sections
MORE

പുതിയ നൃത്തരൂപത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും രാജശ്രീ വാരിയർ

Rajashree Warrier
രാജശ്രീ വാരിയർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
SHARE

നൃത്തം ചെയ്യുന്നവർക്ക് വഴങ്ങാത്ത നട്ടെല്ലു വേണോ... വേദിയിൽ‌ ഒരിടത്തും അധികനേരം ഉറച്ചു നിൽക്കാതെ, ചടുലം ചുവടുകൾ മാറ്റുന്ന നൃത്തകലയിൽ ഉറച്ച നിലപാടുകൾ ആവശ്യമുണ്ടോ.. ഉണ്ടെന്ന് ഉത്തരം പറയുന്നു നർത്തകി രാജശ്രീ വാരിയർ.

നർത്തകിക്ക് നമ്മൾ ജീവിക്കുന്ന കാലത്തോടു കടപ്പാടും ഉത്തരവാദിത്തവും ഉണ്ടെന്നും അത് പ്രകടിപ്പിക്കേണ്ടത് നൃത്തത്തിലൂടെ ആവണമെന്നുമാണ് രാജശ്രീയുടെ നിലപാട്. ട്രാൻസ്ജെൻഡറുകളുടെ ജീവിത സംഘർഷങ്ങളാണ് രാജശ്രീയുടെ ഏറ്റവും പുതിയ നൃത്തരൂപത്തിന്റെ വിഷയം. മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിലൂടെയാണ് രാജശ്രീ ഈ വിഷയം ഭരതനാട്യമായി അവതരിപ്പിച്ചത്. ശിഖണ്ഡി കൗത്വം എന്നു പേര്. തിരുവനന്തപുരത്തായിരുന്നു ആദ്യ അവതരണം.

ട്രാൻസ്ജെൻഡറുകൾ വിവാദങ്ങളുടെ മല കയറുന്ന സമയത്താണ് ശിഖണ്ഡി ?

ഒരുവർഷം മുമ്പാണ് ശിഖണ്ഡി മനസ്സിലേക്കു വന്നത്. ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങളും അവർ നേരിടുന്ന അവഗണനകളും ഇപ്പോഴുള്ളതിനേക്കാൾ ഗൗരവമായി ചർച്ച ചെയ്യുന്ന സമയമായിരുന്നു അത്. തമിഴിലാണ് എഴുതിയത്. ഭരതനാട്യത്തിൽ കൗത്വം എന്ന നൃത്ത ഇനമുണ്ട്. അതിന്റെ സ്വഭാവത്തിലാണ് ശിഖണ്ഡിയെന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയത്. ഭരതനാട്യത്തിന്റെ ചൊല്ലുകൾക്ക് പുരുഷ, സ്ത്രൈണ ഭാവങ്ങളെ ഒരുപോലെ ഉൾക്കൊള്ളാൻ പറ്റും. ലളിതമായി നൃത്തം ചെയ്യുന്ന ഭാഷയാണ് തമിഴ്. കൗത്വം എന്ന ഫോമിന് അതു നല്ലവണ്ണം ഇണങ്ങും. അതുകൊണ്ട് തമിഴിൽ ചിട്ടപ്പെടുത്തി. 

ശിഖണ്ഡി മാത്രമല്ല, മഹാഭാരതത്തിൽ ബ്രഹന്നളയുമുണ്ട്...

മഹാഭാരതത്തിൽ ബ്രഹന്നളയായി മാറുന്നത് അർജുനനാണ്. ലളിതമായി പറഞ്ഞാൽ പുരുഷന്റെ സ്ത്രീവേഷമാണത്. സ്വത്വം ഒന്നായി ഇരിക്കുകയും മറ്റൊന്നായി ഭാവിക്കുകയും ചെയ്യുക മാത്രമേ അർജുനൻ ചെയ്യുന്നുള്ളൂ. ഭീമന്റെ വലല വേഷം പോലെയെന്നു വേണമെങ്കിൽ ലളിതമായി പറയാം.

ശിഖണ്ഡി അങ്ങനയല്ല. ദ്രുപദന്റെ മകൾ സത്യത്തിൽ ശിഖണ്ഡിനിയാണ്. പെൺകുട്ടിയായി ജനിച്ച അവളിൽ ചിന്തകൾകൊണ്ട് പുരുഷഭാവം വന്നുചേരുന്നു. ആൺകുട്ടിയെപ്പോലെ യുദ്ധമുറകളൊക്കെ അഭ്യസിച്ച ശിഖണ്ഡിനി ആക്ഷേപവും പരിഹാസവും സഹിക്കാൻ പറ്റാതെ കാട്ടിലേക്ക് ഓടുന്നു.

കാട്ടിൽ അവൾ ചെന്നുപെടുന്നത് ഒരു യക്ഷപ്രഭുവിന്റെ മുന്നിലാണ്. യക്ഷപ്രഭു നേരെ മറിച്ചുള്ള ആളാണ്. മനസ്സുകൊണ്ട് പുരുഷനും സ്വഭാവംകൊണ്ട് സ്ത്രീയും. ശിഖണ്ഡിനിയും യക്ഷപ്രഭുവും ഇവരുടെ ആൺമയും പെൺമയും കൈമാറുന്നു. അതിനുശേഷമാണ് ശിഖണ്ഡിനി ശിഖണ്ഡിയാകുന്നതും മഹാഭാരതയുദ്ധത്തിൽ അർജുനന്റെ തേരാളിയായി വരുന്നതും ഭീഷ്മരെ വധിക്കാൻ കാരണമാകുന്നതും.

സ്ത്രീയായി ജനിച്ച ശിഖണ്ഡിനിയിലെ പുരുഷഭാവം ശരീരത്തിനും മനസ്സിലും ഉണ്ടാക്കുന്ന സംഘർഷങ്ങൾ നർത്തകി എന്ന നിലയിൽ എന്റെ ശരീരംകൊണ്ട് സംവദിക്കാനുള്ള ശ്രമമാണ് എന്റെ നൃത്ത ഭാഷ്യം, അല്ലെങ്കിൽ നൃത്ത ഭാഷ.

നൃത്തത്തിന്റെ രാഷ്ട്രീയം ?

ശിഖണ്ഡി ഈ കാലഘട്ടത്തിൽ നമ്മൾ ചർച്ച ചെയ്യുന്ന തേഡ് ജെൻഡർ ഇഷ്യൂവിനെക്കുറിച്ചുള്ള എന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണ്. പരിണാമ സിദ്ധാന്തത്തിലൂടെ പരിണമിച്ച് ആണും പെണ്ണുമായി വന്നു നിൽക്കുന്നു. അടുത്തത് എന്തായിരിക്കും? ഇതു രണ്ടുംകൂടി ഒന്നാകുമോ? അതോ ഒടുവിലത്തെ അവസ്ഥയാണോ എന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. 25 മിനിറ്റാണ് ഈ നൃത്തരൂപത്തിന്റെ ദൈർഘ്യം.

പാരമ്പര്യ കലാരൂപങ്ങളിലേക്കു പരമ്പരാഗത വിഷയങ്ങളും രാഷ്ട്രീയവും കൊണ്ടുവന്നാൽ ആചാര്യന്മാർ പിണങ്ങില്ലേ...?

ആചാര്യന്മാരാണെങ്കിൽ പിണങ്ങില്ല. അൽപജ്ഞാനികൾ‍പിണങ്ങിയാലും കുഴപ്പമില്ല. പാരമ്പര്യം എന്നത് ഒരു ഒഴുക്കിനെയാണ് സൂചിപ്പിക്കുന്നതെങ്കിൽ അത് ഒഴുകുന്ന വഴികളിലുള്ളതും സ്വീകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. എന്താണ് നിലനിൽക്കുന്നത്, അതിനെ നമ്മൾ പാരമ്പര്യം എന്നു വിശേഷിപ്പിക്കുമ്പോൾത്തന്നെ, അത് അന്നന്നിനെക്കൂടി ഉൾക്കൊള്ളാതെ നിലനിൽപ്പില്ല എന്നസത്യം തിരിച്ചറികയും വേണം.

കലയുടെ അവതരണത്തിലെ ബാഹ്യമായ ചട്ടക്കൂടുകളെയാണ് പാരമ്പര്യം എന്നു വിളിക്കുന്നത്. അവതരണത്തിലെ ബാഹ്യമായ ആ ഘടനയല്ല, നാട്യരൂപത്തിന്റെ ഭാഷ. മലയാള ഭാഷ ഉദാഹരണമായെടുക്കാം. മലയാളത്തിലേക്ക് പുതിയ കാലം എത്ര പുതിയ വാക്കുകൾ സംഭാവന ചെയ്തു. ഈ വാക്കുകളെ മലയാള നിഘണ്ടു പണ്ടുപണ്ടേയുള്ള വാക്കുകൾക്കൊപ്പം അതേ താളുകളിൽ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഭാഷയുടെ പാരമ്പര്യം ഇല്ലാതാവുന്നുമില്ല. അതുപോലെ പുതിയ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ ഭരതനാട്യത്തിന്റെ പാരമ്പര്യം ഇല്ലാതാവുന്നില്ല. എന്തായാലും എനിക്ക് ഇത്തരം പാരമ്പര്യ വാദങ്ങളോടു അൽപംപോലും യോജിപ്പില്ല.

ശിഖണ്ഡി കണ്ടിട്ടുള്ള പ്രതികരണം ?

ശിഖണ്ഡി എന്ന നൃത്തരൂപം കണ്ടിരിക്കെ ട്രാൻസ്ജെൻഡറുകളുടെ ആത്മസംഘർഷം വല്ലാതെ വേദനിപ്പിച്ചു എന്നു പറഞ്ഞവരുണ്ട്. അന്നേരം എനിക്ക് എന്റെ അപ്പൂപ്പനെ ഓർമ വന്നു. നല്ല വെടിപ്പായി കഥ പറഞ്ഞു തരുമായിരുന്നു അപ്പൂപ്പൻ. കഥയിലെ ഓരോ കഥാപാത്രവും ഇരിക്കുന്നതും നടക്കുന്നതും വരെ കാണാൻ പറ്റുന്നതുപോലുള്ള കഥാവിവരണമായിരുന്നു അദ്ദേഹത്തിന്റേത്. ഇതേ അനുഭവം കാഴ്ചക്കാരിലേക്കു പകരാൻ ആ അപ്പൂപ്പന്റെ കൊച്ചുമകളായ ഞാൻ നൃത്തം ചെയ്യുമ്പോൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിനെയും പാരമ്പര്യം എന്നു വിളിക്കാമായിരിക്കാം. കഥ പൂർണമായി പറയാതെ ബാക്കി എനിക്കു പൂരിപ്പിക്കാൻ വിട്ടുതരുമായിരുന്നു അപ്പൂപ്പൻ‌. അതുപോലെ ഓപ്പൺ എൻഡഡ് ആയി നൃത്തരൂപം അവസാനിപ്പിക്കാൻ എനിക്കും മടിയില്ല. ആസ്വാദകർ അതു പൂരിപ്പിച്ചോട്ടെ..

സ്വന്തം ജീവിതം നൃത്തവേദിയിൽ അവതരിപ്പിച്ചാൽ ഏതു വേഷമായിരിക്കും ?

അമ്മയായി ഞാനായിരിക്കും. ഒരുപാടു സാഹചര്യങ്ങളും ചുറ്റുപാടുകളും കൂടിച്ചേർന്നാലല്ലേ അമ്മയാകാൻ പറ്റൂ... അപ്പോൾ ആ കഥാപാത്രങ്ങളൊക്കെ ആകാനും പറ്റും. അത്രയും നിറവുള്ള ഒരു വേഷം അല്ലെങ്കിൽ ഭാവപ്പകർച്ച മറ്റൊന്നിനും ഇല്ല.

സിനിമ വിളിച്ചതല്ലേ, പോയില്ലല്ലോ ?

ടിവിയുടെ വളരെ ചെറിയ സ്ക്രീനിൽപോലും ഞാനെന്റെ പോരായ്മകളും കുറവുകളും വളരെ വലുതായി കാണാറുണ്ട്. വലിയ സ്ക്രീനിൽ എന്റെ കുഴപ്പങ്ങൾ കണ്ടാൽ ജീവിതം മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. സിനിമ എന്ന മാധ്യമത്തിന്റെ സ്വഭാവത്തിനു പറ്റിയ ആളല്ല ഞാൻ. അതൊരു കൂട്ടായ്മയാണ്. വളരെ അക്കോമഡേറ്റീവ് ആയി ആ കൂട്ടായ്മയോടൊപ്പം നിന്നുപോകാനുള്ള മനഃസ്ഥിതി എനിക്കില്ല. എനിക്കെന്റെ നിലപാടുകളും നിർബന്ധങ്ങളും ഒക്കെയുണ്ട്. അതൊന്നും സിനിമയ്ക്കു ചേരില്ല. 

ഗുരുക്കന്മാർ

ആദ്യം ഭരതനാട്യം പഠിച്ചത് ഗുരു വി. മൈഥിലിയിൽനിന്നാണ്. തുടർന്ന് ചെന്നൈയിൽ ജയന്തി സുബ്രഹ്മണ്യത്തിന്റെ കീഴിൽ അഭ്യസിച്ചു. ബാലസരസ്വതി, ഡോ. പത്മാ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരൻ, ധനഞ്ജയൻ, സി.വി. ചന്ദ്രശേഖരൻ, സരോജ, ബ്രിജു മഹാരാജ്, മാളവിക സരുക്കായി, അലർമേൽ വള്ളി... ഇവരിലെല്ലാം ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നു. ഇവരുടെ തലമുറയ്ക്കുശേഷം ആസ്വാദക മനസ്സുകളെ നൃത്തം ചെയ്യിക്കുന്ന നൃത്തം ഉണ്ടോ എന്നു സംശയമാണ്.  സ്വാഭാവികമായ മനുഷ്യ ചലനങ്ങളുടെ നാട്യപൂർണമായ ആവിഷ്കാരമാണ് നൃത്തം. റോബട്ടുകളുടേതുപോലെ അക്രോബാറ്റിക് ചലനങ്ങൾ നിറഞ്ഞ ഇപ്പോഴത്തെ ഭരതനാട്യം കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. സോഫിയമാരാണ് പലരും, നർത്തകിമാരല്ല. മനോഹരമായ ഒന്നു മാത്രമല്ല, മനസ്സിനെ തൊടുന്നതു കൂടിയാണ് നല്ല നൃത്തം.

വിശ്രുത ഭരതനാട്യം നർത്തകിയായ ചന്ദ്രലേഖയെ ഓർമ വരുന്നു. നരച്ച തലമുടിയുള്ള നർത്തകി. ഉന്മാദിയുടെ നൃത്തഭാഷ. ഡാൻസർ ഈസ് ആൻ ആക്ടിവിസ്റ്റ് എന്നൊക്കെ വിളിക്കാവുന്ന ഊർജകണങ്ങളുണ്ട് അവരിൽ...

ചന്ദ്രലേഖ ഡാൻസറും ആക്ടിവിസ്റ്റും എന്ന് രണ്ടായി തിരിഞ്ഞ് ജീവിച്ചിട്ടില്ല. അവർക്കു പറയാനുള്ളതെല്ലാം അവർ നൃത്തത്തിലൂടെ പറഞ്ഞു. നൃത്തത്തിലൂടെ പറഞ്ഞതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള വിശദീകരണമാണ് അവർ കൊടുത്തിട്ടുള്ളത്. സംസാരിക്കാനായി വേദികൾ സൃഷ്ടിച്ചില്ല. അവരുടെ ഭാഷയും സംസാരവുമായിരുന്നു അവരുടെ നൃത്തം. അവരുടെ നട്ടെല്ല് ആക്ടിവിസ്റ്റിന്റേതല്ല, ശരിക്കും ഒരു നർത്തകിയുടേതാണ്. 

നൃത്തവുമായി ബന്ധപ്പെട്ട് ഏതൊക്കെ രീതിയിൽ ജീവിക്കണമായിരുന്നോ, അങ്ങനെയൊക്കെ ചന്ദ്രലേഖ ജീവിച്ചു. ആ ജീവിതത്തെയാണ് നമ്മൾ മാറിനിന്ന് ആക്ടിവിസം എന്ന് നോക്കിക്കാണുന്നത്. ഇന്നു കാണുന്നതുപോലെ, ഒരു റോൾ, അതിനൊപ്പം മറ്റൊരു റോൾ അങ്ങനെയല്ല. 

അണിഞ്ഞൊരുങ്ങി സുന്ദരിയായി വന്ന് ആടി സന്തോഷിപ്പിക്കാൻ മാത്രമല്ല കലയെന്ന് രാജശ്രീ വാരിയർ പറഞ്ഞു നിർത്തുന്നു. ഇക്കാര്യത്തിൽ രാജശ്രീ ഒരു വാരിയറാണ് !

രാജശ്രീ വാരിയർ

ഇരുപതു വർഷത്തിലേറെയായി ഭരതനാട്യം അവതരിപ്പിക്കുകയും റിസർച്ച് ചെയ്യുകയും ചെയ്യുന്നു. മലയാള ടെലിവിഷനിലെ ആദ്യ അവതാരകമാരിൽ പ്രമുഖ. തോമസ് ഹാർഡിയുടെ ടെസ് ഓഫ് ഡബർവിൽസ് നൃത്തരൂപത്തിൽ അവതരിപ്പിച്ചു. ഇതിൽ ഭരതനാട്യത്തിനു പശ്ചാത്തലമായി പാശ്ചാത്യ സംഗീത ഉപകരണങ്ങളും ഉപയോഗിച്ചു. വീട്, കുടുംബം തിരുവനന്തപുരത്ത്.ഭർത്താവ് അനിൽ. സർക്കാർ ഉദ്യോഗസ്ഥനാണ്. ഏകമകൾ ലാവണ്യ, ചാർട്ടേഡ് അക്കൗണ്ടന്റ്. മാതാപിതാക്കൾ: രാജശേഖര വാരിയർ, ശ്രീദേവി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA