ADVERTISEMENT

കല്ലുകൊണ്ടൊരു പെണ്ണ് - ഇതാണ് ഷീലയ്ക്ക് ഏറ്റവും യോജിക്കുന്ന വിശേഷണം. കടപുഴക്കാനെത്തുന്ന ദുരിതങ്ങളോട് നിവർന്നുനിന്നു പോരാടുക മാത്രമല്ല, എപ്പോഴും അവയോട് തന്റേത്തോടെ "കടക്കു പുറത്ത്" എന്നു പറയുകയുമാണ് കോട്ടയം ഇരവിനല്ലൂർ കൃപാലയത്തിൽ ഷീല.  "എന്നോട് ദുർവിധിക്ക് എന്തോ സ്നേഹക്കൂടുതലുണ്ട്. വിട്ടുപോകാൻ കൂട്ടാക്കുന്നില്ല " - എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ ഭാരം മുഴുവൻ ഒറ്റയ്ക്കു പേറുന്ന ഷീല പറയുന്നു. തളർത്താൻ രോഗങ്ങളും കൂട്ടിനെത്തിയിട്ടുണ്ടെങ്കിലും അവർ പോരാട്ടവീര്യം കൈവെടിയുന്നേയില്ല.

ഷീലയുടെ ദുരിതങ്ങളുടെ തുടക്കം പതിനെട്ടു വയസ്സിൽ നടന്ന വിവാഹത്തോടെയാണ്. കുടുംബത്തെക്കാളേറെ മദ്യത്തെ സ്നേഹിച്ച ഭർത്താവ്. ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സായപ്പോൾ ഉപേക്ഷിച്ചുപോയ ആൾ മൂന്നു വർഷം കഴിഞ്ഞാണു തിരിച്ചെത്തിയത്. ഏതാനും നാൾ കഴിഞ്ഞ് ഷീല രണ്ടാമതും ഗർഭവതിയായി.

അക്കാലത്താണ് ഏക സഹോദരി മിനിയുടെ ഭർത്താവ് അകാലത്തിൽ മരിക്കുന്നത്. അതോടെ മാനസികനില തകരാറിലായ മിനിയെ ഭർതൃവീട്ടുകാർ കയ്യൊഴിഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ ചേച്ചിയെയും രണ്ടു മക്കളെയും ഷീല താൻ താമസിച്ചിരുന്ന വാടകവീട്ടിലേക്കു കൂട്ടി. ‘കൂടപ്പിറപ്പാണ്, കൈവിട്ടുകളയില്ല’ എന്നായിരുന്നു ഷീലയുടെ തീരുമാനം. ഇതിന്റെ പേരിൽ ഷീലയുടെ ഭർത്താവ് വീടുവിട്ടുപോയി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു രണ്ടാമത്തെ പ്രസവം. ജനിച്ചത് ഇരട്ടക്കുട്ടികൾ. വീടു നിറയെ ആളും വാടക കൊടുക്കാ‍ൻ നിവൃത്തിയുമില്ലെന്ന അവസ്ഥയിൽ താമസിച്ചിരുന്ന വീടിന്റെ ഉടമ അവിടെനിന്ന് ഇറക്കിവിട്ടു. ജനിച്ചു നാൽപ്പതു ദിവസം മാത്രമായ ഇരട്ടക്കുട്ടികൾ അടക്കം അഞ്ചു കുഞ്ഞുങ്ങൾ, പ്രായമായ അച്ഛനും അമ്മയും, മനോദൗർബല്യമുള്ള സഹോദരി... ഇവരെയും കൊണ്ടു ഷീല  പെരുവഴിയിലേക്കിറങ്ങി.

ഒരു ധ്യാനകേന്ദ്രത്തിൽ ആദ്യം അഭയം തേടി. അവിടെനിന്നു പരിചയപ്പെട്ട ഒരു സ്ത്രീ സഹായം വാഗ്ദാനം ചെയ്ത് കുറവിലങ്ങാട് എത്തിച്ചു. പക്ഷേ, അവിടെ എത്തിയതോടെ അവർ കയ്യൊഴിഞ്ഞു. പരിചയമില്ലാത്ത സ്ഥലം, കയ്യിൽ ചില്ലിക്കാശില്ല. ഉടുതുണിയല്ലാതെ മറ്റൊന്നുമില്ല. ആ അലച്ചിലിനൊടുവിൽ ഗാന്ധിനഗർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിലെ ആനി ബാബുവിന്റെ അടുക്കലെത്തി. എല്ലാ ദുരിതങ്ങളും ഇറക്കിവയ്ക്കാ‍ൻ ഒരിടമായിരുന്നു ഷീലയ്ക്കത്. ആനിയുടെ ഇടപെടലിൽ ആദ്യം ഒരു വാടകവീട് ശരിയായി. പിന്നീട് പല സുമനസ്സുകളുടെയും സഹായത്തോടെ ആനി ഈ കുടുംബത്തിനായി പുതുപ്പള്ളിക്കു സമീപം ഇരവിനല്ലൂരിൽ മൂന്നു സെന്റ് സ്ഥലം കണ്ടെത്തി അതിൽ ചെറിയൊരു വീടു നിർമിച്ചുനൽകി. 

ഷീലയുടെ കഥയറിഞ്ഞ പാലക്കാട് സ്വദേശിനിയായ വീട്ടമ്മ ഒരു ഓട്ടോറിക്ഷ വാങ്ങിനൽകി. അന്നു മുതൽ ആ ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് ഷീല ജീവിതദുരിതങ്ങളെ ഓടിത്തോൽപ്പിക്കാൻ തുടങ്ങി. കുട്ടികൾ അഞ്ചുപേരും നന്നായി പഠിക്കുന്നവരായതിനാൽ ജീവിതത്തിൽ വീണ്ടും പ്രത്യാശ നിറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ സഹോദരി മിനിക്കു ചികിത്സയും ലഭ്യമായി.

ഒൻപതു വയറുകൾ നിറയ്ക്കാൻ ഷീലയ്ക്ക് അത്യധ്വാനം ചെയ്യേണ്ടിവന്നു. അച്ഛൻ സാമുവൽ രോഗം ബാധിച്ചു കിടപ്പിലായതോടെ ചികിത്സയ്ക്കായി കടം വാങ്ങിത്തുടങ്ങി. ഏറെ നാൾ കിടപ്പിലായിരുന്ന സാമുവൽ ഏതാനും വർഷം മുൻപു മരിച്ചു. ഇതിനിടെ വീടിന്റെ സ്ഥലപരിമിതികളിൽ ഞെരുങ്ങിയപ്പോൾ പണം കടമെടുത്ത് ഒരു കൊച്ചു കിടപ്പുമുറി കൂടിയുണ്ടാക്കി. അച്ഛന്റെയും സഹോദരിയുടെയും ചികിത്സയ്ക്കായി കടം വാങ്ങിയ തുകയ്ക്കൊപ്പം ഇതു കൂടിയതോടെ രണ്ടര ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി. പലിശ കൊടുക്കാൻ പോലും ഇന്നു ഷീലയ്ക്കു കഴിയുന്നില്ല. കടം മൂലം ആകെയുള്ള സമ്പാദ്യമായ ഓട്ടോറിക്ഷയും വീടും നഷ്ടപ്പെടുന്ന അവസ്ഥ. ഓട്ടോറിക്ഷയ്ക്ക് പതിനഞ്ച് വർഷത്തോളം പഴക്കമാകുന്നു. അതിന്റെ പണികൾക്ക് തന്നെ ഇപ്പോൾ നല്ലൊരു തുക വേണം.

ദുരിതങ്ങളുടെ കുത്തൊഴുക്കിൽ രോഗങ്ങളും ഷീലയെ തളർത്താനെത്തിയിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോമെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ് ഷീല ഇപ്പോൾ. ആശുപത്രി ഫാർമസിയിൽ ഇല്ലാത്ത മരുന്നുകൾ പുറത്തേക്ക് എഴുതിനൽകിയാൽ അതു വാങ്ങാൻ പോലും ഈ നിർധന കുടുംബത്തിനു കഴിയുന്നില്ല. കഴിക്കുന്ന മരുന്നു മുടങ്ങിയാൽ മിനിയിൽ വീണ്ടും രോഗം തലപൊക്കും. ഷീലയുടെ അമ്മ സാറാമ്മയ്ക്കും പ്രായത്തിന്റെ അവശതകളും രോഗങ്ങളുമുണ്ട്. രോഗദുരിതം താങ്ങാൻ വയ്യാതാകുന്നതിനാൽ മിക്കവാറും ദിവസങ്ങളിൽ ഷീലയ്ക്ക് ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാറില്ല. 

കുട്ടികൾ അഞ്ചുപേരുടെയും പഠനച്ചെലവുകൾ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. ഷീലയുടെ മൂത്ത മകൻ ഡിഗ്രി കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സ് ചെയ്യുന്നു. സഹോദരിയുടെ മകൻ ഡിഗ്രിക്കു പഠിക്കുന്നു. ഷീലയുടെ ഇരട്ടക്കുട്ടികളും ചേച്ചിയുടെ മകളും പ്ലസ്ടുവിനു പഠിക്കുന്നു. ജോലി വാങ്ങി അമ്മയ്ക്കു കൈത്താങ്ങാകണമെന്നാണ് അഞ്ചു മക്കളും സ്വപ്നം കാണുന്നത്. പക്ഷേ ദുരിതങ്ങളുടെ പെരുമഴപ്പെയ്ത്തിൽ ഈ കുടുംബം മുങ്ങിത്തുടങ്ങിയിരിക്കുന്നു. പുതിയൊരു ഓട്ടോറിക്ഷയും കടബാധ്യതകൾ തീർന്ന വീടും കുട്ടികളുടെ പഠനവും മാത്രമാണ് ഷീലയുടെ സ്വപ്നം. ദുരിത്രമെത്ര വന്നാലും തോറ്റുകൊടുക്കില്ലെന്നാണ് ഷീലയുടെ വാശി. "ദുരിതമേ... എനിക്കും നിങ്ങൾക്കും തമ്മിലെന്ത്" എന്ന് ദുർവിധിയെ പരിഹസിച്ച് ജീവിതവഴികൾ ഓടിത്തള്ളുകയാണ്.

English Summary: Women's Day Special Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com