sections
MORE

‘എന്തു പറ്റി, പ്രസവിച്ച ശേഷവും വണ്ണം വയ്ക്കുന്നില്ലല്ലോ?’ : ശർമിള പറയുന്നു

Sharmila Nair
ശർമിള നായർ
SHARE

രാവിന്റെ കരിംകറുപ്പു പുടവ ചുറ്റി 18 പെണ്ണുങ്ങൾ. അരുതുകളെ ചോദ്യം ചെയ്തും പരിമിതികളെക്കുറിച്ചു കൂസലില്ലാതെ തുറന്നു പറഞ്ഞും അവരെഴുതുന്നതൊരു പുതിയ അധ്യായമാണ്. ഭയമോ സങ്കോചമോ ഇല്ലാതെ, ക്യാമറയെ മുഖംകാട്ടിനിന്ന് അവർ പറഞ്ഞതത്രയും അതിജീവനത്തിന്റെ പച്ചയായ കഥകളാണ്. ആ നേർച്ചിത്രപരമ്പരയുടെ സ്രഷ്ടാവിന്റെ പേര് ശർമിള നായർ; കൊച്ചി ആസ്ഥാനമായ റെഡ് ലോട്ടസ് ഫാഷൻ ഡിസൈനിങ്ങിന്റെ ഉടമയും ഡിസൈനറും.

സമൂഹം കൽപ്പിച്ച നിയന്ത്രണങ്ങളെയും പരിമിതികളെയും അതിജീവിച്ചതിനെപ്പറ്റി  സ്ത്രീകൾ തുറന്നു പറയുന്ന ‘ഷെയ്ഡ്സ് ഓഫ് ബ്ലാക്ക്’ എന്ന ക്യാംപെയ്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ‘മഴവില്ലിന്റെ നിറം കറുപ്പാണെങ്കിൽ അതിനു 18 നിറഭേദങ്ങളുണ്ടാകും’ എന്ന ടാഗ് ലൈനുള്ള ആ പ്രചാരണ പരമ്പരയെപ്പറ്റി, അതു തുറന്നുകാട്ടുന്ന പെൺജീവിതത്തിന്റെ നേരുകളെപ്പറ്റി മനോരമ ഓൺലൈനുമായി ശർമിള സംസാരിക്കുന്നു:

പെൺസ്വപ്നങ്ങളെ വരിഞ്ഞ മുൾച്ചങ്ങലകൾ

കാലങ്ങളായി സ്ത്രീകളെ മാത്രം വരിഞ്ഞിട്ടിരിക്കുന്ന ചില നിയന്ത്രണങ്ങളെക്കുറിച്ചാണ് ഷെയ്ഡ്സ് ഓഫ് ബ്ലാക്ക് ചർച്ച ചെയ്യുന്നത്. ദൈനംദിന ജീവിതത്തിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് സ്ത്രീകൾക്കു നേരിടേണ്ടി വരുന്നത്. ഉദാഹരണമായി റോഡിലെ കാര്യമെടുക്കാം, നമ്മുടെ തൊട്ടുമുൻപിലുള്ള വാഹനം കുറച്ചു സ്ലോ ആയാൽ പോലും ആളുകൾ നമ്മളെയാണ് നോക്കുന്നത്; നമ്മൾ എന്തോ തെറ്റുചെയ്തെന്ന പോലെ. അങ്ങനെ സ്ത്രീകൾ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന, അതിജീവിച്ച കാര്യങ്ങളെക്കുറിച്ചാണ് ഈ ക്യാംപെയ്ൻ. പല തലത്തിലുള്ള സ്ത്രീകൾ ഇവിടെ അവരുടെ അനുഭവം തുറന്നു പറയുന്നു. 

തീരെച്ചെറുപ്പത്തിൽ വിവാഹിതയായതിനെപ്പറ്റി, സുരക്ഷയും വൃത്തിയുമില്ലാത്ത ശുചിമുറികളുടെ അഭാവത്തെപ്പറ്റി, നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടതിനെപ്പറ്റി, ഇഷ്ടങ്ങളുടെ പിന്നാലെ  സഞ്ചരിച്ചതിന്റെ പേരിൽ സമൂഹം മുൻവിധിയോടെ സമീപിച്ചതിനെപ്പറ്റി, ആർത്തവ ദിനങ്ങളിൽ മാറ്റി നിർത്തപ്പെട്ടതിനെപ്പറ്റി, സത്രീകൾ തനിച്ചും കൂട്ടമായും സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്നതിനെപ്പറ്റി, ബാഡ് പേരന്റിങ്ങിനെ അതിജീവിച്ചതിനെപ്പറ്റി... അങ്ങനെ വ്യക്തിയെന്ന നിലയിലേറ്റ മുറിവുകളെയും അപമാനങ്ങളെയും പറ്റി പൊള്ളുന്ന വാക്കുകളിൽ അവർ സംസാരിക്കുകയാണ്. ഒക്ടോബർ 7 മുതലാണ് ഷെയ്ഡ്സ് ഓഫ് ബ്ലാക്ക് എന്ന ക്യാംപെയിനിന്റെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങൾ യു ട്യൂബിലൂടെ റിലീസ് ചെയ്തത്. 

18 ജീവിതം, 18 സ്ത്രീകൾ, 18 അനുഭവങ്ങൾ

ഓരോ തരത്തിലുള്ള നിയന്ത്രണങ്ങളെ അതിജീവിച്ചാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്. പെൺകുട്ടികൾ ഉറക്കെ വർത്തമാനം പറയാൻ പാടില്ല, കാലിന്മേൽ കാൽ കയറ്റിവയ്ക്കാൻ പാടില്ല തുടങ്ങി ചെറുപ്പം മുതൽ കേട്ടുവരുന്ന ചില അരുതുകളുണ്ട്. ചില വിശ്വാസങ്ങളുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കാം അതൊക്കെ. പക്ഷേ അന്നൊന്നും അതൊന്നും ചോദ്യം ചെയ്യാൻ തോന്നിയിരുന്നില്ല. ഇന്നിപ്പോൾ അത്തരം നിയന്ത്രണങ്ങളെക്കുറിച്ചൊക്കെ പുതിയ തലമുറയുമായി കമ്യൂണിക്കേറ്റ് ചെയ്യണമെന്നു തോന്നി. അതുകൊണ്ടാണ് ഇങ്ങനെയൊരു ക്യാംപെയ്നെക്കുറിച്ച് ചിന്തിച്ചതും അതു നടപ്പിലാക്കിയതും.

18 സ്ത്രീകളുടെ അനുഭവങ്ങൾ; തയാറെടുപ്പ്

ഏഴു മാസത്തെ പരിശ്രമത്തിനുശേഷമാണ് ക്യാംപെയ്ൻ തുടങ്ങാൻ സാധിച്ചത്. മനസ്സിലുള്ള കാര്യങ്ങളും അഭിപ്രായങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പലരും തുറന്ന് എഴുതാറുണ്ടെങ്കിലും ഇത്തരമൊരു ക്യാംപെയ്നിലൂടെ അത് പുറംലോകത്തോടു പറയാൻ പലരും മടിച്ചിരുന്നു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമൂഹം ഒക്കെ എന്തു പറയുമെന്ന് ചിലർ ആശങ്ക പങ്കുവച്ചു. അറുപതോളം സ്ത്രീകളെ ഇതിനായി സമീപിച്ചിരുന്നു. അവരിൽ നിന്നാണ് 18 പേരെ കിട്ടിയത്. ഫെയ്സ്ബുക് എഴുത്തു കണ്ടും മറ്റും ആളുകൾ റഫർ ചെയ്ത സ്ത്രീകളെയാണ് ഇതിനായി സമീപിച്ചത്. പക്ഷേ എഴുതാൻ ധൈര്യം കാട്ടിയവർ പലരും ഒരു വിഡിയോയിലൂടെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ ധൈര്യം കാട്ടിയില്ല എന്നതാണ് സത്യം. ഒരാളുടെ സ്വകാര്യതയിലേക്കാണു കടന്നു ചെല്ലേണ്ടത്. അവർ അവരുടെ അനുഭവങ്ങളാണ് തുറന്നു പറയേണ്ടത്. അതിനാൽ രണ്ടോ മൂന്നോ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പലരും കാര്യങ്ങൾ തുറന്ന മനസ്സോടെ പങ്കുവച്ചത്. 

shades-of-black-01
രമ്യ ശശിധരൻ, അനുമോൾ

ആദ്യ ക്യാംപെയ്ൻ ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി

2016 ൽ ആയിരുന്നു അത്. പൊതുവേ ട്രാൻസ്ജെൻഡേഴ്സിനെപ്പറ്റിയുള്ള ധാരണ അവർ ലൗഡ് മേക്കപ് ചെയ്യുന്നവരാണ് എന്നൊക്കെയാണല്ലോ. അവരെ സട്ടിൽ മേക്കപ്പിൽ, കളർഫുൾ സാരിയിൽ ഞാൻ സങ്കൽപിച്ചു നോക്കി. സാരി ഡിസൈനായ മഴവിൽ കളക്‌ഷൻസിൽ മോഡലുകളായി രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ തീരുമാനിക്കുന്നത് അങ്ങനെയാണ്.

sharmila-with-trans-models-01
2016 ലെ മഴവിൽ ക്യാംപെയിനിൽ ട്രാൻസ്ജെൻഡർ മോഡലുകൾക്കൊപ്പം ശർമിള

ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയിലൂടെയാണ്  മായാ മേനോനെയും ഗൗരി സാവിത്രിയെയും പരിചയപ്പെടുന്നത്. എല്ലാവരും എങ്ങനെ പ്രതികരിക്കുമെന്നൊക്കെ അവർ ആശങ്കപ്പെട്ടിരുന്നെങ്കിലും ആ ക്യാംപെയ്ൻ നന്നായിത്തന്നെ നടന്നു. ക്യാംപെയ്നിന്റെ ഭാഗമാകാനായി വിദേശീയർ പോലും മഴവിൽ കളക്‌ഷനിലെ സാരി ആവശ്യപ്പെട്ടു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് മഴവിൽ കളക്‌ഷനിൽ ട്രാൻസ്ജെൻഡർ മോഡലുകൾ ഉടുത്ത സാരി തന്നെ ആവശ്യപ്പെട്ട് ഏറെപ്പേർ സമീപിച്ചതാണ്. ശരിക്കും ഒരു വിഷ്വൽ ഇംപാക്ട് ഉണ്ടാക്കാൻ ആ ക്യാംപെയിനു സാധിച്ചു.

ഓർമ വച്ച കാലം മുതൽ ബോഡിഷെയിമിങ്

sharmila-nair-01
ശർമിള നായർ

ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ നേരിട്ടത് ബോഡിഷെയിമിങ് ആണ്. മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ പലയാളുകൾക്കും അതുൾക്കൊള്ളാനായില്ല. ‘കുറച്ചുകൂടി തടിയുണ്ടായിരുന്നെങ്കിൽ’ എന്നൊക്കെ പലരും പറയുന്നത് ഓർമ വച്ച കാലം മുതൽ ഞാൻ കേൾക്കുന്നതാണ്. എനിക്ക് അഞ്ചുവയസ്സുള്ള ഒരു കുട്ടിയുണ്ട്. ‘എന്തു പറ്റി, പ്രസവിച്ച ശേഷവും വണ്ണം വയ്ക്കുന്നില്ലല്ലോ?’ എന്ന കമന്റാണ് അമ്മയായ ശേഷം എന്നെ കാത്തിരുന്നത്. ഇപ്പോൾ അത്തരം കമന്റുകളെ ഞാൻ ശ്രദ്ധിക്കാറേയില്ല. 

18 സ്ത്രീകളുടെ തെരഞ്ഞെടുപ്പ്

സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള, പല തലങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ ഈ ക്യാംപെയ്നിന്റെ ഭാഗമായി. വീട്ടമ്മമാർ, ജോലിയുള്ളവർ, എഴുത്തുകാർ അങ്ങനെ ഒരുപാടുപേർ അവരുടെ അനുഭവം പങ്കുവച്ചു. ആദ്യത്തെ മഴവിൽ ക്യാംപെയ്ൻ കഴിഞ്ഞ് മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷെയ്ഡ്സ് ഓഫ് ബ്ലാക്ക് എന്ന ക്യാംപെയ്നുമായെത്തുന്നത്.

സാമൂഹിക പ്രസക്തിയുള്ള വിഷയവും ഫാഷനും കൂടിച്ചേരുമ്പോൾ

സിനിമ പോലെ തന്നെ ശക്തമായ മാധ്യമമാണ് ഫാഷനും. വസ്ത്രധാരണത്തിലൂടെ ഒരു വിപ്ലവം സൃഷ്ടിച്ചാൽ ആളുകൾ അതു ശ്രദ്ധിക്കും. ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി ക്യാംപെയ്ൻ ചെയ്തപ്പോൾ ഷൂട്ട് ചെയ്യാൻ സ്ഥലം കിട്ടാനായിരുന്നു ബുദ്ധിമുട്ട്. വൈപ്പിൻ പള്ളിയുടെ പുറകിലുള്ള സ്ഥലത്തുവച്ചൊക്കെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷേഡ്സ് ഓഫ് ബ്ലാക്ക് ഷൂട്ട് ചെയ്തപ്പോൾ ആളുകളെ കിട്ടാനായിരുന്നു ബുദ്ധിമുട്ട്. ഫെയ്സ്ബുക് കുറിപ്പുകളെഴുതുന്നതിനേക്കാൾ ധൈര്യം വേണം സ്വന്തം മുഖം വെളിപ്പെടുത്തുന്ന വിഡിയോയിലൂടെ അനുഭവങ്ങൾ തുറന്നു പറയാൻ. രണ്ടോ മൂന്നോ കൂടിക്കാഴ്ചയൊക്കെ കഴിഞ്ഞ് വിഡിയോയും ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ ചിലർ തടസ്സം പറഞ്ഞെത്തിയിരുന്നു. ആളുകൾ വേറെ രീതിയിൽ എടുക്കും, ബന്ധുക്കൾ തെറ്റിദ്ധരിക്കും എന്നൊക്കെ പറഞ്ഞ് അവസാന നിമിഷം പിന്മാറിയവരുമുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ പിന്തുണയറിയിച്ചവർ

അനുഭവങ്ങൾ തുറന്നു പറയാൻ ഒരുപാടുപേർക്ക് ഈ ക്യാംപെയ്ൻ വേദിയായി എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഷെയ്ഡ്സ് ഓഫ് ബ്ലാക്ക് ഹാഷ്ടാഗിൽ സ്വന്തം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചാണ് പലരും ജീവിതത്തിലുണ്ടായ നിയന്ത്രണങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്. അവരൊക്കെ ഒരു വേദിക്കായി കാത്തിരിക്കുകയായിരുന്നു എന്നു തോന്നി. ഇതൊരു ആക്‌ഷൻ ഓറിയന്റഡ് ക്യാംപെയ്ൻ ആക്കാൻ ഇത്തരത്തിലുള്ള പിന്തുണ ഒരുപാട് സഹായിച്ചു. ഈ ക്യാംപെയ്ൻ വലിയൊരു വിജയമാക്കാൻ അവർ സഹായിച്ചു. ദിവസവും അറുപതും എഴുപതും പേരൊക്കെ ഇത് ഷെയർ ചെയ്യുന്നുണ്ട്. ഒന്നും പ്രതീക്ഷിച്ചല്ല ഇത്തരമൊരു ക്യാംപെയ്ൻ ഒരുക്കിയത്. ഇതൊരു വിജയമായതിൽ സന്തോഷമുണ്ട്.

നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ചൊക്കെ ഒരു സ്ത്രീ തുറന്നു പറയുന്നുണ്ട്. അവർ ആദ്യമായാണ് അങ്ങനെയൊരു വിഷയത്തെ അഡ്രസ് ചെയ്തു സംസാരിക്കുന്നത്. അവരുടെ കുടുംബാംഗങ്ങളൊക്കെ ആ വിഡിയോ കണ്ട് അക്ഷരാർഥത്തിൽ അമ്പരന്നു. അങ്ങനെ ഒരുപാടു സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഓർത്തെടുക്കാനുണ്ട്.

ഈ ക്യാംപെയിന്റെ ഭാഗമായ 18 സ്ത്രീകളെക്കുറിച്ച്

ഈ ക്യാംപെയ്നിന്റെ ഭാഗമാകാൻ മനസ്സു കാണിച്ച സ്ത്രീകളെല്ലാവരും നല്ല ധൈര്യശാലികളാണ്. അവരോരോരുത്തരും എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുമുണ്ട്. നമ്മൾ നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന പല കാര്യങ്ങളും മറ്റൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കുന്ന ഇംപാക്ട് എന്താണെന്നു മനസ്സിലാക്കാൻ ഈ ക്യാംപെയ്ൻ എന്നെ ഏറെ സഹായിച്ചു.

ഷേഡ്സ് ഓഫ് ബ്ലാക്ക് ടീം

മിഥുൻ ദിവാകർ (ഫൊട്ടോഗ്രഫർ), രതീഷ് രവീന്ദ്രൻ (ഛായാഗ്രാഹകൻ), കിരൺ ദാസ് (എഡിറ്റർ), ലക്ഷ്മി പർപ്പിൾ (സ്റ്റൈലിസ്റ്റ്), ഇമ്നാ ഫെലിക്സ് (ആർട്ട്) ഇവരായിരുന്നു ഷേഡ്സ് ഓഫ് ബ്ലാക്കിനു പിന്നിലുണ്ടായിരുന്ന ക്രൂ. 

ആ 18 സ്ത്രീകൾ ഇവർ 

ഡോ. ഐശ്വര്യ യുധി (കോയമ്പത്തൂർ പിഎസ്ജി കോളജിലെ ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്മെന്റ്), സ്വാതി ജഗദീഷ് (സൈക്കോളജിസ്റ്റ്, ലാക്ടേഷൻ കൺസൽറ്റന്റ്), പ്രിയ ശിവദാസ് (സിഇഒ, ഡി വാലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിങ്സ്), നന്ദിനി ജയരാജ് (സോഫ്റ്റ്‌വെയർ കൺസൽറ്റന്റ്), സൗമ്യ രാധാ വിദ്യാധർ (എഴുത്തുകാരി, പാർട്ട് ടൈം എഡിറ്റർ) സോണിക നായർ (അഭിഭാഷക), സ്മിത നായിക് (ഇന്റീരിയർ ഡിസൈനർ), സോളി സോമനാഥ് (സോഫ്റ്റ്‌വെയർ കൺസൽറ്റന്റ്), ഇന്ദു ജയറാം (കരിയർ കൺസൽറ്റന്റ്), അനുമോൾ (അഭിനേത്രി), രമ്യ ശശിധരൻ (ഡവലപ്മെന്റ് കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ്, എഴുത്തുകാരി), ലക്ഷ്മി രാജീവ് (എഴുത്തുകാരി), പാർവതി കൃഷ്ണൻ (എച്ച് ആർ കൺസൽറ്റന്റ്), കെ.പി. സന്ധ്യ (അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ശ്രീ ശബരീശ കോളജ്), ഷൈലജ (കെഎസ്ഇബി സ്റ്റാഫ്), സിന്ധു നായർ (വീട്ടമ്മ), ജെ. ദേവിക (ഗവേഷക), ഗീതാ ബക്ഷി (മാധ്യമ പ്രവർത്തക).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA