sections
MORE

അഗസ്ത്യാർ കൂടം യാത്ര : മീന കൂട്ടാല പറയുന്നു

women-at-agasthyaar-koodam-01
SHARE

പുരാണങ്ങളിൽ എഴുതപ്പെട്ട അഗസ്ത്യമുനിയുടെ പർണശാല നിന്നിരുന്ന, അദ്ദേഹം തന്റെ ജീവിതവും ധ്യാനവും കഴിച്ചു കൂട്ടിയിരുന്ന പുണ്യ ഭൂമിയായാണ് അഗസ്ത്യാർകൂടത്തെ മിത്തുകളിൽ അടയാളപ്പെടുത്തുന്നത്.അഗസ്ത്യമുനിയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ അതിന്റെ നെറുകയിലെത്തി ആ ആനന്ദം അനുഭവിക്കാനാകൂ എന്നാണ് ഇപ്പോഴും ഗോത്ര വിഭാഗക്കാരുടെ വിശ്വാസം. സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായിരുന്ന മല കൂടിയായിരുന്നു കഴിഞ്ഞ ആഴ്ച മുൻപ് വരെ അഗസ്ത്യാർകൂടം.

പശ്ചിമഘട്ട മലനിരകളിൽ നിന്നു 1890 മീറ്ററോളം ഉയരത്തിലാണ് ഇൗ മല. കുറച്ചു ദിവസങ്ങളായി അഗസ്ത്യാർകൂടം വാർത്തകളിൽ ഇടം പിടിക്കുന്നത് അവിടെയെത്താൻ പ്രവേശനാനുമതി നേടിയെടുത്ത സ്ത്രീകളുടെ പേരിലാണ്. സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായിരുന്ന അഗസ്ത്യാർകൂടത്തിൽ ഇപ്പോൾ സ്ത്രീകൾ പ്രവേശിക്കുന്നത് കോടതി വിധിയുടെ ബലത്തിലാണ്. അഗസ്ത്യാർ കൂടത്തിൽ ട്രെക്കിങ്ങിനു പോയ രണ്ടാമത്തെ സംഘത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന മീന കൂട്ടാലയുമുണ്ടായിരുന്നു.

അഗസ്ത്യാർകൂടം നൽകിയ അനുഭവങ്ങളെക്കുറിച്ച് മീന...

ജനുവരിയിൽ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള വനംവകുപ്പിന്റെ നോട്ടിഫിക്കേഷൻ വരുമ്പോഴൊക്കെയും അതിൽ സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും അപേക്ഷിക്കാൻ കഴിയില്ല എന്നുള്ളത് ശ്രദ്ധിച്ചിരുന്നു. അതിൽ ശരിക്കും പ്രതിഷേധം തോന്നി. എന്റെ പരിചയത്തിലുള്ള പല സുഹൃത്തുക്കളും പറഞ്ഞറിയാം, അവിടെ നേരത്തെ സ്ത്രീകൾ കയറിയിട്ടുണ്ട് എന്ന്. അങ്ങനെ 2014ൽ വിവരാവകാശ നിയമ പ്രകാരം വനംവകുപ്പിൽ ഇത് അന്വേഷിച്ചു. അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയിട്ടില്ല എന്നാണ് അവർ നൽകിയ ഉത്തരം. പിന്നെ 2016ലാണ് ചില സ്ത്രീസംഘടനകളുടെ നേതൃത്വത്തിൽ വഴുതക്കാട് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ അഗസ്ത്യാർകൂടത്തിലെ സ്ത്രീവിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞത്.

