ADVERTISEMENT

മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത സതി കൊടക്കാട് പറക്കുകയാണ്, അക്ഷരങ്ങളുടെ ചിറകിലേറി. വീഴ്ത്താൻ വന്ന വിധിയോട് അവൾ ഒരു പോരാട്ടം നയിച്ചു. ഒടുവിൽ തോറ്റുപോയത് സതിയല്ല, രോഗമാണ്.

സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച, കാസർകോട് കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശി എം.വി.സതി (സതി കൊടക്കാട്) പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്. ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും.

ജന്മനാ രോഗം തളർത്തിയ സതിക്ക് നടക്കാനോ കൈകൾ ശരിയായി ഉപയോഗിക്കാനോ ആവില്ല. നാലാം ക്ലാസിനു ശേഷം സ്കൂൾ പഠനം അവസാനിച്ചു. അതോടെയാണ്, സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന അച്ഛൻ സിവിക് കൊടക്കാട് മകളെ പുസ്തകങ്ങളോട് അടുപ്പിക്കുന്നത്. അദ്ദേഹം സ്ഥാപക സെക്രട്ടറിയായ ബാലകൈരളി വായനശാലയിൽനിന്ന് സതിക്ക് പതിവായി പുസ്തകങ്ങൾ എടുത്തു നൽകി. പിന്നീട് വായനയുടെ പൂക്കാലമായിരുന്നു. മുറിയുടെ നാലു ചുവരിനുള്ളിൽ ഒതുങ്ങേണ്ടി വന്ന സതിയുടെ ഭാവനാലോകം അങ്ങനെ ഏഴു കടൽ കടന്നു. അച്ഛനെ പോലും അദ്ഭുതപ്പെടുത്തി സതി വായനശാലയിലെ മൂവായിരത്തോളം പുസ്തകങ്ങൾ വായിച്ചുതീർത്ത് അവക്കെല്ലാം ആസ്വാദനക്കുറിപ്പ് തയാറാക്കുകയും ചെയ്തു. എഴുത്തിനോടുള്ള സതിയുടെ ആവേശം കണ്ടറിഞ്ഞ അച്ഛൻ കഥകളെഴുതാൻ അവളെ പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് കഥയെഴുത്തിലേക്കു ചുവടുമാറിയത്.

സതി എന്ന പാഠം

തന്റെ ജീവിതം ലോകമറിഞ്ഞു തുടങ്ങിയതോടെ സതി ഒരു പാഠമായി. 2008 - 2013 കാലത്ത് മൂന്നാം ക്ലാസിലെ മലയാളം - കന്നട പാഠാവലിയിൽ സതിയെ കുറിച്ചുള്ള പാഠം 'വായിച്ച് വായിച്ച് വേദന മറന്ന്' എന്ന പേരിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ സതിയുടെ ജീവിതം വായിച്ചറിഞ്ഞ് പതിനായിരക്കണക്കിനു സ്കൂൾ കുട്ടികളാണ് അവരുടെ പ്രിയപ്പെട്ട സതിയേച്ചിക്ക് കത്തുകൾ അയച്ചത്. സതി അതെല്ലാം നിധി പോലെ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സതി എഴുതിക്കൂട്ടിയ കഥകൾ പുറംലോകത്തെ അറിയിക്കാനും ഒരാൾ വന്നു; മലപ്പുറം സ്വദേശി ഷുക്കൂർ. അദ്ദേഹമാണ് അവളുടെ കഥകൾ പുസ്തകമാക്കി പുറത്തിറക്കിയത്. അടുത്തിടെ നൂറോളം കവിതകളുടെ സമാഹാരം ‘കാൽവരയിലെ മാലാഖ’ പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാലാ കലോത്സവത്തിൽ സംഘഗാനത്തിന് എ ഗ്രേഡ് നേടിയ ടീം ആലപിച്ച ഗാനശൃഖലയിലെ നാലോ അഞ്ചോ ഭാഗം സതിയുടെ കവിതകളും നാടൻ പാട്ടുമായിരുന്നു. കരിവെള്ളൂർ ആദി മുച്ചിലോട്ടുകാവിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘തിരുമംഗല്യം എന്ന സിഡിയിൽ ഇവർ എഴുതിയ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇത് പെരുങ്കളിയാട്ട വേദിയിൽ ഗായിക കെ.എസ്. ചിത്ര ആലപിച്ചത് നിറകണ്ണുകളോടെ സതി കണ്ടിരുന്നു. വയലോരം, കുഞ്ഞോളം എന്നീ വിഡിയോ ആൽബങ്ങൾക്കായും പാട്ടുകൾ രചിച്ചു.

കാണണം കാണാക്കാഴ്ചകൾ

അവശതകൾ കൂടിയതോടെ നിത്യകർമങ്ങൾ പോലും പരസഹായത്താലായി. പേന പിടിക്കാൻ വിരലുകൾ വഴങ്ങാതായപ്പോൾ സ്മാർട്ട് ഫോണിലായി എഴുത്ത്. ഇതിനിടെ, എന്നും പിന്തുണയുമായി നിന്ന അച്ഛൻ എന്നേക്കുമായി യാത്രയായി. പക്ഷേ, സ്നേഹക്കരുതലുമായി അമ്മ പാട്ടിയും സഹോദരന്മാരായ മുരളീധരനും സുരേന്ദ്രനും ഏട്ടത്തി രജിതയും സതിയുടെ കൂടെനിന്നു. സതിയുടെ ആത്മസുഹൃത്തുക്കൾ ചേർന്ന് അവൾക്കൊരു ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചതോടെ കാലങ്ങൾക്കു ശേഷം അവൾ വീണ്ടും പുറംലോകം കണ്ടു. ഇനി ഒരുപാട് യാത്രകൾ ചെയ്യണമെന്നും വായിച്ചറിഞ്ഞ ലോകം നേരിൽക്കാണണമെന്നുമാണ് സതിയുടെ മോഹം.

ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വേണ്ടി പയ്യന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ വിത്തൗട്ട് വിങ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തകയാണ് പത്തു വർഷമായി സതി. സമാന ജീവിതാവസ്ഥകളിൽ കൂടി കടന്നുപോകുന്ന മറ്റനേകം ജീവിതങ്ങളുണ്ടെന്ന ബോധ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാൻ സതിക്ക് പ്രേരണയാകുന്നു. തന്നെ രോഗക്കിടക്കയിലാക്കിയ വിധിയോട് ഇന്നവൾക്ക് പരിഭവമേയില്ല. ജീവിതത്തിൽ തെളിയുന്ന പ്രത്യാശയുടെ മിന്നാമിന്നി വെളിച്ചങ്ങൾ പോലും അവളെ ആഹ്ലാദിപ്പിക്കുന്നു.

‘ഇല്ല... തെല്ലുമില്ല സങ്കടം. അക്ഷരങ്ങളും സൗഹൃദങ്ങളും കൂടെയുള്ളപ്പോൾ എന്തിനെ ചൊല്ലിയാണ് വേദനിക്കേണ്ടത്... ’ – സതി ആത്മവിശ്വാസത്തോടെ പറയുന്നു.

സതിയുടെ കവിത

മാനത്തച്ഛന്റെ ഗർജ്ജനം കേട്ട്

ആകാശക്കുഞ്ഞിന്റെ മുഖത്ത്

ഭയത്തിന്റെ കാർമേഘത്തുണ്ടുകൾ.

സങ്കടത്താൽ പൊട്ടിക്കരയുമ്പോൾ

ഉതിർന്നുതിർന്നുവീഴുന്ന മിഴിനീർ

തുള്ളിയേറ്റ്, ഞാൻ നട്ട നാട്ടുമാവും

കണ്ണീർ പൊഴിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com