ADVERTISEMENT

മക്കളൊന്ന് വീണാൽ, ചെറുതായൊന്ന് മുറിഞ്ഞാൽ ചോര പൊടിയുന്നത് അമ്മമാരുടെ ചങ്കിലായിരിക്കും. അപ്പോൾ മകൻ കാൻസറാണെന്ന് അറിഞ്ഞാൽ അമ്മയുടെ അവസ്ഥയെന്തായിരിക്കും? പറഞ്ഞുവരുന്നത് നന്ദു മഹാദേവയുടെ അമ്മ ലേഖയെക്കുറിച്ചാണ്. രണ്ട് തവണയാണ് ഈ അമ്മ മകൻ കാൻസറിനോട് പൊരുതുന്നത് കാണുന്നത്. ചങ്കുപറിച്ചെടുത്ത വേദനയോടെയാണ് മകന്റെ ഓരോ കീമോ കഴിയുമ്പോഴും ഈ അമ്മ കൂട്ടിരിക്കുന്നത്. മകന്റെ കാൻസർ അതീജീവന യാത്രയെക്കുറിച്ചും പ്രതിസന്ധികളെ അതിജീവിക്കുന്നതിനെക്കുറിച്ചും ലേഖ മനസ് തുറന്നു.

കാൻസറാണെന്ന് ആദ്യമായി അറിഞ്ഞ ആ നിമിഷത്തെ അതീജിവിച്ചത് എങ്ങനെയാണ്?

നന്ദുവിന് കാൻസറാണെന്ന് ആദ്യം എന്നെ അറിയിച്ചിരുന്നില്ല. മകനും മകൾക്കും ഭർത്താവിനും മാത്രമാണ് അറിയാമായിരുന്നത്. കീമോ ചെയ്യണം എന്ന് പറഞ്ഞപ്പോൾ മാത്രമാണ് എന്നെ അറിയിക്കുന്നത്. മൂന്നും പേരും ആർസിസിയിലായിരുന്നു. അവിടെ നിന്നാണ് എന്നെ വിളിച്ച് വിവരം പറയുന്നത്. കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയത്തിൽ വലിയൊരു ഭാരം എടുത്തുവെച്ചതുപോലെ തോന്നി. ഒറ്റയ്ക്കിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു.

പിന്നെ ഞാൻ വിശ്വസിക്കുന്ന ഈശ്വരന്റെ ഫോട്ടോ നോക്കി സംസാരിച്ചു. പതുക്കെ മനസ് ശാന്തമാക്കി, മോൻ വരുമ്പോൾ കരയരുതെന്ന് മനസിനെ  പറഞ്ഞു പഠിപ്പിച്ചു. അവൻ വന്നപ്പോൾ ചിരിച്ചുകൊണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അവനും ചിരിച്ചുകൊണ്ടാണ് ഇറങ്ങിവന്നത്. എന്നെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു, 'നമ്മൾ ഇത് അതിജീവിക്കും അല്ലേ അമ്മേ' എന്ന്. ഉറപ്പായും അതിജീവിക്കുമെന്ന് പറഞ്ഞു.

നന്ദുവിന്റെ മനോധൈര്യം മുന്നേറാനുള്ള പ്രചോദനമായതിനെക്കുറിച്ച്? 

തീർച്ചയായും നന്ദുവിന്റെ മനോധൈര്യമാണ് മുന്നേറാനുള്ള പ്രചോദനം. ഈ അസുഖം കാരണം അവൻ സങ്കടപ്പെട്ടിട്ടില്ല. പക്ഷെ അവന്റെ വേദന കണ്ട് ഞാൻ കരഞ്ഞിട്ടിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ വേദന കണ്ടിരിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒന്നു കിടക്കാൻ പോലുമാകാതെ അവൻ നിന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്. കാൻസർ എന്ന അസുഖത്തിന്റെ ഭീകരത മനസിലാക്കിയ നിമിഷങ്ങളായിരുന്നു. ഉറങ്ങാൻ പറ്റാത്തപ്പോൾ ഞാൻ അവന്റെ അടുത്തിരുന്ന് ഉറക്കാൻ ശ്രമിക്കാറുണ്ട്. ഒരിക്കൽപ്പോലും അവനെ അടുത്ത് നിന്നും മാറിയിട്ടില്ല.

പുതിയ കാൽവെച്ച ശേഷം അമ്മയെ എടുത്തുപൊക്കിയ നന്ദുവിന്റെ ചിത്രം വൈറലായിരുന്നു. ആ നിമിഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷമായിരുന്നു. എന്റെ പൊന്നു മോന്റെ കാലുപോയത് ഉള്ളിൽ തീരാസങ്കടമായി കിടക്കുകയായിരുന്നു. കാലുവെച്ചപ്പോൾ എന്തെന്നില്ലാത്ത സമാധാനം തോന്നു. അവന് കാല് കൊടുത്ത ജോണ്‍ സാമുവേൽ, ബേബിച്ചായൻ ഇവരെ നന്ദിയോടെ ഓർമിക്കുന്നു.

വേദന തോന്നിയ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കാൻസറാണെന്ന് നന്ദു ആദ്യമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ദിവസം നാട്ടിൽ നിന്നും പലരും വിളിച്ചു. എന്തിനാണ് കാൻസറാണെന്ന് നാട്ടിൽ മുഴുവൻ അറിയിച്ചത്. വിവാഹ പ്രായമാകാറായ ഒരു പെൺകുട്ടിയില്ലേ, അതിനെ ആരെങ്കിലും കൊണ്ടുപോകുമോ? ചേട്ടന് കാൻസറാണെന്ന് അറിഞ്ഞാൽ ആരെങ്കിലും കല്യാണം കഴിക്കുമോ? ചികിത്സിച്ചിട്ട് കാര്യമില്ല, കാൻസർ വന്നാൽ രക്ഷയില്ല എന്നെല്ലാം പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനൊന്നും ഞാൻ ചെവികൊടുക്കാറില്ല. കാരണം എന്റെ മകനാണ് അസുഖം. അവൻ എന്ത് ചികിത്സ കൊടുക്കണമെന്നുള്ളത് ഞങ്ങളുടെ മാത്രം തീരുമാനമാണ്. 

വീണ്ടും കാൻസറിന്റെ വേദനയിലൂടെയാണ് നന്ദു കടന്നുപോകുന്നത്. ഏതെല്ലാം തരത്തിലാണ് പിന്തുണ നൽകുന്നത്?

നന്ദു ഒരിക്കലും ഈ അസുഖത്തിന് കീഴടങ്ങില്ലെന്ന വിശ്വാസം അവൻ പകർന്നു കൊടുക്കാറുണ്ട്. എന്റെ മകൻ ഇതും തരണം ചെയ്യും. ഒരു കാൻസറിനും അവനെ വിട്ടുകൊടുക്കില്ല. അതിന് വേണ്ടതെല്ലാം ചെയ്യും.

കാൻസർ ബാധിതരായവരുടെ കുടുംബാംഗങ്ങളോട് പറയാനുള്ളത്?

ഏറ്റവും കൂടുതൽ വേദനയും സങ്കടവും അനുഭവിക്കന്നവരാണ് കാൻസർ ബാധിതരുടെ കുടുംബാംഗങ്ങൾ. ആരു എന്തു പറഞ്ഞാലും ഉറച്ച മനസോടെ നിൽക്കണം. പലരും പല ചികിൽസാ രീതികളും പറയും. ചിലപ്പോൾ ഡോക്ടർ ഓപ്പറേഷൻ നിർദേശിക്കും. അത്തരം സാഹചര്യങ്ങളിൽ രണ്ടാമതൊരു ഡോക്ടറിന്റെ കൂടി ഉപദേശം ആരായണം. ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതുകേട്ട് വ്യാജമരുന്നുകൾ പരീക്ഷിക്കരുത്.

ശ്രീചിത്രയിലെ മെഡിക്കൽ പരീക്ഷണത്തിന് നന്ദു തയാറാകുകയാണെന്ന് അറിയിച്ചിരുന്നു. അമ്മ എന്ന നിലയിൽ അതിനെക്കുറിച്ച് പറയാനുള്ളത്?

നന്ദുവിന്റെ മനസിൽ നന്മയുള്ളത് കൊണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് തയാറാകുന്നത്. പരീക്ഷണം നടത്തുന്ന ഡോക്ടർമാർ അവനെ രക്ഷിക്കാനല്ലേ നോക്കൂ?  ഞാൻ അടിയുറച്ച ദൈവവിശ്വാസിയാണ്. എപ്പോഴും പോസിറ്റീവ് മാത്രം കാണാനാണ് ശ്രമിക്കുന്നത്. ജീവിതത്തിൽ നെഗറ്റീവുകൾ വന്നാലും അതിന്റെ പോസിറ്റീവ് വശം കണ്ടാൽ ടെൻഷൻ പോകും. എന്തിനും ഏതിനും നെഗറ്റീവ് പറയുകയും കണ്ടുപിടിക്കുകയും ചെയ്യുന്നവരുടെ കൂട്ട് ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്. എന്ത് പ്രതിസന്ധി വന്നാലും സങ്കടം ഉള്ളിലൊതുക്കി ചിരിച്ചാൽ നമ്മൾ അറിയാതെ തന്നെ ഒരു എനർജി ഉള്ളിൽ നിറയും. മറിച്ച് എപ്പോഴും കരഞ്ഞുകൊണ്ടിരുന്നാൽ എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത വിധം തളർന്നുപോകും.

നമ്മളുടെ കൂടെ നിൽക്കുന്നവരും തളരും. അതുകൊണ്ട് കരച്ചിൽ ഒഴിവാക്കി ചിരിക്കാൻ ശ്രമിക്കണം. ഈശ്വരൻ അറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടർമാർ. എന്നാലും ഒരു മനുഷ്യായുസ് തീരാറായി എന്ന് ഒരു ഡോക്ടർക്കും പറയാനാകില്ല. ഇവിടെയുള്ള ഡോക്ടറുമാരുടെയും മുകളിൽ മറ്റൊരു ഡോക്ടറുണ്ട്. അദ്ദേഹം എന്റെ മകനെ രക്ഷിക്കുമെന്ന് തന്നെയാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com