അന്നവിടെ ചെന്നു. അന്വേഷി, പെണ്ണൊരുമ, വിങ്സ് എന്നീ സംഘടനകളിൽ നിന്നുമായി സുൽഫത്ത് ടീച്ചർ, ദിവ്യ ദിവാകരൻ, രജിത, മാഗ്ലിൻ, തസ്നി ..അങ്ങനെ കുറച്ചുപേരെത്തി. ആകെ പത്തോളം പേർ. ഞങ്ങൾ അവിടെ നിന്നുതന്നെ പ്ലക്കാർഡുകളെഴുതി വനം വകുപ്പ് ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു. അതിനുശേഷം വൈൽഡ് ലൈഫ് വാർഡനെ കണ്ട് ഞങ്ങൾക്കും ഈ സീസണിൽ അഗസ്ത്യാർകൂടം കയറണം എന്ന ആവശ്യം ഉന്നയിച്ചു. ഇപ്പോൾ നിലവിലുള്ള സ്ത്രീവിലക്കിനു എന്തെങ്കിലും പ്രത്യേക ഓർഡറുണ്ടോ എന്നും അന്വേഷിച്ചു. അങ്ങനെയൊന്നില്ല. വളരെ ദുർഘടമായ യാത്രയാണ്. മാത്രമല്ല ബേസ്ക്യാമ്പിൽ സ്ത്രീകൾക്ക് പ്രത്യേകിച്ച് സൗകര്യങ്ങൾ ഒന്നും തന്നെയില്ല അതുകൊണ്ടാണ് പ്രവേശിപ്പിക്കാത്തത് എന്ന മുടന്തൻ ന്യായവും കേട്ടു.

പുരുഷന്മാർക്ക് നിലവിൽ ലഭിക്കുന്ന സൗകര്യങ്ങളേക്കാൾ കൂടുതലായൊന്നും ഞങ്ങൾക്കും ആവശ്യമില്ല എന്ന് ഞങ്ങൾ തീർത്തു പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അന്നത്തെ വനംവകുപ്പ് മന്ത്രിയായ തിരുവഞ്ചൂരിനെയും കണ്ടു. അഗസ്ത്യാർകൂടം സന്ദർശനത്തിനായുള്ള പാസ് വിതരണം ഓൺലൈൻ വഴിയാണ്. അപേക്ഷ ക്ഷണിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ തീർന്നുപോകും. അതുകൊണ്ട് അടുത്തവർഷം മുതൽ സ്ത്രീകളെ ട്രക്കിങ്ങിൽ പങ്കെടുപ്പിക്കാമെന്ന് മന്ത്രിയും വനം വകുപ്പും ഞങ്ങൾക്ക് ഉറപ്പു നൽകി.

meena-kootala-58
മീന കൂട്ടാലിട

അഗസ്ത്യാർകൂടത്ത് സ്ത്രീവിലക്കൊന്നുമില്ല എന്ന് പിന്നീട് മാധ്യമങ്ങളിൽ മന്ത്രി പറഞ്ഞു. 2016ൽ മന്ത്രിസഭ മാറി. 2017 ജനുവരിയിൽ വനംവകുപ്പിറക്കിയ വിജ്ഞാപനത്തിലും മാറ്റമൊന്നും ഉണ്ടായില്ല. അതായത് സ്ത്രീകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. അങ്ങനെ ജനുവരിയിൽ ഞങ്ങൾ വനം വകുപ്പ് മന്ത്രി രാജുവുമായി ചർച്ച നടത്തി. ട്രക്കിങിനു പോകാനുള്ള 51 സ്ത്രീകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ മന്ത്രിക്കും വനംവകുപ്പിനും കൈമാറി.

