ADVERTISEMENT
arunima-01
അരുണിമ വരച്ച ചിത്രം, അരുണിമ

25 വയസ്സുവരെ കാർ റേസിനെയും ഒറ്റയ്ക്കുള്ള യാത്രകളെയും പ്രണയിച്ച, ചിത്രരചനയെപ്പറ്റി ഒരു ഐഡിയയുമില്ലാതിരുന്ന അരുണിമ രാജൻ എന്ന പത്തനംതിട്ടക്കാരി പെൺകുട്ടിയുടെ ജീവിതം കാൻസർ കണ്ടെത്തുന്നതിനു മുൻപും ശേഷവും എന്നു രണ്ടായി പകുക്കുകയാണ്. കീമോയുടെ അതികഠിനമായ വേദന മറക്കാൻ ചിത്രരചന തുടങ്ങിയ അവളുടെ ആദ്യ ചിത്ര പ്രദർശനം കഴിഞ്ഞ ആഴ്ച നടന്നു. ജിവിതത്തിൽ വന്നു ചേരുന്ന എന്തിലും നൻമ കണ്ടെത്താൻ ഓർമിപ്പിക്കുന്ന അരുണിമയുടെ ജീവിതത്തിലൂടെ...

ചിലരങ്ങനെയാണ്, സ്വയമെരിഞ്ഞ് ചുറ്റും പ്രകാശം പരത്തുന്ന വിളക്ക് പോലെ... അവരെ നോക്കുമ്പോഴൊക്കെ സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു കുഞ്ഞല വന്നു നമ്മെ തൊടും. ആ പ്രകാശത്തിന്റെ ഒരു തുണ്ട് നമ്മിലും നിറയും. അങ്ങനെയൊരു പെൺകുട്ടിയുടെ കഥയാണിത്. കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, പിന്നെ ഞാനെന്തിന് സങ്കടപ്പെടണം എന്നു ചോദിച്ചുകൊണ്ട് ചിരി വിതറുന്നൊരു പെൺകുട്ടി. എന്റെ കാറിവിടെ കാത്തുകിടക്കുമ്പോൾ അങ്ങനെയങ്ങു പോകാൻ പറ്റുമോ എന്നു ചോദിച്ചുകൊണ്ട് ആവേശംകൊള്ളുന്നൊരു പെൺകുട്ടി... 

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

അരുണിമയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ, അസുഖം വന്നതിനു ശേഷം കുറേക്കൂടി സ്ട്രോങ് ആയി. ജീവിതത്തിൽ ആരൊക്കെ കൂടെ നിൽക്കും എന്നു മനസ്സിലാക്കാനായി. ചിത്രങ്ങൾ വരച്ചു തുടങ്ങി. അങ്ങനെ എല്ലാം പോസിറ്റീവ്. ‘കീമോ മരുന്ന് ശരീരത്തിൽ കയറി കഴിഞ്ഞപ്പോൾ ഉണ്ടായ 'കല' എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി അനിയത്തി അനുപമയുടെ കമന്റ്. 

കീമോയുടെ തളർച്ചയും വേദനയും മറികടക്കാൻ വരച്ചുതുടങ്ങിയതാണ്. രാത്രി പൊതുവേ ഉറക്കം കുറവാണ്. അങ്ങനെ വരച്ചു കൂട്ടിയ ചിത്രങ്ങൾ ചേർത്ത് കഴിഞ്ഞ ദിവസം ആദ്യ പ്രദർശനവും നടത്തി. അമൃത ആശുപത്രിയിലെ കാൻസർ ദിനാചരണത്തോട് അനുബന്ധിച്ചായിരുന്നു എക്സിബിഷൻ. 

ക്ഷണിക്കാത്ത അതിഥിയായി

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

കഴിഞ്ഞ ജൂണിൽ ക്ഷണിക്കാത്ത അതിഥിയായി കാൻസർ കടന്നുവന്നപ്പോൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലത്തായിരുന്നു അരുണിമ. നല്ല ജോലി, സ്വന്തമായി വാങ്ങിയ കാറിൽ ഒറ്റയ്ക്കുള്ള യാത്രകൾ, അച്ഛൻ, അമ്മ, അനിയത്തി, ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ജീവിതത്തിലേക്കു ചേർത്ത പ്രണയം. ഇടയ്ക്ക് ചെറിയ മോഡലിങ്.  അങ്ങനെ ലോകത്തിന്റെ കണ്ണിൽ ഏറ്റവും സന്തോഷത്തോടെ പറന്നുപോയ കാലം. 

അമൃത ആശുപത്രി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജോലി വിട്ട് കൂടുതൽ യാത്രകൾ പോകാൻ സൗകര്യപ്രദമായ ഒരു ജോലി കണ്ടെത്തിയ സമയമായിരുന്നു. പിന്നെയാണ് ട്വിസ്റ്റ്. അരുണിമയുടെ ഭാഷയിൽ പറഞ്ഞാൽ ‘പുതിയ ഓഫിസിൽ ജോലിക്കുകയറും മുൻപ് പല്ലുവേദന ശരിയാക്കാൻ ആശുപത്രിയിൽ പോയ അവൾക്ക് ആശുപത്രി വാസത്തിന്റെ കാര്യത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല’.പല്ലുവേദനയ്ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ നിന്നു. ഛർദിയും തുടങ്ങി.

തുടക്കം അണുബാധ

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്കാൻ ചെയ്തപ്പോൾ കുടലിൽ ചെറിയ അണുബാധ പോലെ കണ്ടു. പക്ഷേ വയറിനു പുറത്ത് ഡോക്ടർ കൈതൊട്ടതോടെ വേദന തോന്നി. കൂടുതൽ പരിശോധനയ്ക്കായി തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ. പനി കുറഞ്ഞെങ്കിലും ഒന്നു കൂടി പരിശോധിപ്പിച്ചേക്കാം എന്നു കരുതിയാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തുന്നത്.

കുടലിൽ അണുബാധയുള്ളതായും പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. കീഹോൾ സർജറി കഴിഞ്ഞതോടെ ഡോക്ടർക്ക് അസുഖം ബോധ്യപ്പെട്ടു. കുടലിലെ കാൻസർ നാലാം സ്റ്റേജിലായിരുന്നു അപ്പോൾ. ബയോപ്സി റിസൽറ്റ് എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന അനിയത്തി അനുപമയോടും അരുണിമയുടെ ഭർത്താവ് സുശീലിനോടുമാണ് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചത്. നാലാം സ്റ്റേജ് ആണ്. ഒരുറപ്പും പറയാനാകില്ല. മൂന്നു കീമോ കഴിഞ്ഞിട്ട് ശസ്ത്രക്രിയ. അതിനുശേഷം ബാക്കിയെല്ലാം എന്നു പറഞ്ഞു ഡോക്ടർ പോയി.

ആരും പറയാതെ തിരിച്ചറിഞ്ഞു

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

അരുണിമയോട് കാര്യങ്ങൾ പറയണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും എങ്ങനെ പറയുമെന്നോ പ്രതികരണം എന്തായിരിക്കുമെന്നോ അറിയാതെ അവർ സങ്കടപ്പെട്ടു. എന്തോ പ്രശ്നമുണ്ടെന്നു ബോധ്യപ്പെട്ട അരുണിമ ഇടയ്ക്ക് ആരും കാണാതെ ട്രീറ്റ്മെന്റ് സമ്മറി വായിച്ചുനോക്കി. ഒന്നും പിടികിട്ടിയില്ല. കടുകട്ടി മെഡിക്കൽ പദങ്ങൾ. ഒന്നു ഗൂഗിൾ ചെയ്തപ്പോൾ എന്താണ് അസുഖമെന്ന് ആരും പറയാതെ അരുണിമയ്ക്ക് ബോധ്യപ്പെട്ടു.

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

ഗാസ്ട്രോ സർജൻ ഡോ. രാമചന്ദ്ര മേനോനും ഓങ്കോളജി ഡോക്ടർ പവിത്രനും നൽകിയ ബലത്തിൽ കീമോ തുടങ്ങി. കീമോ കഴിഞ്ഞാൽ 5 ദിവസം വെന്റിലേറ്ററിൽ നാലു ദിവസം ഐസിയുവിൽ, പിന്നെ വാർഡിൽ എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. ശരീരം വളരെ വേഗം മരുന്നുകളോട് പ്രതികരിച്ചു. നാലുദിവസത്തിനു ശേഷം വാർഡിൽ എത്തിയ അരുണിമ പിന്നീട് 65 ദിവസം അതേ കട്ടിലിൽ കഴിഞ്ഞു.

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

ആദ്യ കീമോയിൽ തന്നെ കുടൽ പൊട്ടിയിരുന്നു. ഇതറിയാതെ സാധാരണ പോലെ ഭക്ഷണവും വെള്ളവും കഴിച്ചതോടെ അവശിഷ്ടങ്ങൾ വയറിലാകെ വ്യാപിച്ചു. അണുബാധ ശക്തമായി. ശരീരത്തിലാകെ നീരു വന്നു. പ്രത്യേകമായി അവയവങ്ങളെ ബാധിച്ചില്ലെങ്കിലും ശരീരത്തിൽ പലഭാഗത്തായി പഴുപ്പ് നിറഞ്ഞു. ഉടൻ ശസ്ത്രക്രിയ നടത്തി കുടൽ പുറത്തെടുത്തു.

പലയിടത്തായി പിക് ടെയിൽ (ചെറിയ കുഴലുകൾ) ഇട്ട് പഴുപ്പ് വലിച്ചെടുത്തു കൊണ്ടിരുന്നു. രക്തം കട്ടപിടിച്ചതിനെ ത്തുടർന്ന് ഒരു കാൽ പൂർണമായി മടങ്ങിപ്പോയി. അങ്ങനെ 65 ദിവസം. വയറിലെ മുറിവ് പൂർണമായി സ്റ്റിച്ച് ഇട്ടില്ല. പഴുപ്പ് തനിയെ പുറത്തേക്ക് പോകാൻ തുറന്നുവച്ചിരിക്കുകയായിരുന്നു.

ഉണങ്ങാത്ത മുറിവുമായി പത്തനംതിട്ടയിലേക്ക്

Arunimas Drawing
അരുണിമ വരച്ച ചിത്രം

ഓഗസ്റ്റിൽ കേരളം പ്രളയത്തിൽ മുങ്ങി ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ മാറ്റിത്തുടങ്ങി. തൊട്ടടുത്ത് വീടെടുത്ത് മാറാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പത്തനംതിട്ട മല്ലശേരിയിലെ വീട്ടിലേക്ക് വരണം എന്നു അരുണിമ വാശി പിടിച്ചു.

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

രണ്ടു മാസം മാത്രം ഡോക്ടർമാർ ആയുസ്സ് വിധിച്ചപ്പോൾ തന്റേതായ ഇടങ്ങൾ ഒരിക്കൽ കൂടി കാണാനുള്ള ആഗ്രഹമായിരുന്നു ആ വാശിക്കു പിന്നിൽ. ഓണം, 26–ാം പിറന്നാൾ, വിവാഹ വാർഷികം എല്ലാം ഒന്നിച്ചുവന്നു. പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ ഇലയിട്ട് സദ്യയുണ്ടു. ആ കുറച്ചുദിവസങ്ങൾ വല്ലാത്ത പോസിറ്റീവ് എനർജി നിറച്ചു.

മടങ്ങിവരവിന്റെ രാത്രി

Arunimas Drawing
അരുണിമ വരച്ച ചിത്രങ്ങൾ

ഒരു രാത്രി മനസ്സിൽ എല്ലാ കരുത്തും വാരിപ്പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. മടങ്ങിപ്പോയ കാൽ ഒരു വിധം നിവർത്തിവച്ച് അവൾ കൺമുന്നിൽ ചെന്നുനിന്നപ്പോൾ വീട്ടുകാർ പോലും അദ്ഭുതപ്പെട്ടു. ആളുകൾ താങ്ങിയെടുത്ത് വീൽചെയറിൽ ഇരുത്തി കൊണ്ടുവന്ന അരുണിമ അങ്ങനെ ഓഗസ്റ്റ് 31ന് ആദ്യ കീമോയ്ക്കായി എറണാകുളത്തേക്കു പോകാനിറങ്ങിയത് സ്വയം നടന്നായിരുന്നു. സെപ്റ്റംബർ 22ന് വീണ്ടും ഒന്നു മുതൽ കീമോ ആരംഭിച്ചു. എട്ടാമത്തെ കീമോ കഴിഞ്ഞതിനുശേഷം പ്രിയപ്പെട്ട കാർ ഓടിച്ചു തുടങ്ങി. 12 കീമോ ആണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. 10 എണ്ണം പൂർത്തിയായി.

2 കീമോ കൂടി കഴിഞ്ഞ് കുടൽ തിരികെ വയറിനുള്ളിൽ വയ്ക്കാൻ ശസ്ത്രക്രിയ. അതുകൂടി കഴിഞ്ഞാൽ പുതിയ ദൂരങ്ങളിലേക്ക് കുതിക്കാനുള്ള തയാറെടുപ്പിലാണ് അരുണിമയിപ്പോൾ. (പത്തനംതിട്ട മല്ലശേരി കാലായിൽ വീട്ടിൽ രാജന്റെയും ജയയുടെയും മകളാണ് അരുണിമ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com