sections
MORE

സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കാഴ്ച പോയി; അറിവിന്റെ കാർത്തികദീപം

karthika-1
കാർത്തിക
SHARE

പ്രതിസന്ധികളിലൂടെ സങ്കടത്തിന്‌റെ ആഴങ്ങളിലേക്ക് ആണ്ടുപോകും നേരം, അങ്ങനെ അരുത് എന്നു പറഞ്ഞ് ചുറ്റുമുള്ളവരില്‍ ചിലര്‍ നമ്മുടെ കൈചേര്‍ത്തുപിടിക്കാറുണ്ട്. തിരികെയെത്തണം, പ്രതീക്ഷകളിലേക്കു നോക്കണം എന്നു പറയുന്ന അവര്‍ക്കും നമുക്കുമിടയിലെ സംഭാഷണത്തിനിടയിലേക്കു ചില കഥകളും കഥാപാത്രങ്ങളുമൊക്കെ കയറിവരാറുമുണ്ട്. പ്രചോദനത്തിന്‌റെ, പ്രകാശം പരത്തുന്ന മനുഷ്യര്‍ കഥാപാത്രങ്ങളായുളള കഥകള്‍. അങ്ങനെ ചിരപരിചിതമായ കഥാപാത്രങ്ങളിലൊന്നാണ് ഹെലന്‍ കെല്ലര്‍. കണ്ണിലിരുളും കാതില്‍ നിശബ്ദതുയുമായി പിറന്നുവീണിട്ടും ലോകത്തെ ചിന്തിപ്പിക്കാന്‍ മുന്നോട്ടു നയിക്കാന്‍ കാലം തിരഞ്ഞെടുത്ത മനുഷ്യരിലൊരാളാകാന്‍ കഴിഞ്ഞ ഹെലന്‍. ആ ജീവിതം പ്രകാശം പകര്‍ന്നുനല്‍കി കൂടുതല്‍ തിളക്കമാക്കി തീര്‍ത്ത നക്ഷത്രങ്ങളിലൊന്നാണ് കാര്‍ത്തിക. കാര്‍ത്തികയുടെ കഥ കേട്ടു കഴിയുമ്പോള്‍ പോസിറ്റിവിറ്റിയുടെ തൃക്കാര്‍ത്തിക ദീപം എന്നേ നമുക്ക് അവളെ വിളിക്കാനാകൂ. പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടി ബിഎ കഴിഞ്ഞ് പ്രശസ്തമായ ഇഫ്‌ളുവില്‍ എംഎ പ്രവേശനം നേടി യാത്ര തുടരുകയാണ് കാര്‍ത്തിക

ഇനി ഇരുട്ടാണെന്നു ചിന്തിച്ചിരുന്നില്ല

മിടുക്കിയായി സ്‌കൂളിലേക്കു പോകാന്‍ ഒരുങ്ങും നേരമാണ് ഇടംകണ്ണിലെ വെളിച്ചം പോയി എന്നു കുഞ്ഞു കാര്‍ത്തിക മനസ്സിലാക്കുന്നത്. അമ്മ പോലും കരുതിയത് കണ്ണുതിരുമ്മുമ്പോള്‍ ആരിലും നിമിഷ നേരത്തക്ക് മാത്രം എത്താറുള്ള ഒരു തെളിച്ചക്കുറവ് മാത്രമാണെന്നായിരുന്നു. ആ ദിവസം സ്‌കൂള്‍ വിട്ടുവരുമ്പോഴും ഇടംകണ്ണിലൂടെ ഒന്നും കാണാന്‍ കഴിയുന്നില്ലെന്നു പറഞ്ഞതോടെയാണ് കാര്യത്തിന്‌റെ ഗൗരവമറിയുന്നത്. പിന്നെ ആശുപത്രികളിലൂടെയുള്ള അലച്ചിലായിരുന്നു ഒരു വര്‍ഷത്തോളം. എന്താണ് കാര്യം എന്നു മെഡിക്കല്‍ സയന്‍സിനു കണ്ടുപിടിക്കാന്‍ വൈകിയതിനിടിയില്‍, ചികിത്സ തുടങ്ങാന്‍ വേണ്ടിവന്ന കാലതാമസത്തിനിടിയില്‍ വലംകണ്ണിലെ കാഴ്ചയും മറഞ്ഞുപോയി എന്നന്നേക്കുമായി. സൈനസില്‍ വന്ന കാന്‍സര്‍ ട്യൂമറായിരുന്നു കാരണം. പതിവ് കാന്‍സര്‍ ചികിത്സകളിലൂടെ മൂന്നാം ക്ലാസുകാരിയുടെ ജീവന്‍ രക്ഷിക്കാനായി എന്നു മാത്രം.

