sections
MORE

ന‍ൃത്തത്തോട് പ്രണയം, സിനിമയിലെത്തിയത് യാദൃച്ഛികം: അശ്വതി മനോഹരൻ

Aswathy Manoharan
അശ്വതി മനോഹരൻ
SHARE

നൃത്തം ആത്മാവിന്റെ ഭാഷയാണെന്നു പറഞ്ഞത് മാർത്താ ഗ്രഹാമാണ്; വിഖ്യാതയായ അമേരിക്കൻ നർത്തകി. ആ ഭാഷയിൽ ലോകത്തോടും ദൈവത്തോടും സംസാരിക്കുകയാണ് നൃത്തത്തെ സ്നേഹിക്കുന്ന ഓരോരുത്തരും. അശ്വതി മനോഹരൻ എന്ന കോട്ടയംകാരി പെൺകുട്ടി നൃത്തത്തെ ആത്മാവിനോടു ചേർത്തു പിടിക്കുന്നതും അങ്ങനെയാണ്; ധ്യാനവും പ്രാർഥനയും പോലെ.

നൃത്തത്തോട് സ്കൂൾകാലത്തു തുടങ്ങിയ പ്രണയം അശ്വതിയെ എത്തിച്ചത് നൃത്തവിസ്മയങ്ങളുടെ അരികിലാണ്. ജയചന്ദ്രൻ പാലാഴി, ചിത്ര ചന്ദ്രശേഖർ ദശരഥി തുടങ്ങിയവരിൽനിന്നു പഠിച്ച്, അവർക്കൊപ്പം അരങ്ങിലെത്തിയ അശ്വതി മലയാള സിനിമാ പ്രേക്ഷകർക്കും പരിചിതയാണ്. പൂമരം, സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 

Aswathy Manoharan
അശ്വതി മനോഹരൻ

പരീക്ഷയുടെ തലേന്നുപോലും ഡാൻസ് ക്ലാസിലെത്തിയ ഒരു പെൺകുട്ടിക്കാലത്തെയോർത്തുകൊണ്ടാണ് അശ്വതി നൃത്തത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.  കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിദ്ധിയിലെ നൃത്താവിഷ്കാരത്തെക്കുറിച്ചും തന്റെ സ്വപ്നങ്ങളെക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് അശ്വതി.

നൃത്തത്തോടു പ്രണയം, ഗുരുക്കന്മാരുടെ അനുഗ്രഹം

നൃത്തത്തോട് എനിക്കെന്നും ഇഷ്ടമായിരുന്നു. വളർന്നപ്പോൾ അതു കൂടി വന്നു, ഒരുതരത്തിൽ പ്രണയമെന്നുതന്നെ പറയാം. അങ്ങനെയാണ് ഭരതനാട്യം പ്രഫഷനാക്കാമെന്നു തീരുമാനിച്ചത്. എന്റെ ഗുരുക്കന്മാരാണ് അതിനു കാരണം. ചെറുപ്പം മുതലേ നൃത്തം എനിക്കിഷ്ടമായിരുന്നു. പഠിക്കുന്നുമുണ്ടായിരുന്നു. സ്കൂൾ കാലത്ത് ഭരതനാട്യം അഭ്യസിച്ചിരുന്നത് ആർ.എൽ.വി പ്രദീപ് കുമാറിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ചിത്ര പ്രദീപിൽ നിന്നുമായിരുന്നു.

പ്ലസ് ടു കഴിഞ്ഞപ്പോഴാണ് നൃത്തം ഗൗരവമായിത്തന്നെ പഠിക്കണമെന്നു തോന്നിയത്. പ്രശസ്ത നർത്തകൻ ജയചന്ദ്രൻ പാലാഴിയുടെ ബെംഗളൂരുവിലെ ആട്ടക്കളരിയിലെത്തിയത്. ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സ് ആൻഡ് മിക്സഡ് മീഡിയയിൽനിന്ന് ബിരുദവും ബെംഗളൂരുവിലെ അലൈൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫൈൻ ആർട്സിൽ (ഭരതനാട്യം) ബിരുദാനന്തരബിരുദവും നേടി. കഴിഞ്ഞ കുറേ വർഷമായി ഗുരുക്കന്മാർക്കൊപ്പവും ഡാൻസ് കമ്പനികൾക്കൊപ്പവും ഇന്ത്യയ്ക്കകത്തും പുറത്തുമായി നൃത്തം അവതരിപ്പിക്കുന്നുണ്ട്.

പ്രശസ്ത ഭരതനാട്യം നർത്തകി ചിത്ര ചന്ദ്രശേഖർ ദശരഥിയുടെ ശിഷ്യയാണ് ഞാനിപ്പോൾ. ചിത്ര ചന്ദ്രശേഖർ ദശരഥി കൊറിയോഗ്രഫി നിർവഹിച്ച ഭരതനാട്യരൂപമായ ‘അപര’ യുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. കഴിഞ്ഞ വർഷം ‘അപര’ മൊറോക്കോയിലും സെനഗലിലും അവതരിപ്പിച്ചു. 2017 ൽ 'അപര'യുടെ ഭാഗമായി കാൺപുരിലും ഡൽഹിയിലും നൃത്തം അവതരിപ്പിച്ചിരുന്നു. 2016–17 കാലത്ത് അരണ്യാനി ഭാർഗവിന്റെ വ്യുതി ഡാൻസ് കമ്പനിയുടെ ഭാഗമായിരുന്നപ്പോൾ ഡൽഹി, രാജസ്ഥാൻ, ബെംഗളൂരു എന്നിവിടങ്ങളിൽ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിരുന്നു. ഡൽഹിയിലെ ശ്രീറാം കലാകേന്ദ്രയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ‘യമുന സൂത്ര’ ( ഭരതനാട്യം പ്രൊഡക്‌ഷൻ) അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

Aswathy Manoharan
അശ്വതി മനോഹരൻ

മറക്കാനാവാത്ത വേദി

ഒരുപാടു വേദികളിൽ ന‍ൃത്തമവതരിപ്പിക്കാനായി. അതും ഗുരുക്കന്മാർക്കൊപ്പം. അതൊരു ഭാഗ്യമായാണു കാണുന്നത്. പല വേദികളും മനോഹരമായ ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. ആദ്യം മനസ്സിലെത്തുന്നത് മൊറോക്കോയിലെ വേദിയാണ്. ഇന്ത്യൻ‌ കൗൺസിൽ ഫോർ കൾചറൽ റിലേഷൻ സ്പോൺസർ ചെയ്ത പ്രോഗ്രാം. ‘അപര’ യാണ് അവതരിപ്പിക്കുന്നത്. വായിച്ചും മറ്റും അറിഞ്ഞിട്ടുള്ള, ഓപ്പറ തിയറ്റർ പോലെ ഗംഭീരമായ ഒരു ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. നിറഞ്ഞ സദസ്സ്. മനോഹരമായ ലൈറ്റിങ്ങും മറ്റും. വളരെ മനോഹരമായ ഒരനുഭവമായിരുന്നു അത്.

Aswathy Manoharan
അശ്വതി മനോഹരൻ

യോഗ പഠിപ്പിക്കുന്നു

നൃത്തം പോലെ തന്നെ എനിക്കു പ്രിയപ്പെട്ടതാണ് യോഗയും. 2015 മുതൽ ബംഗളൂരുവിലെ അയന യോഗ അക്കാദമിയുടെ വിവിധ ശാഖകളിൽ യോഗ അധ്യാപികയായി ജോലി ചെയ്യുന്നുണ്ട്. നൃത്തത്തെപ്പോലെ യോഗയും എനിക്ക് തരുന്നൊരു കംഫർട്ട് ലെവലുണ്ട്, ഫ്രീഡമുണ്ട് അതുകൊണ്ടു തന്നെ ഇവ രണ്ടും വളരെ ആസ്വദിച്ചാണ് ‍ഞാൻ ചെയ്യുന്നത്.

Aswathy Manoharan
അശ്വതി മനോഹരൻ

സിനിമയിലെത്തിയത് യാദൃച്ഛികമായി

പൂമരം എന്ന ചിത്രത്തിൽ സോളോ ഡാൻസറെ ആവശ്യമുണ്ടെന്നറിഞ്ഞാണ് ഓഡിഷനു പോയത്. ഓഡിഷനിൽ പങ്കെടുത്തിനു ശേഷം സംവിധായകൻ ഏബ്രിഡ് ഷൈനാണ് അഭിനയത്തിലും ഒരു കൈനോക്കാമെന്നു പറയുന്നത്. പൂമരത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. അതിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2018 മാർച്ചിൽ ആയിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. ഓഡിഷന്‌ വഴിയാണ് ആ ചിത്രത്തിലും എത്തിയത്. നല്ല വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടിയാൽ സിനിമയിൽ ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

swathanthryam-ardharathriyil.01
സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നായകൻ ആന്റണിക്കൊപ്പം അശ്വതി

ഇനി ആസിഫിന്റെ നായിക

ആസിഫ് അലി നായകനാകുന്ന OP 160/ 18 കക്ഷി; അമ്മിണിപ്പിള്ള എന്ന ചിത്രത്തിലാണ്  ഒടുവിൽ അഭിനയിച്ചത്. ഏപ്രിലിൽ ചിത്രം പുറത്തുവരും. നവാഗതനായ ദിൻജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധായകൻ.

കുടുംബത്തിന്റെ പിന്തുണ

നൃത്തം എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന് അച്ഛനും അമ്മയ്ക്കുമൊക്കെ അറിയാമായിരുന്നു. പക്ഷേ ഒരു ജോലി എന്ന നിലയിൽ അതു തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യമൊക്കെ അവർക്കു വിയോജിപ്പുണ്ടായി. നൃത്തം കരിയർ ആയി സ്വീകരിച്ച് ജീവിതവിജയം നേടിയ അധികമാളുകളെ പരിചയമില്ലാത്തതുകൊണ്ടായിരുന്നു അത്. എങ്കിലും എന്റെ കഴിവിൽ അവർക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു.

പിന്നീട് എന്നെ പ്രോത്സാഹിപ്പിക്കാനും നൃത്തത്തിൽ കരിയർ ഉറപ്പിക്കാനും സിനിമയിലേക്കു കടക്കാനുമൊക്കെ പിന്തുണ നൽകിയത് എന്റെ കുടുംബാംഗങ്ങൾ തന്നെയാണ്. അച്ഛൻ ശിവൻ മനോഹരൻ ദുബായിൽ സിവിൽ എൻജിനീയറായിരുന്നു. അമ്മ അനിതാ മനോഹരൻ. ചേച്ചി ആരതിയും കുടുംബവും അമേരിക്കയിലാണ്. ഇപ്പോൾ അവരുടെ പൂർണ പിന്തുണ എനിക്കുണ്ട്.

നൃത്തത്തിന് കുറച്ചു കൂടി സ്വീകാര്യത വേണം

രാജ്യത്തിനകത്തും പുറത്തുമായി ഒരുപാട് ഇടങ്ങളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. പുറത്തൊക്കെ നൃത്തത്തിനും നർത്തകർക്കും കിട്ടുന്ന സ്വീകാര്യതയും പിന്തുണയും വളരെ വലുതാണ്. നമ്മുടെ നാട്ടിൽ പക്ഷേ ചിലപ്പോഴൊക്കെ അതുണ്ടാവാറില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചിലർ ഇതിനെ ഒരു സേവനം എന്നപോലെയാണ് കണക്കാക്കുന്നത്. എവിടെയെങ്കിലും പരിപാടികൾ അവതരിപ്പിക്കണമെങ്കിൽ നമ്മ‍ൾതന്നെ സ്പോൺസറെ കണ്ടെത്തേണ്ട അവസ്ഥ പോലുമുണ്ട് ചില സ്ഥലങ്ങളിൽ. അതു മാറണം.

തിരുനക്കരത്തേവർക്കു മുന്നിൽ

എന്റെ  ആദ്യ സോളോ ജന്മനാട്ടിൽ തന്നെ അവസരിപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. തിരുനക്കര ശിവക്ഷേത്രമായതിനാൽ മഹാദേവനെക്കുറിച്ചുള്ള നൃത്താവിഷ്കാരമാണ് അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. പരമ്പരാഗത ഭരതനാട്യ രൂപമായ മാർഗമാണ് അവതരിപ്പിക്കുന്നത്. 18 ാം നൂറ്റാണ്ടിലെ അതുല്യപ്രതിഭകളും തഞ്ചാവൂർ നാൽവർ എന്നു വിശേഷിപ്പിക്കപ്പെടുന്നവരുമായ പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം, വടിവേലു എന്നിവർ സ്ഫുടം ചെയ്തെടുത്തതാണ് ഇന്ന് കാണുന്ന സോളോ ഭരതനാട്യ നൃത്തരൂപം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA