ADVERTISEMENT

മേൽചുണ്ടിൽ രണ്ടടി നീളമുള്ള കമ്പ് വച്ച് പങ്കജാക്ഷിയമ്മ ചലിപ്പിക്കുമ്പോൾ വായുവിൽ പാവകൾ കഥ പറഞ്ഞു തുടങ്ങും. രാമായണത്തിലെയോ മഹാഭാരത്തിലേയോ ഈരടികൾക്കനുസിച്ച് അന്തരീക്ഷത്തിൽ ചിലപ്പോൾ രാമ–രാവണ യുദ്ധം വരെ നടക്കും. എല്ലാം പങ്കജാക്ഷിയമ്മയുടെ മേൽച്ചുണ്ടിലെ കമ്പിന്റെ ബലത്തിലാണെന്നോർക്കണം. അദ്ഭുതത്തോടെയല്ലാതെ സാധാരണക്കാരന് ഈ വിസ്മയം  കണ്ടുനിൽക്കാനാകില്ല. തികഞ്ഞ ഏകാഗ്രതയോടെയല്ലാതെ നോക്കുവിദ്യാ പാവകളി അവതരിപ്പിക്കാനാകില്ല. ഈ 84–ാം വയസിൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ  അമ്മയുടെ കഠിനാധ്വാനം അതിന്റെ പൂർണതയിലാണ്. 

നോക്കുവിദ്യാ  പാവകളിയെ കുറിച്ച് എന്താണ് അമ്മയ്ക്കു പറയാനുള്ളതെന്നു ചോദിച്ചാൽ അമ്മ പറയും. ‘ നോക്കു വിദ്യാ  പാവകളിയെ പറ്റി മാത്രമേ ഈ മുത്തശിക്ക്  പറയാനുള്ളൂ. കുറെ കഥകൾ. പക്ഷേ, എന്തു ചെയ്യാനാ മക്കളെ വയസായില്ലേ. പഴയപോലെ വർത്തമാനം പറയാനൊന്നും വയ്യ.’–ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അമ്മയ്ക്ക് സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു  നോക്കു വിദ്യയെ പറ്റി പറഞ്ഞു തുടങ്ങിയത് ചെറുമകൾ രഞ്ജിനിയാണ്. മുത്തശ്ശിയിൽ നിന്നും പഠിച്ചെടുത്ത നോക്കുവിദ്യ പാവകളിയുടെ വിശേഷങ്ങൾ രഞ്ജിനി പറഞ്ഞു തുടങ്ങി. 

പാലത്തടിയിൽ  കഥപറയുന്ന പാവകൾ

pankajakshiyamma

പാവകളിയുടെ കൂട്ടത്തിൽ പെടുന്നൊരു ഇനമാണിത്. എല്ലാവർക്കും അതറിയില്ല. തോൽപ്പാവക്കൂത്ത്, നൂൽപ്പാവക്കൂത്ത് ഇവയെക്കുറിച്ചേ എല്ലാവർക്കും അറിയുകയുള്ളൂ. കമ്പിൽ കോർത്ത പാവകളെ മേൽചുണ്ടിൽ നിർത്തി നിയന്ത്രിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഏഴിലംപാല തടിയിൽ ചെത്തിയെടുത്ത പാവകളെ  രണ്ടിഞ്ച് നീളമുള്ള കമ്പിൽ ഉറപ്പിച്ചു നിർത്തും. അതിനുശേഷം പാവയിൽ ഘടിപ്പിച്ച  നൂല്‍ ചലിപ്പിച്ചു തുടങ്ങും. 

ഇതിനു വാദ്യങ്ങളായിട്ട് ഗിഞ്ചറ അല്ലെങ്കിൽ തുടി, കൈമണി എന്നിവയാണ് ഉപയോഗിക്കുന്നത്. രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥകൾ പാട്ടുരൂപത്തിലാക്കും. അങ്ങനെ പാട്ടിലൂടെ കഥപറയും. പാട്ടിന്റെ താളമനുസരിച്ച് പാവകളെ നൂലിൽ ചലിപ്പിക്കും. മേൽചുണ്ടിൽ ബാലൻസ് ചെയ്ത് നിർത്തി കൈ ഉപയോഗിച്ച് ചരടിൽ വലിച്ച് താളത്തിനനുസരിച്ച് ചലിപ്പിക്കും. ഇതാണ് മറ്റുപാവകളിയിൽ നിന്നുള്ള വ്യത്യാസം. 

മേൽചുണ്ടിലെ നിയന്ത്രണം ഏറെ ശ്രമകരം.

ഒരുപാട് പഴക്കമുള്ളൊരു പാരമ്പര്യ കലയാണിത്. മുത്തശ്ശിയുടെ അമ്മയിൽ നിന്നാണ് മുത്തശ്ശി പഠിച്ചത്. വേലൻ സമുദായത്തിൽ പെട്ടവരാണ് ഇതുചെയ്യുന്നത്. പഠിച്ചു കഴിഞ്ഞാൽ ആർക്കും ചെയ്യാം. പക്ഷേ, പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വർഷങ്ങളോളം നീണ്ട പരിശീലനം വേണം. മുത്തശ്ശി പതിനൊന്ന് വയസ്സിൽ ചെയ്തു തുടങ്ങി ഇപ്പോൾ 84 വയസ്സുണ്ട്. ഇത്രയും വർഷമായി ചെയ്തു വരുന്നു.കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട് നോക്കു വിദ്യാ പാവകളിയിൽ.  മുത്തശ്ശിയുടെ കാഴ്ച മങ്ങിയതു കാരണം ഇടയ്ക്ക് ഒരു പത്തു വർഷം പരിപാടി ചെയ്യുന്നത് നിർത്തിയിരുന്നു. അതിനു ശേഷം ഞാൻ പഠിച്ചു ചെയ്യുന്നു. 

ഞാൻ എട്ടു വയസ്സു മുതൽ ചെയ്തു തുടങ്ങിയതാണ്. എനിക്ക് രണ്ടു വർഷമെടുത്തു ബാലൻസ് ആകാൻ വേണ്ടി. ഇതിനു ഓരോരോ ഘട്ടങ്ങളുണ്ട് ആദ്യം ബാലൻസ് ചെയ്യാൻ പഠിക്കുക. അതിനുശേഷം ചലനങ്ങൾ, അല്ലാതെ വേറെയും കലകളുണ്ട്. അമ്മാനം ആടുക, കത്തി കടിച്ച് പിടിച്ച് കത്തിയുടെ മുനയിൽ െചയ്യുക, വില്ലിൽ നൂല് കെട്ടി ആ നൂലിൽ പാവകളെ നിർത്തി ചെയ്യുക മേൽ ചുണ്ടിൽ വയ്ക്കാതെ ഈ വില്ലിൽ പാവകളെ നിർത്തി ചെയ്യുക, നാവു കൊണ്ട് ഈർക്കിൽ കോർക്കുക അങ്ങനെ ആദ്യം പഠിക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ട്. മൊത്തത്തിൽ പഠിച്ചെടുക്കാനായി അഞ്ചു വർഷമെടുത്തു.

ദക്ഷിണ മാത്രം അന്നത്തെ വരുമാനം. 

പ്രധാനമായും ടൂറിസം പ്രോഗ്രാമുകളിലാണ് നോക്കുവിദ്യാ പാവകളി ചെയ്യുന്നത്. ക്ഷേത്രങ്ങളിൽ ഉത്സവത്തിന് നവാഹത്തിന് അങ്ങനെ ചില പ്രത്യേക ദിവസങ്ങളിൽ വിളിക്കുമ്പോൾ ചെയ്യും. ഓണത്തിന് പത്ത് ദിവസം മുന്‍പ് മേൽജാതിക്കാരുടെ ഇല്ലങ്ങളിൽ ചെന്ന് അവർക്ക് കാണിച്ചു കൊടുക്കുമായിരുന്നു. അന്ന് ഓണംകളി എന്നും ഓണംതുള്ളലെന്നുമൊക്കെയാണ് അറിയപ്പെട്ടിരുന്നത്. ഒരിടത്ത് ചെന്ന് ചെയ്യുമ്പോള്‍ അത് കണ്ട് ഇഷ്ടപ്പെട്ട് മറ്റുള്ളവർ വിളിക്കും. പണമൊന്നും പറഞ്ഞല്ല, ഈ പാവകളി ചെയ്യുന്നത്. നോക്കുവിദ്യ പാവകളിയിൽ തന്നെ ‘കിണ്ണം കറക്കൽ’എന്നൊരു ഇനമുണ്ട്. നിവർന്നു നിന്നാണ് അത് ചെയ്യുന്നത്. ഒരു കമ്പിന്റെ മുകളിൽ ഒരു പാത്രം വച്ചിട്ടുണ്ടാവും. കമ്പിൽ നിയന്ത്രിച്ച് കിണ്ണം കറക്കും. കുറച്ചു നേരം കറക്കി കഴിയുമ്പോൾ ഈ കൈകൊണ്ട് കമ്പിൽ തട്ടും.  അപ്പോൾ ആ പ്ലേറ്റ് വന്ന് കയ്യിൽ വീഴും. ആ സമയം പ്ലേറ്റ് സദസ്സിനു മുന്നിൽ വയ്ക്കും. അപ്പോൾ ആൾക്കാർ ദക്ഷിണ ആയി പണം വയ്ക്കും. അതായിരുന്നു പണ്ടത്തെ വരുമാനം.

English Summary: An Interaction With Padmashree Pankajakshiyamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com