sections
MORE

വുമണ്‍ സ്റ്റാര്‍ട്ടപ്പ് വഴി അമേരിക്കയിലേക്ക് പറന്ന മലയാളി വനിത

Nisha Krishnan
നിഷ കൃഷ്ണൻ
SHARE

പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നതാണ് കേരളത്തിലെ രീതിയെങ്കില്‍ പഠനത്തിനൊപ്പം ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നവരാണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍. പഠനം കഴിയുമ്പോഴേക്കും മികച്ച ജോലി അല്ലെങ്കില്‍ സംരംഭങ്ങളില്‍ പങ്കാളികളായി സ്വയം പര്യാപ്തത നേടുന്ന അമേരിക്കന്‍ വനിതകളെ നയിക്കുന്നത് പ്രയോഗിക കാഴ്ചപ്പാടുകള്‍.

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങളുള്ള അമേരിക്കയില്‍ മിക്ക സ്ത്രീകളും ചെറുകിട സംരംഭങ്ങളുടെ ഭാഗമായി സ്വന്തവും സ്വതന്ത്രവുമായ ജീവിതം നയിക്കുന്നു. കുടുംബത്തില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല, പങ്കാളിക്കൊപ്പം ഒരുമിച്ച് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വ്യക്തികള്‍. പങ്കാളികള്‍ രണ്ടുപേരും വരുമാനമുള്ളവരായാല്‍ മാത്രമേ നികുതിയും ഇന്‍ഷുറന്‍സുമുള്‍പ്പടെ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ നേരിടാനാകൂ. 

അമേരിക്കന്‍ വനിതകളെ നയിക്കുന്നത് ആശ്രയ മനോഭാവമല്ല, സ്വന്തം വ്യക്തിത്വത്തിന്റെ കരുത്തില്‍ കരുപ്പിടിപ്പിക്കുന്ന സ്വതന്ത്രജീവിതം. ജോലി ചെയ്ത്, മാന്യമായ വരുമാനം നേടി അന്തസ്സോടെ ജീവിക്കുന്ന വരായതിനാല്‍ തുറന്ന മനസ്സോടെ ചിരിക്കാന്‍ അവര്‍ക്കു മടിയില്ല; അപരിചിതരില്‍ പോലും നന്‍മ കണ്ടാല്‍ അഭിനന്ദിക്കാനും. ഹൃദ്യമായ പെരുമാറ്റം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്; മനസ്സു തുറന്നുള്ള ഇടപെടലുകള്‍ ജീവിതരീതിയുടെ ഭാഗവും. പ്രസരിപ്പുള്ള അവര്‍ ചുറ്റുമുള്ളവരിലും നിറയ്ക്കുന്നുണ്ട് ഊര്‍ജവും ഉന്‍മേഷവും. 

nisha-krishnan-image-07

അമേരിക്കന്‍ വനിതകളുടെ ജീവിതരീതിയിലെ ഈ സവിശേഷതകള്‍ ഉപരിപ്ലവമായ ഒരു പ്രബന്ധത്തിന്റെ ഭാഗമല്ല, നേരിട്ടു കണ്ടു മനസ്സിലാക്കി, അനുഭവിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സാക്ഷ്യപത്രം. വിദേശികളോ അമേരിക്കന്‍ പൗരന്‍മാരോ അല്ല മലയാളിയായ ഒരു വനിതയാണ് ഈ സാക്ഷ്യപത്രം നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമുള്ള ആദ്യത്തെ എക്സ്ക്ലൂസിവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍.

രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ വുമണ്‍ സ്റ്റാര്‍ട്ടപ്പായ ഡിജിറ്റല്‍ വിഡിയോ മീഡിയയുടെ തുടക്കക്കാരി എന്ന നിലയില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തക കൂടിയായ നിഷയ്ക്ക് അമേരിക്കന്‍ ജീവിതം അടുത്തറിയാനും ആഴത്തില്‍ പഠിക്കാനും കഴിഞ്ഞത്. തിരഞ്ഞെടുത്ത സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗാമിന്റെ ഭാഗമായായിരുന്നു അമേരിക്കൻ സന്ദര്‍ശനം.

അറിയാം അമേരിക്കയെ 

ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്റെ പ്രീമിയം പ്രൊഫഷണല്‍ എക്സ്ചേഞ്ച് പ്രോഗ്രാമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രൊഫഷണലായ ബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം അമേരിക്കന്‍ സമൂഹത്തെയും സംസ്ക്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ച് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത പ്രഫഷണലുകള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. അമേരിക്കയിലെ 44 സ്റ്റേറ്റുകളിലെ നൂറോളം വോളന്‍റിയര്‍ കമ്മ്യൂണിറ്റികളാണ് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനെ സഹായിക്കുന്നത്.

image-03
ടെക്നോളജി മേഖലയില്‍ കൂടുതല്‍ വനിതകള്‍ കടന്നുവരണം എന്ന ഉദ്ദേശ്യത്തോടെയാണ് ഒരു സംഘം വനിതകള്‍ ചിക് ടെക്കിന് തുടക്കം കുറിക്കുന്നത്.

വിവിധ മേഖലകളില്‍ വ്യത്യസ്തവും എടുത്തുപറയാവുന്ന നേട്ടത്തിന് ഉടമകളുമായ 8 വനിതാ സംരംഭകരെയാണ് ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിലേക്ക് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്തത്. രാജ്യത്തെ വിവിധ യുഎസ് കോണ്‍സുലേറ്റുകള്‍ വഴി ഒരു വര്‍ഷം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കൊടുവില്‍. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ സന്ദര്‍ശനവും സംരംഭകരുമായുള്ള കൂടിക്കാഴ്ചയും ആദ്യത്തെ അനുഭവമായിരുന്നു നിഷയ്ക്ക്; ആവേശകരവും. 

‌21 ദിവസം നീണ്ടു നിന്ന പരിപാടിയില്‍ വാഷിംഗ്ടണ്‍, മസാച്ചുസെറ്റ്സ്, മിയാമി, ഓക്‌ലഹാമ, ഒറിഗോണിലെ പോര്‍ട്ട്ലാന്‍റ് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിലൂന്നിയായിരുന്നു സന്ദര്‍ശനവും ചര്‍ച്ചകളും. മൂന്നാഴ്ച അമേരിക്കയിലെ താഴെത്തട്ടിലുള്ള ബിസിനസ്, കള്‍ച്ചറല്‍, സോഷ്യല്‍ ഗ്രൂപ്പുകളെ കാണാനും സംവദിക്കാനുമുള്ള സാഹചര്യം. അമേരിക്കയെക്കുറിച്ചും അവിടുത്തെ സ്വയം പര്യാപ്തതയുള്ള ജനതയെക്കുറിച്ചും അടുത്തറിയാന്‍ കഴിഞ്ഞ ദിവസങ്ങള്‍. സന്ദര്‍ശനവും ആവേശകരമായ യാത്രയും നിഷയുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു; അവിസ്മരണീയമായ ജോലി-ജീവിത പാഠങ്ങളുമായി.

nisha-06

അവസരങ്ങള്‍ ഇന്ത്യക്കാര്‍ക്കും 

വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യത്തിനോ പോകുന്നതുപോലെയായിരുന്നില്ല നിഷയുടെ യാത്ര. വിദൂരത്തിലുള്ള, വായിച്ചും  കേട്ടും മാത്രം പരിചയമുള്ള ഒരു രാജ്യത്തിലെ സാമൂഹിക സാഹചര്യത്തെ സുതാര്യമായി പരിചയപ്പെടാനുള്ള അവസരം. ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിച്ചു ചെലവഴിക്കാനും നിഷയ്ക്കു കഴിഞ്ഞു. സാങ്കേതിക മേഖലയില്‍ വിദഗ്ധകളായ വനിതകളെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയാണ് പോര്‍ട്ട്ലാന്‍റിലെ ചിക്ടെക്. റോബോട്ടിക്, വെബ് പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളില്‍ വനിതകളെ ശാക്തീകരിക്കാനുള്ള എജ്യുക്കേഷന്‍ പ്ലാറ്റ്ഫോം അവര്‍ ഒരുക്കുന്നു. ടെക്നോളജി മേഖലയില്‍ കൂടുതല്‍ വനിതകള്‍ കടന്നുവരണം എന്ന ഉദ്ദേശ്യത്തോടെയാണ് ഒരു സംഘം വനിതകള്‍ ചിക് ടെക്കിന് തുടക്കം കുറിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി സംരംഭം തുടങ്ങിയവരില്‍ പലരും സ്വന്തം രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. തുള്‍സയിലെ അഡ്വാന്‍സ് റിസര്‍ച്ച് കെമിക്കല്‍സ് സ്ഥാപകന്‍ ഡോ.ദയാല്‍ മേശ്രി തന്നെ ഉദാഹരണം. 1987ല്‍, അന്‍പതാം വയസ്സില്‍ അദ്ദേഹം തുടങ്ങിയ ഫ്ലൂറിന്‍ കമ്പനി ഇപ്പോള്‍ 2,50,000 സ്ക്വയര്‍ ഫീറ്റില്‍ 100ലധികം തൊഴിലാളികളുമായി യുഎസ് ഡിഫന്‍സ് ഉള്‍പ്പടെയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഗുജറാത്തില്‍ നിന്ന് അമേരിക്കയിലെത്തിയ വ്യക്തിയാണ് ഡോ.ദയാല്‍ മേശ്രി.

സംസ്കാരങ്ങള്‍ കൈകോര്‍ക്കുന്ന നാട് 

nisha-krishna-main-image-02

പലസ്തീനില്‍നിന്ന് അതിജീവന സ്വപ്നങ്ങളുമായി അമേരിക്കന്‍ മണ്ണിലിറങ്ങിയ ഫാരിസ് അലാമി ഇന്ന് മിഷിഗണിലെ മികച്ച സംരംഭകരില്‍ ഒരാളാണ്. സാമ്പത്തിക മാന്ദ്യവും ആഭ്യന്തര യുദ്ധവും മിഷിഗണിലെ ഡിട്രോയിറ്റ് എന്ന സിറ്റിയെ തകര്‍ത്തെങ്കിലും സാമ്പത്തികമായി മുന്നോട്ട് നീങ്ങാന്‍ ഡിട്രോയിറ്റ് ഗവണ്‍മെന്‍റും ജനതയും ഒരുമിച്ച്  ശ്രമിക്കുകയാണ്.

ഫാരിസിന്‍റെ വീട്ടിലായിരുന്നു ഒരു ദിവസം നിഷയും സംഘവും ചെലവഴിച്ചത്. അമേരിക്കയുടെ സാംസ്ക്കാരിക വൈവിധ്യത്തിന്‍റെ മുഖമായിരുന്നു അന്നത്തെ അത്താഴ വിരുന്ന്. സംഘര്‍ഷഭരിതമായ പലസ്തീനില്‍ നിന്നാണ് ജീവിതം നട്ടുവളര്‍ത്താന്‍ ഫാരിസ് അലാമി കുടുംബവുമൊത്ത് അമേരിക്കയിലെത്തിയത്. എല്ലാ വിശ്വാസങ്ങളെയും ജനങ്ങളേയും സ്വാംശീകരിക്കുന്ന അമേരിക്ക ഫാരിസിനും ജീവിതം നല്‍കുന്നു. ലോകത്തെ ഏറ്റവും വിശാലമായ, സംസ്ക്കാരിക വൈവിധ്യമുള്ള നാട്ടില്‍ നിന്നു ചെന്ന നിഷ ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹവും കുടുംബവും ഹൃദ്യമായി ഭക്ഷണം വിളമ്പുന്നു. ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന ഹൃദ്യമായ അനുഭവം.

സംരംഭകരാന്‍ അവസരം; മലയാളികള്‍ക്കും 

nisha-05

ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ കണക്കു കൂടുതലാണെങ്കിലും അടുത്തിടെയായി തൊഴില്‍ ചെയ്യാന്‍ മനസ്സുള്ളവര്‍ക്ക് സഹായകരമായ ഒരു പരിതസ്ഥിതി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. പുതിയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യ തൊഴില്‍ ദാതാക്കളില്‍ മുന്നിലാകും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംരംഭക പദ്ധതികള്‍ , ഫണ്ടുകള്‍ , വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ഇവയെല്ലാം ഉപയോഗപ്പെടുത്താന്‍ കഴിയണം. കേരളവും നല്ല മാതൃകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്ഐഡിസി, കെഎഫ്സി, മേക്കര്‍ വില്ലേജ്, സംരംഭകരുടെ കൂട്ടായ്മകളായ ടൈ കേരള, കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ എന്നിവ ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ്. വലിയ തലക്കെട്ടുകളില്‍ ഇടം പിടിക്കാറില്ലെങ്കിലും ഈ പ്ലാറ്റ്ഫോമുകളൊക്കെ മുന്‍പത്തേക്കാളും അവസരങ്ങളും സാധ്യതകളും തുറന്നിടുന്നു.

സംരംഭം വളരുന്നത് ഒത്തുചേരലിലൂടെയാണ്. അമേരിക്കയിലെപ്പോലെ നെറ്റ് വര്‍ക്കിങ് ഇവന്‍റുകള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ട്. സജീവ പങ്കാളികളായി സ്വന്തമായ സംരംഭത്തിന് തുടക്കമിട്ട്,  തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളായി മാറാന്‍ മലയാളികള്‍ക്കും ശക്തിയുണ്ട്. വിദേശത്തു നിന്നുള്ള നല്ല മോഡലുകള്‍ നാട്ടിലും ഉണ്ടാകണം. അവസരങ്ങള്‍ തേടി സംസ്ഥാനം വിട്ടുപോയവര്‍ തിരികെ വരുമ്പോള്‍ അവര്‍ക്ക് വളരാനും ഇന്ന് സംസ്ഥാനം പാകപ്പെടുന്നുണ്ട്. കൂടുതല്‍ സ്ത്രീകള്‍ സംരംഭകരാകുകയും സ്വയം പര്യാപ്തത നേടുകയും ചെയ്താല്‍ വനിതാ ശാക്തീകരണം യാഥാര്‍ഥ്യമാകും. അമേരിക്കയിലെ വനിതാ സംരംഭകത്വത്തിന്‍റെ ശക്തിയും താളവും കണ്ടപ്പോള്‍ നിഷയുടെ മനസ്സില്‍ ഉയര്‍ന്നുവന്നതും കേരളത്തിന്‍റെ അനന്തസാധ്യതകള്‍.

മാധ്യമപ്രവര്‍ത്തനത്തിലൂടെ സംരംഭകയിലേക്ക് 

nisha-krishnan-55

കോഴിക്കോട് വടകര വാണിമേല്‍ സ്വദേശിയായ നിഷ കൃഷ്ണന്‍ 2001ല്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ നിന്ന് ക്യാമ്പസ് സെലക്‌ഷനിലൂടെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട്  വിവിധ ചാനലുകളിലും പ്രൊഡക്‌ഷന്‍ കമ്പനികളിലും ജോലി ചെയ്തു. 12 വര്‍ഷം വാര്‍ത്താ അവതാരകയായും ന്യൂസ് പ്രൊഡക്‌ഷനിലും ജോലി ചെയ്തു. ആഴ്ചവട്ടം എന്ന പ്രതിവാര സാമൂഹിക പരിപാടിയിലൂടെ ഐക്യരാഷ്ട്രസഭയുടെ ലാഡ്‍ലി മീഡിയ അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും നേടി.

സമൂഹത്തിലെ വിവിധ തലത്തിലുള്ള പച്ചയായ ജീവിതങ്ങളെ അവതരിപ്പിച്ചതിന് ഡോ.അംബേദ്കര്‍ അവാര്‍ഡ്, പിസി സുകുമാരന്‍ നായര്‍ പുരസ്ക്കാരം, ഐഎംഎ പുരസ്കാരം, നെഹ്രു കള്‍ച്ചറല്‍ യുവകേന്ദ്രയുടെ അംഗീകാരം, മികച്ച അവതാരകയ്ക്കുളള കേരള യൂണിവേഴ്സിറ്റി ഗ്യാലപ്പ് പോള്‍ അവാര്‍ഡ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള യുവജനക്ഷേമ ബോര്‍ഡിന്‍റെ പുരസ്ക്കാരം എന്നിവയും നേടിയിട്ടുണ്ട്.

ഗ്ലോബല്‍ ഓന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം യുഎസ് കോണ്‍സുലേറ്റ് ചെന്നൈയില്‍ നടത്തിയ സൗത്ത് ഇന്ത്യയിലെ വനിതാ സംരംഭരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിലും ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട് നിഷ.

nisha-012
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA