Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ കല്യാണം നടക്കുമോ'?; ആശുപത്രി കിടക്കയിൽ ഹനാന്റെ ചോദ്യത്തിൽ ഡോക്ടർ വീണു

hanan-01

അപകടം പറ്റി ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോൾ അനങ്ങരുത്, എഴുന്നേൽക്കരുത് എന്നാണ് ഡോക്ടറുടെയും നഴ്സുമാരുടെയും ഉത്തരവ്.

എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ഡോ. ഹാരൂണിന്റെ ചികിത്സയിലായിരുന്നു ഹനാൻ. ഓരോ ദിവസം കഴിയുമ്പോഴും ആശങ്കയായി, ഇനി എഴുന്നേൽക്കാൻ പറ്റുമോ? ന‌ട്ടെല്ലിനാണ് പരുക്ക്. നടക്കാൻ പറ്റാതെ വരുമോ.. ഭയമുണ്ട്. ചോദിക്കുമ്പോഴെല്ലാം ഡോക്ടറും കൂടെയുള്ളവരും എന്തെങ്കിലും പറഞ്ഞ് ഒഴിയും. 

ഒരു ദിവസം നഴ്സ് പറഞ്ഞു സ്റ്റിച്ചെടുത്തു കഴിഞ്ഞ് നടക്കാമെന്ന്..

അങ്ങനെ സ്റ്റിച്ചെടുത്തു, ഡോക്ടർ വന്നു...

'എന്നാ ഡോക്ടർ ഞാൻ എഴുന്നേറ്റോട്ടേ.. സിസ്റ്റർ പറഞ്ഞല്ലോ'. എന്ന് പറയുമ്പോൾ ഡോക്ടർ സിസ്റ്ററെ നോക്കുന്നു. സിസ്റ്റർ പിന്നിലേക്ക് മാറുന്നു..

ഒടുവിൽ ഒറ്റ ചോദ്യമാ.. 'ഡോക്ടറേ ഒരു കാര്യം ചോദിച്ചോട്ടേ?'

'എന്താ ഹനാൻ, ചോദിക്ക്' എന്ന് ഡോക്ടർ

'ഡോക്ടർ... എന്റെ കല്യാണം നടക്കുമോ..?'

ആ ചോദ്യത്തിൽ അതിൽ ഡോക്ടർ വീണു...

നടക്കാം.. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ.. കുറച്ചു നാൾ കൂടി റെസ്റ്റ് വേണ്ടി വരും. അപ്പോഴാണ് ആശ്വാസമായത്.. കല്യാണം കഴിക്കാനല്ല, ഞാനെഴുന്നേറ്റ് നടക്കുമെന്ന് ഡോക്ടർ പറഞ്ഞല്ലോ – മുഖത്ത് പതിവു ചിരിയോടെ ഹനാൻ ആശുപത്രി ദിവസങ്ങൾ ഓർക്കുന്നു.

കുറെ കഷ്ടപ്പെട്ടു. ഇപ്പോഴും കഷ്ടപ്പെടുന്നു. കുറേപേർ സഹായിച്ചതുകൊണ്ട് ഇവിടെവരെയെത്തി. സർക്കാർ ആശുപത്രി ചെലവുകൾ വഹിച്ചതുകൊണ്ട് അക്കാര്യത്തിൽ വിഷമമുണ്ടായില്ല.

ആത്മവിശ്വാസമെന്നാൽ ഹനാൻ

സർക്കാർ ഏറ്റെടുത്തതോടെ വേണമെങ്കിൽ ഇനി കാര്യങ്ങൾ സർക്കാർ നോക്കട്ടെ എന്നു പറഞ്ഞ് ചുമ്മാതിരിക്കാം. അല്ലെങ്കിൽ സർക്കാർ സഹായിക്കുന്നില്ലേ എന്നു കരഞ്ഞ് മാധ്യമങ്ങൾക്കു മുന്നിൽ വരാം. പക്ഷേ അതൊന്നുമല്ല ഹനാൻ. എഴുന്നേറ്റു നടക്കാൻ സമയമെടുക്കും എന്നു പറഞ്ഞതുകൊണ്ട് ഒരു വീൽചെയർ വാങ്ങി. അതിലാണ് വീടിനകത്ത് എല്ലായിടത്തും ഓടിയെത്തുന്നത്. ഇപ്പോൾ വീൽ ചെയറിൽ നിന്ന് സാവധാനം എഴുന്നേറ്റു തുടങ്ങി. സ്വന്തം കാര്യങ്ങൾ ചെയ്യാൻ മാത്രം. വരും ദിവസങ്ങളിൽ കുറച്ചുകൂടി നടക്കാനാകുമെന്നാണ് ഡോക്ടർ പറഞ്ഞത്.

hanan-02

അവൾ ഇനി തിരിച്ചു വരില്ലാന്നേ..

