ADVERTISEMENT

തൃപ്പൂണിത്തുറ സീമ ഓഡിറ്റോറിയം. അവിടവിടെനാടക പ്രവർത്തകർ. അരണ്ടവെളിച്ചം. പതിഞ്ഞ ശോകഗാനം...ക്രമേണ പ്രധാന നടനിലേക്കു വെളിച്ചം ഫോക്കസ് ചെയ്യുന്നു.

സംവിധായകൻ: ‘അപ്പോൾ സോമാ ഇനിയെന്തു ചെയ്യും ? പകരം ആര് അഭിനയിക്കും?’

സോമസുന്ദരൻ: ഷേർളിക്കു നാടകം ഇഷ്ടമാണ്. ചോദിച്ചു നോക്കിയാലോ?

കോറസ്: അതുമതി അതുമതി...ഷേർളി മതി....

സീമ ഓഡിറ്റോറിയത്തിൽ നടന്ന ആ സംഭാഷണമാണു ഷേർളി സോമസുന്ദരനെ ആദ്യമായി നാടകവേദിയിലെത്തിക്കുന്നത്. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകത്തിൽ അഭിനയിക്കാനെത്തിയതായിരുന്നു ഷേർളിയുടെ ഭർത്താവായ സോമസുന്ദരൻ. പ്രധാന നടി അവതരണത്തിനു രണ്ടു ദിവസം മുൻപു നാടകത്തിൽ നിന്നു പിൻമാറിയപ്പോ ഴാണു ഷേർളിയെ പകരക്കാരിയാക്കിയത്. പിന്നീടു നാടകത്തിൽ അധികമൊന്നും അഭിനയിച്ചില്ല.പക്ഷേ തിരുവനന്തപുരം ദൂരദർശൻ മലയാളം സംപ്രേഷണം ആരംഭിച്ചപ്പോൾ പരമ്പരകളിൽ ഷേർളിയും സോമസുന്ദരനൊപ്പം അഭിനയിച്ചു. ഇരുവരും ആകാശവാണിയിലെയും ദൂരദർശനിലെയും ഗ്രേഡ് ആർട്ടിസ്റ്റുകളായിരുന്നു.

മുത്തുമണിയുടെ അമ്മ

ചലച്ചിത്രതാരം മുത്തുമണി ഷേർളിയുടെ മകളാണ്. മുത്തുമണി ഇതുവരെ അമ്മയുടെ നാടകത്തിൽ അഭിനയിച്ചിട്ടില്ല. മുത്തിനെ നടിയാക്കിയത് സ്കൂളാണ്. നർത്തകിയിൽ നിന്നാണു മുത്ത് നടിയായി മാറിയത്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. മുത്തുമണിയുടെ ഭർത്താവ് പി.ആർ. അരുൺ നാടകപ്രവർത്തകനും സിനിമാ സംവിധായകനുമാണ്. മുത്തുവിന്റെ ചേച്ചി പൊന്നുമണി നർത്തകിയായിരുന്നു. കുടുംബത്തോടൊപ്പം പൊന്നു യുഎസിലാണ്.

നാടകസംഘങ്ങൾ

ചങ്ങമ്പുഴ പാർക്കിലെ കുട്ടികളുടെ നാടകസംഘം ‘നാം’,മഴവില്ല്, വിദ്യോദയ സ്കൂളിന്റെ തിയറ്റർ ഓൺ വീൽസ് എന്നിവയുടെ അണിയറയിൽ സജീവമാണു ഷേർളി. തിയറ്റർ ഓൺ വീൽസ് എല്ലാവർഷവും തെരുവുനാടകങ്ങൾ ചെയ്യാറുണ്ട്.സൂര്യ ഫെസ്റ്റിവലിലും കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്.

നാടകം പഠിക്കാതെ

sherly-somasundharam-02
ഷേർളി സോമസുന്ദരൻ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കുട്ടികളോടൊപ്പം. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ

നാടകം പഠിക്കാത്ത നാടകക്കാരിയാണു ഷേർളി. തിരുവനന്തപുരം മാർ ഇവാനിയോസിൽ സുവോളജിയാണു ഡിഗ്രിക്കു പഠിച്ചത്. അവിടെ രണ്ടുവർഷം. മൂന്നാം വർഷമായപ്പോഴാണു സോമസുന്ദരനുമായുള്ള പ്രണയവിവാഹം. വിവാഹശേഷം പഠനം തൃക്കാക്കര ഭാരതമാതയിലായി. സോമസുന്ദരൻ അക്കാലത്ത് അറിയപ്പെടുന്ന നടനാണ്. പി.ജെ.ആന്റണിയുടെ കൂടെ ആറുവർഷം അഭിനയിച്ച നടൻ. കോട്ടയം നാഷനൽ, അങ്കമാലി മാനിഷാദ തുടങ്ങിയ സമിതികളിലും സോമസുന്ദരൻ ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് എറണാകുളത്തു സയൻസ് അക്കാദമി എന്ന സ്ഥാപനം തുടങ്ങിയപ്പോഴാണു നാടകത്തിന് അൽപകാലം അവധി നൽകിയത്.

എഴുതു പെണ്ണേ, എഴുത്...

എഴുത്തിലേക്കു ഷേർളിയെ തിരിച്ചുവിട്ടതു സോമസുന്ദരനാണ്. ഷേർളിക്ക് എഴുത്തിൽ നല്ല ഭാവിയുണ്ടെന്നു പറഞ്ഞതു സോമസുന്ദരനാണ്. ആദ്യം കൈവച്ചതു ചില ടെലിചിത്രങ്ങൾക്കു വേണ്ടിയായിരുന്നു. തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ ഇംഗ്ലിഷ് അധ്യാപികയായി ചേർന്നതോടെയാണു കുട്ടികളുടെ നാടകരംഗത്തേക്കു കടന്നത്. 

പഠനോപകരണം

കുട്ടികളോട് അടുക്കാനും അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുമുള്ള ടൂൾ ആയാണു നാടകത്തെ ഉപയോഗിക്കുന്നത്. തലച്ചോറിനേക്കാൾ കുട്ടികളുടെ ഹൃദയത്തെയാണു നാടകത്തിലൂടെ തൊടുന്നത്. പാഠഭാഗങ്ങളിലെ വിഷയങ്ങളാണു നാടകത്തിനായി തിരഞ്ഞെടുക്കുക. കണക്ക് ഒഴിച്ച് ബാക്കിയുള്ള വിഷയങ്ങളെല്ലാം നാടകത്തിന് ഇതിവൃത്തമായി. ഒരു വിഷയം തിരഞ്ഞെടുത്താൽ അതിന്റെ സാംസ്കാരികവും സാഹിത്യപരവുമായി സാഹചര്യങ്ങൾ കണ്ടെത്തുക എന്നതാണു കുട്ടികളുടെ ആദ്യ ജോലി. അവർ ശേഖരിച്ചുകൊണ്ടു വരുന്ന വിവരങ്ങൾ കൂട്ടിച്ചേർത്ത് ഒരു കഥാ തന്തു രൂപീകരിക്കും. ഇതാണു നാടകരൂപത്തിലാക്കുന്നത്. 

കുട്ടികളുടെ സഹസംവിധായിക

സംവിധായികയല്ല കുട്ടികളുടെ സഹസംവിധായിക മാത്രമാണു താനെന്നു ഷേർളി പറയും . ഒരു നാടകം രൂപപ്പെടുന്നതിന്റെ ആദ്യഘട്ടം മുതൽ സ്റ്റേജിൽ അവതരിപ്പിക്കുന്നതുവരെ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടാകും. വസ്ത്രാലങ്കാരം മുതൽ വെളിച്ചവിന്യാസം വരെ കുട്ടികളാണു തീരുമാനിക്കുന്നത്. അതിനുവേണ്ട അന്വേഷണങ്ങളും പഠനങ്ങളും അവർ നടത്തും. ഒരു നാടകം അവതരിപ്പിച്ചു കഴിയുമ്പോഴേക്കും കുട്ടികളുടെ അറിവിന്റെ തോത് പത്തിരട്ടിയെങ്കിലും വർധിക്കും. നാടകം ചെയ്യാൻ മണിക്കൂറുകൾ മതി. പക്ഷേ ആ മണിക്കൂറുകൾ കുട്ടികളിൽ വരുത്തുന്ന മാറ്റമാണു പ്രധാനം. വിദ്യോദയ സ്കൂളിൽ നിന്നു വിരമിച്ച ശേഷം അതേ സ്കൂളിലെ കെജി വിഭാഗം പ്രിൻസിപ്പലാണിപ്പോൾ ഷേർളി.

4000 നക്ഷത്രക്കുഞ്ഞുങ്ങൾ

ഇതുവരെ നാലായിരത്തോളം കുട്ടികളെയാണു ഷേർളി നാടകത്തിന്റെ ഭാഗമാക്കിയത്. ഷേർളിയുടെ ഓരോ നാടകത്തിലും 50 മുതൽ 300 കുട്ടികളുണ്ടാകും . ഒരു രംഗത്തെങ്കിലും അഭിനയിക്കാനെത്തുന്ന കുട്ടികളുടെ കണ്ണുകളിലെ തിളക്കമാണ് അടുത്ത നാടകത്തിനുള്ള ഊർജം തരുന്നത്. ഷേർളിയുടെ ശിഷ്യരിൽ പലരും നാടകത്തിലും സിനിമയിലും തിളങ്ങിയവരാണ്. സിനിമാ സംവിധായകൻ ജീൻ പോൾ ലാൽ, ആനന്ദം സിനിമയുടെ സംവിധായകൻ ഗണേശ്, ആനന്ദത്തിലെ നായിക സിദ്ധി, തിരക്കഥാകൃത്ത് അജിത് തോമസ്,തട്ടത്തിൽ മറയത്തിലെ പാട്ടെഴുത്തുകാരി അനു എലിസബത്ത് ജോസ് – ആ ലിസ്റ്റ് നീളുന്നു. എട്ടു കുട്ടികൾക്കു നാടകത്തിൽ നാഷനൽ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

60 നാടകം, 5 പുസ്തകം

കുട്ടികൾക്കായി ഇതുവരെ 60 നാടകങ്ങളാണു ഷേർളി എഴുതിയത്. 5 പുസ്തകം പ്രസിദ്ധീകരിച്ചു. ത്രി പെനി ഓപ്പറയുടെ വിവർത്തനമായ മുക്കാശുനാടകമാണ് ആദ്യ പുസ്തകം. ചണ്ഡാലിക, ചരൺദാസ് ചോർ, ഗേൾ ഇൻ ദ് ഫൊട്ടോഗ്രഫ്, ചിപ്കോ ചിപ്കോ എന്നിവയാണു മറ്റുപുസ്തകങ്ങൾ.വിവർത്തനങ്ങളും സ്വതന്ത്രനാടകങ്ങളും ഷേർളിയുടേതായുണ്ട്. കുട്ടികളുടെ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2015 ലെ സംഗീതനാടക അക്കാദമി അവാർഡ് ഷേർളിക്കായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ പോലെ ഷേർളി നാടകമെഴുതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com