Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് അഭിമാനമായി ദുബായിൽ നിന്നൊരു മലയാളി സുന്ദരി റിയ ജേക്കബ്

rhea-with-marc-jacobs-01 മാർക്ക് ജേക്കബ്സിനൊപ്പം റിയ

ലോക പ്രശസ്ത ഫാഷൻ ഡിസൈനിങ് ബ്രാൻഡായ മാർക്ക് ജേക്കബ്സിന്റെ ഗ്ലോബൽ ബ്യൂട്ടി അംബാസിഡറാകാൻ അവസരം കാത്തിരിക്കുന്നത്  ലക്ഷക്കണക്കിന് സുന്ദരിമാരാണ്. എന്നാൽ അവരെയെല്ലാം പിന്തള്ളി മാർക്ക് ജേക്കബ്‌സിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് മോഡലും വ്ലോഗറും മോട്ടിവേഷനൽ സ്പീക്കറും ചിത്രകാരിയുമായ റിയ ജേക്കബ്. കേരളത്തിന് അഭിമാനിക്കാം. കാരണം സൗന്ദര്യ ലോകത്തെ ഇൗ മിന്നും താരം ഒരു മലയാളി ആണ്. 24 കാരിയായ റിയ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസം. 

മാർക്ക് ജേക്കബ്സിന്റെ ഗ്ലോബൽ ബ്യൂട്ടി അംബാസിഡറായ അനുഭവം... 

ഒരു ലക്ഷത്തിലധികം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ അവസരത്തിനായി അപേക്ഷകൾ സമർപ്പിച്ചത്. മത്സരത്തിനായി നിർമിച്ച മൂന്നു മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിൽ ഫാഷനിലും സൗന്ദര്യത്തിലും വ്യക്തിത്വം കാത്തു സൂക്ഷിക്കണമെന്ന ആശയമാണ് റിയ പങ്കു വച്ചത്. ഇത് ശ്രദ്ധ നേടുകയും അവസാന പത്തിൽ ഇടം നേടാനാവുകയും ചെയ്തു. ഫാഷൻ ലോകത്തെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന മാർക്ക് ജേക്കബ്സിനെ നേരിട്ട് കാണാൻ സാധിച്ച അവസരം തന്നെ മറക്കാനാവാത്തതാണ് .വിവിധ ഘട്ടങ്ങളായി പല കടമ്പകൾ കടന്നാണ് റിയ അവസാന റൗണ്ടിൽ എത്തിയത്. ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ തന്റെ പേരും ഉൾപ്പെട്ടപ്പോൾ അത് സ്വപ്ന തുല്യമായ അനുഭവമായിരുന്നു എന്ന് റിയ പറയുന്നു. 

vouge-cover-girl-01 റിയ ജേക്കബ്

മാർക്ക് ജേക്കബ്സിന്റെ ഗ്ലോബൽ ബ്യൂട്ടി അംബാസഡർമാരായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ ഏഷ്യയിൽ നിന്നുള്ള ഏക വ്യക്തിയാണ് റിയ. തിരഞ്ഞെടുക്കപ്പെട്ട് ഒരു കൊല്ലം പൂർത്തിയാകുന്നതിനു മുൻപുതന്നെ മുൻനിര മാഗസിനുകൾ ആയ വോഗ്, കോസ്മോപൊളിറ്റൻ, ഹാർപേഴ്സ് ബസാർ എന്നിവയിൽ എല്ലാം റിയ സാന്നിധ്യമറിയിച്ചു. ഇതിനു പുറമേ ടിഫാനി, ബ്ലുമിങ്ങ് ഡേൽസ്, റാൽഫ് ലോറൻ, ഗ്ലാംഗ്ലോ തുടങ്ങിയ ലോകോത്തര ഫാഷൻ ബ്രാൻഡുകളുടെ എല്ലാം മോഡലാകാനുള്ള അവസരവും റിയയെ തേടിയെത്തി. 

മോട്ടിവേഷണൽ സ്പീക്കിങ്ങിലേക്ക്... 

ഒരു ഫാഷൻ ഷോയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി സംഭവിച്ചതാണ് അത്. 'സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ പ്ലാൻ ബി ഉണ്ടാവരുത്' എന്ന റിയയുടെ വാക്കുകൾ പലർക്കും ഏറെ പ്രചോദനാത്മകമായി തോന്നിയിരുന്നു. അതിനുശേഷം യുഎഇയുടെ പലഭാഗങ്ങളിൽ നിന്നായി യുവജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കാനുള്ള അവസരങ്ങൾ തേടിയെത്തുന്നു. ഇതിന് പുറമെ ഗൾഫ് നാടുകളിലെ നിരവധി ഫാഷൻ ഷോകളിൽ ജഡ്ജ് ആയും റിയയ്ക്ക്‌ ക്ഷണം ലഭിക്കാറുണ്ട്. 

rhea-with-aishwarya-rai-bachchan-01 ഐശ്വര്യ റായ് ബച്ചനൊപ്പം റിയ

യുഎഇയിൽ നിന്നുള്ള അംഗീകാരങ്ങൾ.... 

ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമായ മസാല മാഗസിൻ 2018ൽ യുഎഇയിലെ ഏറ്റവും പ്രചോദനാത്മകമായ 100 വ്യക്തിത്വങ്ങളിൽ ഒരാളായി റിയയെ തിരഞ്ഞെടുത്തിരുന്നു. എംഎ യൂസഫലി, ആസാദ് മൂപ്പൻ തുടങ്ങിയ പ്രമുഖർക്കൊപ്പം ആണ് റിയയും തെരഞ്ഞെടുക്കപ്പെട്ടത്.ഇതിനു പുറമേ ഷെയ്ഖാ മറിയം ബിൻട് ഖലീഫ ബിൻ സെയ്ഫ് അൽ നഹ്യാൻ, ഷാർജാ ഷെയ് ഖാ ഹെന്ദ് ഫൈസൽ അൽ ഖാസമി എന്നിവർക്കൊപ്പവും റിയ പ്രവർത്തിച്ചിട്ടുണ്ട്. 

rhea-jacobs-0022 റിയ ജേക്കബ്

ഫാഷൻ സിസൈനിങ്ങും ചിത്രകലയും... 

ഹെറിയട്ട് വാട്ട് സർവകലാശാലയിലെ ബിഎ ഫാഷൻ ഡിസൈനിങ് ഓണേഴ്സ് ബിരുദധാരിയാണ് റിയ. മോഡലിങ്ങിനായി ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ഭൂരിഭാഗവും റിയ തന്നെ രൂപകൽപ്പന ചെയ്തവയാണ്. ഭാവിയിൽ സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡ് നിർമിക്കണമെന്നതാണ് റിയയുടെ സ്വപ്നം. 

ചിത്രകലയാണ് റിയയുടെ പ്രിയപ്പെട്ട മറ്റൊരു മേഖല. മോഡലിങ്ങിനും മറ്റുമായി വിവിധ രാജ്യങ്ങൾ  സന്ദർശിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന കാഴ്ചകളാണ് റിയയുടെ ചിത്രങ്ങളിൽ ഏറെയും. ഇതിനെല്ലാം പുറമേ ഹൈസ്കൂൾ തലം മുതൽ വൈകല്യങ്ങളുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന അൽ നൂർ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സിൽ സന്നദ്ധ സേവക കൂടിയാണ് റിയ. ഒഴിവു വേളകൾ ഈ കുട്ടികളോടൊപ്പം ചിലവിടാനായി നീക്കി വയ്ക്കുന്നതാണ് റിയയുടെ ഏറ്റവും വലിയ സന്തോഷം. 

rhea-jacobs-01 റിയ ജേക്കബ്

കുടുംബം എന്ന കരുത്ത്.. 

ഉയരങ്ങൾ കീഴടക്കാൻ റിയയ്ക്ക് എന്നും പ്രചോദനം നൽകുന്നത് കുടുംബമാണ്. മാവേലിക്കര സ്വദേശികളായ കൊക്കാപ്പറമ്പിൽ ജേക്കബ് സാമുവലിന്റെയും ചാലക്കുഴി കുടുംബാംഗമായ മഞ്ചു ജേക്കബിന്റെയും ഏക മകളാണ് റിയ. തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ എന്നും കരുത്തായി മാതാപിതാക്കളും അമ്മൂമ്മയായ എലിസബത്തും റിയയ്ക്ക് ഒപ്പമുണ്ട്. എല്ലാ നേട്ടങ്ങളും ഈശ്വരന് സമർപ്പിച്ചാണ് റിയയുടെ ഓരോ ചുവടും.