sections
MORE

വാക്കു മാറിയിട്ടില്ല, സത്യമിതാണ്: സുശാന്തിന്റെ ആരോപണങ്ങൾക്കെതിരെ പ്രീതി

Preethi, sushanth
പ്രീതി, സുശാന്ത്
SHARE

തൊലി അടർന്നുപോകുന്ന രോഗം കൊണ്ട് ദുരിതം അനുഭവിക്കുന്ന പ്രീതിയുടെ ജീവിതം നിരവധി പേരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് പ്രീതിയുടെ ദുരിതം ജനങ്ങൾ അറിയുന്നത്. സുശാന്ത് നിലമ്പൂർ എന്ന സാമൂഹികപ്രവർത്തകനാണ് പ്രീതിയുടെ അവസ്ഥ വിഡിയോയിലൂടെ ജനങ്ങളിൽ എത്തിച്ചത്. സുശാന്തിന്റെ ഇടപെടലിലൂടെയാണ് 42 ലക്ഷം രൂപയോളം പ്രീതിക്ക് കിട്ടിയത്. എന്നാൽ ഇന്നലെ പ്രീതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുശാന്ത് ഉന്നയിച്ചത്. പണം കിട്ടിയപ്പോൾ പ്രീതിയുടെ സ്വഭാവം മാറിയെന്നും സാമൂഹികപ്രവർത്തനത്തിന് നൽകാമെന്ന് പറഞ്ഞ കൂടുതലായുള്ള പണം തരാൻ തയാറായില്ലെന്നും സുശാന്ത് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്കുള്ള മറുപടി മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുകയാണ് പ്രീതി.

പണം കിട്ടികഴിഞ്ഞപ്പോൾ പ്രീതിയുടെ സ്വഭാവം മാറിയെന്നാണല്ലോ സുശാന്തിന്റെ ആരോപണം. എന്താണ് നിങ്ങൾക്കിടയിലുള്ള പ്രശ്നം?

എന്റെ അവസ്ഥ നാട്ടുകാരിലെത്തിച്ച് സഹായം കിട്ടാൻ കാരണം സുശാന്താണ്. അതൊരിക്കലും മറക്കാനാകില്ല. എന്റെ രോഗത്തിന്റെ ചികിൽസയ്ക്ക് വേണ്ടി സമൂഹം തന്നതാണ് പണം. എന്റെ അസുഖം മാറിയശേഷം ബാക്കിയുള്ള പണം സമൂഹത്തിന് നൽകാമെന്നാണ് പറഞ്ഞത്. ആ വാക്കിന് ഇപ്പോഴും മാറ്റമില്ല.

സുശാന്ത് എന്നോട് ആദ്യം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുപോലെയുള്ള വിഡിയോ ചെയ്ത് പണം വന്നുകഴിഞ്ഞാൽ അതിൽ നിന്ന് അവർക്ക് കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴാണ് സുശാന്ത് എനിക്ക് കാശ് കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണെന്നും കണ്ണ്മഞ്ഞളിച്ചെന്നുമൊക്കെ പറഞ്ഞത്. 

സുശാന്തിനോട് പറയാതെ നാലുലക്ഷം പിൻവലിച്ചു എന്നു പറയുന്നുണ്ടല്ലോ? അതിനെക്കുറിച്ച്?

രണ്ട് രോഗികളുടെ ചികിൽസയ്ക്കായി പണം തരണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കൊടുക്കാൻ വേണ്ടി തന്നെയാണ് പണം പിൻവലിച്ചത്. ജനങ്ങൾ തന്ന പണമായതുകൊണ്ട് അവരറിഞ്ഞ് തന്നെ പണം നൽകണമെന്നുണ്ടായിരുന്നു. അത് പറഞ്ഞപ്പോൾ സുശാന്തിന് ഇഷ്ടമായില്ല. കൂടാതെ ഈ രോഗികളുടെ വിവരങ്ങൾ ഞാൻ അന്വേഷിച്ചതും നീരസമുണ്ടാക്കി. നിന്റെയൊക്കെ എന്തെങ്കിലും വിവരം തിരക്കിയിട്ടാണോ ആളുകൾ സഹായിച്ചതെന്ന് ചോദിച്ചു. രണ്ടുലക്ഷം രൂപ പണമായിട്ട് തന്നെ നൽകണമെന്നും സുശാന്ത് വാശിപിടിച്ചു.

പ്രീതി വാക്കുമാറിയെന്ന ആരോപണത്തെക്കുറിച്ച്?

ഞാനൊരിക്കലും വാക്ക് മാറ്റിയിട്ടില്ല. സുശാന്ത് പോസ്റ്റ് ചെയ്ത വിഡിയോയിലും ഞാൻ പറഞ്ഞത് എന്റെ രോഗം മാറിക്കഴിഞ്ഞ് ബാക്കിയുള്ളത് നൽകാമെന്നാണ്. എന്റെ ചികിൽസയ്ക്ക് എത്രയാകുമെന്ന് അറിയില്ല. സുശാന്ത് പറയുന്നത് മുപ്പത്‌ലക്ഷം രൂപ ചെലവാകും, അതുകഴിഞ്ഞ് ബാക്കിയുള്ളത് തരണമെന്നാണ്. അത്രയും തുക മാത്രമേ ആകൂ എന്നുള്ളതിന് ഉറപ്പില്ല. ഇപ്പോൾ തന്നെ എന്റെ രോഗത്തിന്റെ ചികിൽസയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവായിട്ടുണ്ട്. എന്റെ അമ്മയുടെ കെട്ടുതാലിവരെ വിറ്റ് ചികിൽസ നടത്തിയിട്ടുണ്ട്. രണ്ടായിരം രൂപയുടെ മരുന്നാണ് ഞാൻ കഴിക്കുന്നത്. ഇത്രയും പണം ഉണ്ടെങ്കിലും രോഗം പൂർണ്ണമായും മാറുമോയെന്ന് എനിക്ക് അറിയില്ല. രോഗം മാറിയില്ലെങ്കിലും എനിക്ക് ജീവിക്കണം.

നിനക്ക് അമ്മയെ നോക്കണ്ടേ, വീട് ശരിയാക്കേണ്ടേ എന്നൊക്കെ സുശാന്താണ് ആദ്യം ഇങ്ങോട്ട് പറഞ്ഞത്. അതൊന്നുംവേണ്ട ജനങ്ങൾ ചികിൽസയ്ക്ക് വേണ്ടി തന്ന പണം അതിന് മാത്രമേ വിനിയോഗിക്കുകയുള്ളൂവെന്ന് ഞാൻ മറുപടിയും പറഞ്ഞിരുന്നു. ഗതികേട് കൊണ്ടാണ് ലൈവിൽ വന്ന് സഹായം അഭ്യർഥിച്ചത്. ഇപ്പോൾ പറയുന്നത് എന്റെ അക്കൗണ്ട് നിർജീവമാക്കും, ഒരു പൈസയും നിനക്ക് കിട്ടില്ല എന്നൊക്കെയാണ്. 

പ്രീതി രണ്ട് അക്കൗണ്ട് നമ്പർ നൽകിയെന്നുള്ളത് ശരിയാണോ?

ഞാൻ ഒക്ടോബറിൽ അവസ്ഥ വിവരിച്ചുകൊണ്ട് ഒരു വിഡിയോ ഇട്ടിരുന്നു. അന്ന് സഹായം അഭ്യർഥിച്ചുകൊണ്ട് നൽകിയത് തൃശൂരുള്ള സഹകരണ ബാങ്കിന്റെ അക്കൗണ്ടാണ്. പലരും അതിലേക്ക് പണം അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ഒക്ടോബറിൽ എടുത്ത അക്കൗണ്ടാണ് കാനറാ ബാങ്കിലേത്. സുശാന്ത് പറഞ്ഞിട്ടാണ് സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. അതല്ലാതെ ആരെയും കബളിപ്പിക്കാൻ വേണ്ടി ഞാൻ അക്കൗണ്ട് മാറ്റി നൽകിയിട്ടൊന്നുമില്ല.

സുശാന്തിനെ നേരത്തെ പ്രീതിയ്ക്ക് പരിചയമുണ്ടോ?

ഇല്ല, പത്ത് പതിനഞ്ച് ദിവസം മുമ്പാണ് സുശാന്തിനെ പരിചയപ്പെടുന്നത്. വേറെയൊരാളുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും എന്നെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് സുശാന്ത് വിളിക്കുന്നത്. വീട്ടിലെത്തി ഒരു ലൈവ് വിഡിയോ ചെയ്തുകൊള്ളട്ടേയെന്ന് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു. അതല്ലാതെ എനിക്ക് സുശാന്തിനെ മുൻപരിചയമില്ല. 

ഇതിന് മുമ്പ് പ്രീതിയ്ക്ക് വേണ്ടി സഹായാഭ്യർഥന നടത്തിയ ആരെങ്കിലും പണം ചോദിച്ചിട്ടുണ്ടോ?

ഇല്ല. വേറെയാരും എന്നോട് ചോദിച്ചിട്ടില്ല. ഒരുപാട് പേര് ഇതിന് മുമ്പ് സഹായിച്ചിട്ടുണ്ട്. അവരാരും യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സുശാന്തിന്റെ ആവശ്യം എനിക്ക് മനസിലാകാതെ വന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA