ADVERTISEMENT

ദിശതെറ്റി വന്ന കെഎസ്ആർടിസി ബസിനു മുന്നിൽ സ്കൂട്ടർ നിർത്തിയ യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ട് ദിവസങ്ങൾ കുറച്ചായി. കെഎസ്‌ആർടിസി ഡ്രൈവറെ മര്യാദ പഠിപ്പിച്ച യുവതി എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. പെരുമ്പാവൂർ കെഎസ് ആർടിസി സ്റ്റാൻഡിനു സമീപം നടന്ന സംഭവത്തെക്കുറിച്ചും ദൃശ്യങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽപ്രചരിക്കുന്ന കഥകളല്ല സത്യമെന്നും വെളിപ്പെടുത്തുകയാണ് സ്കൂട്ടർ യാത്രക്കാരിയായ യുവതിയും കെ എസ് ആർ ടിസിയുടെ ഡ്രൈവറും.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സൂര്യ മനീഷ് മനസ്സു തുറക്കുന്നതിങ്ങനെ:-

ഭയന്നിട്ടാണ് അങ്ങനെ ചെയ്തത്

ksrtc
Screen Grab

'സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ദൃശ്യങ്ങളിൽ ആ സംഭവത്തിന്റെ അവസാനഭാഗം മാത്രമാണുള്ളത്. ഞാൻ ഒരിക്കലും ആ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. ബസ് ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ട് ഞാൻ ആകെ മരവിച്ചു പോയിരുന്നു'.- സൂര്യ പറയുന്നു. ' വീതി കുറഞ്ഞ ആ റോഡിൽ ഒരു സ്കൂൾ ബസും ഉണ്ടായിരുന്നു. മുന്നോട്ട് പോകാൻ സ്ഥലമില്ലാത്തതിനാൽ ഞാനവിടെ സ്കൂട്ടർ നിർത്തി. സ്കൂൾ ബസിൽ നിന്ന് കുഞ്ഞുങ്ങൾ ഇറങ്ങുന്നതുവരെ അവിടെ മറ്റു വാഹനങ്ങളും നിർത്തിയിട്ടിരുന്നു. പക്ഷേ എന്റെ സ്കൂട്ടർ ഏകദേശം റോഡിന്റെ നടുക്കായിട്ടാണ് നിർത്തിയിരുന്നത്''.- സൂര്യ പറയുന്നു.

''കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്കൂൾ ബസ് പോയപ്പോൾ ഞാൻ സ്കൂട്ടറുമായി മുന്നോട്ടു നീങ്ങി. അപ്പോഴാണ് ഒരു സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്തുകൊണ്ട് ഞാൻ സഞ്ചരിച്ചദിശയിലേക്ക് കെഎസ്ആർടിസി ബസ് വരുന്നതു കണ്ടത്. ദിശതെറ്റി വരുന്ന ആ ബസും അതിന്റെ വേഗവും കണ്ട് എന്തുചെയ്യണമെന്നറിയാതെ മരവിച്ചു പോയി.''- സൂര്യ ഓർക്കുന്നു.

ആ സമയം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും സൂര്യ പറയുന്നു. ആദ്യം അമ്പരപ്പ്, പിന്നെ നടുക്കം, പിന്നെ ചിരി. ദിശതെറ്റി വന്ന കെഎസ്ആർടിസി ഡ്രൈവറെ സമൂഹമാധ്യമങ്ങൾ വിമർശിക്കുമ്പോൾ സൂര്യ പറയുന്നത് അതേ ഡ്രൈവറുടെ മനസാന്നിധ്യമാണ് തന്റെ ജീവൻ രക്ഷിച്ചതെന്നാണ്.

''കെഎസ്ആർടിസി ഡ്രൈവറുടെ മനസാന്നിധ്യമാണ് എന്നെ രക്ഷിച്ചത്. ശാന്തനായി വലത്തേക്ക് അദ്ദേഹം വണ്ടി തിരിച്ചു. ഭയം ഒന്നു ശമിച്ചപ്പോൾ‌ ബസ്സിലെ യാത്രക്കാർ ഡ്രൈവറിനെ അഭിനന്ദിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. 7 വർഷമായി ഈ റോഡിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടെന്നും ഇതുവരെ ഇത്തരത്തിലൊരനുഭവം ഉണ്ടായിട്ടില്ലെന്നും സൂര്യ പറയുന്നു.

സംഭവത്തെക്കുറിച്ച് ഡ്രൈവറിന്റെ പ്രതികരണമിങ്ങനെ:-

സൂര്യയുടെ വിശദീകരണത്തിനു സമാനമായ കാര്യങ്ങളാണ് കെ എസ് ആർടി സി ഡ്രൈവറും പറഞ്ഞത്. ''ബുധനാഴ്ചയാണ് സംഭവം നടന്നത്. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് കയറുന്നതിനു മുൻപ്''.

'' സ്കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങിക്കൊണ്ടിരിക്കുന്നതു കണ്ടിട്ടാണ് ശൂന്യമായ വലത്തു വശത്തെ റോഡിലൂടെ ഓവർടേക്ക് ചെയ്തത്. അപ്പോഴാണ് കുറച്ചകലെയായി ഒരു യുവതി സ്കൂട്ടർ റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. അവർ എന്നെ നോക്കുന്നുണ്ടായിരുന്നു. യുവതി സ്കൂട്ടറുമായി നീങ്ങുന്നില്ല എന്നു മനസ്സിലായപ്പോൾ ബസ് ശരിയായ ദിശയിൽ ഇടത്തേക്കു തിരിച്ച് വണ്ടി ഡിപ്പോയിലേക്ക് കൊണ്ടുപോയി. ഈ സംഭവങ്ങൾ നടക്കുമ്പോൾ ആരൊക്കെയോ ചേർന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാമായിരുന്നു. പ്രശസ്തിക്കുവേണ്ടിയായിരിക്കും വിഡിയോ എടുത്തവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

റോഡിനു വീതി കുറവാണെന്നതും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പേ ആൻഡ് പാർക് ഫെസിലിറ്റി ഉള്ളതുകൊണ്ടും ഓട്ടോ സ്റ്റാന്റും അവിടെത്തന്നെയായതുകൊണ്ടുമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നതെന്നും. റോഡിനു വീതി കൂട്ടുകയും എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ തയാറാവുകയും ചെയ്താൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകുമെന്നും സൂര്യ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com