sections
MORE

രാഷ്ട്രീയക്കാരിയല്ല, ഇതാണ് പ്രസവാവധി നിയമത്തിനായി പോരാടിയ കുസുമം; കേൾക്കാം ആ പോരാട്ട കഥ!

kusumam-01
SHARE

തിരുവനന്തപുരം മരുതംകുഴി നിവാസിയായ കുസുമം ആര്‍. പുന്നപ്രയുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഫലം കണ്ടു. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ അധ്യാപകര്‍ക്ക് പ്രസവാവധിനിയമം പ്രാബല്യത്തിലായി. ഐടി മേഖലയിലെ സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി  2014ല്‍ തുടങ്ങിയ നിയമപോരാട്ടത്തിന്‍റെ തുടര്‍ച്ചയാണ് ഇതും.

ഇന്ത്യയിലാകമാനമുള്ള ലക്ഷക്കണക്കിനു സ്ത്രീകള്‍ക്കാണ് ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. സാധാരണ ആളുകള്‍ റിട്ടയര്‍ ചെയ്തതിനുശേഷം വിശ്രമജീവിതം തുടങ്ങുന്ന പ്രായത്തിലാണ് കെല്‍ട്രോണ്‍ ജീവനക്കാരിയായിരുന്ന കുസുമം മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തന്‍റെ ജീവിതം ആരംഭിക്കുന്നത്.

മാതൃകയാകുന്ന കുസുമത്തിന്‍റെ സേവനയാത്രയിലൂടെ...

മുലപ്പാലും കണ്ണീരും

‘2014 മേയ് മുപ്പതിന് ഒരു ആര്‍ട്ടിക്കിളില്‍ തുടങ്ങി പിന്നീട് 2017 ല്‍ രണ്ട് സുപ്രധാന നിയമങ്ങളിലേക്ക് എത്തുന്നതുവരെ തുടര്‍ന്ന മൂന്നുവര്‍ഷത്തെ പോരാട്ടമായിരുന്നു ആദ്യം. ഒന്ന്: ഐടി സ്ഥാപങ്ങളിലെ വനിതാ ജീവനക്കാര്‍ക്കു ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കുക, രണ്ട്: വനിതാ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഡേകെയര്‍ തുടങ്ങുകയും മുലയൂട്ടല്‍ ഇടവേളകള്‍ അനുവദിക്കുകയും ചെയ്യുക.

ജോലി പോകുമെന്നുള്ള ഭയം കൊണ്ട്, പ്രസവം കഴിഞ്ഞു ദിവസങ്ങള്‍ കഴിയുമ്പോള്‍ത്തന്നെ കുഞ്ഞിനെ വീട്ടിലാക്കി ഐടി സ്ഥാപനങ്ങളില്‍ ജോലിയിൽ തിരികെ പ്രവേശിക്കുകയും അറിയാതെ ചുരന്നുവരുന്ന മുലപ്പാല്‍ കണ്ണീരോടെ ഓഫിസിലെ ടോയ്‌ലറ്റില്‍ പിഴിഞ്ഞുകളയുകയും ചെയ്യുന്ന പെണ്‍കുട്ടികളെ അടുത്തറിഞ്ഞപ്പോഴാണ് അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചത്. കാരണം ഞാനും ഒരു അമ്മയാണ്, എനിക്കും ഒരു മകളുണ്ട്. ആ പരിശ്രമത്തിന്‍റെ ഫലമായി നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് 2017 സെപ്റ്റംബറില്‍ പുതിയനിയമമായി. നിയമമായതേയുള്ളൂ, ഇതുവരെ മുഴുവന്‍ പ്രാവര്‍ത്തികമായിട്ടില്ല. അതിനുവേണ്ടിയുള്ള തുടര്‍ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്.

അധ്യാപകരുടെ പ്രശ്നങ്ങളിലേക്ക്

അതിനിടയിലാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രസവാവധി നിയമത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടങ്ങിയത്. മനപ്പൂർവം ഇറങ്ങിയതല്ല, എത്തിച്ചേരുകയായിരുന്നു. ഐടി മേഖലയിലെ പ്രസവാവധി നിയമം പ്രാബല്യത്തില്‍ വന്നതോടെ മാധ്യമങ്ങള്‍ വഴി വിവരം അറിഞ്ഞ് തൃശൂരിൽനിന്ന് രണ്ടു പെണ്‍കുട്ടികള്‍ വിളിച്ചു. അവര്‍ ഒരു സ്വാശ്രയ നഴ്സിങ് കോളേജിലെ അധ്യാപകരാണ്. ആദ്യത്തെ പ്രസവം യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ ‘ലോസ് ഓഫ് പേ’ ആയിരുന്നു. രണ്ടാമത് ഗർഭം ധരിച്ചപ്പോൾ, പുതിയ നിയമത്തിന്റെ വെളിച്ചത്തില്‍ ഏതെങ്കിലും വിധത്തില്‍ സഹായിക്കാമോ എന്നു ചോദിച്ച് വിളിച്ചതാണ്.

നിയമപോരാട്ടത്തിന്‍റെ നാളുകള്‍

ശ്രമിക്കാം എന്നേ പറഞ്ഞുള്ളൂ. ഞാന്‍ വിചാരിച്ചാല്‍ പറ്റുമോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നു. എങ്കിലും ആ കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. പിറ്റേദിവസം തന്നെ ലേബര്‍ കമ്മിഷണറുടെ ഓഫിസില്‍ ചെന്ന് വിവരം പറഞ്ഞു. ലേബര്‍ കമ്മിഷണര്‍ ഓഫിസിലുള്ളവര്‍ എപ്പോഴും തൊഴിലാളികള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവരാണ്. അവര്‍ പറഞ്ഞു, ഈ വിവരങ്ങള്‍ കാണിച്ച് എന്റേതായിട്ട് ഒരു പെറ്റീഷന്‍ എഴുതിത്തരൂ എന്ന്. ഞാന്‍ എഴുതിക്കൊടുത്തു. താമസിയാതെ തന്നെ  ലേബര്‍ കമ്മിഷണര്‍ അലക്സാണ്ടര്‍ സാര്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. അദ്ദേഹം തൃശൂര്‍ ജില്ലാ ലേബര്‍ ഓഫിസറെ വിളിച്ച് തുടര്‍ നടപടികള്‍ക്കു ചുമതലപ്പെടുത്തി. അവര്‍ സംസാരിക്കാം, നോക്കട്ടെ എന്നൊക്കെ പറഞ്ഞ് മൂന്നുമാസം കടന്നുപോയി. ഞാന്‍ ഫോളോഅപ്പ് ചെയ്തുകൊണ്ടിരുന്നു.

Kusumam
കുസുമം കുടുംബത്തോടൊപ്പം

ആയിടയ്ക്ക് ഒരു ചാനലില്‍ എന്നെ ‘തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. ഞാന്‍ അന്ന് മാഡത്തെ വിളിച്ചപ്പോള്‍ പറഞ്ഞു, എന്തായാലും തീരുമാനമൊന്നുമായില്ല അതുകൊണ്ട് ഇന്നത്തെ ചര്‍ച്ചയില്‍ ഞാന്‍ ഈ വിഷയം സംസാരിക്കാന്‍ പോകുന്നു എന്ന്. തൃശൂരെ സ്വാശ്രയ നഴ്സിങ് കോളജ് ഉടമ വേറെയും ഒരുപാട് ബിസിനസ്സൊക്കെ ഉള്ള ധനികനായ ആളാണ്‌. ഈ വിവരം അറിഞ്ഞതോടെ കാര്യങ്ങള്‍ പെട്ടെന്നായി. ചാനലില്‍ സംസാരിക്കരുതെന്നും പെട്ടെന്ന് തീരുമാനം ഉണ്ടാക്കാമെന്നും വാഗ്ദാനം. അങ്ങനെ പിറ്റേന്ന് എനിക്കു വിളി വന്നു. ആ രണ്ടു പെണ്‍കുട്ടികള്‍ക്കും ശമ്പളത്തോടെ ആറുമാസം പ്രസവാവധി അനുവദിച്ചിരിക്കുന്നു എന്ന്.

ഈ സംഭവം കഴിഞ്ഞപ്പോള്‍ എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പതിമൂന്ന് നഴ്സിങ് കോളജ് അധ്യാപകര്‍ എന്നെ സമീപിച്ചു. തൃശൂരുനിന്ന് നമ്പര്‍ കിട്ടിയതാണ്. പ്രസവാവധി പ്രശ്നം തന്നെ. അവരോടും ശ്രമിക്കാം എന്നു പറഞ്ഞു. അവര്‍ വിവരങ്ങള്‍ അയച്ചു തന്നു. പിറ്റേന്നു തന്നെ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ കൊടുത്തു. ഫോളോ അപ്പ് ചെയ്ത് ആറുമാസം കയറിയിറങ്ങി. അങ്ങനെ മൂന്നുമാസം ശമ്പളത്തോടെയും മൂന്നുമാസം ശമ്പളം ഇല്ലാതെയും ഈ പതിമൂന്നു കുട്ടികള്‍ക്കും പ്രസവാവധി ലഭിച്ചു.

ഇങ്ങനെ രണ്ടുസംഭവങ്ങള്‍ ആയതോടെ ഞാന്‍ ആലോചിച്ചു, ഇങ്ങനെ ഓരോരോ പ്രശ്നങ്ങള്‍ക്കായി ഇറങ്ങുന്നത് ശരിയാവില്ല. പ്രായമായി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. വീട്ടില്‍ പ്രായമായ അമ്മയുണ്ട്. വേണ്ടത് പൊതുവായ നിയമനിർമാണവും പ്രശ്നപരിഹാരവുമാണ്. അങ്ങനെ ആ വഴിക്ക് അന്വേഷണമായി. 2017 മാര്‍ച്ച് ഒന്‍പതിന് ഭേദഗതിയോടെ നിലവില്‍ വന്ന  'ഷോപ്സ് ആന്‍ഡ്‌ എസ്റ്റാബ്ലിഷ്മെന്‍റ്' നിയമത്തിലാണ് കടകളും ഐടി സ്ഥാപങ്ങളും എല്ലാം ഉള്‍പ്പെടുന്നത്.

പക്ഷേ സ്വാശ്രയ സ്കൂളുകള്‍, കോളജുകള്‍, നഴ്സിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഈ നിയമം ബാധകമല്ല. കാരണം അധ്യാപകരെ തൊഴിലാളികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്കായി പ്രത്യേക നിയമമില്ലെന്ന് അപ്പോള്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. പക്ഷേ നിയമമില്ല എന്നു വിവരാവകാശപ്രകാരം എഴുതിക്കിട്ടിയാലേ എനിക്കു നിയമപരമായി മുന്നോട്ടു നീങ്ങാന്‍ പറ്റൂ. പിന്നെ അതിനായി ശ്രമം. മൂന്നുപ്രാവശ്യം വിവരാവകാശപ്രകാരം അപേക്ഷ പോയി, നാലാമത് അപ്പീലും കഴിഞ്ഞാണ് എനിക്കു മറുപടി കിട്ടുന്നത്. ഇവര്‍ക്കു വേണ്ടി നിയമമില്ല എന്നല്ല, പകരം നിലവില്‍ ആ നിയമത്തില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് ആണ് കിട്ടുന്നത്.

ആ ലിസ്റ്റില്‍ സ്വാശ്രയ മേഖലയിലെ സ്കൂളുകള്‍, കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍, നഴ്സിങ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളജുകള്‍ എന്നിവയൊന്നും വരുന്നില്ല. അതായത്, ഇവിടെയൊക്കെ ജോലി ചെയ്യുന്ന കുട്ടികള്‍ ഗര്‍ഭിണിയായാല്‍ പ്രസവം അടുക്കുമ്പോൾ പറഞ്ഞുവിടും. എന്നിട്ട് വേറേ ആളെ എടുക്കും. പ്രസവം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ജോലി കാണില്ല. ഗര്‍ഭിണിയാകുന്നത് എന്തോ കുറ്റം പോലെയാണ്. വീണ്ടും ലേബര്‍ കമ്മിഷണറുടെ ഓഫിസിലേക്ക്. ലേബര്‍ ഓഫിസര്‍ ആയി റിട്ടയര്‍ ആയ എം.എ. ഹസ്സന്‍ സാറിന്‍റെ പേര് എടുത്തു പറയേണ്ടതുണ്ട്. ഹൈക്കോടതിയില്‍ തൊഴില്‍ നിയമങ്ങള്‍ക്കായി പ്രാക്ടീസ് ചെയ്യുന്ന ആളാണ്‌. ലേബര്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ തൊഴില്‍ നിയമങ്ങളില്‍ സംശയം വരുമ്പോൾ ചോദിക്കുന്നത് അദ്ദേഹത്തോടാണ്.

തൊഴില്‍ വകുപ്പിലെ നിയമങ്ങള്‍, അതായത് കരടുബില്‍ പോലും  ഉണ്ടാക്കുന്നത് നിയമപരിഷ്കരണ സമിതിയാണ്. ഹസന്‍ സാര്‍ പറഞ്ഞു കമ്മറ്റിയിലെ  ഇന്നയാള്‍ക്ക് ഒരു പെറ്റീഷന്‍ നല്‍കാന്‍. അദ്ദേഹം എന്നെ വിളിച്ച് മെയില്‍ ഐ ഡി വാങ്ങി. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിച്ചിട്ട് 1961ലെ നിയമത്തിന്‍റെ കൂടെ സ്വാശ്രയക്കാരെ ഉള്‍പ്പെടുത്താനുള്ള എല്ലാ നിയമവശങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പെറ്റീഷന്‍ എന്‍റെ പേരില്‍ തയാറാക്കി തന്നു. ഞാന്‍ ഇത് ഒപ്പിട്ട് തൊഴില്‍ മന്ത്രി, മുഖ്യമന്ത്രി, ലേബര്‍ കമ്മിഷണര്‍ എന്നിവര്‍ക്കു കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ 2018 ജനുവരി ഇരുപത്തിയേഴിന് ഈ പെറ്റീഷന്‍  ഫയല്‍ ചെയ്തു. ഫയല്‍ ആദ്യം തൊഴില്‍ വകുപ്പിലേക്കു പോയി.

ഒരു നിയമം ഉണ്ടാക്കിയെടുക്കുക എന്നത് വലിയ പ്രക്രിയയാണ്. അസിസ്റ്റന്റ് തൊട്ട് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, മന്ത്രി വരെ. അവിടുന്ന് അതേ വഴിയില്‍ തിരിച്ച്. പിന്നെ വിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ് അങ്ങനെ ഫയൽ കറങ്ങി നടന്നു. എല്ലായിടത്തും ഫോളോ അപ്പ് ചെയ്യണം. എനിക്കറിയാവുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു, കാര്യം ശരിയാവുന്നതു വരെ വിവരം പുറത്തുപോകരുത്, ഫയല്‍ മുക്കാന്‍ ചാന്‍സുള്ള ഒരു വലിയ സ്വാശ്രയ ലോബിയുണ്ട്, മാധ്യമങ്ങള്‍ അറിയരുതെന്ന്. അങ്ങനെ മൂന്നുമാസം. ഇടയ്ക്ക് ഫയല്‍ കാണാതായി. വലിയ ഒരു യാത്ര. ഒടുവില്‍ 2019 ഓഗസ്റ്റ് ഇരുപത്തിയൊന്‍പത്താം തീയതി  തൊഴില്‍ വകുപ്പിലെ  ഫിറോസ്‌ സാറിനെ ഫോളോഅപ്പിന് വിളിച്ചപ്പോള്‍ ഫയല്‍ പിറ്റേന്ന് ക്യാബിനറ്റില്‍ വയ്ക്കും എന്ന് പറഞ്ഞു. സാറൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അങ്ങനെ മുപ്പതാം തീയതി നിയമം പാസാക്കി. പിന്നീട് കേന്ദ്രത്തിലേക്ക്. കണ്‍സെന്റിനു വേണ്ടിയുള്ള  കാത്തിരിപ്പ്. അത്രയും ആയപ്പോഴാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ വിവരം പോസ്റ്റ്‌ ചെയ്യുന്നതും മാധ്യമങ്ങളില്‍ വിവരം അറിഞ്ഞുതുടങ്ങിയതും.

കേന്ദ്രത്തില്‍ ഫയല്‍ നീക്കാന്‍ എന്നെ സഹായിച്ചത് കോശി ജേക്കബ് സാര്‍ ആണ്. പത്രത്തില്‍ വാര്‍ത്ത‍ കണ്ടിട്ട് വിളിച്ചതാണ്. സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു. ഐ ടി നിയമപോരാട്ടത്തിന്റെ സമയത്ത് സാര്‍ ഒരുപാട് സഹായിച്ചു. അടുത്ത നിയമം വരുന്നുണ്ട്, സഹായം വേണമെന്ന് ഞാന്‍ പറഞ്ഞു. പേപ്പര്‍ അവിടെ വരുമ്പോ ഫോളോഅപ് ചെയ്യാന്‍ സഹായം വേണം. സെക്രട്ടറിയേറ്റ്  പോലെയല്ലല്ലോ. കേന്ദ്രത്തിലേക്കു കണ്‍സന്റിനു പോയ ലെറ്ററിന്റെ കോപ്പി വിവരാവകാശ കമ്മിഷനില്‍നിന്ന് എടുത്ത് വാട്സാപ് ചെയ്യാന്‍ സാര്‍ പറഞ്ഞു. അങ്ങനെ ചെയ്ത് ഇരുപത്തിയഞ്ച് ദിവസത്തിനകം സാറിന്‍റെ സഹായത്തോടെ കേന്ദ്രത്തില്‍ നിന്ന് കണ്‍സന്റോടെ സംഭവം തിരിച്ചുവന്നു. എങ്കിലും ഒരുമാസത്തോളം നോട്ടിഫിക്കേഷന്‍ വന്നില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം അതും ആയി. സ്വാശ്രയമേഖലയിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പ്രസവാനുകൂല്യങ്ങള്‍ ലഭിയ്ക്കും.

നിയമങ്ങള്‍ കടലാസ്സില്‍ മാത്രം പോരാ...

നിയമങ്ങള്‍ കടലാസില്‍ മാത്രം ചുരുങ്ങാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഐടി മേഖലയില്‍ ഡേ കെയര്‍ നിയമം പ്രാബല്യത്തിലായി. പക്ഷേ ആരും നടപ്പിലാക്കിയില്ല. ഞാന്‍ ഓരോ കമ്പനിക്കും കത്തെഴുതി. ടാറ്റാ ഇന്‍ഡസ്ട്രി മാത്രമാണ് എന്തെങ്കിലും നടപടിയെടുത്തത്. ഇന്‍ഫോസിസ്, യു എസ് ടി ഗ്ലോബല്‍ എല്ലാവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇന്‍ഫോസിസില്‍ ഒരുപാട് അമ്മമാരുണ്ട്. അവരുടേത് സ്പെഷല്‍ സോണ്‍ ക്യാമ്പസ് ആണല്ലോ. ഏക്കറുകണക്കിന് ഭൂമിയാണ്‌ തുച്ഛമായ പാട്ടത്തിനു സര്‍ക്കാര്‍ ഇവര്‍ക്ക്  കൊടുത്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ തല ചായ്ക്കാന്‍ ഇടമില്ലാത്ത എത്രയോ പേരുണ്ട് എന്നോര്‍ക്കണം.

അവിടെ ഒരു ഫുഡ് കോര്‍ട്ട് ഒഴിഞ്ഞുകിടപ്പുണ്ട്. അവിടെ ഒരു  ഡേ കെയര്‍ എന്ന ആവശ്യവുമായി വനിതാജീവനക്കാര്‍ സമീപിച്ചപ്പോള്‍ അവര്‍ നിഷ്കരുണം തള്ളി. 2015 സെപ്റ്റംബറിലെ ഇവിടത്തെ സ്പെഷല്‍ ഗസറ്റ് പ്രകാരം ഇരുപത് ജീവനക്കാര്‍ സ്ത്രീകള്‍ ആണെങ്കില്‍ ഡേ കെയര്‍ വേണം എന്നാണ്. പത്തുപേരാണ് എങ്കില്‍ അടുത്തടുത്തുള്ള രണ്ടു കമ്പനികള്‍ ചേര്‍ന്ന് സംവിധാനമുണ്ടാക്കണം. കേന്ദ്രം ഭേദഗതി ചെയ്തപ്പോള്‍ അത് അമ്പതു സ്ത്രീകള്‍ എന്നായി. അതിലും എത്രയോ കൂടുതലാണ് ഇന്‍ഫോസിസിലെയൊക്കെ വനിതാജീവനക്കാരുടെ എണ്ണം.

kusumam-03

ഒരു മുലയൂട്ടല്‍ വാരം വരുമ്പോൾ എല്ലാവരും ഭയങ്കര പ്രഹസനമാണ്. എന്നാല്‍ വേണ്ടത് ചെയ്യുന്നില്ല. കര്‍ശനമായി നിയമം പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഓരോ ലക്ഷം രൂപയാണ് നിയമം അനുസരിച്ചില്ലെങ്കില്‍ പിഴ അടയ്ക്കണ്ടത്. നികുതിയടയ്ക്കുന്ന സാധാരണക്കാരനെ പിഴിയാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടപ്പിലാകട്ടെ. ഈ നിയമങ്ങള്‍ മുന്നില്‍ക്കണ്ട് ഇപ്പോള്‍ വിവാഹിതരായവരെ ജോലിയ്ക്കെടുക്കാനും കമ്പനികള്‍ വിമുഖത കാണിയ്ക്കുന്നുണ്ട് എന്നാണ് അറിയുന്നത്.അവര്‍ പിന്നീട് ഗര്‍ഭിണികള്‍ ആവും, പ്രസവിയ്ക്കും എന്നൊക്കെയുള്ള വരുംകാല ബാധ്യതകള്‍  മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍. ഇത്തരം ചൂഷണങ്ങള്‍ നടക്കാതെ നോക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്.

ഞാന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും ആളല്ല. എല്ലാ കക്ഷികളും പലവിധത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. നാട് പുന്നപ്രയാണ്. ആ ഒരു വീര്യം രക്തത്തിലുണ്ടാവും. പിന്നെ അറുപതുകളില്‍ പൊതുസേവനത്തിന് ഇറങ്ങിയ ഒരു  അമ്മയുടെ മകളാണ്. അതൊക്കെയാണ്‌ എന്‍റെ ധൈര്യം. തൊഴില്‍ വകുപ്പില്‍ നിന്നൊക്കെ ഒരുപാട് സഹകരണം കിട്ടിയിട്ടുണ്ട്. ഞാന്‍ ഇങ്ങനെ കയറിയിറങ്ങുന്നത് കണ്ടിട്ട് ഇപ്പോഴും നേരിട്ട് ചെന്നു ബുദ്ധിമുട്ടണ്ട, ഫോണ്‍ ചെയ്ത് ഫോളോ അപ്പു ചെയ്താമതി എന്ന് പറഞ്ഞു വിവരങ്ങള്‍ പറഞ്ഞുതരും. വിദ്യാഭ്യാസവകുപ്പില്‍ നിന്ന് മാത്രമാണ് അല്‍പം വേദനയുണ്ടായത്. ഞാന്‍ ശ്രമിച്ചില്ലെങ്കിലും അവര്‍ നിയമം ആക്കാന്‍ ആലോചിയ്ക്കുന്നുണ്ടായിരുന്നു എന്ന്. എനിക്കു ക്രെഡിറ്റ് വേണ്ട കാര്യം നടന്നാ മതിയെന്ന് ഞാനും പറഞ്ഞു.

അടുത്ത ലക്‌ഷ്യം 

ഹോം നഴ്സ് ഏജന്‍സികളുടെ തന്നിഷ്ടത്തിന് ഒരു അറുതി വേണം. അതിനുവേണ്ടിയുള്ള പ്രാഥമിക കാര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷം മുൻപ് ഇവരുടെ മിനിമം വേതനനിയമം ഉണ്ടായതാണ്. വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോള്‍ അത് 5735 രൂപയാണ്. അടുത്തിടെ എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ്  അവസാനത്തെ ഒരുമാസം ഞാനും നിര്‍ത്തിയിരുന്നു ഒരു ഹോംനഴ്സിനെ. പതിനേഴായിരം കൊടുത്ത്. ചിലയിടത്ത് പതിനഞ്ചാണ്. തോന്നിയതു പോലെ. ഏജന്‍സി കമ്മിഷന്‍ വേറെ. അതും പോട്ടെ. യാതൊരുവിധ പരിശീലനവും ഇല്ലാതെയാണ് ഇവര്‍ വരുന്നത്. വയസ്സായവരോടുള്ള പെരുമാറ്റവും മോശമാണ്. സര്‍ക്കാര്‍ ഇവര്‍ക്ക് മൂക്കുകയര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത്തരം ഏജന്‍സികളെപ്പറ്റി കൃത്യമായ യാതൊരു കണക്കുമില്ല. നിയന്ത്രണം വേണം.സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് ജെറിയാട്രിക് ട്രെയിനിങ് നല്‍കണം. ഫിസിക്കല്‍  ആന്‍ഡ്‌ സൈക്കോളജിക്കല്‍ ട്രെയിനിങ് വേണം. പേരില്‍ മാത്രമേ നഴ്സ് ഉള്ളൂ. പെരുമാറ്റത്തില്‍ ഇല്ല. ഇനി വരുന്ന കാലങ്ങളില്‍ നമ്മുടെ നാട്ടിലെ കുടുംബഘടന പോലും മാറിവരും. ഇത്തരം ആവശ്യങ്ങള്‍ കൂടിവരും. അത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടേ പറ്റൂ. ഈ പോരാട്ടത്തില്‍ എന്റെ കൂടെ നില്‍ക്കാന്‍ ഒരുപാട് പേരുണ്ടെന്നുള്ള സന്തോഷമുണ്ട്. നാളെ ഒരുപക്ഷേ നമുക്ക് എല്ലാവര്‍ക്കും നേരിടേണ്ടി വരുന്ന ഒരു അവസ്ഥയാണ്. ഭീഷണികള്‍ ഉണ്ട്. മുന്നോട്ടുതന്നെ എന്നാണു തീരുമാനം.

പെണ്‍കുട്ടികള്‍ മിടുക്കികളായി പഠിച്ചിട്ട് ജോലി നേടി,പിന്നീട്  ഒരു കുഞ്ഞുണ്ടായി എന്നതിന്‍റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടരുത്. അവനവന്റെ കാര്യങ്ങള്‍ക്ക് ഭര്‍ത്താവിന്‍റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്നത് കുടുംബങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ നിലവില്‍വന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാകേണ്ടതുണ്ട്. ഹൈക്കോടതി പരാമര്‍ശിച്ചിട്ടുണ്ട് ഒരു സ്ത്രീ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും  വലിയ വെല്ലുവിളി അമ്മയാവുക എന്നതാണ് എന്ന്. അത് മനസ്സിലാക്കി സമൂഹവും നിയമവ്യവസ്ഥയുമൊക്കെ അവളുടെ കൂടെ നില്‍ക്കേണ്ടതുണ്ട്.

English Summary: Interview With Kusumam R Punnapra Who Fought For maternity benefits for employees, teachers in unaided private educational institutions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA