതും അവർ തന്നെ. വോമെറ എന്ന ബ്രാന്‍ഡിന്‍റെ നാപ്കിന്‍ ഡിസ്ട്രോയറാണ് ലിജിഷയുടെ ആദ്യത്തെ സ്ത്രീസൗഹൃദ ഉൽപന്നം. പിന്നീട് നാപ്കിൻ വെൻഡിങ് മെഷീന്‍ വിപണിയില്‍ എത്തിച്ചു. നിരവധി ഓപ്ഷനുകളുള്ള നാപ്കിൻ വെൻഡിങ് മെഷീൻസ് ആണ് ഓഫിസുകൾക്കായി വോമെറ രൂപകൽപന ചെയ്തിരിക്കുന്നത്. 25 മുതൽ 50 വരെ നാപ്കിനുകൾ സംഭരിക്കാവുന്ന മെഷീനിൽനിന്ന് കോയിന്‍, ഓഫിസിലെ തിരിച്ചറിയൽകാര്‍ഡ്, ചിപ്പ്, സെന്‍സറുകള്‍ എന്നിവയുപയോഗിച്ച് നാപ്കിനുകൾ ശേഖരിക്കാം. 

menstraul-cup-01

മെൻസ്ട്രൽ കപ്പുകളുടെ വിപ്ലവകാലം

സാനിറ്ററി നാപ്കിനുകളോടു വിട പറഞ്ഞ് മെൻസ്ട്രൽ കപ്പിന്റെ സുരക്ഷിതത്വത്തിലേക്കു ചേക്കേറാൻ കൊതിക്കുന്നവർക്കായി മെൻസ്ട്രൽ കപ്പ് മാത്രമല്ല ലിജിഷയും കൂട്ടരും നൽകുന്നത്, അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽകരണം കൂടിയാണ്. സാധാരണയായി ഓണ്‍ലൈനില്‍ മാത്രമാണ് മെന്‍സ്ട്രല്‍ കപ്പ് ലഭിക്കുക. അതാകട്ടെ സാധാരണക്കാർക്കു താങ്ങാനാകാത്ത വിലയിലും. എന്നാല്‍ കുറ‍ഞ്ഞ വിലയിൽ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മെഡിക്കല്‍ ഷോപ്പുകളിലൂടെയും മെൻസ്ട്രൽ കപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട് ലിജിഷ. 

pee-buddy-01

സ്ത്രീകൾ നിന്നു മൂത്രമൊഴിക്കാനോ?

യാത്രകളിലും മറ്റും പൊതു ശൗചാലയങ്ങളെ ആശ്രയിക്കേണ്ടി വന്നപ്പോഴൊക്കെ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ പറ്റിയെങ്കിലെന്ന് പല സ്ത്രീകളും ആഗ്രഹിച്ചിട്ടുണ്ടാകും. അങ്ങനെയുള്ളവർക്കായാണ് പീ ബഡ്ഡി യൂറിനേഷൻ ഡിവൈസ്. ഗർഭിണികൾ, ആര്‍ത്രൈറ്റിസ് രോഗമുള്ളവർ എന്നിങ്ങനെ ഇരുന്നു മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണിത്. ഫ്രീഡം ടു സ്റ്റാന്‍ഡ് ആന്‍ഡ് പീ എന്ന സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പ്രോഡക്ട് ഇന്ത്യയില്‍ ആദ്യത്തേതാണ്. പലരുമുപയോഗിച്ച യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കാനുള്ള മടികൊണ്ട് മൂത്രശങ്കയെ പിടിച്ചു നിർത്തി പലവിധ ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചു വരുത്തുന്നവർക്കുവേണ്ടി ടോയ്‌ലെറ്റ് സീറ്റ്കവറുകളും വിപണിയിലിറക്കിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കാനുള്ള ലോഷനുകൾ, വൈപ്സ് തുടങ്ങി അനവധി ഉൽപന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്.

wipes-01

വേദനയകറ്റാം, ഗുളികയില്ലാതെ

ആർത്തവ വേദനയെക്കുറിച്ചോർക്കുമ്പോൾത്തന്നെ തലചുറ്റുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. വേദന ശമിപ്പിക്കാൻ വാരിക്കഴിക്കുന്ന വേദനസംഹാരികൾ പാർശ്വഫലങ്ങളുമായെത്തുമ്പോഴായിരിക്കും യഥാർഥ വില്ലനെ തിരിച്ചറിയുന്നത്. വയറിൽ ഒട്ടിച്ചു വയ്ക്കാവുന്ന പെയിൻ റിലീഫ് പാച്ചിലൂടെ ആർത്തവ വേദനയോടു ബൈ ബൈ പറയാമെന്നാണ് ലിജിഷ പറയുന്നത്. നൂറുശതമാനം ഹെർബൽ ആയതുകൊണ്ട് പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്നും ലിജിഷ പറയുന്നു.

lijisha-002

പഠിച്ചത് മാനേജ്മെന്‍റ്, തുടങ്ങിയത് ബിസിനസ്

പോളിടെക്നിക്, ബിസിനസ് മാനേജ്മെന്റ് പഠനത്തിനു ശേഷം 10 വര്‍ഷം പല സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ്‌ തുടങ്ങിയത്. സ്വന്തമായി ഒരു ബിസിനസ് എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയപ്പോൾ ലാഭം മാത്രമായിരുന്നില്ല മനസ്സിൽ. സമൂഹത്തിന്, പ്രത്യേകിച്ചു സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിച്ചത്.സ്ത്രീകളുടെ ഫാഷൻ സങ്കൽപങ്ങളെയും സൗന്ദര്യ സങ്കൽപങ്ങളെയും തൃപ്തിപ്പെടുത്താൻ ധാരാളം ടെക്സ്റ്റൈൽസ് ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമുണ്ട്. എന്നാൽ സ്ത്രീകളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ മനസ്സിലാക്കാനും അതിനുവേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാനുമുള്ള കാര്യങ്ങൾ എങ്ങുമുണ്ടെന്നു തോന്നിയില്ല. ആ ചിന്തയിൽ നിന്നാണ് ലാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പിറവി. രണ്ടുവർഷമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലാര്‍ക്ക് ഗ്രൂപ് കൊല്ലത്തും കണ്ണൂരും പുതിയ ഓഫിസുകളും ആരംഭിച്ചു കഴിഞ്ഞു. സിറോണ, പീബഡ്ഡി, ബോഡി ഗാര്‍ഡ്, ഇന്‍വി തുടങ്ങിയ ബ്രാന്‍ഡുകളുടെ വിപണനവും ലാർക്ക് ഗ്രൂപ് ഓഫ് കമ്പനീസ് നടത്തുന്നുണ്ട്.

അവരും മനുഷ്യരല്ലേ?

സ്ത്രീ സൗഹൃദ ഉൽപന്നങ്ങളുടെ വിപണനത്തിലേക്കു തന്റെ ശ്രദ്ധ ക്ഷണിച്ച ഒരു വാർത്തയെക്കുറിച്ചു സൂചിപ്പിക്കാനും ലിജിഷ മറന്നില്ല. വർഷങ്ങൾക്കു മുൻപ് കാക്കനാടുള്ള ഒരു സ്ഥാപനത്തിൽ, ഉപയോഗിച്ച സാനിറ്ററി നാപ്കിൻ വേസ്റ്റ്ബിന്നിലിട്ടത് ആരാണെന്നു കണ്ടെത്താനായി സ്ത്രീകളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയ സംഭവം ഇന്നലെയെന്ന പോലെ ഓർക്കുന്നുവെന്നും ഏറെ വിവാദം സൃഷ്ടിച്ച അത്തരം നാണംകെട്ട സംഭവങ്ങൾ ഇനി ഒരു ഓഫിസിലും ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നും അന്നു ചിന്തിച്ചിരുന്നെന്നും ലിജിഷ പറയുന്നു. ജോലിക്കാരായ സ്ത്രീകളുടെയും ക്ലീനിങ് സ്റ്റാഫായി ജോലി ചെയ്യുന്ന സ്ത്രീകളുടെയും ബുദ്ധിമുട്ടുകൾ ഒരുപോലെ ഒഴിവാക്കാൻ ഇത്തരം ഡിസ്ട്രോയറുകൾ സഹായിക്കും. മെന്നും താൻ ചിന്തിക്കാനുള്ള കാരണത്തെക്കുറിച്ച് ലിജിഷ വിശദീകരിക്കുന്നതിങ്ങനെ:- 