ഞാൻ മീൻ വിൽക്കാൻ തിരിച്ചു വരും എന്നു പറഞ്ഞാണ് അന്നു ഹനാൻ തമ്മനത്തു നിന്നു പോയത്. തമ്മനത്ത് മീൻ കച്ചവടം തുടങ്ങണം എന്നുതന്നെയാണ് ആഗ്രഹിച്ചതും. അതിനായി ഒരു കടമുറി വാടകയ്ക്കെടുത്തു. അതിന്റെ പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം. അവൾ ഇനി തിരിച്ചു വരില്ല, കടമുറി തരാമോ എന്നു ചോദിച്ച് പലരും വന്നതായി കടയുടമ പിന്നീട് പറഞ്ഞു. അങ്ങനെ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതിന് ഹനാനെ കിട്ടില്ല. 

ആശുപത്രിയിൽ നിന്നു വന്ന ശേഷം കടയുടെ കാര്യങ്ങളുമായി ഹനാൻ സജീവമായി. വീൽചെയറിൽ നിന്ന് പൂർണമായും എഴുന്നേറ്റതിനു ശേഷമല്ല അതെന്ന് ഓർക്കണം. ഒരു ഓട്ടോറിക്ഷക്കാരൻ ചേട്ടൻ സഹായിക്കും. ഓട്ടോയിൽ എല്ലായിടത്തേക്കും കൊണ്ടുപോകും. വാടകയ്ക്കെടുത്ത മുറിയുടെ പണി പൂർത്തിയാകും മുമ്പേ പണി വന്നതെവിടുന്നാണെന്നറിയില്ല. കട തുറക്കാൻ പറ്റില്ല. തനിക്ക് വാടകയ്ക്ക് തന്നയാളൊടൊപ്പം വേറെ നാലു പേർക്കു കൂടി മുറിയിൽ അവകാശമുണ്ടത്രെ. കുറെ പൈസ ആ വഴി പോയി. അതു തിരിച്ചു തന്നാൽ ഒഴിഞ്ഞു കൊടുക്കാമെന്നു പറഞ്ഞു. കടമുറി തനിക്ക് വാടകയ്ക്കു തന്നയാളുടെ അവസ്ഥ അറിയാമായിരുന്നതിനാൽ ഒഴിഞ്ഞു കൊടുക്കാൻ തീരുമാനിച്ചു. എന്നിട്ടിനി എന്തു ചെയ്യണം എന്ന കാര്യത്തിൽ ഹനാന് ഒരു സംശയവുമില്ല. 

മീൻ കച്ചവടം തന്നെ, ഓൺലൈനായി

തമ്മനത്ത് ചെന്നിരുന്നാൽ മാത്രമേ കച്ചവടം നടക്കൂ എന്നില്ലല്ലോ. ഒന്നോ രണ്ടോ സഹായികളെ കണ്ടെത്തിയാൽ മീൻ കച്ചവടം ഓൺലൈനിൽ പൊടിപൊടിക്കുമെന്ന് ഹനാൻ. ഒരു വെബ്സൈറ്റ് ഉണ്ടാക്കണം. അതിന് ചിലർ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. കുറച്ച് വാട്സാപ് ഗ്രൂപ്പുകൾ കൂടി ഉണ്ടാക്കിയാൽ അതുവഴിയും നല്ല കസ്റ്റമേഴ്സിനെ കിട്ടും. നല്ല മീൻ കൊടുത്താൽ കൊച്ചിയിൽ എവിടെ നിന്നും കസ്റ്റമേഴ്സിന്റെ വിളിവരുമെന്ന് ഉറപ്പാണ്. നേരത്തേയും മീൻ വെട്ടിക്കഴുകി കൊടുക്കുന്നതാണ് പതിവ്. അതിനു വേണ്ട സംവിധാനമുണ്ടാക്കണം.

പഠിക്കാനും അമ്മയെയും അനുജനെയും സംരക്ഷിക്കുന്നതിനുമായി മീൻ വിൽക്കാനിറങ്ങിയ പെൺകുട്ടിയുടെ വാർത്ത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉണ്ടാക്കിയ കോലാഹലങ്ങൾ ചില്ലറയല്ല. മനസു പതറിയെന്നു തോന്നിയിടത്തു നിന്ന് കൂടുതൽ കരുത്തയായി അവൾ ഉയർത്തെഴുന്നേറ്റു. എതിർത്തു പറഞ്ഞവരും ഒടുവിൽ അവളെ സമ്മതിച്ചു കൊടുത്തു. മിടുക്കി പെൺകുട്ടിയെന്നു വിളിച്ചു. ഇവർ കേരളത്തിന്റെ പെൺകുട്ടിയാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. മീൻ കച്ചവടം തുടങ്ങാൻ കിയോസ്ക് നൽകാമെന്ന് സർക്കാരിന്റെ വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അതിനൊന്നും കാത്തുനിൽക്കാതെയായിരുന്നു കടമുറി വാടകയ്ക്കെടുത്തത്. 

ഒരു ലോൺ കിട്ടിയിരുന്നെങ്കിൽ

ഓൺലൈനിലൂടെ അവസ്ഥകളറിഞ്ഞ ഒരു എൻആർഐ താമസിക്കാൻ ഫ്ലാറ്റ് തന്നിട്ടുണ്ട്. ആദ്യമാസം വാടക കൊടുക്കേണ്ട എന്നു പറഞ്ഞിരുന്നു. എന്നാലും അടുത്ത മാസം മുതൽ അതു കൊടുക്കണം. ഇപ്പോൾ ഉമ്മ കൂടെ ഇല്ലാത്തിനാൽ ഭക്ഷണം ഒരാൾ ഉണ്ടാക്കിത്തരും. അവർക്കെന്തെങ്കിലും കൊടുക്കണം. വീൽച്ചെയറിൽ നിന്നു പൂർണമായും എഴുന്നേൽക്കാനായിട്ടില്ലാത്തിനാൽ ചിലപ്പോൾ പുറത്തു നിന്നു ഭക്ഷണം വരുത്തിക്കഴിക്കും. എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥയാണുള്ളത്. എന്നാലും ഒറ്റയ്ക്ക് എഴുന്നേൽക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുമുള്ള തീവ്ര പരിശ്രമത്തിലാണ് ഹനാൻ.

മീൻ കച്ചവടം തുടങ്ങാൻ ഒരു വാഹനം വേണം. ഇതിനായി ലോണിന് അപേക്ഷിച്ചിട്ട് ഇതുവരെ ശരിയായിട്ടില്ല. തനിക്ക് പ്രായക്കുറവായതിനാലും വിദ്യാർഥിനി ആയതിനാലും ലോൺ തരുന്നതിന് തടസമുണ്ടെന്നു പറയുന്നു. ലോണെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വാഹനം വാങ്ങിയാൽ ഹാർബറിലും മറ്റും പോയി മീനെടുക്കാനും കൊണ്ടുവന്ന് വെട്ടി വീടുകളിലെത്തിച്ചു കൊടുക്കാനും സാധിക്കും. ഇതിന് കുറച്ചു ഡെലിവറി ബോയ്സിനെ കൂടി കണ്ടെത്തി ഓൺലൈനിലൂടെ കസ്റ്റമേഴ്സിനെ കണ്ടെത്താനാണ് ശ്രമം. 

ഹനാൻ ഒരു ബ്രാൻഡ് 

ഹനാൻ എന്ന പേര് ഒരു ബ്രാൻഡാകുമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല. തന്റെ ഓൺലൈൻ മീൻകടയ്ക്ക് എന്തു പേരിടണം എന്നത് ഇപ്പോൾ രഹസ്യമാണ്. ലോഞ്ചിങ് ദിവസം എല്ലാവരെയും അറിയിക്കും. അന്നേ ദിവസം പറയുന്നതിന് ഒളിപ്പിച്ചു വച്ച ചില രഹസ്യങ്ങൾ കൂടിയുണ്ട് ഹനാന്. പരിക്കേറ്റു കിടക്കുമ്പോൾ ആശ്വാസം തന്ന സംഗീതം. മുറിയിൽ കിടക്കയോട് ചേർത്തു വച്ചിട്ടുള്ള കീബോർഡിൽ വിരലുകൾ അമർത്തി വിരിയിച്ചെടുത്ത ചില വരികൾ. ആ ദിവസങ്ങളെ അതിജീവിച്ചത് മ്യൂസിക് തെറാപ്പിയിലൂടെയായിരുന്നെന്ന് ഹനാൻ പറയും. നേരത്തെയും ചില വരികൾ കുറിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും അത്ര നല്ലതാണെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ താൻ കുറിച്ച വരികൾ നന്നായിരിക്കുന്നെന്നും നല്ല സംഗീതമെന്നും കൂട്ടുകാർ പറയുന്നു. അങ്ങനെയാണെങ്കിൽ അന്ന് തന്റെ വെബ്സൈറ്റിലൂടെ അതും ലോഞ്ച് ചെയ്യുമെന്ന് ഹനാൻ.

കുഞ്ഞു ശരീരം, വലിയ മനസ്സ്, സ്വപ്നങ്ങൾ

അപകടം വന്നു കിടപ്പിലായതോടെ ഭക്ഷണം തീരെ കുറവാണ്. ശരീരം വല്ലാതെ മെല്ലിഞ്ഞിട്ടുണ്ട്. പക്ഷേ മനസ്സ് കൂടുതൽ കരുത്താർജിച്ചിട്ടേ ഉള്ളൂ. വയ്യാതെ കിടന്നിരുന്നെങ്കിൽ താൻ കിടുന്നു പോകുമായിരുന്നെന്നാണ് ഹനാന്റെ വിശ്വാസം. ഓരോ ദിവസവും എത്രയും പെട്ടെന്ന് എഴുന്നേൽക്കുവാനുള്ള കരുത്ത് ആർജിച്ചെടുത്തു. ‘‘തന്നെ മാനസികമായി തകർക്കാം എന്ന് വിചാരിച്ചവർക്കു അതിനു പറ്റില്ലെന്നു തെളിയിക്കുക തന്നെ ചെയ്യും’’. – ആത്മവിശ്വാസം മാത്രം വായിച്ചാൽ മതി ആ വാക്കുകളിൽ.