sections
MORE

തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് നോവും, മറ്റെന്തിനേക്കാളും അധികം യുഗങ്ങളോളം...

women-talks-01
വൃന്ദ മേലേടം, രേണുരാംനാഥ്,ഗായത്രി,സോയാനായർ,ജ്യോതിലക്‌ഷ്മി
SHARE

കാമുകന്റെ ഒപ്പം പോകാൻ വേണ്ടി കുഞ്ഞുങ്ങളെ കുരുതി കൊടുക്കാൻ കൂട്ടുനിന്ന അമ്മമാർ, സ്നേഹിച്ചു വളർത്തേണ്ട മക്കളെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കൊന്നു കളഞ്ഞ അമ്മമാർ, അങ്ങനെ കുഞ്ഞുങ്ങളുടെ ഘാതകരായി അമ്മമാർ മാറുന്ന കാഴ്ചകൾ ഈയിടെയായി ആവർത്തിക്കുകയാണ്. ചേർത്തലയും തൊടുപുഴയുമൊക്കെ ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ അമ്മമാരുടെ സ്ഥലങ്ങളായി മാറുന്നു. എന്താണ് നമ്മുടെ അമ്മമാർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

"അതിശയിക്കാനൊന്നുമില്ല. മുമ്പുണ്ടായിരുന്ന പലതും ഇപ്പോൾ വിഗ്രഹങ്ങളാക്കപ്പെടുന്നില്ലേ? അത് പോലെ ''അമ്മ" എന്ന യാഥാർഥ്യവും സങ്കൽപമായി മാറിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ അതിന്റെ തുടക്കമാവാം.", എന്ന അശോകൻ വി എസ് അദ്ദേഹത്തിന്റെ അഭിപ്രായമായി കുറിക്കുന്നിടത്തു നിന്നും തുടങ്ങാം. അമ്മ എന്ന സങ്കൽപം ഒരുപാട് ഉദാത്തവത്കരിക്കുന്ന ഒരു കാലം കഴിഞ്ഞു പോയതായാണ് പൊതുവെ കാണാൻ കഴിയുന്നത്. ഒൻപതു മാസം ഉദരത്തിൽ പേറുക, നോവ് അനുഭവിച്ച് പ്രസവിക്കുക, ആവുന്ന കാലം വരെ വളർത്തുക എന്നതൊക്കെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്ന നിലയിൽ തന്നെയാണ് കുട്ടികളും അതിനെ കാണുന്നത്. പക്ഷേ സ്വയംഅനുഭവിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെ മറികടന്ന് ഒരു കുഞ്ഞു വലുതാകുമ്പോൾ കരുതൽ പ്രതീക്ഷിക്കുന്നതും സ്വാഭാവികം. പലപ്പോഴും ഉത്തരവാദിത്തം എന്ന വാക്കിൽ തൂങ്ങി ആ ആഗ്രഹങ്ങളെ പോലും റദ്ദു ചെയ്യുന്ന കുട്ടികളുണ്ട് എന്നതും മറക്കാൻ പാടില്ല. 

കെ വി വിനോഷ് പറയുന്നത് ഇങ്ങനെയാണ്

"കുറ്റം കുറ്റം തന്നെയാണ്, അതേത് മാനസികാവസ്ഥയിൽ ചെയ്താലും.. ക്രൂരതകളോ കൊലപാതകങ്ങളോ ചെയ്യുന്ന മിക്ക സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളവർ ഏതെങ്കിലും തരത്തിലുള്ള മാനസികവൈകല്യങ്ങൾ ഉള്ളവർ തന്നെയാകും.. കുഞ്ഞുങ്ങളെയും വൃദ്ധകളേയും പീഡിപ്പിക്കുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള മനോവൈകല്യം ഉണ്ടാവും. എന്നാൽ അതൊരിക്കലും അവർ ചെയ്ത കുറ്റത്തെ സാധൂകരിക്കാൻ പര്യാപ്തമാവില്ല.. ഒരു അമ്മ കുഞ്ഞിനെ കൊന്നപ്പോൾ മറ്റൊരു അമ്മക്ക് അതേ കുറ്റം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല.

ആ കുഞ്ഞിനെ കുറിച്ചോർത്ത് വിഷമിക്കുന്ന ഒരമ്മക്ക് സ്വയം ആശ്വസിക്കുന്നതിന് വേണ്ടി ഓരോരോ കാരണങ്ങൾ കണ്ടെത്താം. പക്ഷേ ക്രൈം ഈസ് ക്രൈം".- എന്തൊക്കെ ന്യായീകരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാലും കുറ്റം എന്നത് ഒരു തെറ്റു തന്നെയാണ്. അത് ചെയ്യുന്നയാൾ കുറ്റവാളികളും. സ്ത്രീകൾ എല്ലാ ഇടങ്ങളിലേയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിന്റെ കൈകൾ വ്യാപിപ്പിച്ചതോടെ പതിവിലധികം കുറ്റകൃത്യങ്ങളും ഉണ്ടാകുന്നു, മറ്റു പലതിലുമെന്നതു പോലെ കുറ്റകൃത്യങ്ങളിലും തങ്ങൾ പുരുഷന്മാരേക്കാൾ പിന്നിലല്ലെന്ന ബോധ്യം അവർക്കു തന്നെ ഉണ്ടാകുന്നുണ്ട്. 

പക്ഷേ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന അമ്മമാരുടെ കാര്യത്തിൽ എന്താണ് സത്യം? ക്രിമിനൽ മനസ്സുള്ള അമ്മമാർ, ക്രൂരത എന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും ഈ അമ്മമാർക്ക് പലപ്പോഴും സാധാരണക്കാർക്ക് മനസ്സിലാക്കാനാകാതെ പോകുന്ന ചില മാനസിക അനുഭവങ്ങളുണ്ട് എന്നത് യാഥാർഥ്യമാണ്.

വൃന്ദ മേലേടം , സ്വയം ഒരു അമ്മയായ അനുഭവം കേൾക്കൂ...

" വിവാഹം കഴിഞ്ഞ് 7 വർഷത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എനിക്ക് മാതൃത്വം എന്ന ഭാഗ്യം ലഭിക്കുന്നത്. ഗർഭ സമയങ്ങളെല്ലാം സന്തോഷത്തിന്റെ പാരമ്യം നിറഞ്ഞതായിരുന്നു കാത്തിരുന്നു കിട്ടാനൊരുങ്ങുന്ന കണ്മണിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുകയാണ് ഇരു വീട്ടുകാരും. മൂന്നാം മാസം വരെ Progetrone SR 400 tablet കഴിക്കാൻ ഡോക്ടർ നിർദേശിച്ചു മൂന്നാം മാസത്തിൽ നിർത്തിയതിന് ശേഷം വയറുവേദന വന്നു. പിന്നെ പറയണോ ടെൻഷൻ പേടി ആശങ്ക  തന്ന സന്തോഷം ദൈവം തിരിച്ചെടുക്കുവാണോന്ന് വരെ ഓർത്തു പോയി. ഒരു ദിവസം മുഴുവൻ വയറു വേദനയായി ലേബർ റൂമിൽ കഴിഞ്ഞു.

 മരുന്ന് തുടർന്നോളൂവെന്ന് ഡോക്ടർ പറഞ്ഞു. മരുന്ന് വീണ്ടും കഴിച്ച് തുടങ്ങി വേദന നിന്നു. വീണ്ടും സന്തോഷം. പിന്നെ ആറാം മാസമായപ്പോ ദാ വരുന്നു പൈൽസ് ഞാൻ അനുഭവിച്ച വേദനകളിൽ ഏറ്റവും വിരുതൻ. നല്ല വിശപ്പുണ്ടാകും നല്ലോണം ഭക്ഷണം കഴിക്കും പക്ഷേ ശോധന ബുദ്ധിമുട്ടായിരുന്നു.

vrinda-meledam-01
വൃന്ദ മേലേടം

തള്ളി നിൽക്കുന്നത് അറിയുന്നുമുണ്ട്. പിന്നെ പിന്നെ നീണ്ട ഒരു ചെറുവിരലിന്റെ വലിപ്പമുള്ള വസ്തു തള്ളി വരുന്നു. ഡോക്ടറെ കാണിച്ചു ഡോക്ടർ ഒരു സിറപ്പ് തന്നു. അപ്പോൾ മുതൽ മോഷൻ കട്ടി കുറഞ്ഞ് വന്നു തുടങ്ങി പതിയെ വേദനയും നിന്നു.

പിന്നെപ്പിന്നെ പ്രസവം അടുക്കാറാകുന്ന ദിവസങ്ങളിൽ പേടി സ്വപ്നങ്ങൾ കാണുന്നത് പതിവായി. മരണം തന്നെ ആയിരുന്നു കഥാപാത്രം. ഞാൻ മരിച്ചു പോയാൽ ജനിക്കുന്ന കുഞ്ഞിന്റെ അവസ്ഥയും മറ്റും സ്ഥിര ചിന്തയായി. കാട് കയറുന്ന ചിന്തകൾ .ഡോക്ടറോട് പറഞ്ഞു അപ്പോൾ ഡോക്ട്ടർ പറഞ്ഞു വൃന്ദേ നിനക്ക് ഓപ്പറേഷൻ ആയിരിക്കും പൈൽസും പിന്നെ സെൻസിറ്റീവായ മനസ്സും നീണ്ട കാത്തിരിപ്പും ഒന്നും വേണ്ട നിനക്കും കുഞ്ഞിനും ഒന്നും വരില്ല. പതിമൂന്നിന് അഡ്മിറ്റായി  ഞാൻ ആശ്വസിച്ചു നല്ല സമയം കുംഭ ലഗ്നം ഏഴിൽ വ്യാഴം നിൽക്കുന്ന സമയം 14/7/16 9:01 PM

എന്നാൽ അഡ്മിറ്റായ സമയം മുതൽ വല്ലാത്ത പിരിമുറുക്കം അനക്കം ഇല്ലാ എന്ന തോന്നൽ ഡോക്ടറെ വിളിച്ചു ഡോക്ടർ പറഞ്ഞു ഇത് നിനക്ക് സ്ഥിരം തോന്നുന്നതല്ലേ വൃന്ദേ, ഇതും ആ തോന്നലാണെന്ന് കരുതി ആ രാത്രി കടന്നു പോയി രാവിലെ ആയപ്പോ തോന്നൽ കൂടി വന്നു. ഡോക്ട്ടർ എത്തിയിട്ടില്ല. വീണ്ടും വിളിച്ചു. ഞാൻ കരഞ്ഞ് പറഞ്ഞു ഇത് എപ്പോഴും പറയുന്ന പോലെ അല്ലന്ന്  ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ചു. റിപ്പോർട്ട് വന്നപ്പോൾ ഉടനെ തന്നെ ഓപ്പറേഷൻ ചെയ്യാൻ  നിർദ്ദേശിച്ചു. പക്ഷേ ഭക്ഷണം കഴിച്ചതിനാൽ അനസ്തേഷ്യ ഒന്നര മണിക്കൂർ കഴിഞ്ഞേ കൊടുക്കാനാകൂ .എല്ലാരും പറഞ്ഞു ഓപ്പറേഷൻ ആയതോണ്ട് വേദന ഉണ്ടാകില്ല,പൊട്ടിയായ ഞാനും വിശ്വസിച്ചു.

എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.സി ആകൃതിയിൽ വളച്ചുനിർത്തി നടുവിൽ ഇൻഞ്ചക്ഷൻ എടുക്കുന്നത് മുതൽ ഒരു പുനർജന്മ പാത തന്നെ ആണ്. ഒന്നര മണിക്കൂർ കൊണ്ട് ഓപ്പറേഷൻ കഴിഞ്ഞു പെൺകുഞ്ഞ്. ബോധം വന്ന ആ നിമിഷം മുതൽ എനിക്കെന്തോ സംഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി ഉറക്കെ കരഞ്ഞതായും ഉറക്കെ ചിരിച്ചതായും എനിക്ക് ഓർമയുണ്ട് വെള്ളം ചോദിച്ചപ്പോ തരാത്തതു കൊണ്ട് ഡോക്ടറേയും ചീത്ത വിളിച്ചു. 

ഓപ്പറേഷനല്ലേ വേദന ഉണ്ടാകില്ല എന്ന് പറഞ്ഞവരെ അപ്പോൾ കൈയിൽ കിട്ടിയാൽ പച്ചയ്ക്കു കത്തിക്കുമായിരുന്നു ലേബർ റൂമിൽ ഒരു കട്ടിലിൽ വേദന കടിച്ചമർത്താനാകാതെ ഒന്നനങ്ങനാകാതെ കിടന്നു മുന്നിൽ ഒരു ക്ലോക്ക് അതായിരിക്കും കാല ചക്രം ഞാൻ ചിന്തിച്ചു. ഇതിനിടയിൽ ഒന്നിലധികം സുഖപ്രസവങ്ങൾ അവിടെ നടക്കുന്നു. കൂട്ടക്കരച്ചിലുകൾ മാത്രം. ആ സമയം ഡോക്ടറുടെ മുഖം ഞാൻ ശ്രദ്ധിച്ചു ഡോക്ടർക്കതാ കൊമ്പ് മുളക്കുന്നു. പതുക്കെ ദ്രംഷ്ട്രയും ഒരു കുട്ടിയുടെ ഗർഭപാത്രം വൃത്തിയാക്കുക ആണ് ഡോക്ടറുടെ കൈയിലുള്ള   ഉപകരണം. ഞാൻ കാണുന്നത് വലിയ അരിവാൾ അത് വച്ച് ആ കുട്ടിയെ അറുത്ത് മുറിക്കുന്നു അവർ.

ഞാൻ ഉറക്കെ ഉറക്കെ ഉറക്കെ കരഞ്ഞു. പേപ്പട്ടി കടിച്ച അവസ്ഥയാണ് പിന്നങ്ങോട്ട്,ചിലപ്പോ നല്ല ബുദ്ധി ചിലപ്പോ എന്താ ചെയ്യുന്നതെന്ന് ഓർമയില്ല. പക്ഷേ എനിക്കു സംഭവിക്കുന്ന മാനസിക വികാരങ്ങൾ എല്ലാം അമ്മയോട് അപ്പോൾ അപ്പോൾ പറഞ്ഞു. നല്ല ബുദ്ധി വരുമ്പോൾ ഞാൻ അമ്മയോട് പറയും,അമ്മേ എനിക്ക് എന്തോ പ്രശ്നം ഉണ്ട് മരിക്കാൻ തോന്നുന്നു.അമ്മ പറഞ്ഞു,ചിലർക്ക് ഈ സമയം ഉണ്ടാകും പല അസ്വസ്ഥ ചിന്തകളും സാരല്യ. ദേഷ്യം, ഈർഷ്യ, വെറുപ്പ് മാത്രം എല്ലാരോടും.ബാത്റൂമിൽ ഒരു നായ ഇരിക്കുന്നുണ്ട് അത് ഓരിയിടുന്നു.ഞാൻ കാണുന്നുണ്ട് ആരും വിശ്വസിക്കുന്നില്ല.

കുറച്ച് കഴിയുമ്പോ മനസ്സിലാകും തോന്നിയതാണ് ,എന്നാൽ കുറച്ച് കഴിഞ്ഞ് വീണ്ടും നായ  ഓരിയിടുന്നു,വേദന മറു വശത്ത് തകൃതിയായി നടക്കുന്നു. മുണ്ട് കീറുന്ന ശബ്ദം കേട്ടാൽ ഉറക്കെ അലർച്ചയാണ് വയറ് കീറുന്ന ശബ്ദമായാണ് തോന്നുന്നത്‌. പിന്നെ എന്റെ മുന്നിൽ കാണുന്ന എല്ലാവർക്കും കൊമ്പ് മുളച്ചതായി കാണുന്നു, ചുമരിൽ ഓരോ ചിത്രങ്ങൾ തെളിഞ്ഞു വരുന്നു.അതും പേടിപ്പെടുത്തുന്നവ. ഒരു ഭീകര ദംഷ്ട്രയായി ഒരു കറുത്ത രൂപം എന്നെ പിടിക്കാൻ വരുന്നു. കുഞ്ഞ് കരയുമ്പോൾ ഈർഷ്യ കൂടുന്നു.ഞാൻ ഒരു നല്ല അമ്മ അല്ല എന്ന തോന്നൽ കൂടുന്നു.

വാഷിങ് മെഷീൻ കറങ്ങുമ്പോൾ മോളെ അതിനകത്ത് കൊണ്ടിടാൻ തോന്നും. വെള്ളം തിളയ്ക്കുന്ന ശബ്ദം കേൾക്കുമ്പോ അവളെ അതിനകത്ത് കൊണ്ടിടാൻ തോന്നും. ചില സമയം അവളോട് ഭയങ്കര സ്നേഹം,ചില സമയം കൊല്ലാനുള്ള തോന്നലും. ഡോക്ടർ പറഞ്ഞ ഒരു കാരണം  പ്രൊജസ്ട്രോൺ ടാബിന്റെ പാർശ്വഫലങ്ങൾ ആണെന്നാണ്. 10 മാസം വരെ കഴിച്ചതിനാൽ അതിന്റെ അളവ് ശരീരത്തിൽ കൂടുതലുമായിരുന്നു. ബാംഗ്ലൂർ നിംഹാൻസിലാണ് ചികിത്സ, ഇപ്പോൾ മോൾക്ക് മൂന്ന് വയസ്സാകാറായി, പക്ഷേ ടാബ്‌ലറ്റ് എനിക്ക് നിർത്തിയിട്ടില്ല. 

അവിടെ എല്ലാ വെള്ളിയാഴ്ചകളിലും ഇതിനു വേണ്ടി മാത്രം കൺസൾട്ടിങ് ഉണ്ട്. ഞെട്ടിപ്പോകും അവിടെ വരുന്നവരുടെ അവസ്ഥ കേട്ടാൽ. ടാബ്‌ലെറ്റ് നിർത്തിയാൽ ഇപ്പോഴും അസ്വസ്ഥത നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ അവസ്ഥയുടെ കാരണം പലർക്കും പലതാണ് എനിക്ക് മരുന്ന് കഴിച്ചതാണെങ്കിൽ, ചിലർക്ക് പാരമ്പര്യം, ചിലർക്ക് നേരത്തെ ഉണ്ടായിരുന്ന വിഷാദം, സ്ട്രെസ്, അങ്ങനെ പലതും. ലേശം ദൈവാധീനം ഉള്ളതോണ്ട് രക്ഷപ്പെട്ടു എന്ന പറയുന്നതാണ് എന്റെ കാര്യത്തിൽ ശരി. "

അമേരിക്കയിൽ സ്ഥിര താമസമാക്കിയ എഴുത്തുകാരി സോയാ നായർ പറയുന്നു

"മാതൃത്വം അനുഭൂതിയാണ്. മാനസിക സംയമനത്തോടെ ആസ്വദിക്കപ്പെടേണ്ടുന്ന കടമ. വൽസല്യവും  സ്നേഹവും വാരിക്കോരി കൊടുത്ത്‌ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വളർത്തി അനുഭവിക്കേണ്ട വികാരം. അത്‌ സാധ്യമാകാത്തിടത്താണ് പ്രസവാനന്തര വിഷാദം ഉണ്ടാകുന്നതെന്നാണ് എന്റെ അഭിപ്രായം.

ഗർഭിണിയാകുന്നതു മുതൽ പ്രസവത്തിനു ശേഷം 12 മാസം വരെ കാണപ്പെടുന്ന പോസ്റ്റ്‌പാർട്ടം ഡിപ്രഷനു വേണ്ട കരുതൽ കൊടുത്തില്ലെങ്കിൽ അതു അമ്മയുടെയും കുഞ്ഞിന്റെയും ജീവനു തന്നെ ഭീഷണിയായേക്കാം. പ്രസവ സമയത്ത്‌ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളും ഹോർമ്മോൺ വ്യതിയാനങ്ങളും സ്ത്രീകളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം വലുതാണ്.

soya-nair-01
സോയാ നായർ

ഒരു കുഞ്ഞ്‌ ഉണ്ടായിക്കഴിഞ്ഞാൽ തന്റെ ദൈനംദിന ജീവിതചര്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആ കുട്ടിയെ വളർത്തുവാൻ ശാരീരികമായി നേരിടേണ്ടുന്ന അധ്വാനവും അതിനെത്തുടർന്നുണ്ടാകുന്ന കഷ്ടപ്പാടുകളും ഉണർത്തുന്ന ആശങ്കകൾ അവരെ കൂടുതൽ ചിന്താമഗ്നരാക്കുന്നു. ആ ചിന്തകളിൽ അധികമായി വ്യാപരിച്ച്‌ തന്നെത്തന്നെ മറന്ന്, ചുറ്റുമുള്ളവരോട്‌ അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്നു. പതിയെ പതിയെ കുഞ്ഞിനെക്കുറിച്ച്‌ ആലോചിക്കാതെ അവർ ഊണും ഉറക്കവുമില്ലാതെ ഒറ്റപ്പെടലിലേക്ക്‌ വഴുതി വീഴുന്നു.

ആ ഒറ്റപ്പെട്ട സമയങ്ങളിൽ അവർ കേൾക്കുന്ന കുഞ്ഞിന്റെ കരച്ചിൽ, ചുറ്റുമുള്ളവരുടെ വാക്കുകൾ അവരെ അമിതമായി ശല്യപ്പെടുത്തുകയും മനപൂർവം അവയൊക്കെ അവഗണിക്കാൻ തുടങ്ങുകയും ചെയ്യും. ആ നിമിഷത്തിൽ ആ കുഞ്ഞ്‌ തന്റെ സ്വകാര്യജീവിതത്തിൽ പലതും ചെയ്യാൻ ( യാത്രകൾ, ജോലി, ആഘോഷങ്ങൾ) ധാരാളമായി ലഭിച്ചു കൊണ്ടിരുന്ന സമയങ്ങളെ അപഹരിക്കുവാൻ വന്ന തടസ്സമായി തോന്നിയേക്കാം. അതുകൊണ്ടുതന്നെ അതിനെ ഇല്ലായ്മ ചെയ്യണം എന്ന ചിന്തയും ജനിക്കുന്നു. അത്തരത്തിലൊരു അസാധാരണമാം വിധമുള്ള പെരുമാറ്റം  പ്രസവം കഴിഞ്ഞ്‌ 4 ആഴ്ചയ്ക്ക്‌ ശേഷവും കാണുകയാണെങ്കിൽ വേണ്ടത്ര ചികിൽസ നൽകണം. 

ആ ചികിത്സ നൽകാൻ വൈകുംതോറും  കുഞ്ഞിനു അപകടങ്ങൾ സംഭവിക്കാൻ ഉള്ള സാധ്യതയും അമ്മയിൽ ആത്മഹത്യാപ്രവണതയും ഉണ്ടാകാം. ഇത്തരത്തിൽ വിഷാദരോഗാവസ്ഥ ബാധിച്ച  അമ്മയുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിച്ച്‌ പോകുന്നത്‌ പരമാവധി ഒഴിവാക്കണം.. അമേരിക്കയിലെ ടെക്സാസ്‌ നഗരത്തിലെ  ഒരമ്മ പോസ്റ്റ്പാർട്ടം ഡിപ്രഷനെ തുടർന്ന് തന്റെ അഞ്ചു മക്കളെ ബാത്ടബ്ബിൽ മുക്കിക്കൊന്നതും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കുത്തിക്കൊന്നതുമായ  വാർത്തയുൾപ്പെടെ അനേകം വാർത്തകൾ പത്രത്തിൽ വായിക്കുമ്പോൾ മാതൃത്വം എന്ന ശാരീരികമാറ്റം കൊണ്ട്‌ സ്ത്രീകളിലുണ്ടാകുന്ന ഭീകരതയുടെ മറ്റൊരു വശവും കാണാൻ കഴിയുന്നു.

എന്റെ രണ്ടു പ്രസവവും അമേരിക്കയിലായിരുന്നു. പ്രസവം കഴിഞ്ഞ്‌ മൂന്നാം നാൾ വീട്ടിലേക്ക്‌ പോകുമ്പോൾ അവർ കൈയിൽ  ഒരു ബൂക്ക‌ലെറ്റ്‌ തന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെകുറിച്ചുള്ള വിവരങ്ങളും അത്തരമൊരു അവസ്ഥയിൽ എത്തുന്നു എന്നു തോന്നുകയാണെങ്കിൽ കൗൺസിലിങ്ങിനു വിളിക്കേണ്ട ഫോൺനമ്പറുകളും അതിലുണ്ടായിരുന്നു. അതൊരു തമാശയായിട്ടാണെനിക്ക്‌ ആദ്യം തോന്നിയതെങ്കിലും ആദ്യത്തെ  കുറേ ദിവസം ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക്‌ വലിയ ബുദ്ധിമുട്ടായിരുന്നു.

സ്റ്റിച്ച്‌ ഇട്ടതും അല്ലാതെയുമായ  ശരീരവേദന വച്ച്‌ രണ്ടുമൂന്നുമണിക്കൂർ ഇടവിട്ടുള്ള മുലയൂട്ടലും ഉറക്കമില്ലായ്മയും ശാരീരികവും മാനസ്സികവുമായി അമ്മ എന്ന അനുഭൂതിയിലേക്ക്‌ പൊരുത്തപ്പെട്ട്‌ വരാനുള്ള താമസവും എല്ലാം ഉണ്ടായിരുന്നു. പക്ഷേ എനിക്കു മാനസികപിന്തുണ നൽകി എന്റെ ജീവിതപങ്കാളിയും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉള്ളതുകൊണ്ട്‌ എനിക്ക്‌ ലഭിച്ച ആത്മധൈര്യവും ആത്മവിശ്വാസവും വലിയ അനുഗ്രഹമായിരുന്നു. 

ജോലിയിൽ നിന്നും ലീവ്‌ എടുത്ത്‌ കുറച്ചു ദിവസം എനിക്കൊപ്പം കുഞ്ഞുങ്ങളുടെ കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും സഹായിക്കാനും എന്റെ മാനസികപ്രയാസങ്ങളെ കേൾക്കാനും ആശ്വസിപ്പിക്കാനും മൂഡ്‌ സ്വിങ്സിനെ മാറ്റാൻ എഴുതാനും എക്സർസ്സൈസ്‌ ചെയ്യാനും പ്രേരിപ്പിച്ച്‌ എനിക്കൊപ്പം ശക്‌തിയായ്‌ എന്റെ പങ്കാളി നിന്നതു കൊണ്ട്‌ മാതൃത്വം എന്ന അനുഭൂതി എന്താണെന്നും ആ അനുഭൂതിയിലൂടെ വിഷാദം എന്ന വില്ലനെ എങ്ങനെ അകറ്റാം എന്നും ഞാൻ പഠിച്ചു.

ആധുനികയുഗത്തിൽ എല്ലാവരും അണുകുടുംബങ്ങളിൽ ആയതുകൊണ്ട്‌ ഇന്നു കൂട്ടുകുടുംബങ്ങളിലെ പ്പോലെ സഹായം എത്രത്തോളം ലഭ്യമാകും എന്ന് ഉറപ്പില്ല. എങ്കിലും ഈ സമയങ്ങളിലവർക്ക്‌ വേണ്ടത്‌ ചുറ്റുമുള്ള ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ പ്രത്യേകിച്ച്‌ ജീവിതപങ്കാളിയുടെ സ്നേഹവും കരുതലും മാനസിക പിന്തുണയും സഹായവും ആണ്. ഒറ്റപ്പെടലിൽ നിന്ന് ആശ്വസിപ്പിക്കാനും  കുഞ്ഞിന്റെ കാര്യങ്ങളിൽ സഹായിക്കുവാനും അവർക്ക് നല്ല‌ വിശ്രമവും നല്ല ഉറക്കവും നൽകുവാൻ കഴിഞ്ഞാൽ അമ്മമാർക്കുണ്ടാകുന്ന ആശ്വാസവും ധൈര്യവും വലുതാണ്. 

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണഞ്ഞ്‌, അമ്മതൻ മാറിലെ  ചൂടേറ്റ്‌ ഉറങ്ങുന്ന കുഞ്ഞു മിഴികളിലെ പ്രതീക്ഷകളെ കാണുമ്പോൾ ഓരോ അമ്മയുടെയും മനസ്സിലുണ്ടാകുന്ന ആനന്ദനിർവൃതി എത്ര സുന്ദരമാണ്. അമ്മയും കുഞ്ഞും തമ്മിൽ ഉണ്ടാകുന്ന ആ ഇഴയടുപ്പത്തിന്റെ കെട്ടുറപ്പ്‌ വേറെ എന്തിനു നൽകാൻ കഴിയും. മാതൃത്വം അനുഭൂതിയാണ്, പൊക്കിൾക്കൊടിയിലൂടെ  ഭൂമിയിലേക്ക്‌ അതിഥിയായ്‌ എത്തി ലോകത്തിന്റെ നെറുകയിലെത്തിച്ചേരാനുള്ള ഓരോ കുഞ്ഞുങ്ങളുടെയും  ശക്തിയാണ്.ആ ശക്‌തിയാണു ജീവിതത്തിന്റെ ഭദ്രതയും സന്തോഷവും.

ജ്യോതിലക്ഷ്മിയ്ക്ക് പറയാനുള്ളത് വ്യത്യസ്തമായ മറ്റൊരു അനുഭവമാണ്

"കുഞ്ഞുനാൾ മുതലേ കേട്ടു ശീലമുള്ള ഒരു പറച്ചിലാണ് " തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല" എന്ന്. നൊന്തു പ്രസവിച്ച അമ്മയ്ക്ക് തന്റെ കുഞ്ഞിന് ദോഷം വരും പോലെ ആ കുഞ്ഞിനെ ഉപദ്രവിക്കാനാവില്ല, അവൾ ഉപദ്രവിക്കുന്നു എന്ന് മറ്റുള്ളവർക്ക് കാഴ്ചക്കാർക്ക് തോന്നിയേക്കാം. പക്ഷേ, കരുതലിന്റെ ആവരണം പുതപ്പിച്ചുകൊണ്ട് മാത്രമേ അമ്മ കുഞ്ഞിനെ ഉപദ്രവിക്കുകയുള്ളു.. ഈ വിധം അമ്മയുടെ സ്നേഹം,കരുതൽ,വാത്സല്യം ഒക്കെയും വിളംബരം ചെയ്യുന്നുണ്ട് മുകളിൽ സൂചിപ്പിച്ച ആ കുഞ്ഞു വരികൾ. 

 ഇവിടെ നാം മനസ്സിലാക്കേണ്ട ചിലതുണ്ട്;

എല്ലാ സ്ത്രീകളിലും ഒരേപോലെ സന്തോഷക്കാലമായിരിക്കില്ല അമ്മക്കാലത്തിന്റെ ആദ്യ ഭാഗങ്ങൾ.  

ഗർഭധാരണം, പ്രസവം , അതിന്റെ ആകുലതകളും സമ്മർദ്ധങ്ങളും, സ്ത്രീകളിൽ ഏറിയും കുറഞ്ഞുമിരിക്കും.  ചിലരിൽ അത് പ്രത്യേക മാനസിക പരിചരണവും ശ്രദ്ധയും ആവശ്യമാകുന്ന രീതിയിലും, അപൂർവം ചിലരിൽ കുഞ്ഞിനോടുള്ള അകാരണമായ വെറുപ്പും മാനസികസമ്മർദ്ധവും വർധിച്ച്  സ്വയംമറന്ന്  കുഞ്ഞിനെ ഇല്ലാതാക്കുന്നതിൽ വരേയും എത്തിയേക്കാം.

ഇത്തരം അവസ്ഥകളെയൊക്കെ നേരത്തേതന്നെ മനസ്സിലാക്കാനും, മരുന്നുകളുടെയും,അനുകമ്പാപൂർണ്ണ മായ പരിചരണങ്ങളുടെയും സഹായത്തോടെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാവുന്നതുമാണ്. 

jyothi-lakshmi-01
ജ്യോതി ലക്‌ഷ്മി

ഗർഭിണിക്ക് പ്രത്യേക പരിചരണവും, വയറുകാണൽ/ പുളികുടി/ വളകാപ്പ്/ സീമന്തം തുടങ്ങി ആഘോഷങ്ങളും,ആചാരങ്ങളും ഒക്കെ അതാത് മതങ്ങളിലും, സമുദായങ്ങളിലും,സംസ്ക്കാരങ്ങളിലും ഒക്കെ  ഉൾപ്പെടുത്തിയിട്ടുള്ളത് തന്നെ ഗർഭിണിയെ സന്തോഷമാക്കി വെയ്ക്കാൻ സ്വീകരിച്ച വഴികളാകാം.  

വിദേശരാജ്യങ്ങളിലൊക്കെ ഗർഭധാരണകാലം തുടങ്ങി ഗർഭിണിയുടെ ആ സമയത്തെ മാനസികാ രോഗ്യത്തിലും ഡോക്ടർമാരും, ഗർഭിണിയുടെ കൂടെയുള്ളവരും  ശ്രദ്ധവയ്ക്കാറുണ്ട്. 

നിർഭാഗ്യവശാൽ, പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്ന തരത്തിലുള്ള  വാർത്തകളുമായി ബന്ധപ്പെട്ടുമാത്രമേ  നമ്മൾ ഇത്തരം വിഷയങ്ങളെ ചർച്ചക്കെടുക്കുന്നുള്ളു, അപ്പോഴും. വിഷയത്തിൽ നിന്നും മാറി അനാരോഗ്യകരമായ ചർച്ചകളിലും, ആക്രോശങ്ങളിലും മാത്രമാണ്  പൊതു സമൂഹത്തിന് താൽപര്യം.

പക്ഷേ; ഇത്രത്തോളം ലാഘവത്തിൽ എടുക്കാനാവുന്നതല്ല ഇതിന്റെ മറുവശം.. കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ ക്രൂരതകളൊക്കെയും ഈ വിധം ന്യായീകരിക്കപ്പെടേണ്ടവയുമല്ല. കുറച്ചുകാലം മാത്രം ഒപ്പമുണ്ടായിരുന്ന  വളരെ അടുപ്പമുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു ബാല്യത്തിൽ,  തൊണ്ടയിൽ ഉപ്പ് ചുവയ്ക്കുകയും കണ്ണുകൾ നീറുകയും ചെയ്യുന്നു അവളെ ഓർക്കുമ്പോൾ.. അവധിദിവസങ്ങളെ ഇഷ്ടമല്ലെന്ന് പറയുന്ന, ഇത്ര പെട്ടെന്ന് വൈകുന്നേരങ്ങളാകുന്നുവല്ലോ എന്ന് പരാതിപറഞ്ഞിരുന്ന ഒരു പതിമൂന്നുവയസ്സുകാരി. 

മാതാപിതാക്കളും, സാമ്പത്തിക അടിത്തറയും, കുടുംബപാരമ്പര്യവുമുള്ള അവൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അവളുടെ അമ്മയെ ആയിരുന്നു. വെളുത്ത് മെല്ലിച്ച കുഞ്ഞ്  തുടയിൽ പിച്ചാത്തി ചൂടാക്കി പൊള്ളിച്ച നീറ്റലുമായ് സ്കൂളിലെ സ്റ്റേജിന്റെ പടിയിൽ ഇരുന്ന് അവൾ വിങ്ങിവിങ്ങി കരഞ്ഞത്..  അമ്മ അച്ഛമ്മയോട്  മത്സരിച്ച് അവളുടെ പപ്പയിൽ അവകാശം സ്ഥാപിച്ചെടുക്കാൻ മത്സരിക്കുമ്പോൾ അവളുടെ ശരീരവും മനസ്സും ഒരുപോലെ പൊള്ളുന്നതും തളരുന്നതും, മുറിപ്പാടുകളാൽ നിറയുന്നതും  ആരും മനസ്സിലാക്കിയില്ല.

അവൾക്ക് അവളുടെ പപ്പയെ ഒരുപാടിഷ്ടമായിരുന്നു. മത്സരങ്ങളുടെ ലോകത്തുനിന്നും   അവളുടെ പപ്പ സ്വയം നടന്നകലുന്നത് വരേയും.. ശേഷവും. ഏറെ നാളുകൾക്കു ശേഷം അവളെന്നെ ഇവിടെ തിരഞ്ഞുവരികയായിരുന്നു, സ്വന്തം  അമ്മയെ അവളോളം വെറുക്കുന്ന, എന്നാൽ തന്റെ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല അമ്മയായിരിക്കണം താനെന്ന ചിന്തയുള്ള അവളെ കേട്ടും കണ്ടുമിരിക്കുമ്പോൾ എന്റെ കുഞ്ഞേ എന്ന് അവളെ വാരിയെടുക്കാനും, അവൾക്ക് നഷ്ടമായതൊക്കെയും ഇനിയൊരു കുഞ്ഞിനും നഷ്ടമാകരുതെന്നും കണ്ണുനിറയ്ക്കുന്നു. ഉപദേശങ്ങൾ ചിലയിടത്ത് വാക്കുകളില്ലാതെ ഊമകളാകും.

ജോലിയുടെ ഭാഗമായും എത്രയോ കുഞ്ഞുങ്ങൾ അവരുടെ അമ്മമാരുടെ ക്രൂരതകൾ വിങ്ങിവിങ്ങി പറയുന്നത് കേട്ടിരുന്നിരിക്കുന്നു.... ഉറക്കം നഷ്ടപ്പെട്ട് രാത്രികളിൽ ഭാരമുള്ള മനസ്സുമായ് പരിഹാരം തേടി ഉണർന്നിരുന്നിരിയ്ക്കുന്നു..

കുഞ്ഞങ്ങൾ ഭൂമിയിൽ ജന്മമെടുക്കുന്ന നിമിഷം അമ്മയും ജനിക്കുന്നു. വയറ്റിൽ ചുമന്ന്, പ്രസവിച്ച്,പാലൂട്ടി... അമ്മയാകുമോ??  ആകും .. പക്ഷെ അത്, മരുഭൂമിയല്ലെന്ന് ബോധിപ്പിക്കാൻ, വിത്തിനെ മുളപ്പിക്കുന്നതുപോലെയേ ആകുകയുള്ളു. അമ്മ കുഞ്ഞിനെ ഗർഭപാത്രത്തിലല്ല ചുമക്കുന്നത് മനസ്സിലാണ്.. പത്തുമാസത്തെ കണക്കുമില്ല അതിന്, അവളുടെ അവസാന ശ്വാസംവരേയും ചുമന്ന് ചുമന്ന് ഒടുങ്ങുകയല്ലാതെ..  

പത്തുമാസത്തെ കണക്കും, സ്വാർഥതയും മാത്രം കൈമുതലെങ്കിൽ,ഒരിക്കലും അവരെ അമ്മ എന്ന് വിളിക്കാനാവില്ല... അമ്മമാരെല്ലാം അമ്മമാരല്ലാത്ത ഈ കാലത്ത്, കുടുംബം, ബന്ധങ്ങൾ എല്ലാം വെറും പ്രഹസനങ്ങളാകുന്ന, "ഞാൻ" "ഞാൻ" എന്ന് ചുരുങ്ങിപോകുന്ന ഈ കാലത്ത്  തള്ളയുടെ ചവിട്ട് അത്ര കളങ്കമില്ലാത്തതല്ല.. 

തങ്ങളുടെ പ്രശ്നങ്ങൾക്കും,കുടുംബത്തിലെ കുഴപ്പങ്ങൾക്കും, തുടങ്ങി കാമുകനോടുള്ള പ്രശ്നങ്ങൾക്കുവരെയും  അനുഭവിക്കേണ്ടിവരുന്നുണ്ട്  കുഞ്ഞുങ്ങൾ. ദേഷ്യം വരുമ്പോൾ കഴുത്തിനു കുത്തിപ്പിടിക്കുകയും,തറയിലിട്ട് ചവിട്ടുകയും,മറ്റാരോടും പറയാനാവാത്തതരം അസഭ്യപദങ്ങൾ കുഞ്ഞുങ്ങളുടെ മേൽ വിതറുകയും ചെയ്തശേഷം..വിഷമമുണ്ടന്ന് കണ്ണുനനച്ചിട്ടും, ഉറങ്ങുന്ന കുഞ്ഞിനെ ഉമ്മവെച്ചിട്ടും ,അമ്മയധികാരം കാട്ടിയിട്ടും യാതൊരു പ്രയോജനവുമില്ല.

കുഞ്ഞുമനസ്സിലെ മുറിവുകൾ ഒരിക്കലും ഉണങ്ങാത്തവയാണ്. നിങ്ങളെ കുറിച്ച് മറ്റെവിടെയും അവർ പരാതി പറയുന്നില്ല എന്നതിന്റെ അർത്ഥം അവർ നിങ്ങളോട് ക്ഷമിച്ചുവെന്നും അല്ല. അമ്മമാരിൽ നിന്നും പീഡനമേൽക്കുന്ന മക്കൾ, ഈ ലോകത്തെ ഏറ്റവും കൊടിയ നോവനുഭവിക്കുന്നവർ അവരാണ്. ആശ്രയവും,വാത്സല്യവും, കരുതലും ആകേണ്ടവളെ ഭയപ്പെട്ട് തുടങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് ഇല്ലാതാകുന്നത് അവരുടെ ലോകമാണ്, വിശ്വാസമാണ്.വ്യക്തിത്വവൈകല്യങ്ങളുള്ള, വിഷാദത്തിനടിമപ്പെട്ട പെണ്ണുങ്ങളുടെ/ ആണുങ്ങളുടെ ഭൂതകാലം ചികഞ്ഞുനോക്കൂ.. മിക്കവാറും അവിടെ ഒരു അമ്മയുടെ കുറവുണ്ടാകും. അമ്മയെന്ന സൂര്യൻ മതി വസന്തംവിടർത്താനും, വാടിക്കരിക്കാനും.... 

അച്ഛനില്ലാത്ത/ശിഥിലമായ കുടുംബങ്ങളിലെ എത്രയോ മക്കൾ അമ്മയെന്ന വിളക്കിന്റെ പ്രകാശത്തിൽ നിറഞ്ഞുചിരിക്കുന്നു.തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് നോവും, മറ്റെന്തിനേക്കാളും അധികം.. യുഗങ്ങളോളം!!"

പോസ്റ്റ് പ്രെഗ്നൻസി ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ച് പത്രപ്രവർത്തകയായ രേണു രാംനാഥ് പറയുന്നു

"പോസ്റ്റ് പ്രഗ്നൻസി ഡിപ്രഷൻ അപകടകരമായ അവസ്ഥ തന്നെയാണ്. അത് മാനസിക രോഗമല്ല, ശാരീരിക രോഗമാണ്. ചികിത്സ ആവശ്യപ്പെടുന്നത്. പക്ഷേ, നമ്മുടെ സമൂഹം ഇന്നും അത് തിരിച്ചറിഞ്ഞിട്ടില്ല. 

അമ്മ എന്നെ പ്രസവിച്ച് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ, അടൂത്ത ബെഡ്ഡിൽ മറ്റൊരു അമ്മയും കുഞ്ഞും ഉണ്ടായിരുന്നു. പ്രസവാനന്തര ഹാലൂസിനേഷനിൽ ആ സ്ത്രീ വിശ്വസിച്ചത് കുഞ്ഞ് തന്റേതല്ല എന്നാണ്. തന്റെ കുഞ്ഞിനെ നഴ്സുമാർ കഴുത്തു ഞെരിച്ച് കൊന്നുവെന്നും എന്നിട്ട് വേറെ ഏതോ കുഞ്ഞിനെ കൊണ്ടു വന്ന് കിടത്തിയിരിക്കുകയാണെന്നും അവർ അലമുറയിട്ടു കൊണ്ടിരുന്നത്രെ. 

വിഭ്രാന്തിയിൽ അവർ എന്നെ അപായപ്പെടുത്തുമോ എന്നു പേടിച്ച് അമ്മ ഉറങ്ങാതെ കാവലിരുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥ ആരുടെയും കുഴപ്പം കൊണ്ടോ, കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച കൊണ്ടോ ഒന്നും ഉണ്ടാകുന്നതല്ല. തക്ക സമയത്ത് ചികിത്സ കിട്ടിയാൽ മാറും. 

renu-ramnath-01
രേണു രാംനാഥ്

വർഷങ്ങൾക്കു ശേഷം ഒരിക്കൽ ഉത്സവക്കാലത്ത് ആ കുടുംബത്തെ അച്ചനും അമ്മയും കണ്ടുമുട്ടിയത്രെ. മിടുക്കനായ ഒരു ആൺകുട്ടി... പഴയതൊന്നും ഓർക്കാതെ അവർ സന്തുഷ്ടരായി ഉത്സവം കണ്ടു നടന്നു"

ഡൽഹിയിൽ ആറു വർഷത്തോളം കൗൺസിലിങ് സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തയാളാണ് ഗായത്രി നാരായൺ .ഇപ്പോൾ ഇതേ വിഷയത്തിൽ എംഫിൽ ചെയ്യുന്നു. . തീർത്തും ഔദ്യോഗികമായ നിലപാടുകൾ ഗായത്രി പറയുന്നു. 

"

അമ്മയുടെ കയ്യാൽ കുഞ്ഞു കൊല്ലപ്പെട്ടു എന്നു കേസ് വരുമ്പോൾ നമ്മൾ പറയുന്നത്, എങ്ങനെ ഒരമ്മയ്ക്ക് ഇത് ചെയ്യാൻ കഴിയുന്നു എന്നതാണ്. മറ്റൊരു വിഭാഗം പറയുന്നത്, അത് പോസ്റ്റ്പാർട്ടം  സൈക്കോസിസ് ആണെന്നാണ്. പക്ഷേ പലപ്പോഴും വാർത്തകൾ വച്ച് നമുക്കൊന്നും ഉറപ്പിച്ചു പറയാനാവില്ല. പലയിടത്തും കണ്ടു, കൊലപാതകം ചെയ്തിട്ടും 'അമ്മ ഒന്നും മിണ്ടുന്നില്ല, പ്രതികരിക്കുന്നില്ല എന്നൊക്കെ. പൊതുവെ സംഭവിക്കുന്നത് പല തരത്തിലുണ്ട്. ഒന്ന് ബേബി ബ്ലൂസ് എന്ന് പറയും. അത് വളരെ ചെറിയ നിലയിലുള്ള സങ്കടങ്ങളാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് വിഷമം തോന്നുന്ന അവസ്ഥയൊക്കെ അതിൽ നിന്ന് ഉണ്ടാവുന്നതാണ്, അത് വളരെ പെട്ടെന്ന് മാറിപ്പോകും. 

gayathri-01
ഗായത്രി

മറ്റൊന്ന് അതിലും കൂടിയ അവസ്ഥ. അസ്വസ്ഥജനകമായ മറ്റൊന്നാണ്.  പോസ്റ്റ്പാർട്ടം  ഡിപ്രഷൻ. എന്ത് കേട്ടാലും അസ്വസ്ഥയാകും, കുട്ടിയെ നോക്കില്ല, ചിലർ ഒബ്‌സെസ്സിവ് ആയി കുട്ടിയെ നോക്കും, എല്ലാവരോടും ദേഷ്യപ്പെടും, ഭർത്താവിനോട് പോലും ദേഷ്യം, അസ്വസ്ഥത പ്രകടിപ്പിക്കാൻ, ചിലർ കുളിക്കില്ല, നനയ്ക്കില്ല... ശരിക്കും പ്രത്യേകിച്ച് ഒരു കാരണവും ഉണ്ടാവില്ല ഇതിനു. ഇതിനു പ്രധാന കാരണം ഹോർമോണൽ ഇമ്പാലൻസ് ആണ്. ഈസ്ട്രജൻ ഒക്കെ പെട്ടെന്ന് കൂടുന്നു, പ്രസവം കഴിഞ്ഞാൽ ഹോർമോൺ ലെവൽ പെട്ടെന്ന് കുറയുന്നു. ഈ ബാലൻസില്ലായ്മ ചിലപ്പോൾ ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ വിഷാദം സംഭവിക്കാം. മറ്റൊന്ന് വൈകാരികമായ കാരണങ്ങളാണ്. ചിലപ്പോൾ പ്രതീക്ഷിച്ചിരുന്ന സമയത്ത് ആയിരിക്കില്ല 'അമ്മ ആയത്, അല്ലെങ്കിൽ വീട്ടുകാരുടെ സപ്പോർട്ട് ഇല്ലായ്മയുണ്ടാകാം അങ്ങനെയുള്ള കാരണങ്ങൾ കൊണ്ടും ഈ വിഷാദമുണ്ടാകാം. 

കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിക്കേണ്ട 'അമ്മ മക്കളെ കൊലപ്പെടുത്തുന്നതിനു അതുകൊണ്ട് തന്നെ പല കാരണങ്ങളുണ്ടാകാം. അതിൽ പോസ്പോർട്ടം ഡിപ്രഷൻ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് അത് തിരിച്ചറിയാനും കൃത്യ സമയത്ത് മതിയായ കൗൺസിലിങ് നൽകാനും പ്രിയപ്പെട്ടവർക്ക് കഴിയുക എന്നത് തന്നെയാണ് പ്രധാനം. മാറുന്ന സാഹചര്യങ്ങളും സ്ട്രെസ് കൂടിയ നവ കാലവും ഇത്തരം അവസ്ഥകൾ അമ്മമാരിൽ വർധിപ്പിച്ചിട്ടുണ്ടാകാം, അതുകൊണ്ടാണ്, "പണ്ട് ഇങ്ങനെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ" എന്ന പലരും കയർക്കുന്നതും. പക്ഷേ എന്തു തന്നെയായാലും  ഒരു കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്. സ്വാർഥലാഭങ്ങൾക്കു വേണ്ടിയും കാമുകനു വേണ്ടിയുമൊക്കെ മക്കളെ കൊലപ്പെടുത്താൻ കൂട്ട് നിൽക്കുന്ന അമ്മമാരെ ഇത്തരം ഡിപ്രഷന്റെ ഗണത്തിൽ പെടുത്തേണ്ടതുമില്ല. അവർ ശിക്ഷ അർഹിക്കുന്നുവെന്ന കാര്യം ഉറപ്പ് തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA