ADVERTISEMENT

യുട്യൂബിലൂടെ നമുക്ക് ഏറെ പ്രിയപ്പെട്ടവരായ കുറേ ആളുകളുണ്ട്; സെലിബ്രിറ്റികളല്ലാത്ത ചിലർ. അവര്‍ കാട് കയറിയതിന്റെയും ആകാശത്തൂന്ന് ചാടിയതിന്റെയും സ്വാദു നോക്കിയ രുചിക്കൂട്ടുകളുടെയും കഥകള്‍ വിഡിയോയിലൂടെ പറഞ്ഞു തന്നാണ് നമ്മളോട് അടുത്തത്. ഒരേ സമയം സന്തോഷവും സംതൃപ്തിയും കൈനിറയെ വരുമാനവും തരുന്ന വ്ലോഗിങ് എന്ന ഈ സംഭവത്തിലൂടെ ശ്രദ്ധിക്കപ്പെട്ടവരില്‍ ഒരാളാണ് ജിന്‍ഷ ബഷീര്‍. പുതിയ നാടുകളും രാജ്യങ്ങളും തേടിയുള്ള യാത്രകള്‍ക്കിടയില്‍ ജിന്‍ഷ സംസാരിക്കുന്നു, വ്ലോഗിങ് അനുഭവങ്ങളെയും മുന്നേറാനുള്ള ആത്മവിശ്വാ സത്തെയും കുറിച്ച്:

ഒന്നും ആലോചിച്ചില്ല

ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയര്‍ എൻജിനീയറായി ജോലി നോക്കുന്ന കാലമായിരുന്നു അത്. ബിടെക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് മുഹമ്മദ് ഫൈസലിനെ വിവാഹം ചെയ്യുന്നത്. പഠനം കഴിഞ്ഞ്, അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഞാനും ജോലിക്കു കയറി. രണ്ടാള്‍ക്കും യാത്രകള്‍ ഒരുപാടിഷ്ടമായതിനാല്‍ കുറേയിടത്തു പോയി.

ആദ്യ കാലത്ത് യാത്ര എന്നും വാഗമണ്ണിലേക്കായിരുന്നു. ഒരു ദിവസം ബൈക്കില്‍ പെട്രോളടിക്കാൻ ഒരു പമ്പിൽ കയറി. പെട്രോളിന് വില കൂടിയ സമയമായിരുന്നു അത്. അതേപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ സജീവമായ കാലം. നമ്മള്‍ കൊടുക്കുന്ന പൈസയ്ക്കുള്ള പെട്രോളല്ല പമ്പുകാർ അടിക്കുന്നതെന്ന് അന്ന് മനസ്സിലായി. വെറുതെ ശ്രദ്ധിച്ച കാര്യത്തില്‍ ഒരല്‍പം സംഗതിയുണ്ടെന്ന് ആ പെട്രോള്‍ പമ്പ് മനസ്സിലാക്കിത്തന്നു. 

jinsha-with-husband-04
ജിൻഷ ഭർത്താവിനൊപ്പം

ഓരോ തുള്ളിക്കും വിലയുള്ള പെട്രോള്‍ വില വര്‍ധന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ ബാധിച്ച സമയത്താണ് പമ്പുകാരുടെ ഈ അന്യായം. അത് ആളുകളെ അറിയിക്കണം എന്നു തോന്നി. അതിനു വേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഒരു പേജ് തുടങ്ങുന്നത്. ഞാന്‍ കരുതിയത് എന്റെ കൂട്ടുകാരിലേക്കോ അവര്‍ക്ക് പരിചയമുള്ളവരിലേക്കോ മാത്രമേ ആ വിഡിയോ എത്തൂവെന്നായിരുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് അയ്യായിരം പ്രാവശ്യമാണ് ആ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി ആളുകള്‍ കണ്ടത്.

അതെനിക്ക് വലിയ അദ്ഭുതവും ആവേശവുമായിരുന്നു. ഒരു മാസം കഴിഞ്ഞ് വേറൊരു വിഡിയോ കൂടി മറ്റൊരു വിഷയത്തില്‍ ചെയ്തു. ഒരു ലക്ഷത്തോളം പ്രാവശ്യമാണ് ആ വിഡിയോ ആളുകള്‍ കണ്ടത്. അതിനൊപ്പം പേജിലേക്കും ആളുകള്‍ എത്താന്‍ തുടങ്ങി. സമൂഹ മാധ്യമങ്ങളുടെ സാധ്യതകളെക്കുറിച്ച് അങ്ങനെയാണ് ഞാന്‍ ശ്രദ്ധിക്കുന്നതും വ്ലോഗിങ്ങിലേക്കെത്തുന്നതും.

അതാണ് ത്രില്‍

jinsha-basheer-66

വ്ലോഗ് തുടങ്ങുകയും അതിലേക്ക് കാഴ്ചക്കാര്‍ എത്തുകയും ചെയ്തതോടെ പുതിയ പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കും ആവേശമായി. ഞങ്ങള്‍ ചെയ്യുന്ന യാത്രകളൊക്കെ വ്ലോഗ് ആകുന്നത് അങ്ങനെയാണ്. ഞാനും ഭര്‍ത്താവും കൂടി എട്ടോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതെല്ലാം വ്ലോഗ് ആകുകയും ചെയ്തു. തായ്‌ലന്‍ഡില്‍ പോയി 14000 അടി മുകളില്‍നിന്ന് സ്‌കൈ ഡൈവിങ് ചെയ്തതും 500 കിലോ തൂക്കമുള്ള കടുവയ്‌ക്കൊപ്പം സെല്‍ഫി എടുത്തതുമെല്ലാം വ്ലോഗ് ഹിറ്റ് ആയതിന്റെ ത്രില്ലില്‍ ആണ്. ഓരോ ദിവസവും അതു കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന ചിന്തയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പണം കിട്ടും എന്നതിലുപരി വ്യക്തിപരമായി ഏറെ സന്തോഷവും ആത്മവിശ്വാസവും തരുന്ന കാര്യമാണത്.

സ്‌കൂളാണ് ഉഷാറാക്കിയത്

നാലു വയസ്സുവരെ ഉത്തര്‍ പ്രദേശിലെ ലക്നൗവിലായിരുന്നു ഞാന്‍. പപ്പ മിലിട്ടറിയില്‍ ആയിരുന്നതിനാല്‍ അവിടെയായിരുന്നു ഞാനും ഉമ്മയും ചേച്ചിമാരും. അതിനു ശേഷം, സ്വന്തം നാടായ താമരക്കുളത്തേക്കു പോന്നു. താമരക്കുളം വിവിഎച്ച്എസ്എസിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. എല്ലാവരും ചോദിക്കാറുണ്ട് യാത്രകളും വ്ലോഗും ഒക്കെയായി ജീവിതം ഉഷാറാക്കാന്‍ എവിടെനിന്നാണ് ഇത്രയും എനര്‍ജി കിട്ടിയത് എന്ന്. അതെന്റെ സ്‌കൂളും പിന്നെ സ്മിത എന്ന അധ്യാപികയും സമ്മാനിച്ചതാണ്. 

jinsha-basheer-01
ജിൻഷ

പേടിയൊന്നും കൂടാതെ സംസാരിക്കാന്‍, ഉറക്കെ ചിരിക്കാന്‍, ഒറ്റയ്ക്ക് യാത്ര പോകാന്‍ ഒക്കെയുള്ള പ്രചോദനം നല്‍കിയത് ആ സ്‌കൂള്‍ ജീവിതമാണ്. ഓരോ കുട്ടിയെയും ഓരോ സ്‌കൂളും ഓരോ തരത്തിലായിരിക്കുമല്ലോ പരുവപ്പെടുത്തുക. എന്നെ ഇങ്ങനെയാണ് ആ സ്‌കൂള്‍ വാര്‍ത്തെടുത്തത്. പത്തു വയസ്സില്‍ വീട്ടിലുണ്ടായിരുന്ന ഒരു ജീപ്പ് ഓടിച്ചു പഠിക്കാന്‍ തുടങ്ങി ഞാന്‍. പതിനെട്ട് വയസ്സായപ്പോഴേക്ക് ടൂ വീലറും ഫോര്‍ വീലറും കയ്യിലൊതുങ്ങി. എല്ലാ ഫ്രീഡവും തന്നാണ് പപ്പ വളര്‍ത്തിയത്. അദ്ദേഹം പുലര്‍ത്തിയ ആ നിലപാടാണ് എന്റെ ജീവിതത്തെ സ്വാധീനിച്ച ഏറ്റവും വലിയ കാര്യം. 

ആദ്യം എതിര്‍ത്തു

jinsha-basheer-02
ജിൻഷ

യുട്യൂബില്‍ വിഡിയോ ഇടുന്നതിനെ ആദ്യമൊക്കെ സുഹൃത്തുക്കളടക്കം പലരും എതിര്‍ത്തു. സുരക്ഷാ പ്രശ്‌നമായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെയല്ലല്ലോ വിഡിയോ ഇടുന്നത്. നമുക്കു ചേരുന്ന പണിയല്ല എന്നു പലരും പറഞ്ഞു. പക്ഷേ എന്റെ പപ്പയും ഭര്‍ത്താവും എനിക്കെന്നും ഊര്‍ജമായിരുന്നു. 

‘നിനക്ക് എന്താണോ ശരിയെന്നു തോന്നുന്നത് അത് ചെയ്യൂ’ എന്നാണ് എപ്പോഴും അവര്‍ രണ്ടാളും പറഞ്ഞത്. വ്ലോഗിങ് ശ്രദ്ധിക്കപ്പെടാന്‍ കുറച്ച് സമയമെടുത്തു. പക്ഷേ ശരിയായ സമയം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് ഇതു തന്നെ പ്രഫഷന്‍ ആക്കാനുള്ള ആത്മവിശ്വാസമാണ് തന്നത്. 3-4 ലക്ഷം രൂപവരെ എനിക്ക് മാസം തോറും വ്ലോഗിങ്ങിലൂടെ കിട്ടുന്നുണ്ട്. ഇതെനിക്ക് കളിയല്ല, വരുമാന സ്രോതസ്സും സന്തോഷവുമാണ് എന്നറിയിക്കാന്‍, ആദ്യമായി അക്കൗണ്ടിലേക്കു പൈസ വന്ന മെസേജ് സ്‌ക്രീന്‍ ഷോട്ട് ആയി പുറത്തുവിട്ടാണ് അടുപ്പമുള്ളവർക്ക് വ്ലോഗിങ്ങിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റിയത്. ഇപ്പോള്‍ ഞാനും അവരും ഹാപ്പിയാണ്. 

തുടക്കം എളുപ്പമാകില്ല

ഇന്നെനിക്ക് യുട്യൂബ് വഴി കിട്ടുന്ന വരുമാനം എത്രയാണെന്നു പറഞ്ഞല്ലോ. തുടക്കത്തില്‍ അങ്ങനെയൊന്നും ആകില്ല. പക്ഷേ പ്രതീക്ഷ കൈവിടാതെ, ചെയ്യുന്ന ജോലിയില്‍ ആത്മാർഥയും വ്യത്യസ്തമാകണം എന്ന ചിന്തയും സ്ഥിരോല്‍സാഹവും ഉണ്ടെങ്കില്‍ നല്ലൊരു വ്ലോഗർ ആകാം. ഇന്ന് യാത്രകൾക്കിടെ ചില കുട്ടികളൊക്കെ എന്നെ തിരിച്ചറിഞ്ഞ് വ്ലോഗിങ് ചെയ്യുന്നതിന്റെ ട്രിക്കുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് അവരോട് പറയാനുള്ളതും അതു മാത്രമാണ്. 

സന്തോഷവും രഹസ്യവും

jinsha-with-husband-000
ജിൻഷ ഭർത്താവിനൊപ്പം

വിഡിയോയ്ക്ക് കിട്ടുന്ന ഓരോ കമന്റും സന്തോഷമുള്ളതാണ്. എന്നാലും അടുത്തിടെ എന്റെ വ്ലോഗിങ് കണ്ടിട്ട് ചെറിയൊരു പെണ്‍കുട്ടി യുട്യൂബില്‍ വിഡിയോകൾ ചെയ്യാന്‍ തുടങ്ങിയെന്ന് അവളുടെ അമ്മ എന്നോടു പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി. ഞാന്‍ പറഞ്ഞല്ലോ, വീട്ടുകാരാണ് ഏറ്റവും വലിയ പ്രചോദനം. എനിക്കു രണ്ടു ചേച്ചിമാരാണ്. രണ്ടാളും എന്റെ നേരെ വിപരീത സ്വഭാവമുള്ളവരാണ്. പക്ഷേ അവര്‍ക്കും ഞാന്‍ വ്ലോഗിങുമായി ഊരുചുറ്റുന്നത് വലിയ ഇഷ്ടമാണ്. 

എനിക്ക് ഒരു മകളുണ്ട് – ഇനാറാ.  അവളും അമ്മയുടെ സന്തോഷത്തിനൊപ്പം അഡ്ജസ്‌റ്റ് ചെയ്യുന്ന കുട്ടിയാണ്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയാകുമ്പോള്‍ തന്നെ വലിയൊരു കടമ്പ കടക്കുമല്ലോ. അതിനേക്കാളുപരി സ്മിത ടീച്ചറില്‍നിന്ന് കിട്ടിയ പാഠമാണ് എന്റെ കരുത്ത്. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ടീച്ചറിനോടും തിരിച്ച് ഇങ്ങോട്ടും. എന്തു തീരുമാനം എടുക്കുന്നതിനു മുന്‍പും ഞാന്‍ ടീച്ചറെ വിളിക്കാറുണ്ട്. 

jinsha-basheer-03
ജിൻഷ

നാലു വയസ്സു മുതല്‍ 24 വയസ്സു വരെയുള്ള പഠനത്തിനിടെ എനിക്ക് ആകെ ഒരു തവണയേ അധ്യാപകരുടെ കയ്യില്‍നിന്ന് തല്ലു കിട്ടിയിട്ടുള്ളൂ. അത് സ്മിത ടീച്ചറില്‍ നിന്നാണ്. ഹോം വര്‍ക്ക് ചെയ്‌തെന്ന് കള്ളംപറഞ്ഞത് കണ്ടുപിടിച്ചു. വേറെയും കുട്ടികള്‍ എന്നെപ്പോലെ അങ്ങനെ പറഞ്ഞെങ്കിലും എനിക്കു മാത്രമാണ് തല്ലു തന്നത്. നമ്മളെ സ്‌നേഹിക്കുന്നവരോട് കള്ളം കാണിക്കരുതെന്നും ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാർഥത വേണമെന്നും ആ അടിയോടെ ടീച്ചര്‍ പകര്‍ന്നു തന്ന പാഠമാണ്. അതെന്നും മനസ്സില്‍ സൂക്ഷിക്കുന്നു. എന്റെ പ്രേക്ഷകരോട് കള്ളം കാണിക്കരുതെന്നും ഓരോ വിഡിയോയും ഏറ്റവും നന്നാകണമെന്നും ആത്മാര്‍ഥമായി വിചാരിക്കുന്നതാണ് വിജയ രഹസ്യം. 

മാതൃകകളില്ല, സ്വപ്‌നമുണ്ട്

ഞാന്‍ വ്ലോഗിങ് തുടങ്ങുമ്പോള്‍ മലയാളിസ്ത്രീ വ്ലോഗർമാർ അധികമാരും തന്നെയില്ല. അതുകൊണ്ട് മാതൃകയാക്കാന്‍ ആരും ഇല്ലായിരുന്നു. പിന്നെ എപ്പോഴും ഇഷ്ടം തോന്നിയ വ്ലോഗ് ദുബായ് ആസ്ഥാനമായ മോ വ്ലോഗ് ആണ്. അടുത്തിടെയാണ് മലയാളത്തില്‍ സെലിബ്രിറ്റികളൊക്കെ വ്ലോഗിങ് തുടങ്ങിയത്. സെലിബ്രിറ്റികളുടെ വ്ലോഗിന് എളുപ്പം റീച്ച് കിട്ടുമല്ലോ. അതുപോലെയല്ല എന്നെപ്പോലൊരു ആളിന്. പക്ഷേ നല്ല ആശയങ്ങളില്‍ സൗഹാര്‍ദപരമായി വിഡിയോ ചെയ്താല്‍ ആളുകള്‍ക്ക് വേര്‍തിരിവൊന്നുമില്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു എന്റെ പ്രേക്ഷകര്‍. ഇനി നല്ല ഭക്ഷണം കിട്ടുന്ന, എന്നാല്‍ അധികം പ്രശസ്തി ഇല്ലാത്ത സ്ഥലങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പരിചയപ്പെടുത്തണം എന്നുണ്ട്. 

English Summary : Inspirational Life Story Of Professional Blogger Jinsha Basheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com