ADVERTISEMENT

"അച്ഛൻ" ആരാണ്, ഒരു മകൾക്ക്. ജനിച്ചനാൾ മുതൽ 'അമ്മ' എന്ന് കേട്ടു പഴകി രണ്ടാമതോ മൂന്നാമതോ മാത്രം അച്ഛനെന്ന് ചൊല്ലിപ്പഠിക്കുന്ന കുഞ്ഞ്. എന്നാൽ അച്ഛന് അതൊരിക്കലും ഒരു സങ്കടമേയല്ല. 'അമ്മ കഴിഞ്ഞു മതി അച്ഛൻ എന്ന് സ്വയം അച്ഛൻ തന്നെയങ്ങു ഉറപ്പിക്കും, എന്നാലോ അമ്മയെക്കാളേറെ മകളെ നെഞ്ചിൽ ചേർക്കുന്നതും കൊഞ്ചിക്കുന്നതും അച്ഛൻ തന്നെയാവില്ലേ? കൺമുൻപിൽ വളർന്നു വരുന്ന മകളെ എത്ര കാലം കഴിഞ്ഞാലും കൊഞ്ചിക്കാനും താലോലിക്കാനും, ആദ്യമായി അച്ഛൻ എന്ന് വിളിച്ചവളെ ചേർത്തു പിടിക്കാനും എത്ര സന്തോഷമായിരിക്കും ആ അച്ഛന്. കണ്ണേ കരളേ എന്ന് പൊതിഞ്ഞു പിടിക്കുന്ന മകളുടെ നിഴലിൽ പോലും ആരെങ്കിലും തൊട്ടാൽ രൗദ്ര രൂപിയാകുന്ന അച്ഛൻ തന്നെയാവില്ലേ അവളുടെ യഥാർഥ ഹീറോ.

തൃശൂർ ഗഡിയായ ശ്യാം സത്യൻ ഒരു മകളുടെ അച്ഛനെ തന്റെ ഫോട്ടോ സീരീസിലെ ഒരു കഥാപാത്രമാക്കിയിരിക്കുകയാണ്. കഥകളി വേഷത്തിലെ ദൈവീക ഭാവമായ പച്ചയിൽ തുടങ്ങുന്ന അച്ഛന്റെ കഥാപാത്രം കത്തിവേഷം എടുത്തണയുന്നതോടെ കഥാഗതി മാറുന്നു. അച്ഛന്റെ കത്തിവേഷം അനുകരിച്ച് മകൾ അവളുടെ ഉള്ളിലെ കാളിഭാവത്തിലുള്ള ശക്തിയെ കണ്ടെടുക്കുന്നതും പടയ്ക്ക് തയാറാവുന്നതുമാണ് ഫോട്ടോ സീരീസിലെ കഥ.

എങ്ങനെയാണ് തനിക്ക് നേരെ വരുന്ന അധാർമ്മികതകളെ ഒരു പെൺകുട്ടി തടുത്തു നിർത്തുക? ഒരു ബസിൽ പോലും തനിക്ക് നേരെ ഉപദ്രവങ്ങളുണ്ടാകുമ്പോൾ നിശ്ശബ്ദരായിരിക്കുന്ന ജനക്കൂട്ടത്തിനു മുന്നിൽ പ്രതികരിച്ചു പോയാൽ നിഷേധിയും അഹങ്കാരിയുമാകുന്ന പെൺകുട്ടികളെയാണ് ശ്യാം "അച്ഛൻ" സീരീസിലൂടെ പരിചയപ്പെടുത്തുന്നത്.

photo-story-02

ആത്മാഭിമാനത്തിനു വേണ്ടി സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനും ഇവിടെ മകളെ പഠിപ്പിക്കുന്നത് അവളുടെ അച്ഛനാണ്. മകൾക്ക് വേണ്ടി പച്ച വേഷത്തിൽ നിന്നും കത്തിവേഷത്തിലേയ്ക്ക് പകർന്നാട്ടം നടത്തിയ അച്ഛൻ, മകൾ കത്തി മുഖത്തണിയുന്നതോടു കൂടി വീണ്ടും പച്ചയിലേയ്ക്ക് ചുവടുമാറ്റം നടത്തുന്നുണ്ട്. സ്വന്തം സുരക്ഷ  അവനവന്റെ തന്നെ ചുമതലയാണെന്ന് അച്ഛൻ ഓർമ്മിക്കുക കൂടി ചെയ്യുന്നു എന്നതാണ് അതിന്റെ വിജയം.അച്ഛൻ എന്നത് ഒരു ആശ്രയമായി നിൽക്കുമ്പോൾ തന്നെ മകൾ അവളെ സ്വയം സംരക്ഷിക്കാനും പഠിക്കുന്നു.

സെപ്റ്റംബർ 22 നാണ് ശ്യാം സത്യൻ തന്റെ "അച്ഛൻ" എന്ന ഫോട്ടോ സീരീസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. നിമിഷ നേരം കൊണ്ട് തന്നെ അത് വൈറലായി. "പെൺമക്കളുടെ ദിവസമായ "അന്നേ ദിവസം താൻ അറിഞ്ഞുകൊണ്ടായിരുന്നില്ല അത് ഇട്ടതെന്ന് ശ്യാം പറയുന്നു,"അമ്മയുടെ ത്യാഗത്തെപ്പറ്റി പറഞ്ഞു പോകുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ മറന്നു പോകുന്നതാണ് അച്ഛന്റെ അധ്വാനവും ആകുലതകളും.

അച്ഛൻ മകൾ ബന്ധത്തിന്റെ വൈകാരികമായ തീവ്രത ഞാനറിയുന്നത് എന്റെ ഭാര്യയായി കടന്നു വന്ന ഗ്രീഷ്മ ബാലനിലൂടെയാണ്. ഗ്രീഷ്മയുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും അവളുടെ അച്ഛൻ അവളെ വളർത്തി കൊണ്ടു വന്ന രീതിയുടെ ശക്തമായ സ്വാധീനമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളുടെ അച്ഛൻ ബാലൻ അവൾക്കു നൽകുന്ന സ്നേഹവും കരുതലും പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിട്ടുണ്ട്. ഒരോ തവണയും ' എന്റെ അച്ഛൻ ' എന്ന് പറയുമ്പോഴുള്ള അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എത്രയാണെന്ന് നമുക്ക് തിരിച്ചറിയാം. ആ ബന്ധം ഈ കഥയിൽ ദദ്രയുടെ ബാല്യകാലത്തെ വളർച്ചയേയും, അച്ഛൻ മകൾ ബന്ധത്തേയും ആവിഷ്കരിക്കാൻ സഹായകമായിട്ടുണ്ട്. പിന്നെ ഈ ആശയം  വാർത്തകളിലൂടെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ തോന്നുന്ന ആഗ്രഹം അതാണ് ഇതിന്റെ അവസാന ഭാഗം.പിന്നെ സത്യം പറഞ്ഞാൽ സെപ്റ്റംബർ 22 പെൺമക്കളുടെ ദിനം ആണെന്ന് അറിഞ്ഞു കൊണ്ട് ഇട്ടതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്."

മുപ്പത്തിയൊന്ന് ചിത്രങ്ങളിലൂടെയാണ് ശ്യാം തന്റെ ഈ സ്വപ്നം ക്യാമറ ക്ലിക്കുകളിലൂടെ പകർത്തിയത്. ഓരോ ക്ലിക്കുകളും മറ്റൊന്നിനോട് ചേർക്കപ്പെടുമ്പോൾ അർഥസമ്പുഷ്ടമായൊരു കഥ തെളിഞ്ഞു വരുന്നത് പോലെ ശ്യാമിന്റെ ചിത്രങ്ങൾ ഒന്നിച്ചു ചേർത്തപ്പോൾ മനോഹരമായൊരു അച്ഛൻ-മകൾ സ്നേഹത്തിന്റെയും തീവ്രമായ മനസ്സിന്റെയും ജീവിതത്തിന്റെയും കഥയായി അത് മാറി. 

അതിനെ കുറിച്ച് ശ്യാം പറയുന്നത് ഇങ്ങനെയാണ്:-

"ഫോട്ടോ സ്റ്റോറി എന്ന ആഗ്രഹം കുറേനാളുകളായി മനസ്സിലുള്ളതാണ്. ഈ ആശയം കിട്ടിയപ്പോൾ 20 ഫോട്ടോ ആകാം എന്നാണ് കരുതിയത് പിന്നീട് അത് 31ഫോട്ടോ ആവുകയായിരുന്നു. ആശയം കിട്ടിയപ്പോൾ നാട്ടിലെ സുഹൃത്തുക്കളുമായി ചേർന്ന് ചെയ്യുകയായിരുന്നു. ഇതിൽ ഭദ്രയായി വേഷമിട്ടിരിക്കുന്ന പാത്തു എന്ന് ഞങ്ങൾ വിളിക്കുന്ന പ്രാർത്ഥനയുടെ അച്ഛൻ  ദീപു ബാലകൃഷ്ണൻ  തന്നെയാണ്  ഇതിൽ വില്ലൻ വേഷം  ചെയ്തിരിക്കുന്നത്. അവർ രണ്ടുപേരും നൽകിയ സപ്പോർട്ട് വളരെ വലുതാണ്. അച്ഛനായി  വേഷം ഇട്ടിരിക്കുന്നത് ജിത്തു ചന്ദ്രൻ  ആണ്. 

ഇതിന്റെ ആശയം ഒരു കഥയുടെ രൂപത്തിൽ എഴുതിയിരിക്കുന്നത് എന്റെ അനിയൻ ആയ സനിൽ സത്യൻ ആണ്. അച്ഛനെന്ന ആശയം വളർത്തി എടുക്കുന്നതിൽ സുഹൃത്തുക്കൾ ആയ ദീപു ജയരാമൻ, കൃഷ്ണ  മോഹൻ, അഭിലാഷ് ബാബു, എന്നിവരുടെ സഹായം ഉണ്ടായിരുന്നു."

നിറങ്ങൾക്ക് എന്താണ് ജീവിതത്തിൽ പ്രസക്തി എന്ന് ചോദിക്കുന്നവരുടെ മുന്നിലേക്കാണ് പച്ചയും കത്തിയും നിറഞ്ഞാടുന്നത്. കഥകളിയിൽ ശാന്ത ഗംഭീരന്മാരായ നായകന്മാർക്ക് കൽപ്പിച്ച് കിട്ടുന്ന നിറമാണ് പച്ച. ധീരന്മാരാണെങ്കിലും ദൈവീകത നിറഞ്ഞ ഭാവങ്ങളാണവർക്ക്. എന്നാൽ ഇന്നീ കളത്തിൽ പച്ചയിൽ എത്ര കാലം അനീതികളെ അഭിമുഖീകരിച്ചുകൊണ്ട് ഒരാൾക്ക് നിൽപ്പുറയ്ക്കും? 

സ്വന്തം മകളുടെ നേരെ ഉയരുന്ന ഒരു കൈ അത് ആരുടേതാണെങ്കിലും വെട്ടിയെടുക്കാതെ ഒരു അച്ഛന് സ്വസ്ഥതയുണ്ടാകുമെന്ന് കരുതേണ്ടതില്ല. മകളെ ഉപദ്രവിച്ച ക്രൂരന്മാരുടെ ജീവൻ തന്നെയെടുത്ത അച്ഛന്മാരുടെ നാടാണിത്. അവിടെയാണ് ഒരച്ഛന് തന്റെ പച്ച വേഷമെന്ന ശാന്തത അഴിച്ചു വയ്‌ക്കേണ്ടി വന്നത്. കത്തി വേഷം എന്നത് കഥകളിയിൽ രൗദ്ര വേഷക്കാരുടേതാണ്, ചിലപ്പോഴൊക്കെ വില്ലന്മാരുടേതും. എന്നാൽ കത്തിവേഷത്തിന്റെ ഉള്ളിലിപ്പോഴുമുണ്ടാകും തങ്ങളുടെ നിറത്തിനൊരു ന്യായീകരണം. ഇവിടെ തന്റെ വേഷപ്പകർച്ചയ്ക്കുള്ള മികച്ച ന്യായീകരണമാണ് അച്ഛനുള്ളത്. 

നിറങ്ങളുടെ വ്യത്യസ്തതകളെ കുറിച്ച് ശ്യാം പറയുന്നു:-

"പച്ചയിൽ നിന്ന്  കത്തിയാവുക എന്നതിലുപരി എന്തു കണ്ടാലും അനുഭവിച്ചാലും അടങ്ങിയൊതുങ്ങി കഴിയുക എന്നതിൽ നിന്ന് പ്രതികരണ ശേഷിയുള്ളവരാക്കുക എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത് അതിനായ് ആ വർണ്ണങ്ങളുടെ സഹായം തേടി. സംരക്ഷിക്കപ്പെടേണ്ടവളാണ് ഒരോ പെൺകുട്ടിയും എന്ന് കേൾക്കുമ്പോൾ എന്നും സംരക്ഷിക്കാൻ അവൾക്കു ചുറ്റും ആരെങ്കിലും ഉണ്ടാകുമോ എന്ന ഒരു ചോദ്യവും അതിന്റെ കൂടെ  മനസ്സിൽ ഉയരാറുണ്ട്. സംരക്ഷിക്കപ്പെടുക എന്നതിനേക്കാൾ നമ്മൾ തന്നെ ഒരു പാട് ' അരുത് ' കളിലൂടെ തളച്ചിട്ട പെൺകുട്ടികളുടെ പ്രതിരോധിക്കാനും, പ്രതികരിക്കാനുള്ള ശക്തിയെ  വളർത്തിയെടുക്കുന്നതല്ലേ നല്ലത് എന്ന് തോന്നിയിട്ടുണ്ട്. ഈ ഫോട്ടോ പെൺകുട്ടികളായ സുഹൃത്തുക്കൾ കമന്റിലൂടെയും മെസ്സേജിലൂടെയും ഇഷ്ടമായെന്ന് അറിയിച്ചിരുന്നു. പെൺമക്കളുള്ള ചേട്ടന്മാർ വിളിച്ച് ഈ കഥയിലെ അച്ഛൻ അവർ തന്നെയാണെന്ന് പറയുമ്പോൾ വല്ലാത്ത സന്തോഷം. "

ഫൊട്ടോഗ്രഫിയോടുള്ള പ്രണയവും കൗതുകവും ശ്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെമ്പാടും കാണാം. നിസ്സഹായനായി രക്തമൊലിക്കുന്ന ശരീരവുമായി യേശുവും നെറ്റിയിലെ മുറിവിൽ നിന്നും ചോര വാർന്നൊഴുകുന്ന കൊടുങ്ങല്ലൂരിലെ ഭഗവതിയുടെ പ്രതിരൂപങ്ങളും എല്ലാം ശ്യാമിന് ചിത്രങ്ങളോടുള്ള മോഹം വ്യക്തമാക്കുന്നുണ്ട്. 

" ഫൊട്ടോഗ്രാഫിയോടുള്ള ഇഷ്ടം കാരണം ക്യാമറ വാങ്ങുകയും ഫോട്ടോകൾ എടുത്തു തുടങ്ങിയതുമാണ്.ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ പാഷൻ ആയതു കൊണ്ട് ഞാനാഗ്രഹിക്കുന്ന ഫ്രെയിമകൾ എന്റെ ഇഷ്ടത്തിന് എനിക്ക് പകർത്താം. പ്രൊഫഷണൽ ആകുമ്പോൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു ജോലി ചെയ്തു തീർക്കുന്നതു പോലെ ചിത്രങ്ങളെടുക്കേണ്ടി വരും. ഫൊട്ടോഗ്രാഫിയെന്ന പാഷൻ അത് അങ്ങനെ തന്നെ നിൽക്കട്ടെ. ഞാൻ ഇപ്പോൾ അങ്കമാലിയിലെ കാൻ കോർ എന്ന കമ്പനിയിൽ ബോയിലർ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്."– തന്റെ സ്വപ്നങ്ങളെ കുറിച്ച് ഇങ്ങനെ പറയാനാണ് ശ്യാമിനിഷ്ടം.

പെൺമക്കൾ ദിനത്തിൽ തന്നെ ഒരച്ഛന്റെ സ്നേഹത്തിൽ ചാലിച്ച ഈ ചിത്രങ്ങളുടെ സീരീസ് ഒരു അനുഭവം തന്നെയായിരുന്നു എന്നു പറയാതെ വയ്യ. കണ്ടവസാനിക്കുമ്പോൾ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്ന നീര് കവിളിനെ നനയ്ക്കും. പുറത്തു പോയിരിക്കുന്ന പെണ്മക്കളെ ഓർത്ത് അറിയാതെ നെഞ്ച് പിടയും. എത്ര തവണ കണ്ടാലും കൊണ്ടാലും പേടിക്കാതെ നമ്മൾ ഇപ്പോഴും നിയമത്തെയും ചുറ്റുപാടുകളെയും കുറ്റപ്പെടുത്തുമ്പോൾ അപാരമായ ആത്മശക്തി കയ്യിലുള്ള നമ്മളെ മറക്കാതെ പോകുന്നത് ചൂണ്ടി കാണിക്കുകയാണ് ശ്യാം ഈ ഫോട്ടോ സീരീസിലൂടെ ചെയ്യുന്നത്. 

എല്ലാ പെൺകുട്ടികളുടെ ഉള്ളിലുമുണ്ട് പോരിന് സന്നദ്ധയായ ഒരു കാളി ഭാവം. അത് കണ്ടെത്തി പ്രതികരിക്കാൻ തക്കവിധത്തിൽ അവരെ മനസ്സിലാക്കേണ്ടതും അത്തരത്തിലവളെ പ്രാപ്തയാക്കേണ്ടതും മാതാപിതാക്കൾ തന്നെ. അവളെ ചേർത്ത് പിടിക്കാൻ നിങ്ങളല്ലാതെ മറ്റാരാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com