sections
MORE

മോഡലിങ്, സിനിമ; സ്വപ്നങ്ങൾ പങ്കുവച്ച് ഗൗരി സാവിത്രി

Gowri Savithri
ഗൗരി സാവിത്രി
SHARE

ശരീരവും മനസ്സും രണ്ടു ധ്രുവങ്ങളില്‍ എന്ന പോലെ ജനിച്ച കുറേ മനുഷ്യര്‍ ഒരിക്കല്‍ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് അത് തുറന്നു കാണിച്ച് സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ നടക്കാന്‍ തുടങ്ങി. ഒരുപാടു കാലത്തെ അസ്വാരസ്യങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ അവരെ അംഗീകരിച്ച്് സമൂഹവും അവര്‍ തങ്ങളെ തന്നെയും ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ഒരു കാലത്തും ആ പ്രയാണം സുഖകരം ആയിരുന്നില്ല അവര്‍ക്ക്.  അവര്‍ക്കിടയില്‍ നിന്നും അധികവും കേള്‍ക്കാനുള്ളത് ക്രൂരമായ അവഗണനയുടെയും പട്ടിണിയുടെയും  കണ്ണീര്‍ കഥയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഗൗരിയുടെ കഥ എഴുതുന്നത്..അത് വായിക്കേണ്ടത് ആകുന്നതും. അതൊരു തെളിയമയാര്‍ന്ന കഥയാണ്. ഒരുപക്ഷേ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടിയില്‍ നിന്ന് ഇത്രയധികം പോസിറ്റീവ് ആയ ഒരു ജീവിത കഥയും ജീവിത വീക്ഷ്ണവും നമ്മള്‍ എത്രയോ ചെറിയൊരളവില്‍ മാത്രമേ അവര്‍ക്കിടയില്‍ നിന്നു കേട്ടിട്ടുള്ളൂ...

ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍

ജീവിതത്തിലെ ടേണിങ് പോയിന്റ് എന്ന് പറയാം അതിനെ. അങ്ങനെയൊന്നു സ്വപ്‌നം കണ്ടിട്ടില്ല എങ്കില്‍ കൂടിയും മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖമെടുക്കാനുള്ളൊരാള്‍ എന്ന നിലയില്‍ ഞാനും സമൂഹവുമായി കൂടുതല്‍ വ്യാപ്തിയില്‍ എനിക്കും ഇടപഴകാനുള്ളൊരു സാഹചര്യമൊരുക്കിയത് മോഡലിങ് ആണെന്നു പറയാം. അതിനു മുന്‍പ് പലരും ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ മോഡലിങ് ചെയ്തിട്ടുണ്ടാകും. പക്ഷേ ട്രാന്‍സ്ജന്‍ഡറു കള്‍ക്കിടയില്‍ നിന്ന് അത്തരം ഒരു പേരെടുക്കുന്നത് ഞാനും എന്റെ സുഹൃത്തും ചേര്‍ന്നു ചെയ്ത മോഡലിങ്ങിലൂടെയാണ്. അത്തരം ഒരു അംഗീകാരവും മാധ്യമശ്രദ്ധയും കിട്ടിയത് ഞാന്‍ ചെയ്തപ്പോള്‍ ആയിരുന്നു. 2016 ൽ ആയിരുന്നു അത്. റെഡ് ലോട്ടസ് എന്ന ഓണ്‍ലൈന്‍ സാരീ സ്റ്റോറിന് വേണ്ടിയായിരുന്നു അത്. അതോടു കൂടിയാണ് മോഡലിങ് രംഗത്ത് സജീവമായത്. അതിനു ശേഷം ഇപ്പോള്‍ കരാല്‍കട എന്ന് സംരംഭത്തിന്റെ മോഡല്‍ ആണ്.

സിനിമയിലേക്ക്

2018ലാണ് പിക്സെലിയ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലുള്‍പ്പെടെ നിരവധി പ്രമുഖ വേദികളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആണത്. അതില്‍ മന്ദാകിനി എന്നൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷേ കരുണ എന്ന ഷോര്‍ട്ട് ഫിലിമില്‍ കൂടിയാണ് ഏറെപ്പേര്‍ എന്നെ തിരിച്ചറിയുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടുള്ള തെറ്റിദ്ധാരണ മാറ്റുക എന്ന ലക്ഷ്യത്തോടെ ചെയ്തതായിരുന്നു അത്. ഇപ്പോഴും ആ ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, സമൂഹമാധ്യമങ്ങളിൽ ധാരാളം പേര്‍ ഇപ്പോഴും അത് പങ്കുവയ്ക്കുന്നു. അതിനു ശേഷം അതേ ആശയത്തിലൂന്നി ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ കുറേ ക്ഷണം വന്നിരുന്നു. ഞാന്‍ തന്നെ അത് വേണ്ടെന്ന് വച്ചു.  നമ്മള്‍ ചെയ്തു വച്ചിരിക്കുന്ന നല്ലൊരു വര്‍ക്ക് ഉണ്ട്. അതേ ആശയത്തില്‍ തന്നെയുള്ളവ ഞാന്‍ വീണ്ടും ചെയ്യാന്‍ നിന്നാല്‍ അതിന്റെ മൂല്യത്തെ ബാധിക്കും എന്നെനിക്കു തോന്നി. അതിനേക്കാളുപരി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ വയ്യ.

മുത്തശ്ശി സമ്മാനം

ഞാന്‍ സ്വീകരിച്ച ഗൗരി സാവിത്രി എന്ന പേരിലെ ഗൗരി എന്റെ അച്ഛന്റെ മുത്തശ്ശിയുടെ ആണ്. അവര്‍ ആയിരുന്നു എനിക്കെല്ലാം. സാവിത്രി എന്ന പേര് എന്റെ അച്ഛന്റെ അമ്മയുടെയും. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഗൗരി മുത്തശ്ശി മരിക്കുന്നത്. എനിക്ക് അവര്‍ പോയപ്പോള്‍ ശൂന്യതയല്ല തോന്നിയത്. മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ്. സാധാരണ ഞങ്ങളെ പോലുള്ളവരുടെ ജീവിതത്തില്‍ കേള്‍ക്കാറുളളതുപോലെയുളള ദുഃഖകരമായ കഥകളൊന്നും എനിക്കില്ല. അതിനു കാരണം എന്റെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചിരുന്നു എന്നതാണ്. പ്രത്യേകിച്ച് മുത്തശ്ശി. എനിക്കെന്തോ കുറവുണ്ട് എന്നല്ല അവര്‍ ആരും എന്നെ പഠിപ്പിച്ചത് ആണിനേയും പെണ്ണിനേയും പോലെ തന്നെയുള്ള മറ്റൊന്ന് ആണ് എന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍. 

gowr-savithri-01
ഗൗരി സാവിത്രി

എന്തോ പ്രത്യേകത എന്നില്‍ ഉണ്ടെന്ന് പറഞ്ഞു തന്നു അന്നേ. പക്ഷേ അതൊരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല എന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചു തന്നു. അതുകൊണ്ട് അന്നും ഇന്നും ഒരു അപകര്‍ഷത ബോധവും എന്നെ അലട്ടിയിട്ടില്ല. ഞാന്‍ എന്നും സന്തോഷവതിയായിരുന്നു. അച്ഛന്റെ വീട് ചേര്‍ത്തലയിലും അമ്മയുടേത് വൈക്കത്തുമാണ്. രണ്ടിടത്തും മാറി മാറി നിന്നാണ് വളര്‍ന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ആ കാലഘട്ടത്തില്‍ ഒന്നും ഒരിക്കലും എന്റെ സ്വത്വം കാരണം ഒരു തരത്തിലുള്ള വേര്‍തിരിവും നേരിട്ടിരുന്നില്ല. എന്നില്‍ സ്ത്രീത്വമാണ് കൂടുതല്‍ തെളിഞ്ഞു കാണുന്നതെന്ന ബോധ്യം എനിക്കു തന്നെ വന്ന കാലത്തും ഞാന്‍ ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല. 

അതിനു കാരണം മുത്തശ്ശിയാണ്. അവര്‍ ആ പ്രദേശത്തെ പ്രധാന വ്യക്തികളിലൊരാളായിരുന്നു. വലിയ പറമ്പൊക്കെ സ്വന്തമായുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയായ സ്ത്രീ. ആ ഒരു തണലിനു കീഴിലായിരുന്നു ഞാന്‍ വളര്‍ന്നത്. വളര്‍ന്നുവന്ന കാലത്തൊരിക്കലും അങ്ങനെ എന്തെങ്കിലും നെഗറ്റീവ് ആയി നേരിടാത്തതു കൊണ്ടാകണം ഇപ്പോഴും വളരെ പോസിറ്റിവ് ആയാണ് ഞാന്‍ ജീവിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണ് എന്നത് ഒരിക്കലും ഒരു പ്രതിസന്ധിയോ ദുംഖമോ ആയി എനിക്ക് തോന്നിയിട്ടില്ല. 

എന്തിന് ശസ്ത്രക്രിയ

gauri-savithri-03
ഗൗരി സാവിത്രി

ഞാന്‍ ഇന്ന് കാണുന്ന രൂപത്തിലേക്ക് വന്നതും ഈ പേര് സ്വീകരിച്ചതും ഏഴ് വര്‍ഷം മുന്‍പാണ്. ഏഴു വര്‍ഷം എന്നു പറഞ്ഞത് അന്നാണ് ഞാന്‍ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുന്നത് എന്നതുകൊണ്ടാണ്. എന്നെ ഈ പേരില്‍ ഇതേ രൂപത്തില്‍ ഞാന്‍ സമൂഹത്തിനു മുന്നില്‍ സമൂഹമാധ്യമങ്ങൾ വഴി അവതരിപ്പിച്ചത്് അന്നാണ്. എന്റെ അനുഭവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആകുവാന്‍ ശസ്ത്ര ക്രിയ കൂടിയേ തീരൂ എന്നതു തെറ്റിദ്ധാരണയാണ്. ഞാന്‍ ഒരു ശസ്ത്രക്രിയയും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നവർ ഒരുപാടുണ്ട്. അത് തെറ്റാണ് എന്നല്ല പറഞ്ഞത്. ഞാന്‍ ഇനി ഒരിക്കലും ചെയ്യില്ല എന്നും അതിനു അർഥമില്ല. പക്ഷേ ശസ്ത്രക്രിയ അത്യന്താപേക്ഷിതം അല്ല എന്നാണ് പറഞ്ഞത്. അത് ചെയ്യാതെ തന്നെ സന്തോഷത്തോടെയാണ് ഞാന്‍ കഴിയുന്നത്.

സ്വപ്നം

അത്യാവശ്യം എഴുതാറുണ്ട്. ഹോബി എന്ന് പറയാം. കൂടുതല്‍ വയിച്ചും എഴുതിയും മുന്നോട്ടു പോകണം. സിനിമയില്‍ നല്ല പ്രോജക്ടുകള്‍ വന്നാല്‍ ചെയ്യണം. മോഡലിങ് രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ട്രാന്‍സ്ജെന്‍ഡറുകള്‍ ഉണ്ട് അവര്‍ക്ക് വഴികാട്ടി ആകണം. അതേസമയം സിനിമയെക്കുറിച്ചോ മോഡലിങിലെ പ്രോജക്ടുകളെക്കുറിച്ചോ എനിക്ക് വലിയ സ്വപ്നങ്ങളോ ആശങ്കകളോ ഇല്ല എന്നു ആദ്യമേ തന്നെ പറയട്ടെ. വരുന്നെങ്കില്‍ ചെയ്യണം അത്രയേയുള്ളൂ

കാലങ്ങളായി മനസ്സിലുള്ളത് ഒരു പുസ്തകമാണ്. വായനാശീലം എന്നില്‍ വളര്‍ത്തിയത് ഗൗരി മുത്തശ്ശിയാണ്. അവര്‍ നന്നായി വായിക്കുമായിരുന്നു. എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പേപ്പര്‍ പോലും വിടാതെ വായിക്കുമായിരുന്നു. ചുരുണ്ടു പോയതാണെങ്കില്‍ അത് വിടര്‍ത്തിയെടുത്ത് കൗതുകത്തോടെ വായിച്ചിരുന്ന മുത്തശ്ശി എന്നെക്കൊണ്ടും വായിപ്പിച്ചിരുന്നു. അന്ന് വീട്ടില്‍ ന്യൂസ്‌പേപ്പര്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ അടുത്തൊരു വീട്ടിലുണ്ട്. ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴി അതെടുത്തു കൊണ്ടുവരുമായിരുന്നു. അങ്ങനെ വായിച്ച് എനിക്ക് എഴുതാനും കുറേ കാര്യങ്ങള്‍ വന്നു. കുട്ടിക്കാലത്തെ യാത്രകളും ഓര്‍മകളും ചേര്‍ത്തൊരു പുസ്തകം പുറത്തിറക്കണം എന്നുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍.

gowri-savithri-04
ഗൗരി സാവിത്രി

ജീവിതം, നിലനില്‍പ്പ്

എന്റെ ജീവിതം വളരെ സിമ്പിളാണ്. സാധാരണ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന, അങ്ങനെ ചെയ്യുന്ന ആളാണ്. അതെനിക്ക് എന്റെ വീടു പോലെയാണ് തോന്നാറ്. അതേസമയം പ്രൈവറ്റ് ബസിലെ യാത്ര ഒരു വാടക വീടായിട്ടേ തോന്നാറുള്ളൂ. അതാണ് എന്റെ ചിന്ത. മനുഷ്യരൊക്കെ ചിന്തിക്കുന്നത് മോഡലിങ് ചെയ്ത് ഞാന്‍ ധാരാളം പണമുണ്ടാക്കുന്നു എന്നാണ്. ഒരിക്കലുമില്ല. എനിക്ക് കിട്ടുന്ന പണം ഞാന്‍ നന്നായി വിനിയോഗിക്കുന്നു എന്നാണ് പറയേണ്ടത്. 

gowri-10

ഞാന്‍ അണിയുന്ന വസ്ത്രങ്ങളില്‍ വിലകൂടിയതെല്ലാം മോഡലിങിനു അതാത് കമ്പനികള്‍ തരുന്നതാകും. ഞാന്‍ സ്വന്തമായി വാങ്ങുന്നതാണെങ്കില്‍ രണ്ടായിരം രൂപയ്ക്കപ്പുറമുള്ളതു വാങ്ങാറില്ല. പിന്നെ അധികം യാത്രകള്‍ ഇഷ്ടപ്പെടുന്നൊരാളും അല്ല. അതുകൊണ്ട് പൈസ അങ്ങനേയും പോകുന്നില്ല. പിന്നെയുള്ളത് ഭക്ഷണത്തിനാണല്ലോ. ചോറും സാമ്പാറുമാണ് പ്രിയപ്പെട്ടത്. അതാണെങ്കില്‍ അധികവും ഞാന്‍ തന്നെ പാചകം ചെയ്യാറാണ്. മറ്റൊന്നും കഴിക്കാറില്ലെന്നല്ല, പക്ഷേ ഭക്ഷണം കൊണ്ടുള്ള ആഘോഷം കുറവാണ്. 

ദീര്‍ഘദൂര യാത്രയാണെങ്കില്‍ അധികം തിരക്കില്ലാതെ തീവണ്ടികളില്‍ സാദാ ടിക്കറ്റെടുത്ത് പോകാനാണിഷ്ടം. ആഡംബര കാറുകളില്‍ യാത്ര ചെയ്യണം എന്നൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടേയില്ല. പിന്നെ അച്ഛന്റേയും അമ്മയുടേയും വീടുകളില്‍ മാറി മാറി താമസിക്കാറാണ് പതിവ്. അതുകൊണ്ട് വാടക എന്ന ആവശ്യവും വരുന്നില്ല. ഇത്രയുമാണല്ലോ ഒരു മനുഷ്യന്റെ വളരെ ബേസിക് ആയ ആവശ്യങ്ങള്‍. 

gowri-savithri-06

പിന്നെ മേക്കപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളല്ല. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ പെഡിക്യൂര്‍ ചെയ്യുന്നു എന്നല്ലാതെ ബ്യൂട്ടിപാര്‍ലറുമായി ബന്ധമേയില്ല. ഞാന്‍ പറഞ്ഞില്ലേ ജീവിതം അത്ര സാധാരണവും അധികം പ്ലാനിങുകളൊന്നും ഇല്ലാത്തയാളുമായതു കൊണ്ടാകണം അതുകൊണ്ടാകണം നിലനില്‍പ്പ് എന്നതിനെ കുറിച്ച് ഞാന്‍ അധികം ആശങ്കപ്പെടാത്തതും. പ്ലസ് ടു കഴിഞ്ഞ് കുറേ കംപ്യൂട്ടര്‍ കോഴ്സുകള്‍ പഠിച്ച് വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിരുന്നു. പെട്ടെന്ന് ജോലി മടുക്കുന്ന പ്രകൃതക്കാരി ആയതുകൊണ്ട് എങ്ങും അധികനാള്‍ നിന്നിട്ടില്ല. ഇപ്പോള്‍ വായനയും സിനിമയും മോഡലിങുമൊക്കെയായി പോകുകയാണ്.

ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹം ഏറെ അംഗീകരിക്കുന്ന കാലമായിട്ടും ഇന്നും ഇരുട്ടിലുള്ളവര്‍ ഏറെയാണല്ലോ

തീര്‍ച്ചയായും. ഞാന്‍ കുറച്ചു ദിവസം മുന്‍പ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നടക്കുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഫാഷന്‍ ഷോയില്‍ അവരെ സഹായിക്കാനായി പോയിരുന്നു. എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം ഒരു ട്രാന്‍സ്ജെന്‍ഡര്‍ ദാ പോകുന്നു എന്ന തരത്തില്‍ പ്രത്യേകതയുള്ള ഒരു നോട്ടം പോലും അവിടെ നിന്ന് കിട്ടിയില്ല എന്നതാണ്. അതായത് അത്രമാത്രം സമൂഹം നമ്മളെ പോലുള്ളവരെ അംഗീകരിക്കാന്‍ പഠിച്ചിരിക്കുന്നു എന്നതാണ്. ഒരുപക്ഷേ അത് ആ സ്ഥലത്തിന്റെ പ്രത്യേകത ആയിരിക്കാം. എന്നിരുന്നാലും അതെനിക്ക് വളരെ സന്തോഷം നല്‍കി. 

gowri-09

കരുണ ഷോര്‍ട് ഫിലിം കണ്ടിട്ട് കുറേ പേര്‍ പരിചയപ്പെടാന്‍ വന്നതല്ലാതെ മറ്റൊരു തരത്തിലുള്ള നോട്ടമോ സംസാരമോ അവിടെ നിന്ന് ഉണ്ടായില്ല. ഈ സാധാരണത്വമാണ് ഓരോ ട്രാന്‍സ്ജെന്‍ഡറും ആഗ്രഹിക്കുന്നത്. നമുക്ക് മെട്രോയില്‍ ജോലി കിട്ടിയ ട്രാന്‍സ്ജെന്‍ഡറുകളെ അറിയാം. അതല്ലാതാതെ ഒരു ഹോട്ടലിലെ വെയിറ്റര്‍ ആയിട്ടോ സെയില്‍സ് ഗേളായോ ജോലി നോക്കുന്ന എത്ര പേരെ അറിയാം. മെട്രോയിലെ ജോലി ഫെയിം നല്‍കും. പക്ഷേ ഒരിക്കലും എറണാകുളം പോലൊരു സിറ്റിയില്‍ വാടക കൊടുത്ത് ജീവിക്കാനുള്ള ശമ്പളം നല്‍കിയിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. 

അവരെയും സാധാരണക്കാരായി അംഗീകരിച്ച് സാധാരണ ജോലികളിലേക്ക് ക്ഷണിച്ചാല്‍ ഒരു പരിധിവരെ ആശ്വാസമാകും. പലരും വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരോ നാടുവിട്ടവരോ ഒക്കെയാണ്. അവര്‍ക്ക് കിടപ്പാടം എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അങ്ങനെയൊരു ഷെല്‍ട്ടര്‍ ഹോമും കൂടി  സര്‍ക്കാരോ സംഘടനകളോ ഇടപെട്ട് കിട്ടിയാല്‍ വലിയ കാര്യമാകും അത്. അവര്‍ ചെറിയ ജോലിയെടുത്തായാലും ജീവിച്ചു കൊള്ളും.

gowri-savithri-07

ഓവര്‍ മേക്കപ്പ് ആണ് പല ട്രാന്‍സ് ജെന്‍ഡറുകളും എന്ന ആരോപണത്തോട്

അടുത്തിടെ നമ്മുടെ നാട്ടിലെ വാര്‍ത്തകളില്‍  നിറഞ്ഞ ട്രാന്‍സ്ജെന്‍ഡറുകളെ നോക്കൂ. അവര്‍ക്കാര്‍ക്കെങ്കിലും അസഹനീയമായ മേക്കപ്പ് ഉണ്ടോ. അവര്‍ മറ്റേതൊരു മനുഷ്യരേയും പോലെ സാധാരണ ഔട്ട്ഫിറ്റിലാണ്. അല്ലേ. അതാണ് മാറ്റം. നമുക്കൊരു കാര്യം ചെയ്യാന്‍ വിലക്കുണ്ടായിരുന്നു എന്നിരിക്കട്ടെ. ഒരിക്കല്‍ അതു മാറിയാല്‍ നമ്മുടെ എല്ലാ ആവേശവും ആ കാര്യം ചെയ്യുന്നതില്‍ വരും. അതാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ മേക്കപ്പിന്റെ കാര്യത്തിലും സംഭവിച്ചത.് 

പണ്ടത്തെ സിനിമകളിലെ അഭിനയം കണ്ടാല്‍ ഓവര്‍ ആമെന്നും ഇപ്പോള്‍ സ്വാഭാവികത ഉണ്ടെന്നും നമ്മള്‍ പറയുന്നില്ലേ...അതുപോലെയാണ് ട്രാന്‍സ് ജെന്‍ഡറുകളുടെ കാര്യത്തിലും. അവര്‍ മാറുകയാണ്. നിങ്ങളുടെ മനസ്സിലും ആ സാധാരണത്വം വന്നാല്‍ മതി. മറ്റേതൊരു സമൂഹത്തേയും പോലെ ട്രാന്‍സ്‌ജെന്‍ഡറുകളിലുമുണ്ട് സാമ്പത്തികം ഉള്ളവരും ഇല്ലാത്തവരും വിദ്യാഭ്യാസമുളളവരും അല്ലാത്തവരും, നന്മയുള്ളവരും തിന്‍മയുള്ളവരുമൊക്കെ. അത് പൊതുസമൂഹം അംഗീകരിച്ചാല്‍ മാത്രം മതി. 

സ്ത്രീയിലേക്ക്

ഞാന്‍ നേരത്തെ പറഞ്ഞില്ലേ സ്വയം തിരിച്ചറിഞ്ഞതിന്റെ അന്നു തൊട്ട് ഇന്നുവരെ പൂര്‍ണതയിലേക്കുള്ള പ്രയാണമാണ് എന്നില്‍ കാണുന്നത്. ആ നാള്‍വഴിയിലെ ഒരു രൂപമാണ് ഇന്നു കാണുന്ന ഞാന്‍. എനിക്കൊരിക്കലും ഒരു പൂര്‍ണ സ്ത്രീയായി മാറണം എന്നില്ല. എനിക്ക് ട്രാന്‍സ് വുമണായി നിലനിന്നാല്‍ മതി. അതാണെന്റെ സ്വത്വം. ആ ഐഡന്റിറ്റിയിലാണ് ഞാന്‍ പൂര്‍ണ തൃപ്തയാകുന്നത്. 

കുടുംബമെന്ന ചട്ടക്കൂടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ

ഇതുവരെ ഇല്ല. പിക്‌സെലിയ എന്ന സിനിമയില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ്. കാമുകനൊപ്പം ജീവിക്കുന്ന അവള്‍ക്ക് ഒരു കുട്ടിയെ ദത്തെടുക്കണം. അതിനായി അവള്‍ കാമുകനുമായി നിരന്തരം വഴക്കിടുന്നുണ്ട്. എനിക്ക് സത്യത്തില്‍ ആ കഥാപാത്രമായി മാറാന്‍ എനിക്കു കുറേ സമയം വേണ്ടിവന്നു. കാരണം എന്റെ മനസ്സില്‍ അത്തരമൊരു അമ്മ വികാരം ഇല്ല. 

ഒരു മാതൃത്വം ഇല്ല. ഇന്നേവരെ ഇല്ല. ഇനി നാളെ മനസ്സില്‍ വരുമോ എന്നും അറിയില്ല. ഞാന്‍ അന്നേരം ആ ഡയറക്ടറോട് തര്‍ക്കിക്കുകയായിരുന്നു, ഇവള്‍ക്കിത് എന്ത് ചിന്തയാണ്. നന്നായി മനസ്സിലാക്കുന്ന ഒരാളുണ്ട്, നല്ല ജോലിയുണ്ട്. അതില്‍ ജീവിച്ചു പോയാല്‍ പോരെയെന്ന്. അതാണ് എന്റെ ഇപ്പോഴതതെ ചിന്ത. എനിക്ക് കുട്ടികളെ അതിയായ ഇഷ്ടമാണ്. പക്ഷേ അത് മാതൃത്വം കൊണ്ടു തോന്നുന്നതല്ല. ഏതൊരാള്‍ക്കും കുട്ടികളോടു തോന്നുന്ന കൗതുകമില്ലേ അതേയുള്ളൂ. അതുകൊണ്ട് എനിക്ക് ഇങ്ങനെയൊക്കെ അങ്ങു പോയാല്‍ മതി.

gowri-08

ഷിഫോണ്‍ സാരിയും മഞ്ഞ നിറവും

മഞ്ഞയാണ് എന്റെ പ്രിയ നിറം. എന്നെന്നും ഇഷ്ടമുള്ളത്. അതുപോലെ പ്രിയപ്പെട്ടതാണ് കണിക്കൊന്ന കാണുന്നതും. അതുകാണും നേരം മനസസില്‍ വരുന്ന തെളിമ മറ്റൊരിക്കലും തോന്നാറില്ല. എപ്പോഴും മഞ്ഞ നിറത്തിലുള്ള ഉടുപ്പുകളിടാനാണ് ഞാന്‍ അഗ്രഹിക്കാറ്്. എപ്പോഴും ഇതേ നിറത്തിലുള്ള ഉടുപ്പുകള്‍ വാങ്ങിത്തരാന്‍ കഴിയുമോയെന്ന് അച്ഛനൊരിക്കല്‍ എന്നോടു ചോദിച്ചതായി ഓര്‍ക്കുന്നു. അതുപോലെ എന്നെ അധികംപേരും കണ്ടിരിക്കുന്നത് സാരിയിലാണ്. അത് അണിഞ്ഞാലാണ് കൂടുതല്‍ ചേരുന്നത്, കൂടുതല്‍ ഭംഗി എന്നൊക്കെ പറഞ്ഞ് ധരിപ്പിക്കുന്നതാണ്. 

gowri-savithri-05

സത്യത്തില്‍ എനിക്കു കുറച്ചൂടെ മോഡേണ്‍ ആയി നടക്കാനാണ് ഇഷ്ടം. ആണും പെണ്ണും ഒരുപോലെ അണിയുന്ന വസ്ത്രങ്ങളും ഫ്രോക്കുകളുമാണ് എനിക്ക് ഏറെ പ്രിയം. പക്ഷേ അധികവും സാരിയാണ് ഉടുക്കാറ്. അതും തീരെ സിമ്പിള്‍ ഡിസൈനിലുള്ള ഷിഫോണ്‍ സാരികള്‍. സില്‍ക്ക് സാരികള്‍ അപൂര്‍വമായേ ധരിക്കാറുള്ളൂ. പിന്നെ സ്വര്‍ണം തൊടാറില്ല. അതുപോലെ മറ്റ് ജ്വല്ലറികള്‍ ആണെങ്കിലും വളരെ സിമ്പിള്‍ ആണ്. ഒരിക്കലും ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതില്‍ ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വസ്ത്രധാരണത്തിലും ലുക്കിലും കുറേ കൂടി സ്‌ത്രൈണത വരുത്തണം എന്നു ചിന്തിച്ച കാലത്തു പോലും വളരെ ന്യൂട്രലായ വസ്ത്രങ്ങളോടായിരുന്നു താല്‍പര്യം.

പുസ്തകങ്ങളും സിനിമയും

ഇപ്പോള്‍ അനിതാ നായരുടെ ലേഡീസ് കൂപ്പയാണ് വായിക്കുന്നത്. തീവണ്ടി യാത്ര ഏറെ ഇഷ്ടമുള്ളതു കൊണ്ടാകണം ഒരുപാട് കൗതുകത്തോടെയാണ് വായിക്കാനിരുന്നത്. എന്നെന്നും പ്രിയപ്പെട്ടതും സ്വാധീനിച്ചിട്ടുള്ളതുമായ എഴുത്തുകാര്‍ ബഷീറും മാധവിക്കുട്ടിയുമാണ്. ബഷീറിന്റെ പച്ചയായ ജീവിതവും മാധവിക്കുട്ടിയുടെ മായികലോകവുമാണ് എഴുതാന്‍ പ്രേരിപ്പിച്ചത്. വായന ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നെ. മുത്തശ്ശി കഴിഞ്ഞാല്‍ ജീവിതത്തില്‍ മറ്റൊരു മനുഷ്യ ജീവി പോലും സ്വാധീനിച്ചിട്ടില്ല. പക്ഷേ എന്നെന്നും നല്ല കൂട്ടുകാരായിരുന്നു പുസ്തകങ്ങള്‍. പിറന്നാളിനൊക്കെ അധികവും സമ്മാനമായി കിട്ടാറ് പുസ്തകങ്ങളാണ്. ഞാന്‍ വാങ്ങിച്ചിട്ടില്ല എന്നുറപ്പിച്ചിട്ടേ എല്ലാവരും വാങ്ങിത്തരാറുള്ളൂ എന്നു മാത്രം.  പിന്നെയിഷ്ടം വാച്ചുകളോടാണ്. എന്താണ് നിനക്ക് വേണ്ട സമ്മാനം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ വാച്ച് എന്നാണ് മിക്കപ്പോഴും പറയാറ്. ആകെയുള്ള ക്രേസ് അതിനോടു മാത്രമാണ്. 

shobana-atack
ശോഭന

സിനിമയിലെ ഇഷ്ടങ്ങള്‍

കഴിയാവുന്നിടത്തോളം സിനിമകള്‍ കാണുന്നൊരാളാണ് ഞാന്‍. മലയാളത്തില്‍ ഏറെയിഷ്ടം നെടുമുടി വേണു സാറിനോടാണ്. ആ അഭിനയത്തോട് വലിയ അഭിനിവേശമാണ്, പിന്നെ എന്നെന്നും ഇഷ്ടമുള്ള നടി ശോഭനാ മാഡം ആണ്. എന്നോട് എന്നെങ്കിലും നിനക്കൊരു വരം തരാം, മറ്റൊരു വ്യക്തിയായാല്‍ അത് ആരാകണം എന്നു ചോദിച്ചാല്‍ ഞാന്‍ ശോഭന മാഡം ചെയ്ത കാര്‍ത്തുമ്പിയായാല്‍ മതി എന്നു പറയും. 

English Summary : Gowri Savithri, Transgender Model, Artist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA