ADVERTISEMENT

വാട്സാപ്പിൽ മെസേജ് അയച്ചിട്ട് അത് പ്രിയപ്പെട്ടവർ കണ്ടോ എന്നറിയാൽ ബ്ലൂടിക് കാണുന്നത് വരെയുള്ള, സെക്കൻഡുകളുടെ കാത്തിരിപ്പ് പോലും ഇന്ന് വല്ലാത്ത വീർപ്പുമുട്ടലാണ്. വർഷങ്ങൾക്ക് മുൻപ് കത്തിലൂടെ പ്രണയവും വിരഹവും സന്തോഷവും സങ്കടവും പങ്കുവച്ച തലമുറയും, പോസ്റ്റൽപെട്ടികളും ഇന്ന് വളരെ അപൂർവമാണ്. ഒരു കോളിനപ്പുറം പ്രിയപ്പെട്ടവരുള്ളപ്പോൾ എന്തിന് ഇൗ കാത്തിരിപ്പെന്ന് വിചാരിക്കുന്നതിലും തെറ്റുപറയാനാവില്ല.

അക്കൂട്ടത്തിൽ ആയിരത്തിൽ ഒരുവളായി മാറിനിൽക്കുകയാണ് ‘കാത്തിരിക്കാൻ കൊതിക്കുന്ന ഇൗ പെൺകുട്ടി’.  മലപ്പുറം അരീക്കോട് സ്വദേശിയായ ഇൗ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി റസ്ബിൻ അബ്ബാസിനെ തേടി ഇന്ന് 43 രാജ്യങ്ങളിൽ നിന്നാണ് കത്തുകളെത്തുന്നത്.

വേറിട്ട കാത്തിരിപ്പിന്റെ തുടക്കം ഇങ്ങനെ

cancer-letter

‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയഭർത്താവ് വായിക്കുവാൻ...’ എന്നുള്ള കത്തുപാട്ടിന്റെ ഇൗണം ഇഴചേർന്ന നാട്ടിൽ ഇപ്പോഴും കത്തുകൾക്ക് കാത്തിരിക്കുന്ന ഏക വ്യക്തി ഇൗ പെൺകുട്ടിയായിരിക്കും. ആ കഥ അവൾ പറയുന്നതിങ്ങനെ: ‘പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വേറിട്ട ഇൗ കാത്തിരിപ്പിന്റെ സുഖം അനുഭവിച്ച് തുടങ്ങുന്നത്. ചിത്രം വരയും പേപ്പർആർട്ട് വർതക്കുമെല്ലാം ചെയ്യുമായിരുന്നു. ഇവയിൽ നല്ലതൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്യും. അങ്ങനെ ഒരു ദിവസമാണ് എന്നെ തേടി മെക്സിക്കോയിൽ നിന്നും സാറ എന്ന യുവതിയുടെ ഒരു സന്ദേശമെത്തുന്നത്.

എന്റെ വരകൾ ഇഷ്ടപ്പെട്ടെന്നായിരുന്നു മെസേജ്. ഞാൻ നന്ദി പറഞ്ഞു. പിന്നീട് അവരുമായി നല്ല സൗഹൃദമായി. അപ്പോഴാണ് കത്തുകളിലൂടെ ഇൗ സൗഹൃദം മുന്നോട്ടുകൊണ്ടുപോകണമെന്ന് തോന്നുന്നത്. ഞാൻ സാറയ്ക്ക് എന്റെ മേൽവിലാസം കൊടുത്തു. പിന്നെ ഞങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിട്ടില്ല. സാറയുടെ കത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി. അങ്ങനെ പത്താം ക്ലാസിലെ ക്രിസ്മസ് അവധിക്ക് എന്നെ തേടി സമ്മാനവും കത്തും എത്തി. അതു കയ്യിൽ കിട്ടിയപ്പോൾ വാട്സ്ആപ്പിൽ ആയിരം ബ്ലൂടിക്കുകൾ ഒരുമിച്ച് കാണുന്നതിനേക്കാൾ സന്തോഷം തോന്നി.

പിന്നീട് ഞാൻ അങ്ങനെ കത്തിലൂടെ സൗഹൃദങ്ങളുണ്ടാക്കി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടും. മേൽവിലാസം പരസ്പരം കൈമാറും. പിന്നീട് കത്തുകളിലൂടെ മാത്രം സൗഹൃദം. ഫോൺനമ്പറും നൽകില്ല. ഇപ്പോൾ ‍ഞാൻ പതിനാെന്നാം ക്ലാസിലാണു പഠിക്കുന്നത്. ഇൗ ഒരു വർഷത്തിനിടെ 43 രാജ്യങ്ങളിലായി 45 കൂട്ടുകാർ എനിക്കുണ്ട്. അമേരിക്ക, ജപ്പാൻ, ഇന്ത്യോനേഷ്യ, സ്പെയിൻ അങ്ങനെ പലരാജ്യങ്ങളിൽ നിന്നും എന്നെതേടി കത്തുകൾ വരാറുണ്ട്. ഞാൻ അതിനെല്ലാം മറുപടിയും അയക്കും. ഇപ്പോൾ 15 വയസ് മുതൽ 24 വരെയുള്ള പെൺകുട്ടികളാണ് എന്റെ കൂട്ടുകാർ

എന്താണ് കത്തുകളിലെ വിഷയം

letters-mpm

ഞാൻ അയക്കുന്ന കത്തുകളിൽ നമ്മുടെ നാടിനെ പറ്റിയും ഇവിടുത്തെ ഉത്സവങ്ങളെ പറ്റിയും പറയും. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയും ഇവിടെ നടക്കുന്ന കാര്യങ്ങളുമൊക്കെ പറയും. അതിനൊപ്പം എന്റെ പേഴ്സണൽ വിശേഷങ്ങളും എഴുതാറുണ്ട്. അവരും തിരിച്ചങ്ങനെയാണ്. ബൾജീരിയയിൽ നിന്നുള്ള മാഗി എന്ന പെൺകുട്ടി ഉടൻ കേരളം കാണാൻ വരുന്നുണ്ടെന്നായിരുന്നു അവളുടെ അവസാനം വന്ന കത്തിലുണ്ടായിരുന്നത്. ഇന്തോനീഷ്യയിലെ എന്റെ കൂട്ടുകാരിയുടെ കത്ത് കുറേനാളായി കിട്ടിയിരുന്നില്ല. ഒരുപാട് നാൾക്കു ശേഷമാണ് ‍ഞാൻ അറിയുന്നത് അവളുടെ ഉപ്പ മരണപ്പെട്ടു എന്ന്. തുർക്കിയിലെ റുമൈസ എന്ന കൂട്ടുകാരിയുടെ ആദ്യ കത്തിൽ അവൾ എഴുതിയത് അവൾക്കൂ കാൻസറാണെന്നാണ്. അവളുടെ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ഓരോ കത്തിലും അവൾ എഴുതും. 

എനിക്ക് ചുറ്റുമുള്ള പലരും എന്നെ നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഞാൻ കാര്യമാക്കാറില്ല. ഇത്രയേറെ രാജ്യങ്ങളിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത കൂട്ടുകാർ, അവരുടെ കയ്യക്ഷരത്തിൽ എനിക്ക് കത്തെഴുതുന്നു. ഞാൻ അതിന് മറുപടി അയക്കുന്നു. ആ കത്ത് കയ്യിൽ കിട്ടുന്നതുവരെ, അവരുടെ വിശേഷങ്ങൾ അറിയുന്നതു വരെ ‍ഞാൻ അനുഭവിക്കുന്ന അനുഭൂതിയാണ് എന്നെ കത്തെഴുതാൻ പ്രേരിപ്പിക്കുന്നത്. അത് പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.

ഒരു പരിഭവം ബാക്കി

letter-girl-mpm

എന്റെ പോസ്റ്റോഫീസിൽ കത്തുകൾ തേടി എത്തുന്ന ഏക പെൺകുട്ടി ഞാനായിരിക്കും. ആകെയുള്ളത് ഒരു പോസ്റ്റു വുമണാണ്. എനിക്ക് വരുന്ന കത്തുകൾ മാത്രം കൊണ്ട് അവർ ഇത്രദൂരം എന്നും സഞ്ചരിക്കണം. ഇപ്പോൾ അതുകൊണ്ട് ‍ഞാൻ തന്നെ പറ​ഞ്ഞു. മൂന്നുദിവസം കൂടുമ്പോൾ കത്തുകൾ എത്തിച്ചാൽ മതിയെന്ന്. മാസങ്ങൾ കഴിഞ്ഞാണ് പല കത്തുകളും എനിക്ക് ലഭിക്കുന്നത്. ഞാൻ അയക്കുന്നത് അവർക്കും കിട്ടാൻ വൈകുന്നു. പലതവണ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പക്ഷേ ഞാൻ കത്തുകൾ എഴുതികൊണ്ടിരിക്കും. എന്നെ തേടി ഇനിയും ഒരായിരം കത്തുകൾ വരട്ടെ എന്നാണ് പ്രാർഥന.

മൂർക്കനാട് എസ്എച്ച്എസ്എസ് സ്കൂളിൽ പതിെനാന്നാം ക്ലാസ് വിദ്യാർഥിനിയായ റസ്ബിൻ അബ്ബാസ്. ഉമ്മ റഹീനയ്ക്കും സഹോദരൻ അബിക്കിനുമൊപ്പം അരീക്കോട് വടക്കുംമുറിയിലാണ് താമസം.

English Summary: Letter Girl In Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com