അന്നെല്ലാം പിന്തിരിഞ്ഞു നിന്നു, പക്ഷേ കാര്‍ത്തിക.

സൈനസില്‍ വളര്‍ന്ന കുഞ്ഞു ട്യൂമര്‍ രക്തയോട്ടം തടസ്സപ്പെടുത്തി കാഴ്ച കവര്‍ന്നു. ആ ട്യൂമര്‍ ഇല്ലാതാക്കാനുള്ള റേഡിയേഷനും കീമോതെറാപ്പിയുമൊക്കെ അടങ്ങുന്ന കാന്‍സര്‍ ചികിത്സയിലൂടെ നെര്‍വുകള്‍ കരിഞ്ഞുപോയതോടെ, കണ്ണുമാറ്റിവയ്ക്കാം ഭാവിയില്‍ എന്ന ്പ്രതീക്ഷയും ഇല്ലാതെയായി. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ക്കേ കാര്യങ്ങള്‍ കാര്‍ത്തികയ്ക്ക് എതിരായിരുന്നു. ആശുപത്രിയില്‍ എത്തിയ ആദ്യ ദിവസം ഡോക്ടര്‍മാരെ കാണാനായില്ല. മധുരയിലെ പ്രശസ്തമായ അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു പോലും ആദ്യം രോഗകാരണം കണ്ടെത്താനായില്ല. പിന്നെ രോഗം കണ്ടെത്തി അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ശ്രീചിത്രയിലെത്തിയെങ്കിലും ചീഫ് ന്യൂറോ സര്‍ജന്‍ ഇല്ലാത്തതു കാരണം സ്വകാര്യ ആശുപത്രിയിലേക്കു പോരേണ്ടി വന്നു. ഈ ഇടവേളകള്‍ക്കിടയിലായിരുന്നു വലതുകണ്ണിലേക്കുള്ള രക്തയോട്ടവും തടസ്സപ്പെടുന്നത്. അമ്മയും ഡോക്ടര്‍മാരും അക്കാര്യം മറച്ചുവച്ചെങ്കിലും താന്‍ അത് മനസ്സിലാക്കിയിരുന്നുവെന്ന് കാര്‍ത്തിക പറയുന്നു. ഇനി നടക്കുമ്പോള്‍ മോളെ പിടിച്ചുകൊള്ളണം എന്നു ഡോക്ടര്‍മാര്‍ പറയുന്നത് അവള്‍ കേട്ടിരുന്നു. 

karthika-2

അവളായിരുന്നു ധൈര്യം

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് അച്ഛന്‍ ജയചന്ദ്രന്‍. അമ്മ ശ്യാമ അധ്യാപികയായിരുന്നു. ഒരിക്കലും നിനയ്ക്കാത്തൊരു ദുരന്തത്തിനു മുന്‍പില്‍ ആദ്യം കരച്ചിലായിരുന്നു അച്ഛനും അമ്മയ്ക്കും. പക്ഷേ  പഠിച്ചുമുന്നേറണമെന്ന് ഇരുവരുടെയും കൈപിടിച്ച് അവള്‍ പറഞ്ഞ ആ നിമിഷം മുതല്‍ കണ്ണീരുനനച്ച കണ്ണുകളിലേക്ക് കാര്‍ത്തിക ദീപത്തിന്‌റെ തെളിമ വന്നു, ആ കണ്ണുകള്‍ പിന്നീട് അവള്‍ക്ക് വെളിച്ചമായി. കൂട്ടായി വന്ന കുഞ്ഞനുജന്‍ പ്രകാശത്തിന്‌റെയും കരുതലിന്‌റെയും കാഴ്ചക്കൂടാരത്തിലേക്കു വാശികളേതുമില്ലാതെ ചേര്‍ന്നു നിന്നു. ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിക്കണം എന്നതു മകളുടെ വാശിയായിരുന്നു. ഒരു വര്‍ഷം നഷ്ടമായെങ്കിലും കാര്‍ത്തിക നാലാം ക്ലാസ് പഠനം ഒളശ്ശ ബ്ലൈന്‍ഡ് സ്‌കൂളില്‍ പുനരാരംഭിച്ചു. ബ്രെയിലീ അക്ഷരങ്ങള്‍ വേഗം പഠിച്ചെടുത്ത കാര്‍ത്തികയ്‌ക്കൊപ്പം അമ്മയും ജോലി ഉപേക്ഷിച്ച് പഠിക്കാനിരുന്നു. നാലാം ക്ലാസുകാരി വിദ്യാര്‍ഥിനായി അമ്മയും വര്‍ഷങ്ങള്‍ക്കിപ്പുറം തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് അങ്ങനെ തന്നെയായിരുന്നു. അവളുടെ പാഠങ്ങള്‍ അമ്മ പഠിച്ച് പഠിപ്പിച്ചു കൊടുത്തു. ക്ലാസിലെ പാഠങ്ങള്‍ മാത്രമല്ല, മനസ്സില്‍ ക്രിയാത്മകതയുടെയും സാങ്കല്‍പികതയുടെയും മഴവില്ല് നിറയിക്കുന്നു പുസ്തകങ്ങളും ഉറച്ച തീരുമാനങ്ങളെടുക്കാന്‍ പ്രേരണയാകുന്ന മറ്റു രചനകളും അമ്മ മകള്‍ക്കായി വായിച്ചു നല്‍കി. 

എട്ടാം ക്ലാസ് ആയതോടെ സാധാരണ സ്‌കൂളിലേക്ക്, സാധാരണ വിദ്യാര്‍ഥിനിയായി കാർത്തിക മാറി. അമ്മ അധ്യാപികയായിരുന്ന കാണക്കാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാരും അമ്മയെ പോലെ പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കാന്‍ ഒപ്പം നിന്നു. കാഴ്ചയ്ക്കു പ്രശ്‌നമുള്ള കുട്ടികള്‍ക്ക് കണക്ക് വിഷയത്തില്‍ നല്‍കാറുള്ള ഇളവ് വേണ്ടെന്നു വച്ച് ഡയഗ്രം പോലും കാര്‍ത്തിക പഠിച്ചെടുത്തു. ഈര്‍ക്കിലിലും തീപ്പെട്ടിക്കോലിലും ഡയഗ്രങ്ങളുടെ മാതൃകകളുണ്ടാക്കി അവളുടെ കൈപിടിച്ച് അതില്‍ തൊടുവിച്ച് അത് മനസ്സിലാക്കിച്ച് പഠിപ്പെച്ചെടുക്കാന്‍ അധ്യാപകര്‍ മാത്രമല്ല ഒപ്പമിരുന്ന പഠിച്ച കൂട്ടുകാരികളും മത്സരിച്ചു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയായിരുന്നു ജയം. 

karthika-3

എല്ലാ അധ്യാപകരേയും കൂട്ടുകാരേയും എപ്പോഴും ഓര്‍ക്കാറുണ്ടെന്നും മനസ്സിനുള്ളില്‍ അവര്‍ എന്നുമുണ്ടെന്നും കാര്‍ത്തികയും അമ്മ ശ്യാമയും ഒന്നിച്ചു പറയുന്നു. നന്ദിക്കും അപ്പുറമാണ് അവരോടുള്ള കടപ്പാട്. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് പ്ലസ് വണ്ണില്‍ ചേരാന്‍ ചെല്ലുമ്പോള്‍ അതിയായ സന്തോഷത്തോടെയാ്ണ് അവര്‍ സ്വീകരിച്ചതെന്ന് അമ്മ പറയുന്നു. ക്ലാസ് മോള്‍ക്കു വേണ്ടി താഴേക്കു മാറ്റാമെന്ന് പ്രധാന അധ്യാപികയായ സിസ്റ്റര്‍ ലിനറ്റ് പറഞ്ഞുവെങ്കിലും കാഴ്ചക്കുറവ് മാത്രമേയുള്ളൂ മറ്റു ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ല, അതുകൊണ്ട് തനിക്കായി പ്രത്യേകം ഒരു ക്രമീകരണവും ഏര്‍പ്പെടുത്തേണ്ടെന്നു പറഞ്ഞ് കാര്‍ത്തിക തന്നെ അത് നിരസിച്ചു. അന്നേരം അവളുടെ മുഖത്തു കണ്ട പ്രസരിപ്പ് തന്നെയായിരുന്നു ആ വിദ്യാർഥിനിയെ നയിക്കാന്‍ അവരെ പ്രേരിപ്പിച്ചതും. ഫുള്‍ മാര്‍ക്ക് വാങ്ങിയായിരുന്നു ബിഎക്കു ചേര്‍ന്നത്. ഇത്രയും വര്‍ഷത്തെ പഠനത്തിനിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടത് കോളെജ് പഠനത്തിനിടയില്‍ മാത്രമായിരുന്നു. മകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും ടൂര്‍ കൊണ്ടുപോകാതിരിക്കാനും വാശികാണിച്ച മാനേജ്‌മെന്‌റ് നിരാശപ്പെടുത്തി. പക്ഷേ അതൊന്നും കാര്‍ത്തികയെ തെല്ലും സങ്കടപ്പെടുത്തിയില്ല. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാൻഗ്വേജസ് യുണിവേഴ്‌സിറ്റി(ഇഫ്ളു)യിലേക്ക് നടന്ന പ്രവേശന പരീക്ഷയില്‍ പതിനൊന്നാം റാങ്ക് നേടി അവള്‍, വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ അങ്ങേയറ്റം കരുതല്‍ നല്‍കുന്ന സാധ്യമായ എല്ലാ സൗകര്യങ്ങളും പഠനത്തിനായി ഒരുക്കുന്ന ഒരിടത്തേക്കാണു ചെന്നത്. 

ധൈര്യം അവിടെ നിന്ന്

കാന്‍സര്‍ എന്ന മഹാരോഗവും കഠിനമായ ചികിത്സയും കാഴ്ച നഷ്ടമാകലും അനുഭവിക്കേണ്ടി വന്ന ഒരു കുഞ്ഞിന്‌റെ മനസ്സില്‍ സങ്കടത്തിന്റെ പെരുമഴ വരേണ്ടതാണ്. പക്ഷേ തനിക്ക് അങ്ങനെ സങ്കടപ്പെട്ടിരിക്കാന്‍ തോന്നാതിരുന്നതിനു കാരണം ഒരുപക്ഷേ ബാല്യകാലമായതിനാലാകണം. പരിണിത ഫലങ്ങളെ കുറിച്ച് ചിന്തിച്ച് പുകയ്ക്കാന്‍ മനസ്സ് വളര്‍ന്നിട്ടില്ലാത്തതിനാലാവണം. സ്‌കൂളില്‍ എങ്ങനെ പോകാം എങ്ങനെ പുസ്തകം വായിക്കാം എന്നത് മാത്രമായിരുന്നു അന്നു ലക്ഷ്യമിട്ടത്. സ്‌നേഹവും നല്ല വാക്കുകളുമായി അച്ഛനും അമ്മയും ഡോക്ടര്‍മാരും പിന്നെ സ്‌നേഹമുള്ള കുറേ മനുഷ്യരും നിന്നപ്പോള്‍ കാഴ്ചയെന്ന കുറവ് മാഞ്ഞുപോയിരിക്കണം. അതൊരു പ്രശ്‌നമേയല്ലെന്ന് വളര്‍ന്നു വന്ന കാലത്ത് വികസിച്ചു വന്ന സാങ്കേതിക വിദ്യയും പറഞ്ഞു തന്നു. 

എല്ലാ വര്‍ഷവും വീട്ടില്‍ നിന്നൊരു വിനോദയാത്ര പതിവുണ്ട്. അത് ഏറ്റവും നന്നായി ആസ്വദിക്കുന്നയാള്‍ മകളാണെന്ന് അമ്മ പറയുന്നു. ലക്ഷദ്വീപ് യാത്രയില്‍ അണ്ടര്‍വാട്ടര്‍ ആക്ടിവിറ്റീസില്‍ ഏറ്റവും ഉത്സാഹിയായി നിന്നത് കാര്‍ത്തികയായിരുന്നു. മകളുടെ ആവേശം കണ്ട് അവിടത്തെ ഗൈഡുമാരും ഒപ്പംകൂടി. അവരെ കൂടി ത്രില്ലടിപ്പിച്ചു കാര്‍ത്തിക. 

അമ്മക്കുട്ടി, നോ പറയാന്‍ മടിയില്ല

ഹൈദരാബാദിലേക്കു വിടാന്‍ എനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു. പക്ഷേ നല്ല റാങ്ക് വാങ്ങുമ്പോള്‍ എന്ത് ചെയ്യാനാണ്. പിന്നെ ആകെയൊരു ആശ്വാസം ആളുകളെ മനസ്സിലാക്കാനും നോ പറയേണ്ടിടത്ത് അത് പറയാനും മടിയില്ലാത്ത കുട്ടിയാണ് അവള്‍ എന്നതായിരുന്നു. അടുത്തൊരാള്‍ വന്നിരുന്നാലൊന്നും ആദ്യമേ തന്നെ അറിയാനാകില്ലെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ കാര്‍ത്തിക അവരെ മനസ്സിലാക്കിയെടുത്തോളും. പിന്നെ യൂണിവേഴ്‌സിറ്റിയും അവിടത്തെ അന്തരീക്ഷവും സൗഹാര്‍ദ്ദപരമായിരുന്നു. പണ്ട് എന്തിനും ഏതിനും ഞാന്‍ തന്നെ വേണമായിരുന്നു. അവിടേക്കു പോയതില്‍ പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കൂട്ടുകാരെ കൂട്ടി പോയി സാധിച്ചോളും. അമ്മ പറയുന്നു.

കൂട്ടായി അനിയനും അച്ഛനും

അമ്മയാണ് വലം കൈ എങ്കിലും സ്‌നേഹത്തണല്‍ എന്നും അച്ഛനായിരുന്നു. അതിലേക്ക് ഏഴ് വയസ്സിന്റെ ഇളപ്പത്തില്‍ അനിയനും വന്നു. പ്രായവ്യത്യാസമുണ്ടെങ്കിലും ചേട്ടനെ പോലെയാണ് ജയകൃഷ്ണന്‍ ചേച്ചിയോട് പെരുമാറുന്നത്. അമ്മ ശ്യാമയ്ക്ക് കാലിന് ചെറിയൊരു അപകടം വന്നതോടെ കോട്ടയം ടൗണിലുള്ള കറക്കത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും അനിയന്‍ തന്നെ കൂട്ടുപോയി. കോട്ടയത്ത് വിരുന്നുവരുന്ന കലാമേളകളിലും പുസ്തകക്കൂട്ടങ്ങളിലും അനിയന്‍ ചേച്ചിയുടെ കൈപിടിച്ചു. കോട്ടയം ടൗണിലെ വഴികള്‍ക്കും അവിടത്തെ മനുഷ്യര്‍ക്കും ഈ ചേച്ചിയും അനുജനും പരിചിതരാണ്. സ്വന്തമായുള്ള രണ്ടു കണ്ണില്‍ മാത്രമേ ഇരുളിന് കയറിപ്പറ്റാനായുള്ളൂ. ബാക്കിയുള്ള ആറുകണ്ണുകളും തനിക്കൊപ്പം നിന്നെന്ന് കാര്‍ത്തിക പറയുന്നത് വെറുതെ പറയുന്നതല്ല. എല്ലാ അര്‍ഥത്തിലും അവള്‍ അത് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. പ്രസംഗം, കവിതാ രചന, ശാസ്ത്രീയ സംഗീതം എന്നിവയിലും നിരവധി സമ്മാനങ്ങളും കാര്‍ത്തിക നേടിയെടുത്തു.

സ്വപ്‌നം

ഏതൊരു വിദ്യാര്‍ഥിയേയും പോലെ തനിക്കും അധ്യാപികയാകണം എന്നു തന്നെയായിരുന്നു മനസ്സിലെന്ന് കാര്‍ത്തിക പറയുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ പഠനത്തിലും വായന എന്ന ഏറെ പ്രിയപ്പെട്ട ഹോബിയേയും മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ സഹായിച്ച സാങ്കേതിക വിദ്യയെ എല്ലാവര്‍ക്കും പരിചിതമാക്കുന്നതിലും തന്നെപ്പോലുള്ളവര്‍ക്ക് സഹായമാകുന്ന വിധത്തിലും പ്രവര്‍ത്തിക്കണം എന്നതായിരുന്നു പിന്നീട് മനസ്സിലേക്കു വന്ന ആശയം. എന്നാലിപ്പോള്‍ മനസ്സില്‍ ഈ റോളുകളില്‍ എല്ലാത്തിലും കൂടിയും കടന്നുപോകാന്‍ കഴിയുന്ന സിവില്‍ സര്‍വീസുകാരിയാകണം എന്നതാണു സ്വപ്‌നം. ഒരാള്‍ ഒരു മുന്‍ധാരണയെ മാറ്റിക്കാണിക്കുമ്പോഴാണ് പിന്നാലെ വരുന്നവര്‍ക്ക് പ്രചോദനമാകുക. സിവില്‍ സര്‍വീസ് നേടുന്നത് അത് സാധ്യമാക്കും എന്നു കരുതുന്നു കാര്‍ത്തിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA