സിനിമയും സീരിയലും സ്ത്രീവിരുദ്ധമാണോ?; ലക്ഷ്മിപ്രിയ പറയുന്നു

Lakshmi Priya
ലക്ഷ്മി പ്രിയ
SHARE

ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും  ഒരുപോലെ പരിചയമുള്ള മുഖമാണ് ലക്ഷ്മിപ്രിയയുടേത്. ‘കഥ തുടരുന്നു’ എന്ന ജയറാം ചിത്രത്തിലെ തന്റേടിയായ മല്ലിക എന്ന കഥാപാത്രത്തെ ഓർമയില്ലേ? നെറികേടുകളെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യുമ്പോഴും ഉള്ളിൽ സ്നേഹമെന്ന വികാരത്തിന് അടിപ്പെട്ടു പോകുന്നവളാണ് മല്ലിക. ജീവിതത്തിലും ഒരുപക്ഷേ ആ കഥാപാത്രത്തോട് ലക്ഷ്മിപ്രിയയ്ക്ക് ചായ്‌വ് കൂടുതലായിരിക്കും. 

സമൂഹത്തിൽ നടക്കുന്ന രാഷ്ട്രീയവും വിശ്വാസപരവുമായ വിഷയങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയാൻ ലക്ഷ്മിക്കു മടിയില്ല. അതിന്റെ പേരിൽ പരിഹാസങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നും ലക്ഷ്മി കാര്യമാക്കുന്നതേയില്ല. ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ ചേർത്തു വച്ച് ഒരു പുസ്തകമെഴുതിയിരിക്കുന്നു. ‘കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല’ എന്നാണ് പുസ്തകത്തിന്റെ പേര്. നെഞ്ച് നോവുന്ന അനുഭവങ്ങളും ജീവിത വഴികളുമെല്ലാം പുസ്തകത്തിലൂടെ എഴുത്തുകാരി വായനക്കാർക്കു മുന്നിൽ തുറന്നിടുന്നു. പുസ്തകത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ലക്ഷ്മി സംസാരിക്കുന്നു...

∙ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.- എന്താണ് പുസ്തകത്തിലൂടെ പറയാനാഗ്രഹിച്ച കഥയും കഥാപാത്രങ്ങളും?

കഥ എന്റേതു തന്നെയാണ്. കഥാപാത്രങ്ങൾ എനിക്കു ചുറ്റുമുള്ളവരും. സാങ്കൽപികമല്ല എന്ന വരിയിൽ എല്ലാമുണ്ട്. ഇതിലെ കഥയും കഥാപാത്രവും എന്റെ ജീവിതമാണ്. സാങ്കൽപികമായി ഒരു പേരു പോലുമില്ല. ചില സിനിമയും സീരിയലുമൊക്കെ തുടങ്ങുന്നതിനു മുൻപ് എഴുതിക്കാണിക്കുന്നതു കണ്ടിട്ടില്ലേ  ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല എന്ന്. അതിൽ പറയുന്ന യാഥാർഥ്യങ്ങളുടെ ഉത്തരവാദിത്തം കയ്യേൽക്കാതെ ഒഴിയുന്നതാണത്. എന്നാൽ ഇങ്ങനെ ഒരു പേരിലൂടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുകയാണ്. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും സ്നേഹത്തിനും.. അങ്ങനെ എല്ലാത്തിനും ഞാൻ മാത്രമാണ് ഉത്തരവാദി. രണ്ടര വയസ്സുമുതൽ ഇതുവരെയുള്ള എന്റെ ഓർമകളും അനുഭവങ്ങളും യാത്രകളുമൊക്കെയാണ് വിഷയം. എന്റെ ബാല്യം, കൗമാരം, യൗവനം അങ്ങനെ എല്ലാം. നഷ്ട ബാല്യവും പ്രണയവും സ്വപ്നവുമെല്ലാം വിഷയങ്ങളാണ്.

∙ വൈകാരികമായി ഒരുപാടു സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. അവസാനമായി വാളയാർ വിഷയത്തിൽ വരെ. എങ്ങനെയാണ് സമകാലിക വിഷയങ്ങളെ കാണുന്നത്?

സമകാലിക വിഷയങ്ങളിൽ നിന്നു നാം അകന്നു നിൽക്കുന്നത് അത് നമ്മുടേതല്ല എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ്. ഇവിടെ ഉണ്ടാകുന്ന ഓരോ പ്രശ്നവും നമ്മുടേതു കൂടിയാണ് എന്ന ചിന്ത വരുമ്പോൾ പ്രതികരണവും സ്ട്രോങ് ആവും. ഇപ്പോൾ ആൾക്കാർക്ക് ഒന്നിനും നേരമില്ല. അഥവാ പ്രതികരിച്ചിട്ടും കാര്യമില്ല എന്നു ചിന്തിക്കും. നമ്മളെല്ലാം നികുതി നൽകുന്നവരാണ്. എന്നാൽ ആ നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഇവിടെ കിട്ടുന്നത്?. പുറത്തേക്കിറങ്ങിയാൽ ടോൾ, മായമുള്ള ഭക്ഷണവും വെള്ളവും, നീതിക്കായി കോടതി കയറാനും  കേസു കൊടുക്കാനുമൊക്കെ പോയാൽ സാധാരണക്കാരനു നിയമ പരിരക്ഷ ഉറപ്പു വരുത്താൻ ഒരു സംവിധാനവുമില്ല. 

ഉത്തരവാദിത്തപ്പെട്ടവർ ‘തെളിവുകൾ’ ശേഖരിക്കുന്നില്ല. അറുപത്തൊൻപതു കോടിയോളം രൂപ മുടക്കി പണിത ‘പഞ്ചവടി’പ്പാലം. മലയാളികളുടെ പ്രതികരണശേഷിക്കു ശക്തി ഉണ്ടായിരുന്നുവെങ്കിൽ ഇതിനു കൂട്ടുനിന്നവർ അധികാരം കയ്യാളില്ല. കൃഷിഭൂമി നികത്തി കെട്ടിടം പണിയുന്നു. പാവപ്പെട്ടവന് അഞ്ചു സെന്റ് നികത്തണമെങ്കിൽ അതിന് വകുപ്പില്ലാത്തയിടത്ത് ഈ വലിയ വലിയ കെട്ടിടങ്ങൾ എങ്ങനെ ഉയരുന്നു. എന്തിനും ‘ചട്ടം’ നോക്കുന്നവർ കായൽ ഭൂമി കയ്യേറാനും കായലിൽനിന്ന് ഏതാനും വാര അകലത്തിൽ വീട് പണിയാനും അനുമതി നൽകുന്നു. എന്നാൽ ആ കെട്ടിടം വാങ്ങി താമസിക്കുന്നവരും ലോൺ അനുവദിക്കുന്ന ബാങ്കുകാരുമൊന്നും ഇതൊന്നും അറിയുന്നില്ല. ആ താമസക്കാർ ഒരു ദിവസം കുടിയൊഴിപ്പിക്കപ്പെടുന്നു.

വലിയവനും ചെറിയവനും ഒക്കെ കടന്നു പോകുന്ന നിസ്സഹായതയുണ്ട്. അതൊഴിവാക്കാൻ മെച്ചപ്പെട്ട ഭരണ സംവിധാനത്തിനും സാമൂഹിക വ്യവസ്ഥയ്ക്കും കഴിയണം. മരങ്ങൾ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് പരിസ്ഥിതി ദിനത്തിൽ കാലിൽ ചെളി പുരളാതെ തൈ നടും. എന്തൊരു പ്രഹസനമാണത്?  ശാന്തിവനത്തിലെ വൃക്ഷങ്ങൾ വെട്ടിക്കളഞ്ഞത് എന്നെ വളരെ ഏറെ വേദനിപ്പിച്ച അനുഭവമാണ്. മനുഷ്യനെ സ്നേഹിക്കുന്ന പോലെ മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാൻ നമുക്ക് കഴിയേണ്ടേ?

∙ ശബരിമലയുൾപ്പെടെയുള്ള വിഷയത്തിൽ പ്രതികരിച്ചു, അതിൽ അപമാനവും  സമൂഹമാധ്യമങ്ങളിൽനിന്ന് പലവിധത്തിലുള്ള ആരോപണവും ഏറ്റുവാങ്ങി. എങ്ങനെയാണ് ആ സമയത്തെ അതിജീവിച്ചത്?

എന്റെ അഭിപ്രായം എന്നത് എന്റെ ശരികൾ ആണ്. അത് മറ്റൊരാൾക്കു തെറ്റായി തോന്നാം. മറ്റൊരാളുടെ തോന്നലും കുറ്റപ്പെടുത്തലുമോർത്തു മിണ്ടാതിരുന്നാൽ ഞാൻ നിലപാടില്ലാത്തവളാകും. കുറച്ചു നാൾ മുൻപു വരെ നമ്മുടെ സമൂഹത്തിൽ കൃത്യമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരുവന്റെ അഭിപ്രായത്തെ എതിർത്തു തോൽപ്പിക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞു. നിന്റെ മനസ്സ് പോലെ തന്നെ ഞാൻ മറുപടി പറഞ്ഞില്ലെങ്കിൽ വിമർശിച്ചും അസഭ്യങ്ങൾ പറഞ്ഞും തോൽപ്പിക്കുക. ഒരുവന് ഇഷ്ടമുള്ളതുപോലെ പറഞ്ഞില്ലെങ്കിൽ, പ്രവർത്തിച്ചില്ലെങ്കിൽ ഒക്കെ കുറ്റമാണ്.

അപാരമായ പാണ്ഡിത്യം ഉള്ള ആൾ ആയിരുന്നു എന്റെ അച്ഛന്റെ അമ്മ. അവരോടൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. ഉന്നതമായ മതബോധം ഉണ്ടായിരുന്നു അവർക്ക്. ഒരു കുട്ടിയിൽ മതം അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല എന്ന് അച്ഛമ്മ എപ്പോഴും പറഞ്ഞു. എന്റെ വിശ്വാസം പോലെ തന്നെയാണ് എനിക്കു മറ്റൊരാളുടെ വിശ്വാസവും. ആ വിശ്വാസങ്ങളെ ബഹുമാനിക്കാൻ ഞാൻ തയാറാവണം. നിങ്ങൾ നിരീശ്വരവാദി ആണെങ്കിൽ  അതിനെയും ബഹുമാനിക്കണം എന്നാണ് എന്റെ പക്ഷം. അല്ലാതെ നിങ്ങൾ ചിന്തിക്കുന്നത് തെറ്റാണ്, ദൈവമുണ്ട് എന്നു ഞാൻ നിരന്തരം പറഞ്ഞാൽ അതെങ്ങനെ ശരിയാകും. ഇവിടെ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുക തന്നെ വേണം. അനാരോഗ്യപരമായ വിമർശനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. അങ്ങനെയാണ് പതിവ്

∙ പലപ്പോഴും പല സ്കിറ്റുകളിലും സീരിയൽ താരങ്ങൾ ഉൾപ്പടെയുള്ളവർ സ്ത്രീകളുടെ വേഷം കെട്ടിയും അങ്ങനെ പല രീതിയിൽ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ആളുകൾക്ക് ഒരു ധാരണയുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും കളിയാക്കുന്നതുമാണ് ഏറ്റവും വലിയ തമാശ എന്ന്. എത്രയോ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ, ഇങ്ങനെ ഉള്ള ഡയലോഗ് എനിക്കു പറയാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോൾ അവർ അത് വെട്ടിയിട്ടു തൊട്ടടുത്ത സീനിൽ വേറെ ഒരു കഥാപാത്രത്തെക്കൊണ്ട് പറയിക്കും. ഇതൊക്കെ സിനിമ കാണാൻ നമ്മൾ തിയറ്ററിൽ ചെല്ലുമ്പോഴേ അറിയുള്ളൂ. നമ്മൾ കുടുംബിനി എന്നു വിചാരിച്ചു ചെയ്ത കഥാപാത്രത്തിന് 5 കാമുകൻമാരും 3 ഭർത്താക്കന്മാരും ഉണ്ടായിരുന്നു എന്ന്. നമ്മൾ നാണം കെട്ടു തൊലി ഉരിഞ്ഞിരിക്കുമ്പോൾ തൊട്ടടുത്ത സീറ്റിൽ ഫാമിലിയായി ഇരുന്നു സിനിമ കാണുന്നവർ ഈ ഡയലോഗിനു ചിരിക്കുന്നത് കാണാം. പണ്ട് ഇങ്ങനെ ഉള്ള വാക്കുകൾ മക്കൾ കേൾക്കുമല്ലോ എന്നോർത്ത് പേടിച്ചിരുന്നവർ ഇന്ന് കുടുംബമായി അട്ടഹസിച്ചു ചിരിക്കുന്നു. മലയാളിയുടെ ആസ്വാദന നിലവാരം ഒരുപാട് മാറി. മുൻപ് രഹസ്യമായി പോലും പറയാത്ത തെറിവാക്കുകൾ ഇന്ന് സർവ സാധാരണമായി. അഭിനയം ജോലി ആയതു കൊണ്ട് വസ്ത്രത്തിൽ സഭ്യതയുള്ള ഏതു കഥാപാത്രവും അഭിനയിക്കും. എനിക്കറിയാം അത് അഭിനയം ആണെന്ന്.

∙ സിനിമാ ജീവിതം വ്യക്തിജീവിതവുമായി ഒന്നിച്ചു കൊണ്ട് പോകുമ്പോൾ സ്ട്രെസ് അനുഭവിക്കുന്നവരാണ് സ്ത്രീകൾ. പ്രത്യേകിച്ച് വീട്ടുജോലികളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമുൾപ്പടെ ശ്രദ്ധിക്കേണ്ടതുകൊണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കുടുംബവും അഭിനയവും എങ്ങനെ കൊണ്ടു പോകുന്നു?

പതിനെട്ടു വയസ്സിൽ കല്യാണം കഴിഞ്ഞു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. 19 വയസ്സിൽ ആദ്യ സിനിമ ചെയ്തു. ഒരു വർഷം 39 ചിത്രങ്ങൾ വരെ ചെയ്തിട്ടുണ്ട്.. അന്നുതൊട്ടിന്നു വരെ എന്റെ വീട്ടിൽ ജോലിക്ക് ആരെയും വച്ചിട്ടില്ല. വീട്, വീട്ടു കാര്യങ്ങൾ, കുഞ്ഞുങ്ങളുടെ കാര്യങ്ങൾ, സാമ്പത്തിക ഉത്തരവാദിത്തം എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്നത് ഒരു നാക് ആണ്. എനിക്കതു കഴിയുന്നു. അല്ലേലും ഞങ്ങൾ ഓണാട്ടുകരയിലെ പെണ്ണുങ്ങളെല്ലാം പല കാര്യങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ളവരാണ്.  

lakshi-priya-with-family-01

വീട്ടിൽനിന്നു ഷൂട്ടിങ്ങിനു പോയി വരുന്ന ദിവസങ്ങളിൽ വെളുപ്പിനെ എഴുന്നേറ്റു ബ്രേക്ക് ഫാസ്റ്റും ഉച്ചയ്ക്കു വേണ്ട ചോറും കൂട്ടാനും എല്ലാം ഉണ്ടാക്കി അടുക്കള ക്ലീൻ ചെയ്തിട്ടു പോകും. മോൾക്കുള്ള പാൽ, മറ്റു ഭക്ഷണം എല്ലാം. കുഞ്ഞിന്റെ എല്ലാക്കാര്യങ്ങളും എനിക്കു തന്നെ ചെയ്യണം. എന്നാലേ ഒരു സംതൃപ്തിയുള്ളൂ. ഒരു ടീച്ചർ, ബാങ്ക് ഉദ്യോഗസ്ഥ ഒക്കെ അവരുടെ ജോലിയും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നു, അതുപോലെ തന്നെയാണ് ഞാനും. ചിലപ്പോൾ എന്റെ ഉറക്കമൊക്കെ കുറഞ്ഞു പോകാറുണ്ട്. എങ്കിലും അതൊന്നും ഒരു പ്രശ്നമല്ല. കുടുംബമാണ്‌ എനിക്കു സിനിമയേക്കാളും വലുത് . പിന്നെ എല്ലാത്തിനും അഡ്ജസ്റ്റ് ചെയ്യുകയും സഹായിക്കുകയുമൊക്കെ ചെയ്യുന്ന ഭർത്താവാണ് എന്റെ ശക്തി.

∙ സമൂഹമാധ്യമങ്ങൾ സ്ത്രീകളെ ഒരു സമയത്ത് രണ്ടായി തിരിക്കുകയുണ്ടായി. കുലസ്ത്രീ എന്നു വളരെ പരിഹസിക്കപ്പെട്ടു ഒരു വിഭാഗം. അത്തരം വേർതിരിവിനെ ലക്ഷ്മി എങ്ങനെ കാണുന്നു?

ഞാൻ എപ്പോഴും എന്നോട് അടുത്തു നിൽക്കുന്നവരോട് പറയാറുണ്ട് എല്ലാ സ്ത്രീകളും പെണ്ണുങ്ങൾ അല്ല എന്ന്. അതായത്, ചില സ്ത്രീകൾക്കു സ്വന്തം മുടി മെയിന്റെയിൻ ചെയ്യാനോ കുട്ടികളെ നോക്കാനോ വീട് നോക്കാനോ ഒന്നും താൽപര്യം ഉണ്ടാവില്ല. എന്തിനും ഏതിനും മറ്റുള്ളവരെ കുറ്റം പറഞ്ഞും അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയും നടക്കും. ഇനി ഒരു കൂട്ടർ മേൽപ്പറഞ്ഞ ജോലികൾ എല്ലാം ഭംഗിയായി നടത്തുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യും. ഞാൻ രണ്ടാമത്തെ കാറ്റഗറിയിലെ ആൾ ആണ്. വെറും പെണ്ണ്. ഞാൻ നല്ല ഒരു സ്ത്രീയാണ് എന്നു പറഞ്ഞു കേൾക്കുന്നതാണ് എനിക്കേറ്റവും സന്തോഷം തരുന്നത്.

leksmi-priya-022

ഈ വെറും പെണ്ണ് എന്ന് പറയുമ്പോഴും എന്റെ അവകാശങ്ങളെപ്പറ്റിയും എന്റെ സംസ്കാരത്തെപ്പറ്റിയും നല്ല ബോധമുണ്ട്. എനിക്ക് തോന്നുന്നു ഈ ‘കുലസ്ത്രീ’ പരിവേഷം ആദ്യമായി ചാർത്തിക്കിട്ടിയത് എനിക്കാണെന്ന്. ഓണാട്ടുകരയിലെ സാമർഥ്യമുള്ള അമ്മമാരെപ്പറ്റി ഞാൻ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ എഴുത്ത് അതായിരുന്നു. എത്രയോ ആത്മധൈര്യവും മിടുക്കും ഉള്ളവരായിട്ടും അവരൊക്കെ വീട്ടിലെ കുഞ്ഞു കുഞ്ഞു വഴക്കും പൊട്ടിത്തെറിയും ഒന്നും ഒരിക്കലും വിഷയമാക്കി എടുത്തില്ല. ഭാവിയിലെ വലിയ കരുതലായി മക്കളെക്കണ്ടു. മക്കളെ നല്ല നിലയിൽ എത്തിച്ചു.

ഓണാട്ടുകരയിലെ വക്കീലന്മാർക്കും ഗൾഫുകാർക്കും ഡോക്ടർമാർക്കുമൊക്കെ കഠിനാധ്വാനികളായ അവരുടെ അമ്മമാരെപ്പറ്റി പറയാനുണ്ടാവും.  ഇങ്ങനെയുള്ള പെണ്ണുങ്ങളെ, പാരമ്പര്യവാദികളെ  ആണ് കുലസ്ത്രീ എന്നു പരിഹസിക്കുന്നത്. സ്ത്രീ ആവാൻ ഒരുപക്ഷേ എളുപ്പം കഴിഞ്ഞേക്കാം. എന്നാൽ പെണ്ണ് ആകുക അത്ര എളുപ്പമല്ല.

∙ ജീവിതവും സിനിമയും എന്താണു പഠിപ്പിച്ചത്?

ജീവിതം ജീവിതമാണെന്നും സിനിമ സിനിമ ആണെന്നും. മറ്റേതൊരു പ്രഫഷൻ പോലെയുമേ എനിക്കു സിനിമ ഉള്ളൂ. സിനിമ ജോലി മാത്രമാണ്. അഭിനയം എന്ന ജോലി ഭംഗിയായി ചെയ്യുക, പ്രതിഫലം വാങ്ങി വീട്ടിൽ പോകുക എന്നതിനുമപ്പുറം ഒന്നുമില്ല. അതിൽനിന്നു കിട്ടുന്ന സ്റ്റാർഡം ഒന്നും ഒരുകാലത്തും തലയ്ക്കു പിടിച്ചിട്ടില്ല. സിനിമയ്ക്കു പുറത്തെ സിനിമക്കാരിയായ എന്നെ ഞാൻ അത്രയ്ക്കങ്ങോട്ട് ആസ്വദിക്കുന്നില്ല. ഒന്നും തലയ്ക്കു പിടിക്കാത്തതിനാൽ തികച്ചും സാധാരണക്കാരിയായി ജീവിക്കാൻ കഴിയുന്നു. കെഎസ്ആർടിസി ബസ്സിലും ലോക്കൽ ട്രെയിനിലും യാത്ര ചെയ്യാനും മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാൻ പോകാനും ഒരു ബുദ്ധിമുട്ടുമില്ല. എന്തു ജോലിയും ചെയ്യാൻ മടിയില്ല. 

അമ്മയുടെ മീറ്റിങ് വലിയ പാഠങ്ങൾ ആണ്. ഒരു കാലത്ത് മികച്ച വേഷങ്ങളിൽ കത്തി നിന്ന പലരും ഒന്നുമല്ലാത്തവരായി, വിസ്മരിക്കപെട്ടവരാകുന്നതും അമ്മയുടെ പെൻഷൻ കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതും ഞാൻ കാണുന്നതാണ്. നാളെ അവരുടെ സ്ഥാനത്തു ഞാൻ ആവാം. അതുകൊണ്ട് എനിക്ക് അഹങ്കാരമില്ല. എന്നിട്ടും എന്നെ അറിയാത്ത, പരിചയമില്ലാത്ത ചിലർ എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു. അതെന്തിന് എന്ന് മനസ്സിലാകുന്നില്ല.

∙ സിനിമയും സീരിയലും ശരിക്കും സ്ത്രീവിരുദ്ധമാണോ, എന്താണു തോന്നിയിട്ടുള്ളത്?

lekshmi-priya-33

ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹമുണ്ട് എന്നു തോന്നുന്നില്ല. അങ്ങനെയെങ്കിൽ നല്ല കഥാസാരം ഉള്ള എത്രയോ ചിത്രങ്ങൾ വന്നിട്ടുണ്ട്?  എന്നിട്ട് ആ സിനിമകൾ കണ്ട എത്ര പേർ നന്നായി? വാൽസല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേർ കൃഷിക്കാരായി? അപ്പോൾപ്പിന്നെ സിനിമ കണ്ടതു കൊണ്ട് സമൂഹം സ്ത്രീവിരുദ്ധമായി എന്ന് എങ്ങനെ പറയാൻ ആകും?  നെഗറ്റീവ് മാത്രമല്ലല്ലോ.  പോസിറ്റീവും അനുകരിക്കേണ്ടതല്ലേ. മാറേണ്ടത് ഇവിടുത്തെ നിയമവും നീതിയുമാണ്. പെണ്ണിനെ തൊട്ടാൽ കൈ വെട്ടുന്ന, തല വെട്ടുന്ന നിയമം വന്നാൽ അന്ന് അവസാനിക്കുന്നതേ ഉള്ളൂ ഈ സ്ത്രീവിരുദ്ധത. പിന്നെ ചില സീരിയലുകളെങ്കിലും പുരുഷവിരുദ്ധമെന്നു തോന്നാറുണ്ട്. പുരുഷൻ നോക്കുകുത്തിയാകുന്ന, സ്ത്രീകൾ മാത്രം ഭരിക്കുന്ന കുറേ കഥകൾ. അവയൊക്കെയും കഥകൾ ആണ്.

∙ എഴുത്തിലും അഭിനയത്തിലും കുടുംബത്തിന്റെ സപ്പോർട്ട് എങ്ങനെയാണ്?

വിവാഹശേഷം മാത്രം നടി ആയ ആൾക്ക് കുടുംബത്തിന്റെ സപ്പോർട്ട് എന്തുമാത്രം ഉണ്ടാകും എന്ന് അറിയാമല്ലോ.  ആദ്യ കാലങ്ങളിൽ ചേട്ടന്റെ അമ്മയായിരുന്നു ലൊക്കേഷനുകളിൽ വന്നിരുന്നത്. ചേച്ചിമാർ, അച്ഛൻ എല്ലാവരും സപ്പോർട്ട് ആയിരുന്നു. ഹസ്ബൻഡിന്റെ പിന്തുണ എനിക്കു വലിയ ശക്തി ആണ്. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങളിൽ പ്രതികരിക്കണം എന്നുതന്നെ അദ്ദേഹം എപ്പോഴും പറയും. എഴുതിത്തുടങ്ങുമ്പോൾ മകൾക്ക് മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൾ ശല്യപ്പെടുത്തുമ്പോഴൊക്കെ, അമ്മ എഴുതട്ടെ ശല്യപ്പെടുത്തല്ലേ എന്ന് പറഞ്ഞ് അവളെ കൊണ്ടു പോകുമായിരുന്നു

∙ മറ്റു നടിമാരിൽനിന്ന് വ്യത്യസ്തയാണ് ലക്ഷ്മി. നന്നായി വായിക്കുക കൂടി ചെയ്യുന്ന വ്യക്തി. ഏതാണ് ഏറ്റവും ഇഷ്ടമുള്ള കൃതി? ജീവിതത്തെ സ്വാധീനിച്ച ഏതെങ്കിലും കൃതികളുണ്ടോ?

അച്ഛനും അമ്മയും ചേർത്തു വളർത്താത്തതിന്റെ ഒരുപാടു പോരായ്മകൾ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. അതിനെ എല്ലാം മറികടന്നത് വായനയിലൂടെയാണ്. അതുപോലെ പ്രധാനമാണ് എന്റെ അധ്യാത്മികതയും. ഏറെ ഇഷ്ടമുള്ള സാഹിത്യകാരൻ എം.ടി സാർ ആണ്. പുതിയ തലമുറയിൽ സുഭാഷ് ചന്ദ്രനും. ഏറെ ഇഷ്ടമുള്ള പുസ്തകം ‘രണ്ടാമൂഴ’വും സാറ ടീച്ചറിന്റെ ‘മാറ്റാത്തി’യുമാണ്. എന്നാൽ ജീവിതത്തിൽ ഏറെ സ്വാധീനിച്ചത് രാമായണവും.

English Summary : Actress Lakshmi Priya Talks About Her Book, Family And Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA