ADVERTISEMENT

കൊച്ചി∙ ‘മെട്രോ പാലത്തിന്റെ ചുവട്ടിൽ മണ്ണിൽ കിടന്നുറങ്ങുന്ന രണ്ടു വയസുകാരൻ. ഏതാണ്ട് അതേപ്രായമുള്ള രണ്ടോ മൂന്നോ കുട്ടികൾ അടുത്തിരുന്നു  കളിക്കുന്നു. എല്ലാവരുടെയും ശരീരത്തിൽ മണ്ണ് പറ്റിയിട്ടുണ്ട്. സമീപത്തുകല്ലിൽ കൂട്ടിയ അടുപ്പിൽ ഭക്ഷണമുണ്ടാക്കുന്ന മുഷിഞ്ഞ വേഷധാരികളായ അമ്മമാർ. അവിടെ തന്നെ ഏതാനും പുരുഷൻമാരും വൃദ്ധരും. പലരും കിടന്നുറങ്ങുന്നു. ഏറെയും നാടോടികൾ, ചിലർ ഭിക്ഷാടകർ’ എറണാകുളം നഗരത്തിലെ ഒരു പതിവു കാഴ്ചയാണിത്. കേരളത്തിനു പുറത്ത് അതിലേറെ കാണാം. വഴിയരികിലും, കലുങ്കുകൾക്കടിയിലും എല്ലാമായി. ഈ കാഴ്ചയിൽ നിന്നാണ് സംരംഭകയും ഡിസൈനറുമായ ലക്ഷ്മി മേനോന്റെ ‘ശയ്യ’ എന്ന പദ്ധതി രൂപം പ്രാപിക്കുന്നത്.

പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന ഒരു ദേശത്തിന്റെ മുഴുവൻ വീണ്ടെടുപ്പും സാധ്യമാക്കിയ ചേക്കുട്ടിപ്പാവയെ അവതരിപ്പിച്ച് ലോകശ്രദ്ധയിലെത്തിയ ലക്ഷ്മി മേനോന് ഇതൊരു സങ്കടക്കാഴ്ച മാത്രമല്ല, ഇവർക്ക് വീടു വച്ചുകൊടുക്കുക പ്രായോഗികമല്ല, കിടന്നുറങ്ങാനെങ്കിലും എന്തെങ്കിലും ചെയ്യാനായെങ്കിൽ എന്ന ചിന്തയാണ് ‘ശയ്യ’ എന്ന പദ്ധതിയിലേയ്ക്ക് വഴികാണിച്ചതെന്ന് ലക്ഷ്മി പറയുന്നു. തയ്യൽ കടകളിൽ കത്തിച്ചു കളയുന്ന വെട്ടു തുണികൊണ്ട് എന്തുകൊണ്ട് ഇവർക്കൊരു കിടക്കയുണ്ടാക്കി കൊടുത്തു കൂട എന്നായിരുന്നു ആലോചന. ഒരു ബാംഗ്ലൂർ യാത്രയ്ക്കിടെയാണിത് ഈ ആശയം ഉദിച്ചത്. ‘ചില സങ്കടങ്ങൾ കാണുമ്പോൾ വെളിപാടു പോലെയുണ്ടാകുന്ന തോന്നലുകൾ’ എന്ന് ലക്ഷ്മി മേനോൻ. അർഹതപ്പെട്ടവരിലേയ്ക്ക് സൗജന്യമായി കിടക്കകൾ എത്തിക്കാവുന്ന വികേന്ദ്രീകൃത പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവർ തന്നെ നേതൃത്വം നൽകുന്ന പ്യുവർ ലിവിങ്ങിന്റെ നേതൃത്വത്തിൽ വനിതാ ദിനമായ മാർച്ച് 8ന് ‘ശയ്യ’ എന്ന പുതിയ പദ്ധതിക്കു തുടക്കം കുറിക്കും. 

വിതരണത്തിലെ അസമത്വം – ഒരു ആഗോള പ്രശ്നം

ലോകത്ത് മാലിന്യമെന്ന പേരിൽ ഉപേക്ഷിക്കേണ്ടത് ഒന്നുമില്ലെന്നാണ് ലക്ഷ്മിയുടെ നിലപാട്. ഒരാൾക്ക് ആവശ്യമില്ലാത്തത് മറ്റൊരാൾക്ക് ആവശ്യമുണ്ടാകും. മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി, ചിലപ്പോൾ നേരിട്ടു തന്നെ ഉപയോഗിക്കാം. നമ്മുടെ നാട്ടിൽ തന്നെ രാത്രി യാത്ര നടത്തിയാൽ വെറും മണ്ണിൽ, തണുപ്പിലും മഴയിലും ഒരു പുതപ്പു പോലുമില്ലാതെ, കൈലി പുതച്ച്, അല്ലെങ്കിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന എത്രയോ പേരെ കാണാം. തീർഥാടക കേന്ദ്രങ്ങളിലും ഇതൊരു പതിവു കാഴ്ച. നാടോടികളും ഭവനരഹിതരും പിന്നാക്കക്കാരും തീർത്ഥാടകരും എല്ലാമുണ്ട് ഈ പട്ടികയിൽ. വീടില്ലാത്തതുകൊണ്ട് പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുന്നവർ, അമ്പലത്തിന്റെയും പളളിയുടെയും സുരക്ഷയിൽ ഉറങ്ങുന്ന എത്രയോ സ്ത്രീകളും കുട്ടികളുമുണ്ട് ഇവിടെ. ഇതിനെല്ലാം കാരണം ഉൽപാദനത്തിൽ ധാരാളിത്തമുണ്ടെങ്കിലും വിതരണത്തിൽ അസമത്വം നിലനിൽക്കുന്ന എന്നതാണ്. ഇതൊരു ആഗോള പ്രശ്നമാണെന്നും തിരിച്ചറിയണം. 

കേരളത്തിൽ നിരവധി ചെറുതും വലുതുമായ തയ്യൽ യൂണിറ്റുകളുണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂർ പോലെ ആയിരക്കണക്കിന് വസ്ത്രനിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുണ്ട് രാജ്യത്ത്. ഇവിടെയെല്ലാം വസ്ത്ര നിർണാണത്തിനു ശേഷം ബാക്കിയാകുന്ന ടൺ കണക്കിന് തുണികൾ കത്തിച്ചു കളയുകയാണ് എന്നുകൂടി അറിയണം. ഇത് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ ഒരു വശത്ത്. നശിപ്പിച്ചു കളയുന്ന ഓരോ തുണിക്കഷ്ണത്തിനു പിന്നിലും ഉപയോഗിക്കപ്പെടുന്ന അസംസ്കൃത വസ്തുക്കൾ, അധ്വാനം, ഊർജ്ജം, സമ്പത്ത് എന്നിങ്ങനെ എന്തെല്ലാം നഷ്ടമാകുന്നു. ഇത് നഷ്ടപ്പെടാതിരിക്കാൻ വേണ്ടത് ചെറിയൊരു സേവന സന്നദ്ധത മാത്രമാണെന്നാണ് ലക്ഷ്മിയുടെ വാദം. 

പിന്നിയെടുക്കാം ശയ്യ

വീടുകളിൽ ഉപയോഗ ശേഷം നശിപ്പിച്ചു കളയുന്ന പാഴ്ത്തുണികൾ ശുചീകരിച്ചെടുത്തോ, തയ്യൽ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കുന്ന വെട്ടു തുണികൾ ഉപയോഗിച്ചോ ശയ്യ ഒരുക്കാം. ബെഡ് റോളുകളായൊ വിരികളായോ ഇത് ഉപയോഗപ്പെടുത്താം. നിലവിൽ ചവിട്ടി നിർമാണത്തിന് കുറെപ്പേരെങ്കിലും ഉപയോഗിക്കുന്ന തന്ത്രം തന്നെയാണിത്. അൽപം നീളത്തിലും വീതിയിലും ഇവ നിർമിച്ചാൽ കിടക്കയായി ഉപയോഗപ്പെടുത്താനാകും. ലോകത്തിന്റെ ഏതു മൂലയിലുള്ളവർക്കും ഇത് നിർമിക്കാനാകും. പലരേയും പഠിപ്പിക്കേണ്ടതു പോലുമില്ല. ആവശ്യമുള്ളവർക്കായി ലഘു വിഡിയൊ പുറത്തിറക്കുന്നതും ആലോചനയിലുണ്ട്. സേവന താൽപര്യമുള്ള ആർക്കു വേണമെങ്കിലും ശയ്യ പദ്ധതിയിൽ പങ്കാളികളാകാം. വീട്ടിലിരുന്ന ബോറടിക്കുന്ന വീട്ടമ്മമാർ, മുതിർന്നവർ, റിട്ടയേർഡ് ജീവിതം നയിക്കുന്നവർ അങ്ങനെ ആർക്കും. 

ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുക എന്നതാണ് നേരിടേണ്ടി വരുന്ന ഒരു പ്രധാന വെല്ലുവിളി. ഇതിനും പദ്ധതി പരിഹാരം നിർദേശിക്കുന്നുണ്ട്. കേരളത്തിൽ 13000ൽ അധികം ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളുണ്ട്. ഇവർക്കെല്ലാം പ്രവർത്തി പരിചയ പരിശീലനങ്ങൾ നടപ്പാക്കാറുണ്ടെങ്കിലും പ്രായോഗികതയിലൊ സാമൂഹിക പ്രതിബദ്ധതയിലൂന്നിയൊ നടപ്പാക്കുന്നവ വളരെ ചുരുക്കം സ്കൂളുകൾ മാത്രമാണ്. ഇതിന് ഒരു മാറ്റമുണ്ടായാൽ, സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും കുട്ടികളെക്കൊണ്ട് ചെയ്യിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മനസു വച്ചാൽ ‘ശയ്യ’ പോലൊരു പദ്ധതി അനായാസേന വിജയമാകുമെന്നാണ് ലക്ഷ്മി പ്രതീക്ഷിക്കുന്നത്. ഹോസ്പിറ്റലുകൾ, ആദിവാസി കോളനികൾ, തീർഥാടന സ്ഥലങ്ങൾ തുടങ്ങി നഗരത്തിൽ ജീവിക്കുന്ന നാടോടികൾക്കു വരെ ഇത് വിതരണം ചെയ്യാനാകും.

മാസം രണ്ടു ദിവസമെങ്കിലും

കാഞ്ഞിരമറ്റം അരയൻകാവിൽ തന്റെ താമസ സ്ഥലത്തോടു ചേർന്ന് പ്യുവർ ലിവിങ്ങിന്റെ നേതൃത്വത്തിൽ ഇത്തരം സാമൂഹിക പ്രതിബന്ധതയുള്ള പദ്ധതികൾക്കായി ചെറിയ സംവിധാനം ഒരുക്കിയിട്ടുള്ളതായി ലക്ഷ്മി മേനോൻ പറയുന്നു. മനസുള്ളവർക്ക് മാസത്തിൽ രണ്ടു ദിവസമെങ്കിലും ഇവിടെ എത്തി പദ്ധതിയുടെ ഭാഗമാകാം. ഇതിനായി അസംസ്കൃത വസ്തുക്കൾക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ തയ്യൽ യൂണിറ്റുകളിൽ നിന്ന് ആഴ്ചയിൽ ഒരിക്കലൊ മറ്റൊ ഇത്തരത്തിലുള്ള തുണികൾ സംഭരിച്ച് എത്തിക്കും. തുടർന്ന് ഇവിടെ എത്തുന്നവർക്ക് പദ്ധതിയിൽ പങ്കാളികളാവാം. ഇതു

പോലെ താൽപര്യമുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിലും കൊച്ചു യൂണിറ്റുകളൊരുക്കി പദ്ധതി നടപ്പാക്കാം. സമാനമനസ്കരെ പങ്കെടുപ്പിച്ച് കുറെപ്പേർക്കെങ്കിലും സുഖമായ ഉറക്കം സമ്മാനിക്കാനായാൽ അളവറ്റ സന്തോഷവും സുഖനിദ്രയുമായിരിക്കും നമുക്കും ലഭിക്കുകയെന്ന് ലക്ഷ്മി മേനോൻ. വിശദവിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക്: ഫോൺ – 83300 21192

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com