ADVERTISEMENT

റയ്‌ന മരിയ എന്ന നടിയെ പൊതു സിനിമാധാരയിൽ ജീവിക്കുന്നവർക്ക് തിരിച്ചറിയാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും, കാരണം അടുത്ത കാലത്ത് സിനിമയിൽ വന്നൊരാൾ, ചെയ്തതെല്ലാം ഓഫ് ബീറ്റ് സിനിമകൾ.

പക്ഷേ ഒരു സിനിമയിലെങ്കിലും റയ്‌നയെ കണ്ടിട്ടുണ്ടെങ്കിലും പിന്നെ മറക്കാൻ ആകാത്തത് പോലെ ആ കഥാപാത്രം കാഴ്ചയിൽ കുടുങ്ങിപ്പോകും. കുറച്ചു കഥാപാത്രങ്ങളെ ലിസ്റ്റിൽ ആയിട്ടുള്ളൂ എങ്കിലും ഓരോന്നും റയ്നയിലെ നടിയെ അടയാളപ്പെടുത്താൻ പോന്ന കഥാപാത്രങ്ങളായിരുന്നു. ആക്റ്റ് ലാബിലെ അഭിനയ വിദ്യാർഥിയിൽ നിന്നും മലയാള സിനിമയിലേക്കുള്ള ദൂരമാണ് റയ്‌ന മരിയ.

ഇപ്പോൾ മലയാള സിനിമയിലൂടെ അളന്നു തീർക്കുന്നത്. മലയാള സിനിമ റയ്‌നയെ പോലെയൊരാളെ എന്തുമാത്രം ഉപയോഗിക്കും എന്നത് മാത്രമാണ് ഇനി കാണാനുള്ള കാഴ്ച. ജീവിതവും ഭക്ഷണവും എല്ലാം അഭിനയം എന്ന മന്ത്രവുമായി കോർത്തെടുത്ത് നടക്കുന്നൊരു നടിയാണ്. അഭിനയമല്ലാതെ മറ്റൊന്നും മുന്നിൽ കാണാൻ കഴിയാത്തവൾ, അങ്ങനെയൊരാളെ കേൾക്കുന്നത് സിനിമയെയും നാടകങ്ങളെയും പ്രണയിക്കുന്നൊരാൾക്ക് ഏറെ പ്രിയമായിരിക്കും. റയ്‌ന സംസാരിക്കുന്നു. 

പേരിലുള്ള വൈരുധ്യം...

എന്റെ പേര് റീനാ രവി എന്നാണ്. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് പേര് റയ്‌ന മരിയ എന്ന് മാറ്റുന്നത്. എന്റെ അടുത്ത സുഹൃത്തിന്റെ നിർദേശമനുസരിച്ചായിരുന്നു ആ പേരുമാറ്റം. വ്യത്യസ്തത വേണമെന്ന് എനിക്കും തോന്നി. ഫെയ്‌സ്ബുക്കിലും പേരിപ്പോൾ റയ്‌ന(Reina Mariya ) എന്നാണ്. എങ്കിലും സുഹൃത്തുക്കളെല്ലാം ആ പഴയ പേരിൽ തന്നെ ഇപ്പോഴും വിളിക്കുന്നു. റയ്‌ന മരിയ എന്ന പേരിന്റെ അർഥം ക്വീൻ മേരി എന്നാണ്. അനുപമ എന്ന സുഹൃത്താണ് പേരുമാറ്റാൻ നിർദേശിച്ചത്. ശരിക്കും എന്നെ മാതാവ് ഒരുപാട് ആകർഷിച്ചിട്ടുണ്ട്. കന്യാമേരി അനുഭവിച്ചത്രയും ദുഃഖം സഹിക്കാനുള്ള ശക്തി നമ്മൾക്കൊക്കെ ഉണ്ടാകുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്, അത്ര വേദനകൾ നമ്മളൊക്കെ അനുഭവിച്ചിട്ടുണ്ടോ? മാതാവ് അനുഭവിച്ച ആ വേദനകളിലൂടെ എനിക്കൊരിക്കൽ ഒരു കഥാപാത്രമായി യാത്ര ചെയ്യണം. അത് വലിയൊരു ആഗ്രഹമാണ്.

നാടകം തന്നെ തുടക്കം

reina-mariya-08

ഞാൻ ആക്റ്റ് ലാബിന്റെ സ്റ്റുഡന്റാണ്‌. അവരുടെ നാടകങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. നാടകത്തിനും സിനിമയ്ക്കും അപ്പുറം അഭിനയം എന്നതിനെയാണ് ഞാൻ പ്രണയിച്ചത്. ഓർമ വച്ച കാലം മുതൽ തന്നെ അഭിനയത്തോട് നല്ല താൽപര്യമുണ്ടാ യിരുന്നു. പണ്ടത്തെ കാര്യമൊന്നും എനിക്കോർമ്മയില്ല പക്ഷേ മമ്മി പറയാറുണ്ട്, മൂന്ന് വയസ്സിലൊക്കെ എന്നോട് ആരാകണമെന്നും ചോദിച്ചാൽ എന്റെ മറുപടി, "ഐ വാണ്ട് ടു ബികം അമിതാഭ് ബച്ചൻ".  എന്ന് ഞാൻ പറയുമായിരുന്നുവെന്ന്. എന്തുകൊണ്ടാണ് അങ്ങനെ എന്നെനിക്കറിയില്ല. ഒരു അഭിനേത്രിയുടെ പേരു പറയാതെ എന്തുകൊണ്ട് അമിതാഭ് ബച്ചന്റെ പേര് പറഞ്ഞു എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. എന്റെ മുന്നിൽ അന്ന് ആരൊക്കെയുണ്ടായിരുന്നു, ശ്രീദേവി, മാധുരി ദീക്ഷിത്ത്... എനിക്കറിയില്ല, ഇപ്പോഴും അറിയില്ല. 

പക്ഷേ ചെറുപ്പം മുതൽ ഇന്ന് വരെ അഭിനയമല്ലാതെ മറ്റൊന്നിലും എനിക്ക് താൽപര്യമില്ല. പലപ്പോഴും ഓരോ പ്രായത്തിലും ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളായിരിക്കും. കൗമാരത്തിലൊന്ന്,യൗവനത്തിൽ മറ്റൊന്ന് ബാല്യത്തിൽ വേറെയൊന്ന്, പക്ഷേ എനിക്ക് മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല. അഭിനയമെന്ന മോഹമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ വന്നിട്ടേയില്ല. പപ്പയും മമ്മിയും അബുദാബിയിൽ ആയിരുന്നു. പപ്പാ, എൻജിനീയറും മമ്മി നഴ്സുമായിരുന്നു. ഞാൻ കൊല്ലത്ത് തങ്കശ്ശേരിയിലാണ് പഠിച്ചത്. ഒരിക്കൽ പപ്പയുടെ ഒരു സുഹൃത്ത് കാണാൻ വന്നു. ഞാൻ ഒളിച്ചു നിൽക്കുകയാണ്. എന്നെ കണ്ടു അദ്ദേഹം അടുത്തേക്കു വിളിച്ചു, എന്നിട്ട് ചോദിച്ചു മോൾക്ക് ആരാകാനാണ് ആഗ്രഹം? എന്ന്.

