sections
MORE

കുടുംബവും ജോലിയും ഒരുമിച്ചു നോക്കുന്ന സ്ത്രീകളല്ലേ യഥാർഥ ഹീറോസ്? സേനയിലെ പെൺതിളക്കം

army-women
മേജർ പി.കവിത നായർ, സ്ക്വാഡ്രൻ ലീഡർ ഗ്രീഷ്മ കടങ്ങോട്ട്,ഡപ്യൂട്ടി കമൻഡാന്റ് ശ്വേത മാത്യു. ചിത്രം∙ മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം∙ 'കനലൊരു തരി മതി'യെന്ന പ്രയോഗം ഇവർക്കുള്ളതാണ്! 1,200ലധികം ജവാന്മാരുള്ള പാങ്ങോട് മിലിറ്ററി സ്റ്റേഷനിലുള്ളത് ഒരു വനിതാ ഓഫിസർ മാത്രം, മേജർ പി.കവിത നായർ. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെ ഏക വനിതയാണ് ഡപ്യൂട്ടി കമൻഡാന്റ് ശ്വേത മാത്യു. ശംഖുമുഖം വ്യോമസേന സ്റ്റേഷനിലെ ആകെയുള്ള 4 വനിതകളിലൊരാൾ സ്ക്വാഡ്രൻ ലീഡർ ഗ്രീഷ്മ കടങ്ങോട്ടും. വനിതാ ദിനത്തിനു മുന്നോടിയായി തലസ്ഥാനത്ത് സാന്നിധ്യമുള്ള 3 സേനകളിലെ 3 വനിതാപ്രതിനിധികൾ 'മനോരമ'യ്ക്കായി ഒത്തുചേർന്നപ്പോൾ ഉയർന്നു കേട്ടത് സൈന്യത്തിലെത്താൻ മൂവരും നടത്തിയ സമാനതകളില്ലാത്ത യാത്രകളുടെ കഥകൾ. ഇവരുടെ കഥകൾ വായിച്ച് ഒരു പെൺകുട്ടിയെങ്കിലും സൈന്യത്തിലെത്തിയാൽ ഇവർ ധന്യരായി. 

12 വർഷം, 9 പരീക്ഷ (മേജർ പി.കവിത നായർ)

അഞ്ചാം വയസിൽ അച്ഛൻ ഉപേക്ഷിച്ചു പോയ ശേഷം എല്ലാം അമ്മയായിരുന്നു. തയ്യിൽത്തൊഴിലാളിയായ അമ്മ തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഞങ്ങൾ 3 മക്കളെ പഠിപ്പിച്ചത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ആർമിയിൽ കയറണമെന്ന് വല്ലാത്ത ആഗ്രഹം. ഗൈഡ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ ആംഡ് ഫോഴ്സ് മെ‍ഡിക്കൽ കോളജ് പരീക്ഷയെഴുതി. 75–ാം റാങ്ക്. വനിതകൾക്ക് 25 സീറ്റ് മാത്രമായിരുന്നതിനാൽ കിട്ടിയില്ല. ആരോ പറഞ്ഞു എൻസിസിയിൽ ചേർന്നാൽ സൈന്യത്തിലെത്താമെന്ന്. പോളിടെക്നിക്കിൽ ചേർന്നു, വിഷയം ഏതെന്നു പോലും നോക്കിയില്ല, കാരണം എൻസിസി മാത്രമായിരുന്നു ലക്ഷ്യം. മൂന്നു വർഷവും സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷയെഴുതി, കിട്ടിയില്ല. കിട്ടിയ ക്യാംപസ് സെലക്ഷൻ വേണ്ടെന്നു വച്ചു. സ്വപ്നം പിന്തുടരാൻ അമ്മ പറഞ്ഞു. ഒടുവിൽ കൊല്ലം ടികെഎം കോളജിൽ ബിടെക്കിന് എട്ടാം തവണയും എസ്എസ്ബി എഴുതിയെങ്കിലും നിരാശയായിരുന്നു ഫലം. 

