ADVERTISEMENT

‘മലയാളസിനിമയുടെ പിന്നണിയില്‍ കണ്ടുതുടങ്ങിയ ആദ്യകാല പെണ്മുഖങ്ങളില്‍ ഒന്നാണ് അംബികാ റാവുവിന്റേത്. 2002ല്‍ ബാലചന്ദ്രമേനോന്‍റെ സഹസംവിധായികയായി തുടക്കം.പിന്നീടിങ്ങോട്ട്‌  ഒട്ടുമിക്ക സംവിധായകരുടേയും കൂടെ അസിസ്സ്റ്റന്‍റായും അസോസിയേറ്റായും കുറേക്കാലം.അതോടൊപ്പം പല സിനിമകളിലും ശ്രദ്ധിക്കപ്പെട്ട ചില ചെറുവേഷങ്ങള്‍.പിന്നീട് ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ബ്രേക്ക്. ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്സില്‍ സിമിയുടേയും ബേബി മോളുടെയും അമ്മയായി തിരിച്ചുവരവും..

കുമ്പളങ്ങി നൈറ്റ്സ്

ഞാന്‍ ഒട്ടും പ്ലാന്‍ ചെയ്ത് സിനിമയിലേയ്ക്ക് വന്നയാളല്ല.വേറെ പല മേഖലയിലും ജോലി ചെയ്ത് വളരെ താമസിച്ചാണ് സിനിമയില്‍ എത്തുന്നതെന്ന് പറയാം. കുറേക്കാലം സിനിമയില്‍ നിന്നു. പിന്നീട് പല കാരണങ്ങളാല്‍ വിട്ടു നില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലൂടെ തിരിച്ച് വന്നു. എനിക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ അറിയാവുന്ന ടീമാണ്.അവര്‍ക്ക് ആരെ വേണമെങ്കിലും വിളിച്ച് ആ  റോള്‍ കൊടുക്കാവുന്നതേയുള്ളൂ. ഞാന്‍ അത്ര വലിയ അഭിനേത്രിയൊന്നുമല്ലല്ലോ. സൗഹൃദത്തിന്റെ പുറത്ത് എന്നെ വിളിച്ചതാവും..പഴയ ആളുകള്‍ പലരും സിനിമ കണ്ടിട്ട് വിളിച്ചു.സ്ക്രീനില്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് പറഞ്ഞു.സിനിമ സൗഹൃദത്തിന്‍റെ ഒരിടമാണല്ലോ. സന്തോഷം.

സിനിമയിലേയ്ക്ക്

ambika-rao-01
അംബികാ റാവു

2002ല്‍‌ ബാലചന്ദ്രമേനോന്‍റെ കൃഷ്ണാ ഗോപാലകൃഷ്ണാ ആണ് ആദ്യമായി അസിസ്റ്റ് ചെയ്ത സിനിമ. സാധാരണ ആളുകള്‍ ചെറുപ്പത്തിലാണ് സിനിമയിലേയ്ക്ക് വരുന്നത്. ഞാന്‍ വരുമ്പോൾത്തന്നെ മുപ്പത്തിയേഴു വയസ്സുണ്ട്. എനിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ എൻട്രി കിട്ടിയെന്നു പറയാം. കൈരളിയില്‍ മോഹന്‍ കുപ്ലേരി ചെയ്ത യാത്ര എന്ന സീരിയലില്‍ വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെയാണ് ഷൂട്ടിങ് പ്രോസസ് ഒക്കെ കണ്ടു പരിചയിക്കുന്നത്.അങ്ങനെയാണ് സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ഒരു ഇഷ്ടമുണ്ടാകുന്നത്. ആ സമയത്ത് തിരുവനന്തപുരത്തായിരുന്നു താമസം. അങ്ങനെ ബാലചന്ദ്ര മേനോനെ ചെന്നുകാണുന്നു. വര്‍ക്ക് ചെയ്യാന്‍ താൽപര്യമുണ്ട് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിളിക്കാമെന്നു പറഞ്ഞുവിട്ടു.വിളിക്കുമെന്ന് ഞാന്‍ പോലും പ്രതീക്ഷിച്ചില്ല.

കുടുംബപശ്ചാത്തലം

സിനിമയില്‍ ഞാന്‍ വരുന്ന സമയത്ത് സ്ത്രീകള്‍ വിരലിലെണ്ണാന്‍ പോലുമില്ല. എന്‍റെ കുടുംബത്തിലൊന്നും ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമില്ല. തൃശ്ശൂരിലെ സാധാരണ കുടുംബം. എല്ലാവർക്കും കല,സംഗീതം എന്നൊക്കെ പറഞ്ഞാല്‍ ഇഷ്ടമായിരുന്നു. നല്ല കലാസ്വാദകരായിരുന്നു. അച്ഛന്‍ മലയാളിയല്ല. മറാത്തിയാണ്. അദ്ദേഹം കുറച്ച് പുരോഗമന ചിന്തയൊക്കെ ഉള്ള ആളായിരുന്നു. മക്കള്‍ക്ക് സ്വാതന്ത്ര്യം ഒക്കെ തന്നിരുന്നു. അന്ന് പെണ്‍കുട്ടികള്‍ ഗ്രൂപ്പ് ചേര്‍ന്ന് സിനിമ കാണാന്‍ പോകുന്ന ട്രെന്‍ഡ് ഒക്കെ ഞങ്ങളാണ് തുടങ്ങിയതെന്ന് തോന്നുന്നു.അമ്മ അതിനൊക്കെ മടി പറയുമായിരുന്നു.അച്ഛന്‍ പറയും പോയിട്ട് വരട്ടെ എന്നൊക്കെ. അന്നും എല്ലാ സിനിമയും കാണുമായിരുന്നു.സിനിമ എന്നും കൂടെയുണ്ടായിരുന്നു. പിന്നെ ജീവിതം ഓരോ സ്ഥലത്ത് കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ സിനിമയില്‍ത്തന്നെ എത്തി. .

അന്യഭാഷാനടിമാരുടെ  പ്രിയപ്പെട്ട അസിസ്റ്റന്റ്

ambika-02
അംബികാ റാവു

വിനയന്‍ സാറിന്‍റെ കൂടെ വെള്ളിനക്ഷത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് പറയുന്നത് പ്രധാന വേഷം ചെയ്യുന്ന കുട്ടിയ്ക്ക് മലയാളം അറിയില്ല.അപ്പോൾ അതിനെ ഡയലോഗ് പഠിപ്പിച്ച് കൊടുക്കേണ്ട ചുമതല കിട്ടി. അതൊരു തുടക്കമായി. പിന്നീട് നോണ്‍-മലയാളി ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ടെങ്കില്‍ അവരെ മാനേജ് ചെയ്യുക,സംഭാഷണം പഠിപ്പിയ്ക്കുക എന്നൊക്കെയുള്ള ആവശ്യങ്ങള്‍ക്ക് സംവിധായകര്‍ വിളിച്ച് തുടങ്ങി. എനിക്കും ഇഷ്ടമായിരുന്നു. കംഫര്‍ട്ട് ഉണ്ട്. ദിവസങ്ങളോളം സെറ്റില്‍ തങ്ങേണ്ടതില്ല.ആ ആര്‍ട്ടിസ്റ്റ് സെറ്റില്‍ വരുമ്പോള്‍ മാത്രം ചെന്നാല്‍ മതിയല്ലോ. അങ്ങനെ കുറെ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തു. .തൊമ്മനും മക്കളും,രാജമാണിക്യം എന്നിങ്ങനെ ഒരുപാട് സിനിമകള്‍.

ജോഷി സാറിനെപ്പോലെയുള്ള സീനിയേഴ്സ് തൊട്ട് ആഷിക് അബു, രൂപേഷ് പീതാംബരന്‍ പോലെയുള്ള സംവിധായകരുടെ കൂടെ വരെ വര്‍ക്ക് ചെയ്യാന്‍ ഭാഗ്യമുണ്ടായി.ഇവരുടെയെല്ലാം ശൈലിയും,രീതികളും ഒക്കെ കാണാനും മനസ്സിലാക്കാനും സാധിച്ചു. കണ്ണിന്‍റെ മുന്നിലൂടെ സിനിമ ഇങ്ങനെ മാറി മാറി വന്നപോലെയുണ്ട്. പുതിയ പിള്ളേരൊക്കെ മിടുക്കന്മാരാണ്.

അഭിനയത്തിലേയ്ക്ക്

ലാല്‍ ജോസാണ് ആദ്യമായി ഒരു റോള്‍ തരുന്നത്. മീശമാധവനില്‍ ഒരു ചെറിയ വേഷം. സത്യന്‍ സാറിന്‍റെ സിനിമകളിലും അവസരങ്ങള്‍ തന്നിട്ടുണ്ട്. അസിസ്റ്റന്റ് ജോലി മാറ്റി വച്ച് പോയി ചെയ്യേണ്ട തരത്തിലുള്ള ഒരു വേഷമൊന്നും കിട്ടിയിരുന്നില്ല.അതുകൊണ്ട് ആ വഴിയ്ക്ക് അധികം നീങ്ങിയതുമില്ല. കുറച്ച് ഫാമിലി ഇഷ്യൂസ് കാരണം കുറച്ച് നാള്‍ വിട്ടു നിന്നു. പിന്നീട് തിരിച്ചു വന്നപ്പോഴേക്കും പുതിയ ആള്‍ക്കാരായി.സിനിമ അങ്ങനെയാണ്.കുറ്റപ്പെടുത്തിയിട്ടോ പരാതി പറഞ്ഞിട്ടോ കാര്യമില്ല.സിനിമയില്‍ ഭാഗ്യം കൂടെ തുണയ്ക്കണം.ഒരു സിനിമയില്‍ നല്ല വേഷം ചെയ്തു എങ്കിലും ആജീവനാന്തം എന്നൊന്നുമില്ല.എത്രയോ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്.

സിനിമയിലെ സ്ത്രീകള്‍

ഞാന്‍ വന്ന സമയത്ത് പെണ്‍കുട്ടികളെ അസിസ്റ്റന്റ് ആയി എടുക്കാനൊക്കെ സംവിധായകര്‍ക്ക് മടിയായിരുന്നു. പല കാരണങ്ങളുണ്ട്. ഒന്നാമത് അവരുടെ സുരക്ഷയുടെ ഒരു വലിയ ഉത്തരവാദിത്തമുണ്ട്. ആണ്‍കുട്ടികള്‍ ആണെങ്കില്‍ എല്ലാവരും കൂടെ ഒരു മുറിയിലൊക്കെ കിടന്നോളും. പെണ്‍കുട്ടികള്‍ക്ക് വേറെ റൂം ഒക്കെ കൊടുക്കേണ്ടി വരും. ആ ചെലവ് കുറയ്ക്കാല്ലോ എന്ന ചിന്ത. പിന്നീട് അതൊക്കെ മാറി. അസിസ്റ്റ് ചെയ്യാന്‍ മിടുക്കരായ  പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരുന്നവരുണ്ട്.

സിനിമ എനിക്ക്  പുതിയ മീഡിയമായിരുന്നു. പക്ഷേ പുറത്ത് പലയിടങ്ങളില്‍ ജോലി ചെയ്ത്,ഒരുപാട് യാത്ര ചെയ്ത് അതിനൊക്കെ ശേഷമാണ് ഞാന്‍ സിനിമയിലെത്തുന്നത്.അതുകൊണ്ടാവാം എനിക്ക് തന്നെ ഡീല്‍ ചെയ്യാവുന്ന പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ. പക്ഷേ ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ അത് എങ്ങനെ ഡീല്‍ ചെയ്യണം,എവിടെപ്പോയി പറയണംഎന്നൊക്കെ ഉള്ളപ്പോള്‍ ഒരിടം നല്ലതാണ്.

ambika-with-jackie-shroff-01
ജാക്കി ഷറോഫിനൊപ്പം അംബികാ റാവു

ഈ പ്രശ്നങ്ങള്‍ ഒക്കെ എല്ലായിടത്തുമുണ്ട്.സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ജോലി ചെയ്യുന്ന എല്ലായിടത്തും ഇതേ പ്രശ്നങ്ങളുണ്ട്. ഞാന്‍ മുൻപ് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. മീഡിയ സ്ഥാപനങ്ങളില്‍ ഇല്ലേ പ്രശ്നങ്ങള്‍? ഇവിടെയെല്ലാം അധികാരം കയ്യാളുന്നത് പുരുഷന്മാര്‍ തന്നെയാണ്. ഈ പ്രശ്നങ്ങള്‍ ആദ്യം പറയുമ്പോള്‍ ഇതൊക്കെ എല്ലായിടത്തുമുണ്ട് എന്ന് തന്നെയായിരിക്കും മറുപടി.എന്നാല്‍ തുടര്‍ന്നും മുന്നോട്ടു പോകാന്‍ വയ്യാത്ത വിധം അത് മാനസികമായി ബാധിയ്ക്കുന്നുണ്ട് എങ്കില്‍ അത് പറയാന്‍ സുരക്ഷിതമായ ഒരു സ്ഥലമോ വിശ്വസിക്കാവുന്ന ഒരു കൂട്ടം ആളുകളോ ഉണ്ടാവുന്നത് എപ്പോഴും നല്ലതാണ്.

ഇത്രടും കഷ്ടപ്പെട്ട് എന്തിനാണ് ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് എന്ന ചോദ്യം തന്നെ ഒരു മണ്ടത്തരമാണ്. അതിന് ഉത്തരവുമില്ല. ഒരാള്‍ക്ക് കഴിവുണ്ട്, ഇഷ്ടപ്പെട്ട ജോലി ചെയ്യണമെന്നുണ്ട് പക്ഷേ ആരുടെയെങ്കിലും തോന്ന്യാസത്തിന് വഴങ്ങിയാലേ അത് പറ്റൂ എന്ന് വന്നാല്‍ അതിലൊരു ശരികേട് ഉണ്ടല്ലോ. എല്ലായിടത്തും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് തന്നെ ആശ്വാസം. പക്ഷേ വളരെ ശ്രദ്ധിച്ച് വേണം ഇത്തരം പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യേണ്ടത്.കാരണം ഇതിനൊരു മറുവശവുമുണ്ട്. ഒരു കാലത്ത് ചൂഷണത്തിന് നിന്ന് കൊടുത്തിട്ട് ആഗ്രഹിയ്ക്കുന്നത് നടക്കാതെ വരുമ്പോള്‍ പരാതിയുമായി വരുന്നത് മറ്റൊരു തരത്തിലുള്ള ചൂഷണമായി മാറുകയാണ് ചെയ്യുന്നത്. ഇതെല്ലം തമ്മില്‍ വളരെ നേര്‍ത്ത ഒരു വരയാണുള്ളത്.അത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി സുതാര്യമായി എന്നൊക്കെ തോന്നുന്നുണ്ട്. ഒഡിഷനൊക്കെയുള്ളത് സിനിമയെക്കുറച്ചു കൂടി ഓപ്പണ്‍ ആക്കിയിട്ടുണ്ട്. പറഞ്ഞു പറ്റിക്കുന്നതൊക്കെ കുറഞ്ഞിട്ടുണ്ട്. സിനിമയെന്ന മേഖലയെ ക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ മാറിയിട്ടുണ്ട്. സിനിമയിലുള്ളവരുടെ ആറ്റിറ്റ്യൂഡും മാറിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയാണ് എല്ലാം. അത്രയും പാഷനോടെ വരുന്നവരാണ്. സിനിമ നന്നാവണം ഫീല്‍ഡില്‍ നില്‍ക്കണം എന്നൊക്കെയുള്ള ചിന്തയാണ്. പണ്ടത്തെക്കാളും രസമാണ് സിനിമ ഇപ്പോള്‍. ജെന്‍ഡര്‍ ഗ്യാപ്പ് കുറഞ്ഞുവരുന്നുണ്ട്. പലരോടും പണ്ടത്തേതിലും ധൈര്യമായിട്ട് പറയാം ഇങ്ങനെയൊരു കുട്ടിയുണ്ട്, ഒരു അവസരം കൊടുക്കണം  എന്നൊക്കെ. എല്ലാവരും പുണ്യാത്മാക്കളാണ് എന്നൊന്നുമല്ല. പക്ഷേ നല്ല മാറ്റങ്ങള്‍ വ്യക്തമാണ്.

കുമ്പളങ്ങി ടീം

ആഷിക് അബുവിന്‍റെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതലുള്ള പരിചയമാണ്. അതിനു മുന്‍പു തന്നെ ആഷിക്കിന്റെ കൂടെ  വര്‍ക്ക് ചെയ്യുന്നുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഞാന്‍ അസോസിയേറ്റ് ആയിരുന്നു. കുമ്പളങ്ങിയുടെ സംവിധായകന്‍  മധു  ആ ടീമില്‍ ഉണ്ടായിരുന്നു. ഫാമില്‍ ലൈക്ക് ഫീല്‍ ആണ് ഇവരുടെ കൂടെ. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ ഒരേ മനസ്സോടെ എല്ലാവരും വര്‍ക്ക് ചെയ്തു.എല്ലാവർക്കും അവരവരുടെ സിനിമയി തോന്നും എന്നുള്ളതാണ് ഈ ടീമിന്‍റെ പ്രത്യേകത.അതാണ്‌ സന്തോഷം. വലിപ്പച്ചെറുപ്പമൊന്നുമില്ല. ബലം പിടിത്തമില്ല. ആര്‍ക്കും അഭിപ്രായം പറയാം.സംശയങ്ങള്‍ ചോദിക്കാം. വര്‍ക്ക് ചെയ്യാനുള്ള സുഖമുണ്ട്.

പുതിയ പ്രോജക്റ്റുകള്‍

വൈറസില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. സമീര്‍ താഹിര്‍ നിര്‍മ്മിയ്ക്കുന്ന അടുത്ത പടത്തില്‍ ചെറിയ വേഷമുണ്ട്. സിനിമയുടെ ഭാഗമായി നില്‍ക്കുന്നത് തന്നെയാണ് സന്തോഷം. സ്വന്തമായി സിനിമ  ചെയ്യണം. കുറേ നാളായി പരിശ്രമിക്കുന്നുണ്ട്.പല കാരണങ്ങള്‍ കൊണ്ട് മാറിപ്പോകുന്നു.എപ്പോഴെങ്കിലും അതും  നടക്കും.’സ്മരണ’ എന്ന ഷോര്‍ട്ട് ഫിലിമിന് 2017ല്‍ VIPRA International Short Film Fest സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ ലഭിച്ചിരുന്നു.

കുടുംബം

വിവാഹമോചിതയാണ്.രണ്ടു ആണ്‍മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com