sections
MORE

'ആയുസ്സും ആരോഗ്യവും അനുവദിച്ചാൽ ഞങ്ങളൊരുമിച്ച് അവിടെയെല്ലാം പോകും' ; ലക്ഷ്മി അമ്മാൾ

Lakshmi Ammal, Kochaniyan
ലക്‌ഷ്മി അമ്മാൾ, കൊച്ചനിയൻ
SHARE

ഒറ്റപ്പെടലിനേക്കാൾ വലിയൊരു പേടിയില്ലെന്ന് തിരിച്ചറിഞ്ഞ ഒരു മണവാളച്ചെക്കനും മണവാട്ടിപ്പെണ്ണും മലയാളികളുടെ മനസ്സിൽ കയറി കുടിയിരുന്നിട്ട് ഒന്നു രണ്ടു ദിവസമായി. പ്രണയം നൽകിയ ധൈര്യം കൊണ്ട്, ആ പ്രണയത്തിന് പിന്തുണ നൽകി കട്ടയ്ക്ക് കൂട്ടുനിന്ന നന്മനിറഞ്ഞ മനുഷ്യരുടെ ഇടപെടൽ കൊണ്ട് ജീവിതത്തിന്റെ സായംകാലത്ത് ഒന്നായ ലക്‌ഷ്മിയമ്മാളും കൊച്ചനിയനും അവരുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുന്നു...

വൃദ്ധസദനത്തിലെ അന്തേവാസികളെ സാക്ഷിയാക്കി 67 വയസുള്ള കൊച്ചനിയൻ 66 വയസുള്ള അമ്മാളിന്റെ കൈപിടിച്ചപ്പോൾ സഫലമായത് ഒരായുസ്സിന്റെ കാത്തിരിപ്പ്. 22 വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ അമ്മാളിനെ സംരക്ഷിച്ചിരുന്നത് ഭർത്താവിന്റെ സുഹൃത്തായ കൊച്ചനിയനായിരുന്നു.

മക്കളില്ലാത്ത അമ്മാളിനെ തൃശൂർ കോർപറേഷന് കീഴിലുള്ള സ്നേഹവീട്ടിൽ എത്തിച്ചതും ഇദ്ദേഹം തന്നെ. അവിടെ നിന്ന് അമ്മാൾ സർക്കാർ അധികാരത്തിലുള്ള വൃദ്ധസദനത്തില്‍ എത്തിച്ചപ്പോഴും കൊച്ചനിയൻ ചേട്ടൻ തന്നെയായിരുന്നു രക്ഷാധികാരി. എന്നാൽ ഇടയ്ക്കൊന്ന് വീണതിനെ തുടർന്ന് വയനാട്ടിലെ സന്നദ്ധ സംഘടന കൊച്ചനിയൻ ചേട്ടനെ ചികിൽസിച്ചു. വീഴ്ചയെത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ടു. ഈ കാലയളവിലൊക്കെയും  കൊച്ചനിയൻ ചേട്ടൻ വരുന്നതും കാത്ത് അമ്മാളിരുന്നു. വരാതെയായപ്പോൾ പേടിയായി. അന്വേഷണങ്ങൾക്കൊടുവിൽ കൊച്ചനിയൻ ചേട്ടനെ കണ്ടെത്തി. 

ശുഭപര്യാവസായിയായ സിനിമ പോലെ ഇരുവരും വിവാഹിതരായതോടെ ഇത്രയും കാലത്തെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കുമെല്ലാം അവസാനമായി. കഴിഞ്ഞുപോയ ഏകാന്ത കാലത്തെക്കുറിച്ചും ഒരുമിച്ചുള്ള പുതിയ ജീവിതത്തെക്കുറിച്ചും ലക്ഷ്മിയമ്മാൾ മനസ് തുറക്കുന്നു. ഒപ്പം ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ എടുത്ത പരിശ്രമങ്ങളെക്കുറിച്ച് വൃദ്ധസദനത്തിന്റെ സൂപ്രണ്ട് ജയകുമാറും മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു. 

മനസിലെ പ്രണയവും സന്തോഷം മറച്ചുവെയ്ക്കാതെയുള്ള അമ്മാളിന്റെ വാക്കുകൾ ഇങ്ങനെ:–

എന്നെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും ആകെയുണ്ടായിരുന്നത് കൊച്ചനിയൻ ചേട്ടനാണ്. അദ്ദേഹത്തിന് ഞാനും എനിക്ക് അദ്ദേഹവും മാത്രമേയുള്ളൂ. എന്റെ ബന്ധുക്കളൊക്കെ തൃശൂര് തന്നെയുണ്ടെങ്കിലും ആരും കാണാനൊന്നും വരാറില്ല.  ഇടയ്ക്കൊന്ന് വീണ് ചേട്ടന് വയ്യാതെയായി. അപ്പോൾ നോക്കാനും പരിചരിക്കാനും ഞാൻ കൂടെയുണ്ടാകണമെന്ന് തോന്നി. ഞങ്ങൾക്ക് ഈ വയസുകാലത്ത് ഇനി ആരാണ് ഉള്ളത്. കല്യാണം കഴിക്കണമെന്ന് മോഹം ഉണ്ടായിരുന്നെങ്കിലും അത് ആരോടും പറഞ്ഞിരുന്നില്ല. കൊച്ചനിയൻ ചേട്ടനെ കാണാതായപ്പോൾ പേടി തോന്നി. വീണ്ടുമൊന്ന് കാണണമെന്ന് മാത്രമേ ജയകുമാർ സാറിനോട് പറഞ്ഞിരുന്നുള്ളൂ. സാറിന് പക്ഷെ ഞങ്ങളുടെ മനസ് മനസിലായി. ഇത്രയും കാലം അനുഭവിച്ച ഏകാന്തതയും ഒറ്റപെടലുമൊക്കെ ചേട്ടൻ തിരികെ എത്തിയപ്പോൾ തന്നെ മാറി. ഇപ്പോൾ കൂടുതൽ സന്തോഷമുണ്ട്. ആയുസുള്ളിടത്തോളം കാലം ചേട്ടനെ നോക്കണം.

ഒരുമിച്ച് എവിടെയങ്കിലുമൊക്കെ പോകാന്‍ ആഗ്രഹമുണ്ടോ?

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉൽസവം ഒരുമിച്ച് പോയി കാണണം. വീണു പരുക്കേൽക്കുന്നതിന് മുൻപ് കാണാൻ വന്നപ്പോൾ എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് വരാതെയായത്. അന്ന് മനസിൽ കുറിച്ചിട്ട് ആഗ്രഹമാണ് ഒരുമിച്ച് ഉത്സവം കാണണമെന്നുള്ളത്. പിന്നെ വടക്കുംനാഥന്റെ അമ്പലത്തിൽ പോകണം. ഗുരുവായൂര് ഭഗവാനെ തൊഴുത് പ്രസാദം കഴിക്കണം. ആയുസും ആരോഗ്യവും അനുവദിച്ചാൽ ഞങ്ങളൊരുമിച്ച് അവിടെയെല്ലാം പോകും. സൂപ്രണ്ട് സാർ ഇവിടെയെല്ലാം പോകാൻ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മനസിലാക്കിയില്ലായിരുന്നെങ്കിൽ വയസ്സുകാലത്ത് താലിഭാഗ്യം ഉണ്ടാകുമായിരുന്നില്ല. 

നേരിട്ട എതിർപ്പുകളെക്കുറിച്ചും പ്രണയം തിരിച്ചറിഞ്ഞതിനെക്കുറിച്ചും ജയകുമാറിന്റെ വാക്കുകൾ:–

''കൊച്ചനിയൻ ചേട്ടനെ കാണാതായശേഷം അമ്മാൾ നിരന്തരം എന്തെങ്കിലും വിവരമുണ്ടോയെന്ന് വന്ന് തിരക്കുമായിരുന്നു. ആളെ അന്വേഷണത്തിൽ കണ്ടെത്തി ഉടൻ തന്നെ ഇവിടേയ്ക്ക് കൊണ്ടുവരുമെന്ന് അറിയിച്ചശേഷം എല്ലായിപ്പോഴും അമ്മാൾ വന്ന് എന്ന് കൊണ്ടുവരും, എപ്പോൾ വരും എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ആ ചോദ്യത്തിൽ നിന്ന് തന്നെ മനസിൽ എത്രമാത്രം ഇഷ്ടമുണ്ടെന്ന് വ്യക്തമായിരുന്നു. ഇവരുടെ ഈ ഇഷ്ടം ഗവൺമെന്റ് സെക്രട്ടറി ബിജു പ്രഭാകറിനെയും തൃശൂർ കോർപറേഷൻ വെൽഫയർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോൺ ഡാനിയലിനേയും ഞാൻ അറിയിച്ചു.''

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം... 

English Summary : Unconditional Love Story Of Lakshmi Ammal And Kochaniyan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA