ADVERTISEMENT

സ്വപ്നത്തെ കൈയെത്തിപ്പിടിക്കാനാകുമോ? രാത്രിയിലെപ്പോഴോ കാണുന്ന സ്വപ്‌നങ്ങൾ ഉണരുന്ന ആ നിമിഷം തന്നെ ചിലപ്പോൾ മറന്നു പോയേക്കാം. ഒരു ദിവസം മുഴുവൻ മിനക്കെട്ടാലും ചിലപ്പോൾ ആ സ്വപ്നം ഓർത്തെടുക്കാൻ പറ്റിയെന്നും വരില്ല. ഇനി അഥവാ  ഭയപ്പെടുത്തുന്ന എന്തെങ്കിലും സ്വപ്നമാണ് കണ്ടതെങ്കിൽ അതിന്റെ ഭീതി എല്ലായ്പ്പോഴും വലയം ചെയ്തു നിൽക്കുകയും ചെയ്യും.

ഡ്രീം ക്യാച്ചർ എന്ന പേര് അമേരിക്കയിലെ ഗോത്ര വിഭാഗങ്ങൾക്കിടയിലാണ് ആദ്യമായി ഉടലെടുക്കുന്നത്. സ്വപ്നങ്ങളെ വേർതിരിച്ച് കാണാനാണ് അവർ ഇതുപയോഗിച്ച് തുടങ്ങിയത്. വിശ്വാസത്തിന്റെ പേരിൽ അമേരിക്കയിലെ ജനങ്ങൾ ഡ്രീം ക്യാച്ചർ ഉപയോഗിക്കുന്നുവെങ്കിൽ ഇന്ത്യയിൽ ഇത് കാഴ്ചയുടെ കൂടി മനോഹരമായ ആശയം പങ്കു വയ്ക്കുന്നു. മലയാളിയ്ക്ക് അത്ര പരിചിതമായ ഒന്നല്ല ഡ്രീം ക്യാച്ചറുകൾ . പക്ഷേ നമ്മുടെ ജീവിതത്തിന്റെയും ഭാഗമായി ഇപ്പോൾ ഡ്രീം ക്യാച്ചർ മാറാൻ തുടങ്ങുന്നു. ആ കഥയാണ് കേരളത്തിലെ ഡ്രീം ക്യാച്ചർ നിർമ്മാതാവായ ശ്രേയ ദീപക്കിന് പറയാനുള്ളത്. 

എന്താണ് ഡ്രീം കാച്ചർ

അനാദികാലം മുതൽ വിചിത്രവും ഭയാനകവുമായ ദുഃസ്വപ്നങ്ങൾ കുഞ്ഞുങ്ങളെ അലട്ടിയിരുന്നു. കുട്ടികൾ പരസ്പരം പറഞ്ഞു പറഞ്ഞു അതൊരു മഹാമാരിയായി അവിടെ പടർന്നു പിടിച്ചു. കുഞ്ഞുങ്ങളെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഉല്ലാസത്തോടെ വളരുന്നതിന് എന്താണ് വഴി എന്നന്വേഷിച്ച് ഉത്തരം കിട്ടാതെ കുഴങ്ങി. ഒടുവിൽ  എല്ലാവരും ചേർന്ന് ഷാമാൻ എന്ന  മഹാമാന്ത്രികനെ കാണുകയും തങ്ങളുടെ സങ്കടം ഉണർത്തിക്കുകയും ചെയ്തു. അദ്ദേഹം എല്ലാം ശ്രദ്ധിച്ചു കേട്ടതിനു ശേഷം അവരെ  സഹായിക്കാമെന്ന്  ഉറപ്പ് കൊടുത്തു. പക്ഷേ പരിഹാരം കാണുന്നതിനായി അദ്ദേഹത്തിന് ആത്മാക്കളുമായി സംവദിക്കണമായിരുന്നു.അതിനായി  സ്വപ്നങ്ങളുടെ ലോകത്തിലേക്ക് കടന്നേ മതിയാവുമായിരുന്നുള്ളൂ.അവിടേക്ക് കടക്കുന്നതിനിടെ അദ്ദേഹം - വായു, ഭൂമി, ജലം, അഗ്നി എന്നിവരാൽ ആശ്ലേഷിക്കപ്പെട്ടു.

വായു, മാതാപിതാക്കളുടെ അശങ്കയെകുറിച്ച് നേരത്തെ തന്നെ അറിയുകയും കാറ്റിന്റെ ചിറകിലേറി ആ വാർത്ത മറ്റുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു.സ്വപ്നങ്ങളുടെ ലോകത്തിലെ എല്ലാ ആത്മാക്കൾക്കും കുഞ്ഞുങ്ങളെ വലിയ ഇഷ്ടമായിരുന്നു, അതു കൊണ്ട് തന്നെ കുഞ്ഞുങ്ങൾ സമാധാനമായി ഉറങ്ങണമെന്നും, അതിനായി സഹായിക്കണമെന്നും അവർക്ക്  ആഗ്രഹമുണ്ടായിരുന്നു .ഷാമാൻ വായു, ഭൂമി, ജലം, അഗ്നി എന്നിവരോടൊപ്പം സ്വപ്നലോകത്തിൽ പോയി. കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ വഹിക്കാൻ വായുവിനും, വൃത്തത്തിനുള്ളിൽ സ്വപ്നങ്ങളെ ഒതുക്കി നിർത്താൻ ഭൂമിയ്ക്കും, സ്വപ്നങ്ങളെ കഴുകി നല്ലതും ചീത്തയും ആക്കി വേർതിരിക്കാൻ ജലത്തിനും,  ദുഃസ്വപ്നങ്ങളെ എരിച്ചുകളയാൻ സൂര്യനും  കഴിയും എന്നവർക്ക് അവിടെ വച്ച് മനസിലായി.

Dream Catcher
ഡ്രീം ക്യാച്ചർ

എന്നാൽ വായു വഹിച്ചു കൊണ്ടു വരുന്ന സ്വപ്നത്തെ പിടിച്ചു നിർത്താൻ എന്തെങ്കിലും ഒരു വിദ്യ ആവശ്യമായിരുന്നു. അവർ ആരും  അതിനെക്കുറിച്ചാദ്യം ചിന്തിച്ചിരുന്നില്ല. എല്ലാവരും വഴികളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. അവരുടെ ചർച്ച ഒരു എട്ടുകാലി മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാ സംഭാഷണങ്ങളും കേട്ട ശേഷം എട്ടുകാലിമുത്തശ്ശി ഇപ്രകാരം പറഞ്ഞു. മനോഹാരികളും, സ്നേഹസമ്പന്നരുമായ വായു,ഭൂമി,ജലം,അഗ്നി എന്നിവരെ, നിങ്ങൾ എല്ലാ ദിവസവും എന്നെ സഹായിക്കുന്നതു പോലെ, നല്ല സ്വപ്നങ്ങളെ മാത്രം സ്വപ്നം കാണുന്ന കുഞ്ഞുങ്ങളിലേക്ക് കടത്തിവിടുന്ന ഒരു പ്രത്യേക വല നെയ്തെടുത്ത് നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയും.

എട്ടുകാലി മുത്തശ്ശി വലനെയ്യുകയും ഡ്രീം ക്യാച്ചർ (Dream Catcher) ഉണ്ടാക്കുകയും ചെയ്തു. സ്വപ്നങ്ങളുടെ ലോകത്തിൽ നിന്ന് മടങ്ങുമ്പോൾ ഷാമാൻ ആ ഡ്രീം ക്യാച്ചറും കൊണ്ടു വന്നു. എല്ലാ കുടുംബങ്ങളിലും  ഡ്രീം ക്യാച്ചർ നിർമ്മിച്ച് കുട്ടികൾ ഉറങ്ങുന്ന മുറിയിൽ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തായി തൂക്കിയിട്ടു. പിന്നീടൊരിക്കലും കുഞ്ഞുങ്ങൾ ദു:സ്വപ്നങ്ങൾ കണ്ട് അസ്വസ്ഥരായില്ല.... മനോഹരമായ സ്വപ്നങ്ങൾ കണ്ട് അവർ സമാധാനത്തോടെ ഉറങ്ങി.

ഡ്രീം ക്യാച്ചർ പിടികൂടുന്ന സ്വപ്‌നങ്ങൾ

നല്ല സ്വപ്നങ്ങളെ ഡ്രീം ക്യാച്ചർ അതിന്റെ അലുക്കുകളിലൂടെ കടത്തിവിടും.അത് ഡ്രീം ക്യാച്ചറിലെ വർണ തൂവലുകൾ വഴി താഴെ ഉറങ്ങി കിടക്കുന്നവരിൽ എത്തും. ദുസ്വപ്‌നങ്ങൾ അതിൽ കുരുങ്ങി കിടക്കും. ആ ദുസ്വപ്നങ്ങൾ പിറ്റേന്നത്തെ ആദ്യത്തെ സൂര്യ രശ്മി പതിക്കുമ്പോൾ നശിച്ചു പോവും.Objiwian  എന്ന അമേരിക്കൻ ആദിവാസി ഗോത്ര വിഭാഗത്തിന്റേതാണ് ഈ ആശയം.

ഇന്ത്യയിൽ ഇത് 

ഏതാണ്ട് ഒരു വർഷത്തോളമായി ഇതിന്റെ പുറകെയാണ്. അമേരിക്കയിലൊക്കെ ഇപ്പോഴും വിശ്വാസത്തോടെയാണ് ഇതുപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നമ്മുടെ നാട്ടിലൊക്കെ വീട് അലങ്കരിക്കാനുള്ളൊരു വസ്തു എന്നതാണ് ഡ്രീം ക്യാച്ചർ. അമേരിക്കയിൽ അത് പരമ്പരാഗതമായ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ വിശ്വാസവുമായി പൊരുത്തപ്പെടാത്തതുകൊണ്ടോ എന്തോ നമ്മുക്ക് അതിനെ അങ്ങനെ കാണാനാകില്ല. ഇന്ത്യയിലിത് ലഭിക്കുമെങ്കിലും അമേരിക്കയിൽ നിർമ്മിക്കുന്നത് പോലെയുള്ളവ ഇവിടെ കിട്ടാറില്ല. ഇതിന്റെയൊക്കെ ഇന്ത്യൻ വേർഷനാണ് ലഭിക്കുന്നത്.വൃത്തമാണ് അടിസ്ഥാനമായുള്ള ഘടന. അത് ചെയ്യാൻ തന്നെ ഒരു ദിവസം ആവശ്യമുണ്ട്. ബാക്കിയൊക്കെ അതനുസരിച്ച് ചെയ്‌തെടുക്കും.

ശ്രേയയുടെ സ്വപ്ന സഞ്ചാരം 

ഞങ്ങൾക്കൊരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുണ്ട്. അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ഒരു ഗ്രൂപ്പ്. കഴിഞ്ഞ പുതുവർഷത്തിൽ എല്ലാവരും ചേർന്ന് ഒരു ആവശ്യം മുന്നോട്ടു വച്ചു. എല്ലാവരും പുതിയ ഓരോ ആശയങ്ങൾ അവതരിപ്പിക്കുക. അങ്ങനെ എന്റെ മനസ്സിൽ ആ സമയത്തുണ്ടായ ആശയമാണ് നമ്മൾ ഉപയോഗശേഷം വലിച്ചെറിയുന്ന, അല്ലെങ്കിൽ പഴയ വസ്തുക്കൾ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുക എന്നത്. അങ്ങനെ ക്രാഫ്റ്റ് ജോലികളുടെ പല ആശയങ്ങൾക്കിടയിലേക്കാണ് ഡ്രീം ക്യാച്ചറിനെ ലഭിക്കുന്നത്.

ഞാൻ ആദ്യമായി ആയിരുന്നു അതിനെ കുറിച്ച് കേൾക്കുന്നത്. ആ പേരിലുള്ള കൗതുകം, ഡ്രീം ക്യാച്ചർ ഇത് സ്വപ്നങ്ങളെ ക്യാച്ച് ചെയ്യുമോ  എന്ന കൗതുകത്തിന്റെ പുറത്താണ് ആദ്യത്തേത് ഉണ്ടാക്കുന്നത്. പക്ഷേ ചെയ്തത് ഇഷ്ടമായ കൂട്ടുകാർ അത് വാങ്ങി, കണ്ടവർ പിന്നെയും ആവശ്യപ്പെട്ടു വരാൻ തുടങ്ങി. ഒരിക്കൽ വാങ്ങിയവർ തന്നെയാണ് ഇതിന്റെ വിപണി എനിക്ക് വേണ്ടി കണ്ടെത്തുന്നത്, അവർ മറ്റുള്ളവരോട് പറയുകയും പലരിലേയ്ക്കും അതെത്തുകയും ചെയ്തു. പിന്നീട് ഡ്രീം ക്യാച്ചറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി, അതിന്റെ ആശയം മനസ്സിലാക്കി, അത് പുറത്തുള്ളവരിലേയ്ക്ക് എത്തിക്കാൻ ഫെയ്‌സ്ബുക്കിൽ പുതിയ പേജ് തുറന്നു. ഒപ്പം ഇതിന്റെ നിർമ്മാണ വിഡിയോ ഞാൻ ചെയ്തത് യൂട്യുബിലും ലഭ്യമാണ്. 

വിശ്വാസവുമാണ്, ഊർജ്ജവും

sreya-with-husband-01
ശ്രേയയും ഭർത്താവ് ദീപക്കും

എല്ലാവരും ചോദിക്കുന്നൊരു ചോദ്യമാണ് ഡ്രീം ക്യാച്ചർ വീട്ടിൽ തൂക്കിയാൽ നല്ല സ്വപ്നം മാത്രമേ കാണുകയുള്ളോയെന്ന്. അതൊരു വിശ്വാസത്തിന്റെ ഭാഗം ആണ്. അമ്പലത്തിൽ ഈശ്വരനുണ്ടോ എന്ന് ചോദിക്കും പോലെ. വിശ്വാസമുള്ളവർ വിശ്വസിക്കുന്നു.

ഇതെനിക്കു തരുന്നത് പോസിറ്റീവ് എനർജി ആണ്. ഞാൻ ഇതുണ്ടാകാൻ തുടങ്ങിയതു മുതൽ ഒരു ഊർജ്ജം ജീവിതത്തിൽ അനുഭവിക്കാനാകുന്നുണ്ട് .അത് ഒരുപക്ഷേ എനിക്ക് ഇതിനോടുള്ള താൽപ്പര്യം കാരണവുമാകാം. ഉണ്ടാക്കുമ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലാണ്. അതിൽ നിന്നും കിട്ടുന്ന പണത്തേക്കാൾ അത് വാങ്ങുന്നവരുടെ സംതൃപ്തിയും സന്തോഷവും തന്നെയാണ് എനിക്ക് പ്രധാനം. ദൽഹി വരെ എന്റെ ഡ്രീം ക്യാച്ചർ പോയിട്ടുണ്ട്. ഇതുവരെ ഏതാണ്ട് നൂറിലധികം ഡ്രീം ക്യാച്ചറുകളുണ്ടാക്കിയിട്ടുണ്ട്. പലരുമിതു വാങ്ങുന്നത് തന്നെ സമ്മാനങ്ങളായി നൽകാൻ വേണ്ടിയാണ്. പിന്നെ ഇതിന്റെയൊരു പ്രധാന ഗുണം ഇത് ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അതിന്റെ പ്രൊമോഷനായും ഞാനിത് ഉപയോഗിക്കുന്നുണ്ട്. 

ഞാൻ ശ്രേയ

ദീപക്ക് എന്നാണ് ഭർത്താവിന്റെ പേര്. കോഴിക്കോട് കലക്ട്രേറ്റിൽ ക്ലർക്കാണ് . എന്റെ ഇമ്മാതിരി ഇഷ്ടങ്ങൾക്കൊന്നും അദ്ദേഹം എതിർപ്പ് പറയാറില്ല. ഒപ്പം നിൽക്കുകയും ചെയ്യാറുണ്ട്.  ഞാൻ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു കുറച്ചുനാൾ ട്യൂഷനൊക്കെയെടുത്തിരുന്നു. പക്ഷേ ഒന്നിലും സംതൃപ്തി ലഭിച്ചില്ല. അങ്ങനെയത് വേണ്ടെന്നു വച്ചു.  പശുവും ജൈവകൃഷിയുമൊക്കെയായി കുറച്ചു കാലം വീട്ടിൽ കൂടി. ദീപുവേട്ടന്റെ ജോലിയുടെ ആവശ്യത്തിനായി ടൗണിലേക്ക് ഷിഫ്റ്റ്‌ ചെയ്യേണ്ടി വന്നപ്പോൾ അതൊക്കെ ഒഴിവാക്കേണ്ടി വന്നു. ചെടി നട്ടു വളർത്തുന്നതാണ് എപ്പോഴും എനിക്ക് ഏറ്റവും സന്തോഷം തരുന്നൊരു കാര്യം. ഇപ്പോൾ ക്ലാസ്സ്‌ എടുക്കൽ തുടരുന്നുണ്ട് പിന്നെ വിത്ത് പേന നിർമാണം, കുരുത്തോല കൊണ്ടുള്ള കളിപ്പാട്ട നിർമാണം അങ്ങനെ അങ്ങനെ പോകുന്നു.

സുഹൃത്തുക്കളും അംഗീകാരങ്ങളും

സുഹൃത്തുക്കളാണ് ഏറ്റവും വലിയ ശക്തി. അവർ കാരണമാണ് ഇങ്ങനെയൊരു ആശയം പോലും ലഭിക്കുന്നത്. ഇപ്പോൾ മറ്റൊരു സന്തോഷം ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചറായി എന്റെ ഡ്രീം ക്യാച്ചർ ഒഫീഷ്യൽ ആയി വരാനുള്ള കാത്തിരിപ്പിലാണ്. അങ്ങനെയാണെങ്കിൽ അതൊരു ഗിന്നസ് ലോക റെക്കോർഡാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com