ഇപ്പോഴും എനിക്കോർമ്മയുണ്ട്, ചെറുപ്പത്തിലുള്ള എന്റെ  അഭിനയമോഹത്തിന്റെ തീക്ഷ്ണത. പക്ഷേ ഉള്ളിൽ അഭിനയം എന്ന് തിളച്ചിട്ടും അത് നാവിൻ തുമ്പിൽ വരെ വന്നു പിടയുകയാണ്. പുറത്തേയ്ക്ക് വരുന്നേയില്ല. ആ നിമിഷം വല്ലാത്ത നിമിഷമായി ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. കേൾക്കുമ്പോൾ എന്തുപറയും എന്നൊക്കെയാണ് ചിന്ത. അഭിനയം എന്ന് നാവിൻ തുമ്പ‌ുവരെ വന്നിട്ട് ഡോക്ടറാവണം എന്നാണു ഞാൻ പറഞ്ഞത്. ചിലപ്പോൾ ഞാൻ വിചാരിക്കും ആ കുട്ടിയെ എനിക്ക് സന്തോഷിപ്പിക്കാമായിരുന്നു എന്ന്... പക്ഷേ... അഭിനയം എന്താണ് എന്നു ചോദിച്ചാൽ എനിക്കൊരിക്കലും മറുപടിയുണ്ടാകുമായിരുന്നില്ല. അത്രയധികം വൈകാരികമായ ഒരു അനുഭവമാണ്. 

അഭിനയം ഒരു ലഹരി

അഭിനയം വിശുദ്ധമാണെന്നാണ് തോന്നുന്നത്. ഓരോ ജീവനും അനുഭവിക്കുന്ന, ഓരോ മനുഷ്യരും സഞ്ചരിക്കുന്ന അനുഭവങ്ങളിൽ കൂടി സഞ്ചരിക്കാൻ അഭിനേതാക്കൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക. എന്ത് വലിയൊരു അനുഭവമാണത്. അവർ അനുഭവിച്ച സന്തോഷങ്ങൾ, ഭ്രാന്തുകൾ, സങ്കടങ്ങൾ, ഉന്മാദങ്ങൾ, ...എന്റെ ശരീരത്തിൽ അതെല്ലാം എനിക്ക് അനുഭവിക്കണം. അഭിനയത്തോടുള്ള എന്റെ പാഷൻ അത് തന്നെയാണ്. അതിൽ മാധ്യമം നാടകമാണോ സിനിമയാണോ എന്നൊന്നുമില്ല. എന്തും ആകാം.

നാടകത്തിലെത്തിയത്

reina-mariya-04

മുൻപേ പറഞ്ഞതു പോലെ അഭിനയിക്കണം എന്നുറക്കെ പറയാൻ എനിക്ക് പേടിയാണ്. ആ ലോകത്തെ തന്നെ പേടിയാണ്. സിനിമ എന്നത് തന്നെ ഒരു കാരണവുമില്ലാതെ ഭയമാണ്. സിനിമയുടെ രാഷ്ട്രീയമാണോ അതോ കേൾക്കുന്ന കഥകളാണോ, ഭയപ്പെടുത്തുന്നത് എന്നൊന്നും അറിയില്ല, പക്ഷേ അതിനെക്കുറിച്ച് പറയാൻ ഭയമായിരുന്നു. അതുകൊണ്ടു തന്നെ അഭിനയം എന്ന മോഹത്തെ എനിക്ക് കളയണമായിരുന്നു, അതിനു വേണ്ടി ഞാൻ ഒരുപാട് ശ്രമിച്ചു. 

ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും എല്ലാം ഇതേ ആധിയാണ്, ഈ മോഹം എങ്ങനെയെങ്കിലും വേണ്ടെന്ന് വയ്ക്കണം. മാത്രമല്ല ഞാൻ സിനിമയ്ക്ക് പറ്റിയ ഒരാൾ അല്ലെന്ന തോന്നലും എനിക്കുണ്ട്. അതുകൊണ്ട് അത് കളഞ്ഞേ പറ്റൂ. അങ്ങനെ ഞാൻ സിനിമകൾ കാണാതെയായി, മാസികകൾ വായിക്കാതെയായി. പക്ഷേ എത്രത്തോളം വേണ്ടെന്ന് വയ്ക്കുന്തോറും ആ തോന്നൽ അതിലേറെ ശക്തിയോടെ എന്നിലേക്ക് വന്നുകൊണ്ടിരുന്നു. 