പഠനത്തിനെടുത്ത ലോൺ തിരിച്ചടയ്ക്കേണ്ടിയിരുന്നതിനാൽ ഒരു ഐടി കമ്പനിയിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു കയറി. അവിടെ വച്ച് ജീവിത പങ്കാളിയെ കണ്ടെത്തി. 9–ാം വട്ടം നോക്കി, പാസായി! രാജസ്ഥാനിൽ ഉൾപ്പടെ ആണുങ്ങൾക്കൊപ്പം ദിവസങ്ങളോളം ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. പുരുഷന്മാരേ വച്ചു നോക്കുമ്പോൾ കുടുംബവും ജോലിയും ഒരുമിച്ചു നോക്കുന്ന സ്ത്രീകളല്ലേ യഥാർഥ ഹീറോസ്?

പ്രളയവും അത്തപൂക്കളവും

2018 പ്രളയത്തിന്റെ സമയത്ത് സെക്രട്ടേറിയറ്റ് കൺട്രോൾ റൂമിലായിരുന്നു രണ്ടാഴ്ചയിലേറെ. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണത്. ഓണക്കാലമായിരുന്നതിനാൽ ഭർത്താവിനും കുട്ടിക്കുമൊപ്പം വീട്ടിൽ ചെലവഴിക്കാമെന്ന കണക്കുകൂട്ടൽ ഒറ്റദിവസം കൊണ്ടാണ് പാടേ മാറിമറിഞ്ഞത്. എല്ലാ ദിവസവും പൂക്കളമിടണമെന്നും സദ്യ ഒരുക്കണമെന്നുമൊക്കെ തീരുമാനിച്ചിരുന്നു. എല്ലാ തീരുമാനങ്ങളും വെള്ളത്തിൽ വരച്ച വര പോലെയായി. ആദ്യ ദിവസം മാത്രമാണ് പൂക്കളമിടാനായത്. ഓരോ ദിവസവും ഓരോ പൂക്കളമിടണമെന്നു കരുതിയ ഞാൻ ആദ്യ ദിവസമിട്ട പൂക്കളം വാരിക്കളഞ്ഞത് 10 ദിവസത്തിനു ശേഷം! കുട്ടിയെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി. ഭർത്താവ് മറ്റൊരിടത്തായിരുന്നു, ഞാനിവിടെയും. പക്ഷേ ആ 10 ദിവസം ഞാനനുഭവിച്ച സംതൃപ്തി ഇന്നും മനസിലുണ്ട്. ആയിരക്കണക്കിനു കോളുകളാണ് ഫോണിലെത്തിയത്. രക്ഷാപ്രവർത്തനം കഴിഞ്ഞ് ഏതാനം ദിവസം കഴിഞ്ഞ് ലഭിച്ച നൂറുകണക്കിന് നന്ദി സന്ദേശങ്ങൾ ഇന്നും നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

പെണ്ണുകാണലോ,അതോ ജോയിനിങ്ങോ? (സ്ക്വാഡ്രൻ ലീഡർ ഗ്രീഷ്മ കടങ്ങോട്ട്)

സിഇടിയിൽ എൻജിനീയറിങ് കഴിഞ്ഞ് ചെന്നൈയിലൊരു ഐടി കമ്പനിയിൽ ജോലി നോക്കുന്നതിനിടെ ആകസ്മികമായാണ് എസ്എസ്ബി എഴുതുന്നത്. ഒന്നരവയസ് ഇളയതായ സഹോദരൻ ജെസ്പാലിനെ കാണാൻ തിരുവനന്തപുരത്തേക്കു പോയ വഴിക്ക് അവന്റെയൊപ്പം കമ്പനിക്ക് പരീക്ഷയെഴുതിയതാണ്. സംഗതി കിട്ടി. അവനപ്പോൾ അവസാനവർഷ വിദ്യാർഥിയായിരുന്നു. തിരുവനന്തപുരം വരെ പോകാൻ ഒരു കാരണമായിരുന്നു പരീക്ഷ. മെക്കാനിക്കൽ പശ്ചാത്തലമായിരുന്നതിനാൽ ഐഎസ്ആർഒയിൽ പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, സമാനമായ ജോലിയാണ് വ്യോമസേനയിൽ കിട്ടിയത്–ആളില്ലാ വിമാനങ്ങളുടെ മെയിന്റനൻസ്!

ജോയിനിങ് തീയതി 31നും പെണ്ണുകാണൽ 25നുമായിരുന്നു. ഏതെടുക്കണമെന്ന് കൺഫ്യൂഷൻ. ഒടുവിൽ കല്യാണം വേണ്ടെന്നു വച്ചു, കൂളായി ജോലിക്കു ചേർന്നു. ഇതുവരെ കല്യാണം കഴിച്ചിട്ടില്ല! ജോലിക്കു കയറിയ ശേഷം പോകാത്ത സ്ഥലങ്ങളില്ല. 4200 കിലോമീറ്റർ സൈക്കിൾ യാത്ര വരെ നടത്തി.

സൈനിക് സ്കൂൾ ബോർഡിലെ പേര് (ഡപ്യൂട്ടി കമൻഡാന്റ് ശ്വേത മാത്യു)

എംഎസ്‍സി ബയോടെക്നോളജി കഴിഞ്ഞ എന്നെ സയന്റിസ്റ്റ് ആക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അച്ഛൻ മിലിറ്ററിയിലായിരുന്നതിനാൽ ചെറുപ്പം മുതലേ പട്ടാളച്ചിട്ട എന്തെന്നറിയാമായിരുന്നു. മഹാരാഷ്ട്രയിലെ സത്താറിലുള്ള സൈനിക് സ്കൂളിൽ അച്ഛൻ പ്രിൻസിപ്പലായി പോയപ്പോൾ എനിക്കും അഡ്മിഷൻ കിട്ടി. ആൺകുട്ടികൾക്കു മാത്രമാണല്ലോ അവിടെ പ്രവേശനമുണ്ടായിരുന്നത്. 40 ആണുങ്ങളും 2 പെൺകുട്ടികളുമായിരുന്നു. സ്കൂളിന്റെ മുന്നിലെ ബോർഡിൽ സൈന്യത്തിൽ പ്രവേശിക്കുന്ന പൂർവവിദ്യാർഥികളുടെ പേര് എഴുതാറുണ്ട്. അതിലൊരു പെൺകുട്ടിയുടെ പേര് പോലുമുണ്ടായിരുന്നില്ല. അന്ന് മനസിലുറപ്പിച്ചതാണ്. പക്ഷേ പിന്നീട് ബയോടെക്നോളജിയിൽ തന്നെ മുന്നോട്ടുപോയി. ജർമനിയിൽ ഗവേഷണം നടത്തുന്നതിനിടെയാണ് അന്നു മറന്നുവച്ച സ്വപ്നം തിരികെയെത്തുന്നത്.

വിആർഎസ് എടുത്ത അച്ഛനും പിന്തുണ നൽകി. അങ്ങനെ പരീക്ഷയെഴുതി കോസ്റ്റ് ഗാർഡിലേക്ക്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിന്നീടൊരു ദിവസം സൈനിക് സ്കൂളിലെ ബോ‍ർഡിന്റെ കാര്യം ഓർമിപ്പിച്ചു. ഉടൻ തന്നെ പ്രിൻസിപ്പലിനൊരു കത്തയച്ചു. ഇപ്പോഴും ആ ബോർഡിൽ പേരുള്ള ഏക വനിത ഞാനാണ്.

English Summary: Army Women Heros

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA