സമൂഹമാധ്യമത്തിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ ആഞ്ഞടിച്ച് താരാ കല്യാൺ. മകളുടെ വിവാഹവേളയിൽ പകർത്തിയ വിഡിയോയിലെ ഒരു രംഗം മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെയാണ് താരാ കല്യാൺ പ്രതികരിച്ചത്. ഫെയ്സ്ബുക്ക് ലൈവിൽ ഏറെ വൈകാരികമായിട്ടായിരുന്നു പ്രതികരണം. ഇതിനെക്കുറിച്ച് താര കല്യാൺ മനോരമ ന്യൂസിനോട് പ്രതികരിച്ചതിങ്ങനെ:ലൈവിൽ ഞാൻ കരഞ്ഞത് സങ്കടം കൊണ്ടല്ല, ദേഷ്യം കൊണ്ടാണ്. സഹിക്കുന്നതിന് ഒരു പരിധിയില്ലേ. എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല എന്നുകരുതി എന്ത് അപവാദവും പറയാമെന്നാണോ കരുതുന്നത്? ഈ ഫോട്ടോ പ്രചരിപ്പിച്ച വ്യക്തിക്കും അമ്മയുള്ളതല്ലേ? അവരോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ സഹിക്കുമോ? കുട്ടികളെ മര്യാദയ്ക്ക് വളർത്തുന്നതിൽ അമ്മമാർക്കുള്ള പങ്ക് വലുതാണ്. എന്റെ ഭർത്താവ് മരിച്ചതിന്റെ സങ്കടം പോലും മറ്റുള്ളവരുടെ മുന്നിൽ ഞാൻ കരഞ്ഞ് തീർത്തിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. മഹാഭാരതത്തിലെ ശക്തയായ കഥാപാത്രമല്ലേ ദ്രൗപദി.
അവർ പോലും പൊട്ടിക്കരഞ്ഞുപോയ സന്ദർഭമുണ്ടായിട്ടില്ലേ? എത്ര ബോൾഡാണെങ്കിലും നിയന്ത്രണം നഷ്ടമാകുന്ന ഒരു സഹാചര്യം എല്ലാവർക്കും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കാൻ കൂടി എല്ലാവരും പഠിക്കണം. സമൂഹമാധ്യമം കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ട്. എന്നാൽ ഇത്തരം വ്യക്തിഹത്യകൾ പ്രോത്സാഹിപ്പിക്കരുത്. എന്റെ ഈ പ്രായത്തിൽ ഇത്തരം കാര്യങ്ങൾ എനിക്ക് താങ്ങാനാകില്ല. ഞാനൊരു കലാകാരിയാണെന്ന് കരുതി ആരുടെയും എന്തും കേൾക്കാനുള്ള ബാധ്യതയില്ല. എന്റെ കുഞ്ഞിന് അച്ഛനില്ല. എന്റെ കുട്ടികൾ പറഞ്ഞിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് കൈപിടിച്ചുകൊടുത്തത്. ഗുരുവായൂരപ്പനെ സാക്ഷിനിർത്തി നടത്തിയ കല്യാണമാണ്.
അതിൽ നിന്നുള്ള ഈ വിഡിയോയാണ് ഇങ്ങനെ ചെയ്തത്. ഒരു സ്ത്രീയോടും ഇങ്ങനെ ചെയ്യരുത്. സോഷ്യൽമീഡിയയിൽ അക്കൗണ്ട് ഉണ്ടെന്ന് കരുതി എന്തുംചെയ്യാം എന്ന് കരുതുന്നവർക്കെതിരെ നിയമം വരണം. എത്രയോ കാലമായി ഇതിനെതിരെ പലരും ശബ്ദമുയർത്തുന്നു. ആരോടും എന്തും പറയാം എന്ന് കരുതുന്നവർക്കതിരെ എനിക്ക് മിണ്ടാതിരിക്കാനായില്ല. അതുകൊണ്ടാണ് പ്രതികരിച്ചത്.–താരകല്യാൺ പറഞ്ഞു.
സമൂഹമാധ്യമത്തിൽ താരയുടെ വാക്കുകൾ ഇങ്ങനെ: ‘‘സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല.
നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുതേയും ഹൃദംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണം’’ –കണ്ണീരണിഞ്ഞു കൊണ്ട് താര പറഞ്ഞു.ഫെബ്രുവരി 20ന് ഗുരുവായൂര് ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള് സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാ കല്യാൺ.
English Summary: Thara Kalyan Emotional Vide Reaction