ഒരിക്കൽ റേഡിയോ കേൾക്കുമ്പോൾ ആക്ട് ലാബിന്റെ ഒരു സ്റ്റോറി കേട്ടു. അതിൽ അവസാനം ആക്ട് ലാബിന്റെ സജീവ് സാർ പറയുന്ന കാര്യങ്ങൾ ഞാനിങ്ങനെ ശ്രദ്ധയോടെ കേൾക്കുകയാണ്. ഒടുവിൽ അദ്ദേഹം നമ്പർ പറയുമ്പോൾ ഞാൻ അത് എഴുതിയെടുത്തു. അങ്ങനെ ആക്ട് ലാബിൽ ചേർന്നു. അവിടെ ചേരാനുള്ള പ്രധാന കാരണം എനിക്കറിയണമായിരുന്നു. എന്തുകൊണ്ട് അഭിനയം എന്ന തോന്നൽ എന്നെ വിട്ടു പോകുന്നില്ല. അതെങ്ങനെ എനിക്കുണ്ടാകുന്നു... ഇനി അഥവാ അത് എന്നിലുണ്ടെങ്കിൽ അത് എത്ര ആഴത്തിലുണ്ടായേക്കും...

ഒരുപക്ഷേ അവിടെ ചെല്ലുമ്പോൾ ഒരു ഗുരുവിന്റെ മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹം പറയുമല്ലോ, ഈ ഒരു കഴിവ് എനിക്കില്ല എന്ന്. അങ്ങനെ കേട്ടാൽ എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താം ഞാൻ ഇതിനു അനുയോജ്യയല്ല എന്ന്. അങ്ങനെ ആക്റ്റ് ലാബിൽ ചേരാൻ കാരണങ്ങളുണ്ടായിരുന്നു. ആദ്യം സജീവ് സാറിനെ വിളിച്ചപ്പോൾ പറഞ്ഞതും ഇതൊക്കെ തന്നെയാണ് .അപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, ഞാൻ അവിടെ ചെന്ന് ചേരേണ്ടത് തന്നെയാണ്. പക്ഷേ ചെന്ന് ചേർന്നതോടെ എന്റെ എല്ലാ ചിന്തകളും തകിടം മറിഞ്ഞു. 

ആക്റ്റ് ലാബിൽ നിന്ന് സിനിമയിലേയ്ക്ക് 

reina-mariya-07

ആക്റ്റ് ലാബിൽ ചെന്നതിനു ശേഷം ക്ലബ് എഫ് എമ്മിന്റെ ഒരു പ്രോഗ്രാമുണ്ടായിരുന്നു. അവിടെ പതിനായിരം അപേക്ഷകളിൽ നിന്നും എന്നെയുൾപ്പെടെ നൂറു പേരെ തിരഞ്ഞെടുത്തു. പിന്നീട് അതിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി 69  പേരെ തെരഞ്ഞെടുത്തു. ഒടുവിൽ ആ ലിസ്റ്റ് പതിമൂന്ന് ആയപ്പോഴും ഞാനുണ്ടായിരുന്നു. പിന്നെ രണ്ടു ഒഡിഷനുണ്ടായി രുന്നു,

ഈ രണ്ട് ഒഡിഷനിലും എനിക്ക് അവസരം ലഭിച്ചിരുന്നു. അതിൽ ഒരെണ്ണം ഷിബു അന്തിക്കാട് സാറിന്റെ ഒരു ഒഡിഷനായിരുന്നു. ആ പ്രോജക്റ്റ് നടന്നില്ല, മറ്റൊന്ന് ബി ഉണ്ണികൃഷ്ണൻ സാറിന്റെ മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുടെ ആയിരുന്നു. അതിൽ അങ്ങനെ ഒരു വേഷം ലഭിച്ചു. സിദ്ദിക്ക് സാറിന്റെ മകൾ ആയി. അങ്ങനെയാണ് സിനിമയിൽ ഓഡിഷനിലൂടെയെത്തിയത്. തുടർന്നുള്ള എല്ലാ സിനിമകളിലും ഓഡിഷൻ വഴി തന്നെയാണ് അവസരം ലഭിച്ചത്.

 ചെറിയ വേഷങ്ങൾ പക്ഷേ...

ഞാൻ ചെയ്ത സിനിമകൾ എല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. ഒന്നും അത്ര ചെറിയ കഥാപാത്രങ്ങളായിരുന്നില്ല. കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ തന്നെയാണ് തിരഞ്ഞെടുത്തതും. ഞാൻ ഉപേക്ഷിച്ച സിനിമകൾ തന്നെയാണ് ഏറ്റവും കൂടുതൽ. ഒരിക്കലും സിനിമ എന്റെ പാഷൻ അല്ല, അഭിനയമാണ് എന്റെ പാഷൻ.

reina-mariya-03

മുൻപേ പറഞ്ഞല്ലോ ഓരോ മനുഷ്യനെയും അവനായി നിന്ന് അനുഭവിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട് അതാണ് എന്നെ അഭിനയിക്കാൻ പ്രചോദിപ്പിക്കുന്നത് . അതുകൊണ്ടു തന്ന എന്തെങ്കിലും കോർ ഉള്ള കഥാപാത്രങ്ങളെ മാത്രമേ എനിക്ക് ഏൽക്കാനാകൂ. ഇപ്പോൾ ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ് , എന്റെ ഹൃദയത്തോടു അവരെല്ലാം ചേർന്നു നിൽക്കുന്നുണ്ട്. ഇപ്പോൾ ഓലപ്പീപ്പിയിലെ സുഭദ്ര, അതിശയങ്ങളുടെ വേനലിലെ മീര, കുഞ്ഞു ദൈവത്തിലെ അശ്വതി, അങ്ങനെ അവർ ഓരോരുത്തരും എന്റെ അംശവുമാണ്. അതിൽ ഞാനുണ്ട്, അവരുമുണ്ട്. അങ്ങനെ എനിക്ക് ഞാനുമാകാൻ കഴിയുന്ന കഥാപാത്രങ്ങളെ സ്വീകരിക്കാറുള്ളൂ. 

ബോബിയിലെ ഹേമ എന്ന വേഷം നല്ല കഥാപാത്രമാണ്. അതുപോലെ ഓലപ്പീപ്പിയിലെ സുഭദ്ര .. അങ്ങനെ കുറെ കഥാപാത്രങ്ങൾ. ഇവയോരോന്നും നോക്കി കഴിഞ്ഞാൽ ആ കഥാപാത്രങ്ങൾക്ക് ‌നല്ല ആഴമുണ്ട്. ഈയടുത്ത് ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഇപ്പോൾ ഒരു പുതിയ വർക്ക് കഴിഞ്ഞു, "പുള്ള്". പ്രവീണും റിയാസും ആണ് സംവിധായകർ. ഷാജൂൺ കാര്യാൽ സാർ ആണ് ആ സിനിമ ചെയ്തത്. എനിക്ക് ഈ ജന്മത്തിൽ ഒരിക്കലും അനുഭവിക്കാൻ പറ്റാത്ത ഒരു കഥാപാത്രമാണ് പുള്ളിൽ ഞാൻ ചെയ്തത്. റീന രവി എന്ന എനിക്ക് അനുഭവിക്കാനാകാത്ത ഒരു കാര്യം. അതുകൊണ്ടു തന്നെ അത് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. എനിക്ക് അനുഭവിക്കാനാകാത്ത അനുഭവങ്ങളെ കഥാപാത്രമായി നിന്നുകൊണ്ട് അറിയാനാകുക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണിപ്പോൾ. അതുകൊണ്ട് ഒരുപാട് പറയാനാകില്ല. പക്ഷേ എന്റെ അനുഭവം, അത് നൽകിയ ആനന്ദം അതുല്യമായിരുന്നു. 

നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ...

എനിക്ക് സിനിമയിൽ ഗോഡ് ഫാദേഴ്സ് ഒന്നുമില്ല. ഞാൻ ആക്റ്റ് ലാബിൽ നിന്ന് വന്ന ഒരാളാണ്. ലൈറ്റ്സ് ഔട്ട് എന്നൊരു നാടകം കലവൂർ രവികുമാർ സാറിന്റെ സൈലന്റ് റേഡിയോ എന്ന സിനിമയുടെ പൂജാ വേളയിൽ ഞങ്ങൾ അവതരിപ്പിച്ചിരുന്നു. അന്ന് കമ്മട്ടിപ്പാടത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ അത് കാണാനിടയായി, അപ്പോൾ ഷാജൂൺ കാര്യാൽ സാർ ഒരു മീറ്റിൽ വച്ച് പുള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള വിശദീകരണം നടത്തിയപ്പോൾ പ്രൊഡക്‌ഷൻ കൺട്രോളർ പ്രവീൺ സാറാണ് എന്റെ പേരു സജസ്റ്റ് ചെയ്തത്. ഇപ്പോഴും നന്ദിയാരോടാണ് ചൊല്ലേണ്ടത് എന്ന് ചോദിച്ചാൽ... എല്ലാവരോടും... പ്രകൃതിയോടും.... 

ഇതുവരെ ... ഇത്രവരെ

ആക്റ്റ് ലാബിന്റെ നാടകങ്ങൾ മാത്രമേ ഇതുവരെ ചെയ്തട്ടുള്ളൂ. പുറമേയ്ക്ക് ഒന്നും ചെയ്തിട്ടില്ല. പുറത്തേയ്ക്കൊക്കെ പോയി വലിയ നാടകങ്ങൾ ചെയ്യാനുള്ള എന്തെങ്കിലും എനിക്കുണ്ടോ എന്ന ഇപ്പോഴും എനിക്കറിയില്ല. "പ്രിയപ്പെട്ട അവിവാഹിതൻ" ആയിരുന്നു ആദ്യത്തെ നാടകം. പിന്നെ " ഒരു ദേശം നുണ പറയുന്നു ", "സങ്കടൽ" ,"ലൈറ്റ്സ് ഔട്ട്" അങ്ങനെ നാടകങ്ങൾ ഇത്ര ചെയ്തു. 

സിനിമ നോക്കിയാൽ കൂടുതലും ഓഫ് ബീറ്റ്‌സ് സിനിമകൾ ആണ്. തിരക്കഥയിൽ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കുന്നതുകൊണ്ടാണ് അങ്ങനെയുള്ള ഓഫ് ബീറ്റ് സിനിമകൾ കൂടുതലും തിരഞ്ഞെടുക്കേണ്ടി വന്നതും. ഓലപ്പീപ്പി, ബോബി,കുഞ്ഞുദൈവം, അതിശയങ്ങളുടെ വേനൽ, പിന്നെ ഒരു ആന്തോളജി സിനിമയിലെ(ആനമയിൽ ഒട്ടകം) ഒരു സെഗ്‌മെന്റ്റ് ചെയ്തിരുന്നു. പിന്നെ ഇപ്പോൾ പുള്ള്. അതിൽ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് .ഇതാണ് എന്റെ അഭിനയ ജീവിതം. 

ഞാനൊരു വികാര ജീവിയാണ്

ഒന്നിനെ കുറിച്ചും ആധികാരികമായി പറയാൻ ഞാൻ ആളല്ല. അത് നാടകമായാലും സിനിമയായാലും. വൈകാരികമായി ഇടപെടുന്ന ആളാണ്. എന്നെ വേദനിപ്പിച്ചവരോട് പോലും തിരിച്ച് നോവിക്കാനോ ന്യായീകരണം ആവശ്യപ്പെടാനോ ഒന്നും എനിക്ക് കഴിയാറില്ല. ഒന്നിനെയും ജഡ്ജ് ചെയ്യാറില്ല. ഓരോരുത്തരും അനുഭവിക്കുന്ന വൈകാരികത വാക്കുകൾക്കും ഉപരിയായിരിക്കും. ഞാൻ ഇമോഷനെ സ്നേഹിക്കുന്ന ഒരാളാണ്. എന്താണ് സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസമെന്നോ എങ്ങനെ അതിനെ വ്യാഖ്യാനിക്കുന്നതെന്നോ ഒന്നുമെനിക്ക് നിശ്ചയമില്ല. എനിക്കൊന്നേ അറിയൂ, അഭിനയം... അഭിനയം...

പക്ഷേ സിനിമ കുറേക്കൂടി ബുദ്ധിമുട്ടാണ് എന്ന് തോന്നിയിട്ടുണ്ട്. നാടകം നമ്മൾ സ്റ്റേജിൽ കയറി കഴിഞ്ഞാൽ മുഴുവനായി ആ കഥാപാത്രമാണ്, തുടക്കം മുതൽ അവസാനം വരെ അവിടെ വച്ച് തന്നെ ആ കഥാപാത്രത്തെ അനുഭവിക്കാം, പക്ഷേ സിനിമയിൽ അത് നടക്കുന്നില്ലല്ലോ, ഇപ്പോൾ ഒരു വൈകാരിക നിമിഷം പല ഷോട്ട് ആയിട്ടാവും സിനിമയിൽ എടുക്കുക. നാടകത്തിൽ ഒരു ഫ്ലോ ഉണ്ടാവും തുടക്കം മുതൽ ഒടുക്കം വരെ. സിനിമയിൽ ആദ്യം എടുക്കുന്നത് ചിലപ്പോൾ അവസാനത്തെ സീനായിരിക്കും. അപ്പോൾ ആ കഥാപാത്രം അവസാനം എന്താണ് അനുഭവിക്കുന്നത് എന്നത് ആ കഥ മുഴുവൻ ഒന്നിച്ചനുഭവിച്ച , ആ കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെ ആദ്യം തന്നെ സഞ്ചരിച്ച് അനുഭവിച്ചാണ് ആദ്യം തന്നെ അവസാന സീൻ ചെയ്യേണ്ടി വരിക. അതൊരു വല്ലാത്ത അനുഭവമാണ്. ഞാൻ പറഞ്ഞത് ശരിയാണോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ അനുഭവങ്ങൾ ഇങ്ങനെയൊക്കെയാണ്. 

ഓരോ കഥാപാത്രവും പുണ്യമാണ് 

reina-mariya-01

എനിക്ക് അഭിനയം പുണ്യമാണ്. ഓരോ കഥയും ഓരോ ജീവിതമാണ്. ആത്മാവ് അനശ്വരമാണ്, പല ജന്മങ്ങളിലൂടെ കടന്നു പോയാണ് അടുത്ത ജന്മങ്ങളിലേയ്ക്ക് കടക്കുന്നതെന്നുമൊക്കെ പഠിച്ചിട്ടുണ്ട്, അത് ശരിയാണോ എന്നറിയില്ല. പക്ഷേ ആ അറിവ് ശരിയാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ ഓരോ കഥാപാത്രങ്ങളും ഇതുപോലെ ഓരോ ജന്മങ്ങൾ തന്നെയാണ്. ഞാൻ കഥാപാത്രങ്ങളായി ഓരോ ജന്മങ്ങളായി ജീവിക്കുന്നു.

ഈ ഒരു ജന്മത്തിൽ തന്നെ പല ജന്മങ്ങൾ അറിയാനും അനുഭവിക്കാനുമുള്ള ഭാഗ്യവും അനുഗ്രഹവും പുണ്യവുമല്ലേ എനിക്ക് കിട്ടിയത്. അതെന്നെ വിശുദ്ധീകരിക്കുന്നുണ്ട്  എന്നെനിക്കുറപ്പുണ്ട് . അതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങൾക്കും ഞാനെന്റെ ആത്മാവിനെ നൽകുന്നു. ചിലപ്പോൾ ടേക്കിനു മുൻപ് ഇങ്ങനെ ചെയ്യാം എന്ന വിചാരിച്ചാലും ടേക്ക് എടുക്കുമ്പോൾ മറ്റൊന്നാകും ചെയ്യുക.

കഥാപാത്രമാണ് മിക്കപ്പോഴും ഞാൻ പോലും അറിയാതെ കൊണ്ടു പോവുക. പലതിലും എന്റേതല്ലാത്ത മാനറിസമാണ്, അല്ലെങ്കിൽ ഞാൻ അറിയാത്ത മാനറിസമാണ് എന്നിൽ നിന്നുണ്ടാവുന്നത്. അതൊരു അദ്‌ഭുതമാണ്. ഓരോ എഴുത്തുകാരനും ഓരോ ലോകത്തെ നിർമ്മിക്കുന്നു, ഓരോ ജന്മങ്ങളെ ഉണ്ടാകുന്നു, അത് രൂപം കൊള്ളുമ്പോൾ തന്നെ അത് ആര് ചെയ്യണമെന്നും തീരുമാനിക്കപ്പെട്ടിട്ടുണ്ടാകണം, അങ്ങനെ ഞാൻ വിശ്വസിക്കുന്നു. സിനിമയിൽ തിരക്കഥയുണ്ട്, ജീവിതത്തിൽ ഈ ജന്മത്തിനു നമ്മുടെ കയ്യിൽ തിരക്കഥയില്ല, അതാണ് പൊതു വ്യത്യാസം എന്ന് തോന്നുന്നു. 

ഇഷ്ടങ്ങൾ...

ഞാൻ ചെയ്യുന്നതിനോടെല്ലാം എനിക്ക് പ്രേമമാണ്. എന്ത് ചെയ്താലും അതിൽ അങ്ങെയറ്റം ആത്മാർത്ഥമായി തന്നെ ഇഷ്ടത്തോടെ തന്നെ ചെയ്യാറുണ്ട്. പൂർണ ഹൃദയത്തോടെ തന്നെ ഓരോ കുഞ്ഞു പ്രവൃത്തിയും ചെയ്യുന്നു. പിന്നെ മറ്റുള്ളവരുടെ സന്തോഷം കാണാൻ ഭയങ്കര ഇഷ്ടമാണ്. മറ്റൊരാളുടെ മുഖം തെളിഞ്ഞു ആനന്ദത്തോടെ നിൽക്കുന്നത് കാണാൻ എന്തു രസാണ്.

പ്രകൃതിയോടിഷ്ടമാണ്, മരങ്ങളോട് സംസാരിക്കാനിഷ്ടമാണ്...

പിന്നെ ഇഷ്ടമില്ലാത്തത് ഒന്ന്, മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കാനും പറയാനും ഇഷ്ടമില്ല. പിന്നെ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്നെ ശല്യപ്പെടുത്തുന്നതും എനിക്കിഷ്ടമല്ല.  പക്ഷേ കൂടുതലും ഇഷ്ടങ്ങൾ തന്നെ... ചെടികൾ , പൂക്കൾ, ആകാശം, മരങ്ങൾ, കിളികൾ.. മനുഷ്യർ.... സർവത്ര പ്രേമം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com