lijisha-01

‘ഓഫിസുകളിലും ഫ്ലാറ്റുകളിലുമൊക്കെ നമ്മുടെ സൗകര്യം നോക്കി ഉപേക്ഷിക്കുന്ന പലതരം മാലിന്യങ്ങൾ ശേഖരിക്കുന്നതും നിർമാർജനം ചെയ്യുന്നതും മുനിസിപ്പാലിറ്റി, അല്ലെങ്കിൽ കുടുംബശ്രീയൊക്കെ നിയോഗിക്കുന്ന സ്ത്രീകളാണ്. അവരും മനുഷ്യരാണ്. വേണ്ടത്ര സുരക്ഷയില്ലാതെ ഇത്തരം മാലിന്യങ്ങള്‍ നിർമാര്‍ജനം ചെയ്യുമ്പോള്‍ പലതരം രോഗങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തം പുരണ്ട തുണികള്‍ പോലെയുള്ള ബയോ മെഡിക്കല്‍ വേസ്റ്റുകൾ  ഇൻസിറിനേറ്റ് ചെയ്ത ശേഷം ആണ് നശിപ്പിക്കുന്നത്. ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും ഡിസ്ട്രോയര്‍ സ്ഥാപിക്കുമ്പോള്‍ അത് അവിടെയുള്ള സ്ത്രീകള്‍ക്കും ക്ലീനിങ് സ്റ്റാഫിനും ഒരു പോലെ പ്രയോജനപ്പെടുമെന്ന വിശ്വാസമുണ്ട്. ഇപ്പോള്‍ രണ്ടു വര്‍ഷമായി ഈ ബിസിനസ് ചെയ്യുന്നുണ്ട്. ഉൽപന്നങ്ങളുടെ പേരുകൾ കേട്ടപ്പോൾ ആദ്യമൊക്കെ മടിച്ചു നിന്നവർ പോലും നല്ല പ്രോത്സാഹനവുമായി ഇപ്പോൾ ഒപ്പമുണ്ട്.’ - ലിജിഷ പറയുന്നു.

ആദ്യ മൂന്നുമാസം ബോധവൽക്കരണം മാത്രം

സമൂഹത്തിന് അത്ര പരിചിതമല്ലാത്ത ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ വെല്ലുവിളിയായി തോന്നിയത് ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു. ആദ്യമാസങ്ങളില്‍ വിൽപനയേക്കാൾ പ്രാധാന്യം ബോധവൽകരണത്തിനായിരുന്നു. എക്സിബിഷനും ക്യാംപെയിനുകളും വഴി ആളുകൾക്കിടയിൽ ഇവ പരിചയപ്പെടുത്തി. ഉപയോക്താക്കളുടെ ഫീഡ്ബാക്കുകൾ നന്നായി തുണച്ചിട്ടുണ്ട്.

awareness-02

പുതിയ ഉൽപന്നങ്ങള്‍

ഫുഡ്‌ വേസ്റ്റ് കംപോസ്റ്റ് മേക്കർ ആണ് പുതിയ ഉൽപന്നങ്ങളിൽ പ്രധാനം. മൂന്നു പാളികളുള്ള ഒരു  ബിന്‍ ആണിത്. സര്‍ക്കാരിന്റെ പിന്തുണയോടെ പുറത്തിറക്കാനാണ് പദ്ധതി. മാലിന്യങ്ങള്‍ ഒരു മാസം കൊണ്ടു വളമാകുന്ന രീതിയിലാണ് നിര്‍മാണം. ഗ്രീന്‍ കോണ്‍സെപ്റ്റിലേക്കു മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേറെയും ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നുണ്ട്. വിത്തു നിറച്ച പേപ്പര്‍ പേന, പാള കൊണ്ടും ചിരട്ട കൊണ്ടുമുള്ള ഉൽപന്നങ്ങൾ എന്നിവയിലൂടെ ഗ്രീൻപ്രോട്ടോകോളിനുള്ളിൽനിന്ന് മുന്നോട്ടു പോകും..

award-01

സ്ത്രീ സൗഹൃദ ബിസിനസ്‌ ചെയ്യുന്നവരോട്

‘പെട്ടെന്നു റവന്യു കിട്ടുന്ന ബിസിനസ്‌ എന്ന ലക്ഷ്യത്തോടെ ഈ മേഖലയിലേക്കു കടന്നു വരരുത്. ബിസിനസ്‌ തുടങ്ങി ആദ്യ മാസങ്ങളില്‍ ബോധവത്ക്കരണം മാത്രമാണ് ഞങ്ങള്‍ ചെയ്തത്. വ്യത്യസ്തമായി ബിസിനസ് തുടങ്ങാനുള്ള മനസ്സും സാമൂഹിക പ്രതിബദ്ധതയുമുണ്ടെങ്കിൽ ധൈര്യമായി സ്ത്രീകൾക്കും ബിസിനസ് മേഖലയിലേക്കിറങ്ങാം. കാരണം സ്ത്രീകളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും കണ്ടറിയാൻ സ്ത്രീകളേക്കാൾ നന്നായി ആർക്കാണ് കഴിയുക.’