അഗസ്ത്യനെ കാണാം എന്നൊരു വാട്സ് അപ് ഗ്രൂപ്പ് ഞങ്ങൾ ഉണ്ടാക്കിയിരുന്നു. ഓൺലൈൻ അപേക്ഷ നടക്കാത്തതു കൊണ്ട് ട്രക്കിങ്ങ് സീസൺ കഴിയുന്ന ദിവസം സ്ത്രീകളെ അവിടെക്ക് പ്രവേശിക്കാൻ അനുവദിക്കാമെന്ന് അന്ന് ഉറപ്പുകിട്ടി. ഞങ്ങൾ എല്ലാവരും അതീവസന്തോഷത്തോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിവന്നു. എന്നാൽ യാത്രയുടെ രണ്ട് ദിവസം മുൻപ് ബേസ്ക്യാമ്പായ അതിരുമല വരെ മാത്രമേ സ്ത്രീകളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് അറിയാൻ കഴിഞ്ഞു. അതിരുമല എന്ന സൗജന്യം ഞങ്ങൾക്കു വേണ്ട കയറുന്നെങ്കിൽ അഗസ്ത്യാർകൂടം മുഴുവനായി കയറുക എന്ന് തീരുമാനിച്ച് ഞങ്ങൾ സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിഷേധം നടത്തി.

ഇതിനിടെ അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. അഗസ്ത്യൻ ബ്രഹ്മചാരിയാണെന്നും സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾ ലംഘിക്കപ്പെടുമെന്നും പറഞ്ഞ് കാണി വിഭാഗമാണ് കേസ് കൊടുത്തത്. 2018 ട്രക്കിങ്ങ് സീസണിൽ കേസ് ഹൈക്കോടതിയിൽ ആണ്. സ്ത്രീകളെ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് ആ വർഷവും വനം വകുപ്പ് പറഞ്ഞു. അപ്പോൾ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സ്ത്രീകൾക്കു കൂടി നൽകുന്ന ലിംഗനീതി സമത്വം എന്നീ അവകാശങ്ങൾ ഉന്നയിച്ചു കൊണ്ട് അഗസ്ത്യാർകൂടം ട്രക്കിങ്ങ് തുടങ്ങുന്ന ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ഞങ്ങൾ സമരം ചെയ്തു. ഒടുവിൽ 2018 നവംബറിൽ ആണ് അഗസ്ത്യാർകൂടത്ത് ലിംഗവിവേചനം പാടില്ല എന്ന ഹൈക്കോടതി വിധി വരുന്നത്. ജസ്റ്റിസ് അനു ശിവരാമൻ ആയിരുന്നു ഈ വിധി നടത്തിയത്.

സ്ത്രീയായതുകൊണ്ട് വിലക്ക് പറ്റില്ല

അപൂർവ ജൈവസമ്പത്തുകളുടെ കലവറയും അതിമനോഹരമായ പ്രകൃതിഭംഗിയും നിറഞ്ഞ അഗസ്ത്യാർകൂടത്തെക്കുറിച്ച് പഠനകാലം മുതലേ കേൾക്കുന്നുണ്ട്. അന്നുമുതലേ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ ചെല്ലണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സ്ത്രീ ആയതുകൊണ്ട് മാത്രം ലോകത്ത് എവിടെയും ഒരിടത്തുനിന്നും വിലക്കുകൾ ഏർപ്പെടുത്താൻ കഴിയില്ല.

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്!

സുൽഫത്ത്, ഷൈനി, നിഷ,സചിത്ര,ദിവ്യ,സിസിലി,രമ, ഷേർളി എന്നിവരാണ് എനിക്കൊപ്പമുണ്ടായിരുന്നവർ. വളരെ സന്തോഷം തോന്നുന്നുണ്ട്. യാത്രയിൽ സുൽഫത്ത് ടീച്ചർ പറഞ്ഞ ഒരു കാര്യമുണ്ട്. ഇത്രയും മനോഹരമായ ഒരിടം ഇത്രയും കാലം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുകയായിരുന്നല്ലോ എന്ന്. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ അവിടെ ചെല്ലണം. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമല്ല അവിടെ ഉണ്ടായിരുന്നത്. മകരവിളക്ക് മുതൽ ശിവരാത്രി വരെയുള്ള ദിവസങ്ങളിൽ പുറത്തുനിന്ന് പലരും ചെന്ന് റിസർവ് വനത്തിനുള്ളിൽ പൂജകൾ നടത്തിയിരുന്നു. യഥാർഥത്തിൽ ശിവരാത്രി ദിവസം കാണി വിഭാഗക്കാർക്കല്ലാതെ അഗസ്ത്യാർകൂടത്ത് പൂജകൾ നടത്താൻ അവകാശമില്ല. ഹൈക്കോടതി വിധി ഇതിനെതിരെ കൂടിയാണ്. ഈ വർഷം മുതൽ അഗസ്ത്യാർകൂടത്ത് ആരെയും പൂജകൾ നടത്താൻ അനുവദിക്കില്ല. ഞങ്ങളുടെ പോരാട്ടത്തിനു ഇത്രയും വ്യാപകമായ ഗുണഫലമുണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ വലിയ സന്തോഷമുണ്ട്.

notice-58
അഗസ്ത്യാർകൂടത്തിൽ പൂജകൾ നടത്താൻ അനുവാദമില്ല എന്ന് മുന്നറിയിപ്പു നൽകുന്ന നോട്ടീസ്

പെണ്ണുങ്ങൾ പെണ്ണുങ്ങൾക്ക് കൈത്താങ്ങ്

പറഞ്ഞറിയിക്കാൻ ആവില്ല ആ യാത്രാനുഭവത്തെ. കഴിഞ്ഞ നാലു വർഷമായി അഗസ്ത്യാർകൂടം സമരത്തിന്റെ മുൻ നിരയിൽ നിന്നിരുന്ന 9 പേരാണ് ജനുവരി 18നു അഗസ്ത്യാർകൂടത്തേക്ക് യാത്ര പോയത്. ഞങ്ങളുടെ സംഘത്തിൽ 50 വയസ്സ് പിന്നിട്ട മൂന്നു പേർ ഉണ്ടായിരുന്നു. ജനുവരി 5 നു ഓൺലൈൻ പാസ് ലഭിച്ചതു മുതൽ ഇവരിൽ പലരും നടക്കാനൊക്കെ പോയി ചില്ലറ വ്യായാമമുറകൾ പരിശീലിച്ച് തയാറെടുക്കുകയും ചെയ്തു. പലരും പറഞ്ഞുകേട്ടത് യാത്ര വളരെ ദുർഘടം പിടിച്ചതും അപകടസാധ്യതകൾ ഏറെയുള്ളതും എന്നായിരുന്നു. എന്നാൽ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും അടങ്ങാത്ത ആഗ്രഹവും മാത്രം കൈമുതലായി യാത്ര തുടങ്ങിയ ഞങ്ങൾക്ക് വളരെ സുഗമമായി അഗസ്ത്യാർകൂടം കയറാൻ പറ്റി എന്ന് പറയാം. ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ അഡ്വക്കേറ്റ് സിസിലി ആണ് ആദ്യം മലയിലെത്തിയത്. വളരെ റിലാക്സ്ഡ് ആയി കാടിനെയും കാറ്റിനെയും പുഴയെയും മലകളെയും അറിഞ്ഞാണ് ഞങ്ങൾ യാത്ര ചെയ്തത്. പെണ്ണുങ്ങൾ പെണ്ണുങ്ങൾക്ക് കൈത്താങ്ങായി യാത്ര ചെയ്യുന്നത് എത്ര ആഹ്ലാദകരമാണ്!

എന്റെ യാത്രകൾ

കുട്ടിയായിരിക്കുമ്പോൾ തന്നെ ഏതൊരു യാത്രയെയും ആഹ്ലാദത്തോടെയാണ് അനുഭവിച്ചിരുന്നത്. മുതിർന്നപ്പോൾ ഒറ്റയ്ക്കും കൂട്ടമായും ചില യാത്രകൾ നടത്താൻ പറ്റി. ഒരു യാത്ര കഴിയുമ്പോൾ തന്നെ അടുത്ത യാത്ര പ്ലാൻ ചെയ്യാനാണ് ആഗ്രഹിക്കുക. ചിലതൊക്കെ നടക്കുന്നു..

മറക്കാനാകില്ല അത്

ഡിഗ്രിക്ക് ആദ്യവർഷം പഠിക്കുമ്പോൾ കൂട്ടുകാരി സജിയുമൊത്ത് അട്ടപ്പാടിയിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമാണ്. അന്നൊക്കെ ബസ് സ്റ്റാൻഡിൽ ചെന്ന് നിൽക്കുമ്പോൾ ഓരോ ബസ്സും എവിടേക്കാണ് പോകുന്നത് എന്ന് മാത്രം നോക്കി നിൽക്കുന്ന സ്വഭാവമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് ആനക്കട്ടി എന്ന സ്ഥലത്തേക്കുള്ള ബസ് കാണുന്നത്. അതുവരെ അങ്ങനെയൊരു സ്ഥലപ്പേരു ഞാൻ കേട്ടിട്ടില്ലായിരുന്നു. അമ്മയോട് പറഞ്ഞ് ഒരു ദിവസം രാവിലെ ഞങ്ങൾ അതിൽ യാത്ര തിരിച്ചു. കുറേ ദൂരം പോയപ്പോൾ പേടി തോന്നി.നിബിഡവനമായ സൈലന്റ് വാലിയിലൂടെയാണ് ബസ് പോകുന്നത്. ഇന്നത്തെ പോലെയല്ല. ഇരുട്ട് നിറഞ്ഞ നിശബ്ദമായ കൊടും കാട്...അതേ ബസ്സിൽ തിരിച്ചു വന്നു

അനിശ്ചിതത്വം പേറിയ ആദ്യ ദിനങ്ങൾ

ഇത്തവണ ഹൈക്കോടതി വിധി വന്നിട്ടും അവിടെ സ്ത്രീകളെ തടയും എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു അനിശ്ചിതത്വം പാസ് കിട്ടിയിട്ടും ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്നു. എന്തായാലും പോകാൻ ഞങ്ങളെല്ലാവരും നിശ്ചയിച്ചിരുന്നു. കാരണം ഈ യാത്ര ഞങ്ങളെല്ലാവരും വർഷങ്ങളായി കൂടെ കൊണ്ട് നടക്കുന്ന സ്വപ്നമാണ്. ദുർഘടമായ യാത്രയാണ്, അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് അടുത്ത സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു. എന്നാൽ നല്ല വിശ്വാസമുണ്ടായിരുന്നു അവിടെ ചെന്നെത്താൻ കഴിയുമെന്ന്. ഫിസിക്കൽ ഫിറ്റ്നസിനെക്കുറിച്ച് ഒരിക്കലും ആശങ്കയുണ്ടായിരുന്നില്ല.

ഒറ്റയാത്രകൾ, കരുതലുകൾ ...

ഒറ്റയ്ക്ക് ഒരുപാടൊന്നും യാത്ര ചെയ്തിട്ടില്ല. എന്നാൽ പോകുമ്പോൾ സ്ഥലത്തെക്കുറിച്ച് ഗൂഗിൾ ചെയ്യും. താമസിക്കാൻ ഹോട്ടൽ മുറിയൊക്കെ ആദ്യമേ ബുക്ക് ചെയ്യും. പോവേണ്ട സ്ഥലത്ത് രാത്രി ഏറെ വൈകി എത്താതിരിക്കാൻ ശ്രദ്ധിക്കും. എത്തിക്കഴിഞ്ഞാൽ പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ഒക്കെ ആണ് കൂടുതൽ ആശ്രയിക്കുക. എന്റെ സ്വപ്നം തന്നെ ഇനിയും ഇനിയും ഒരുപാട് യാത്രകൾ ചെയ്യുക എന്നത് തന്നെയാണ്.

വീടും നാടും

അഗസ്ത്യാർകൂടത്തിലെ ദീർഘകാലമായ സമരചരിത്രത്തെ പറ്റി സഹപ്രവർത്തകരിൽ കുറച്ചുപേർക്കേ അറിയൂ. അവർ നല്ല സപ്പോർട്ട് ആയിരുന്നു. എന്നാൽ പെണ്ണുങ്ങൾക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുമുണ്ട്. യാത്രകൾ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് ഇടവേളകളിൽ എങ്ങോട്ടും പോകാൻ കഴിയാതെയാവുമ്പോൾ അസ്വസ്ഥത ഉണ്ടാവുന്നത് വീട്ടുകാർക്കറിയാം. അതുകൊണ്ട് എവിടെക്കായാലും യാത്ര പോവുന്നതിൽ വീട്ടുകാർക്ക് സന്തോഷമാണ്. എല്ലാ വിവരങ്ങളും പറഞ്ഞാൽ മതി.

ജീവിതം എന്നാൽ..

ജീവിതം കാട് പോലെയാണ്. ഇരുട്ടും വെളിച്ചവും ഇടകലർന്ന് നിബിഡമായ രഹസ്യങ്ങൾ നിറഞ്ഞ് ദുരൂഹമായ ഒന്ന്. അവിടെ നമുക്ക് സാന്ത്വനമുണ്ട്. വിട്ടുവേർപെടേണ്ട സന്നിഗ്ദതയുണ്ട്. എന്നാൽ കാട്ടിലാകുക എന്ന അവസ്ഥ എനിക്കിപ്പോഴും അപരിചിതമായ വിദൂരമായ അവസ്ഥയാണ്

വേറിട്ട ശബ്ദങ്ങൾ

ഞങ്ങളുടെ മൂവ്മെന്റ് വളരെ കുറച്ചു പേർ മുന്നിട്ടിറങ്ങി സമൂഹത്തിൽ നടത്തിയ ഒരു മുന്നേറ്റമാണ്. എല്ലാ ആധുനിക സമൂഹത്തിലും മാറിച്ചിന്തിക്കുന്ന കുറച്ചാളുകൾ ഉണ്ടായിരുന്നു. അവർ ചില മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സമൂഹത്തിനു മൊത്തമായിട്ടുണ്ടാകുന്ന മാറ്റത്തെയാണ് നവോത്ഥാനം എന്ന് പറയുന്നത്. നമുക്കറിയാം അഗസ്ത്യാർകൂടത്തിലേക്ക് നേരത്തെ തന്നെ സ്ത്രീകൾ പോയിട്ടുണ്ട്. അതിനു തെളിവുകളുണ്ട്. എന്നിരിക്കെ തന്നെ അതിനെ മുഴുവൻ നിരാകരിച്ചു കൊണ്ട് സ്ത്രീകൾക്ക് കയറാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് തടയാൻ ശ്രമിക്കുകയാണ്.

ഞങ്ങളുടെ സമരത്തിനു കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അത് വിജയിച്ചു. ഇനി അതിനു തുടർച്ചകളുണ്ടാവണം. ആദ്യം ധന്യാ സനൽ കയറി, പിന്നെ ഞങ്ങൾ കയറുന്നു, എല്ലാ ദിവസവും കുറേപേർ പോകുന്നു. ഓൺലൈനിൽ നൂറിലധികം സ്ത്രീകൾ അഗസ്ത്യാർകൂട ട്രക്കിങ്ങിനു ബുക്ക് ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ അവിടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഒരു പ്രവർത്തനങ്ങളും ഉണ്ടാവാൻ പാടില്ല. അതിനു കൂടിയുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് ഞങ്ങൾ നടത്തിയിരിക്കുന്നത്. അതാണ് ഇവിടെ പ്രധാനം. പരിസ്ഥിതി ലോലപ്രദേശത്ത് കാടിന്റെ ആവാസവ്യവസ്ഥ തകർക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും ഇനി നടത്താൻ സാധ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA