ADVERTISEMENT

ഈ ക്രിസ്മസ് കാലം നന്മകളുടേതു മാത്രമാണെന്ന് ഉറപ്പിച്ചു പറയാം മഞ്ജുഷയ്ക്ക്. കാരണം ഒരുപാടു കുഞ്ഞുങ്ങളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി നിറയാൻ നിമിത്തമായിരിക്കുകയാണ് കൊല്ലം സ്വദേശിനി മഞ്ജുഷ. ഡിസൈനർ ബുട്ടീക് നടത്തുന്ന കക്ഷിയിപ്പോൾ പുത്തനുടുപ്പുകളുമായി ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ആഹ്ലാദം നിറച്ചിരിക്കുകയാണ്. വസ്ത്രങ്ങൾ തയ്ച്ചു ബാക്കി വരുന്ന തുണി കത്തിച്ചു കളയുകയോ, മാലിന്യം പോലെ ഉപേക്ഷിക്കുകയോ അല്ല മഞ്ജുഷ ചെയ്യുന്നത്. അതിൽ നിന്ന് നല്ല സുന്ദരൻ ഉടുപ്പുകൾ തയ്ച്ച് അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് നൽകുകയാണ്.

ഈ ക്രിസ്മസ് കാലത്ത് നന്മയുടെ മെഴുതിരിവെട്ടമായി മാറാൻ സാധിച്ചതിലുള്ള സന്തോഷം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് മഞ്ജുഷ.

രണ്ടര വര്‍ഷമായി തിരുവനന്തപുരത്ത് ബോട്ടീക് നടത്തുന്നുണ്ട്. ഫാഗ ബുട്ടീക് എന്നാണു പേര്. വ്യക്തിപരമായി മുന്‍പും പല രീതിയിലും ചാരിറ്റിയൊക്കെ  ചെയ്യുന്നുണ്ടെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചത് അടുത്തിടെയാണ്.

ആദ്യമൊന്നും പുറത്തു നിന്നുള്ള സ്റ്റിച്ചിങ് ഓഡറുകള്‍ എടുക്കുന്നില്ലാരുന്നു. ഫാബ്രിക്സും ഡൈയിങ് യൂണിറ്റും സ്വന്തമായുണ്ട്. തിരുവനന്തപുരത്ത് ഈ ബുട്ടീക്കില്‍ മാത്രമാണ് ഡൈയിങ് യൂണിറ്റ് ഉള്ളത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് ഫങ്ഷനുവേണ്ട ഡ്രസ്സുകളും ഡിസൈന്‍ ചെയ്ത് കൊടുക്കും. ഡിസൈനര്‍ കസ്റ്റമൈസ് ചെയ്ത് വളരെ യുണീക്ക് ആയ ഡിസൈന്‍സ് ആണ് ചെയ്ത് കൊടുക്കുന്നത്.

manjusha-with-husband-01
മഞ്ജുഷ ഭർത്താവിനോടൊപ്പം

പുറത്തു നിന്ന് ഓര്‍ഡറുകള്‍ വരുമ്പോള്‍ സ്വാഭാവികമായും അവര്‍ ഫാബ്രിക് കൊണ്ടു വരും. അളവ് എത്ര വേണം എന്നൊന്നും കൃത്യമായി അറിയുന്നുണ്ടാവില്ല.ഒരു ഏകദേശ കണക്ക് വച്ചിട്ട് ടെക്സ്റ്റയില്‍സില്‍ നിന്ന് മുറിച്ച് കൊടുത്തുവിടും.അത് മിക്കപ്പോഴും കൂടുതലും ആയിരിക്കും. രണ്ടര മീറ്റര്‍ ഒക്കെ മതിയെങ്കില്‍ മൂന്നര വരെ കൊടുത്തുവിടുന്നവരുണ്ട്. അത്രയും ആവശ്യമില്ലല്ലോ. ഇവിടെ നേരിട്ട് ഓര്‍ഡര്‍ തരുന്ന പ്രിവിലെജ്ഡ് കസ്റ്റമേഴ്സ്ന് ഫാബ്രിക്സും ഇവിടെ നിന്നാണ്. ഇത്ര മീറ്റര്‍ മതി എന്ന് അളന്നാല്‍ കൃത്യമായി അത്രയുമേ നമ്മള്‍ മുറിയ്ക്കുകയുള്ളൂ. പുറത്തു നിന്നു വരുമ്പോള്‍ ഇത്രയും ആവശ്യമില്ല എന്ന് വരുന്നവരോട് പറഞ്ഞാലും ചിലര്‍ പറയും സാരമില്ല ബാക്കി അവര്‍ക്ക് വേണ്ട എന്ന്.

അങ്ങനെ കിട്ടുന്ന കാല്‍ മീറ്റര്‍ മുതലുള്ള  എല്ലാം സൂക്ഷിച്ച് വച്ചിരുന്നു. കളഞ്ഞില്ല. എപ്പോഴെങ്കിലും  വേണ്ടി വന്നാലോ എന്നോര്‍ത്ത്. കാല്‍ മീറ്ററില്‍ താഴെയുള്ള കട്ട് പീസുകള്‍ കത്തിച്ച് കളയും. വല്യ പീസുകള്‍ അങ്ങനെ ചെയ്യാന്‍ പറ്റില്ല. പുറത്തു നിന്നു കൊണ്ട് വരുന്നതൊക്കെ പലതും പ്യുവര്‍ കോട്ടന്‍ ഒന്നുമല്ല. മിക്കവയും നൈലോണ്‍,പോളിസ്റ്റര്‍ മിക്സ് ആണ്. കത്തിച്ച് കളയാന്‍ പറ്റില്ല. വേറൊരിടത്ത് ഡംപ് ചെയ്യാനും പറ്റില്ലാത്ത അവസ്ഥ. നമ്മുടെ നാട്ടില്‍ ആളുകള്‍ ഫാബ്രിക്കിന്റെ ക്വാളിറ്റിയേക്കാളും ഭംഗിയാണ് നോക്കുന്നത്. പിന്നീട് പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നത്തില്‍ വരും.

ആ സമയത്താണ് കട കുറവന്‍ കോണത്തേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യുന്നത്. സൂക്ഷിച്ച് വച്ചിരുന്ന ഈ വലിയ പീസുകള്‍ എന്തു ചെയ്യണം എന്നാലോചിച്ചു. അങ്ങനെയാണ് ഓര്‍ഫനേജുകളില്‍ കുട്ടികള്‍ക്ക് ഉടുപ്പ് തുന്നി കൊടുക്കാം എന്ന് തീരുമാനിച്ചത്. ഫാബ്രിക്സ് കസ്റ്റമേഴ്സ് പേ ചെയ്ത് കഴിഞ്ഞതാണ്. അതില്‍ പിന്നെയൊരു സാമ്പത്തികഭാരം വരുന്നില്ല. നെറ്റ് ഒക്കെ പോലെ കുറേക്കാലം ഇരുന്നു മാറ്റം വരുന്ന മറ്റീരിയലുകള്‍ ഉണ്ട്. പിന്നെ ഓഫറില്‍ ഇട്ടിട്ടും വിറ്റ്‌ പോകാത്തവ. അങ്ങനെ എല്ലാം എടുത്തു. സ്റ്റിച്ചിങ് ആണ് പിന്നൊരു പ്രശ്നമായി വന്നത്. അത് നല്ലൊരു തുക ചിലവാകാന്‍ സാധ്യതയുണ്ട് എന്നൊക്കെ ആലോചിച്ചപ്പോ എന്‍റെ സ്റ്റിച്ചിങ് യൂണിറ്റിലുള്ളവര്‍ സൗജന്യമായി അത് ചെയ്യാം എന്ന് പറഞ്ഞു വരുകയായിരുന്നു. അവരുടെ ജോലി സമയം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ വരെയൊക്കെ എന്നും ഇരുന്ന് തയ്ക്കുകയായിരുന്നു.അവരെല്ലാവരും പാവപ്പെട്ടവരാണ്.പക്ഷേ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ അത് ചെയ്യാന്‍ മനസ്സുണ്ടായി.

ക്രിസ്മസ് ആയത് കൊണ്ട് എല്ലാം ഗൗണ്‍ ആണ് തയ്ച്ചത്. ഫങ്ഷന്‍ വെയര്‍ പോലെ. കുട്ടികളില്‍ പലരും അച്ഛനും അമ്മയും ഇല്ലാത്തവര്‍ അല്ല. അച്ഛനും അമ്മയും മരിച്ചതുകൊണ്ടോ, വേറെ കല്യാണം കഴിച്ചുപോയതുകൊണ്ടോ അല്ലെങ്കില്‍  വഴക്കു കാരണമോ കാരണമോ സ്വന്തം വീട്ടില്‍ വളരാനുള്ള സാഹചര്യം ഇല്ലാത്തവരുമുണ്ട്. നമ്മള്‍ ഇങ്ങനെയൊരു കാര്യവുമായി അവിടെ ചെന്നപ്പോള്‍ പതിനേഴ്‌ കുട്ടികള്‍ക്കുള്ള ഡ്രസ്സ് എന്നാണു അവര്‍ പറഞ്ഞത്. അവിടെ എത്തിയപ്പോഴാണ്  മനസ്സിലായത് നാല്‍പ്പത്തിയേഴ് കുട്ടികളുണ്ട് എന്ന്.

manjusha-with-family-01
മഞ്ജുഷ കുടുംബത്തോടൊപ്പം

ഞങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവരുത് എന്ന് കരുതി അവര്‍ പറയാഞ്ഞതാണ്. കൊച്ചുകുട്ടികള്‍ക്ക് മാത്രം മതിയെന്ന് അവര്‍ പറഞ്ഞതാണ്. കുട്ടികളുടെ അളവെടുത്ത് ഡിസൈന്‍ ചെയ്തു തയ്ച്ചു. അതിനുവേണ്ടി ചെന്നപ്പോഴാണ് ബാക്കി കുട്ടികളെ കാണുന്നത്.അതൊരു സങ്കടമായി. എല്ലാവരും ഇല്ലാത്തവരാണ്. കുറച്ച് പേര്‍ക്ക് മാത്രം കൊടുക്കുമ്പോൾ അത് കണ്ടുനില്‍ക്കുന്ന മറ്റുകുട്ടികളുടെ മനസ്സില്‍ വിഷമം വരില്ലേ.അങ്ങനെ നാല്‍പ്പത്തിയേഴു കുട്ടികള്‍ക്കും കൊടുക്കാന്‍ തീരുമാനിച്ചു.

സാധാരണ നമ്മളൊക്കെ നമുക്ക് വേണ്ടാത്തതാണ് ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നത്. ചില പാരന്റ്സ് ഒക്കെ തയ്ക്കാന്‍ വരുമ്പോ പറയും. ഒരു തവണ  ഇട്ടതു പിന്നെ ഇടില്ല. ഒരു ഫങ്ഷന് ഇട്ടത് എല്ലാരും കണ്ടതു കൊണ്ട് പിന്നെ അത് മാറ്റി വയ്ക്കും എന്നൊക്കെ. ഇവിടെയൊക്കെ ചെന്ന് ഒരു ഉടുപ്പ് കിട്ടുമ്പോള്‍ ഈ കുട്ടികളുടെ സന്തോഷം കാണുമ്പോഴാണ് നമ്മളൊക്കെ എത്ര പ്രിവിലേജ്ഡാണെന്ന് മനസ്സിലാകുന്നത്. ഒരുതവണ ഇട്ടതു കൊണ്ട് മാറ്റി വയ്ക്കുന്നവര്‍ക്ക് ഞാന്‍ റീ ഡിസൈന്‍ ചെയ്ത് കൊടുക്കാറുണ്ട്. ചിലപ്പോൾ ഒരു ഓവര്‍ കോട്ട് ഫിറ്റ് ചെയ്യും. എന്തെങ്കിലുമൊക്കെ ചെറിയ മാറ്റം വരുത്തി പുതുമയുള്ളതാക്കികൊടുക്കും. ഒരു ഡ്രസ് തയ്ക്കുന്നതിന്റെ പകുതി തയ്യല്‍ക്കൂലിയെ ആകുന്നുള്ളൂ.

എന്തായാലും ഇത്തവണ ക്രിസ്മസ് ഞങ്ങള്‍ക്കും സ്പെഷ്യല്‍ ആയി. എല്ലാരും കൂടെ ചേര്‍ന്നു നിന്നതു കൊണ്ടാണ്‌. ഇവിടെയുള്ള സ്റ്റാഫ് തന്നെ ചിലപ്പോൾ അവരുടെ പിള്ളേര്‍ക്കൊക്കെ വേണ്ടി ചില കട്ട് പീസും മറ്റീരിയലും ഒക്കെ എടുത്തോട്ടെ എന്ന് ചോദിക്കാറുണ്ട്. കൊടുക്കാറുമുണ്ട്. അങ്ങോട്ടും അങ്ങനെ ആയതുകൊണ്ടാണ്‌ നമ്മള്‍ ഒരു കാര്യം പറയുമ്പോൾ അവര്‍ ഹെല്‍പ്പ് ചെയ്യുന്നത്. നല്ല കാര്യങ്ങള്‍ ഒരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്.

kids-01

എനിക്ക് പറയാനുള്ളത് എല്ലാ ബുട്ടീക്കുകള്‍ക്കും ഇത് ചെയ്യാവുന്നതാണ്. നമ്മള്‍ക്ക് വിലകൊടുക്കാതെ കിട്ടുന്ന ഫാബ്രിക്സ് ആണ്. സ്റ്റിച്ച് ചെയ്യുന്നത് മാത്രമാണ് ഒരു പ്രതിസന്ധി. വീട്ടിലിരുന്ന് ചെറിയ തോതില്‍ തയ്ക്കുന്നവരെയോ തയ്യല്‍ പഠിയ്ക്കുന്നവരെയൊക്കെ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് എത്തിച്ചാല്‍ ഇത് ഈസിയായി ചെയ്യാവുന്നതാണ്.അവരും പഠിയ്ക്കുവാണല്ലോ.ലൈനിങ് മാത്രം നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്ന പുതിയ മെറ്റീരിയല്‍ ആണ് ഉപയോഗിയ്ക്കുന്നത്. കാരണം കുട്ടികളുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗമാണ്. അതിന്റെ വില ഒരു നഷ്ടമായി കാണുന്നുമില്ല.

കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് കേക്കും ഉടുപ്പു‌കളുമായി പോയി അവരുടെ ഹാളില്‍വച്ച് തന്നെ അവ സമ്മാനിച്ചു. എന്തായാലും ക്രിസ്മസിന് പുതിയ ഉടുപ്പ് കിട്ടിയ ആ കുട്ടികളേക്കാള്‍ ഹാപ്പിയാണ് ഞങ്ങള്‍ ഇപ്പോൾ. അവരുടെ ആ സന്തോഷത്തിനു കാരണമാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞല്ലോ എന്ന സന്തോഷം. സ്വന്തം സ്ഥലം കൊല്ലമാണ്. ഭര്‍ത്താവിന്‍റെ നാട് ചങ്ങനാശ്ശേരിയും. ഞങ്ങള്‍ രണ്ടാളും ഐ ടി ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. ആ ജോലി വിട്ട് പൂര്‍ണ്ണമായും ഇതിലേയ്ക്ക് മാറാനുള്ള ഒരു സാമ്പത്തിക സ്ഥിരതയിലേയ്ക്ക് ആയിട്ടില്ല. അതുകൊണ്ട് ജോലിയുടെ കൂടെ ഈ ബുട്ടീക്കും കൊണ്ടു പോകുന്നു.

എല്ലായിടത്തും ഇപ്പോള്‍ ബുട്ടീക്കുകള്‍ ഉണ്ട്. പക്ഷേ ഡിസൈനര്‍ ബുട്ടീക് എന്ന കൺസപ്റ്റ് ആളുകള്‍ക്ക് എത്രത്തോളം പിടികിട്ടിയിട്ടുണ്ട് എന്നറിയില്ല. ഡിസൈനര്‍ സ്റ്റാര്‍ ആണ്. അവര്‍ക്കറിയാം കസ്റ്റമര്‍ക്ക്  എന്ത് വേണം എന്ന്. പലരും ഡിസൈനും കൊണ്ട് വരാറുണ്ട്. ഭംഗിയുണ്ടാവും. പക്ഷേ അവനനവന് ചേരുന്നുണ്ടോ എന്ന് നോക്കാറില്ല. ഞങ്ങള്‍ ഇവിടെ ഓരോ കസ്റ്റമറിനും ഒരു സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് ക്രിയേറ്റ് ചെയ്ത് കൊടുക്കാറുണ്ട്. അവരുടെ ശരീര പ്രകൃതവും ജോലിയുടെ സ്വഭാവവും വരെ നോക്കിയാണ് അത് ചെയ്യുന്നത്. ഓരോരുത്തര്‍ക്കും ഏറ്റവും ഇണങ്ങുന്ന ഡിസൈന്‍. അത് ആ വ്യക്തികളെപ്പോലെ തന്നെ യുണീക് ആയിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.അതാണ്‌ സംതൃപ്തിയും.

English Summary : Interview With Manjusha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com