എന്റെ മകന്റെ ജന്മദിനമാണ്; അവന്റെ അമ്മയുടെ ചരമദിനവും; ഉള്ള് നീറി ഒരു അച്ഛൻ പറയുന്നു

mom-lost
SHARE

റെയറസ്റ്റ് ഓഫ് ദി റെയർ കേസ്... വീ ട്രൈഡ് ഔവര്‍ മാക്‌സിമം! എനിക്കുണ്ടായ നഷ്ടത്തെ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കുറച്ചു വാക്കുകളിലൊതുക്കി. പക്ഷേ എന്റെ നഷ്ടം... അമ്മയില്ലാത്ത എന്റെ കുഞ്ഞിന്റെ നഷ്ടം. ഏതു വാക്കുകള്‍ക്കാണ് അതിനെ സാന്ത്വനിപ്പിക്കാനാകുക. അമ്മിഞ്ഞപ്പാലിന്റെ മധുരം നുണയാനുള്ള ഭാഗ്യം പോലും എന്റെ കുഞ്ഞിനുണ്ടായില്ല. പിറന്നു വീണ പൈതലിന്റെ മുഖം ഒരു വട്ടം പോലും അവള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഈ നഷ്ടങ്ങളെയെല്ലാം ലക്ഷം വാക്കുകള്‍ കൊണ്ട് സാന്ത്വനിപ്പിച്ചാലും മതിയാകില്ല. കാരണം നഷ്ടമായത്, എന്റെ കുഞ്ഞിന്റെ ബാല്യമാണ്. എനിക്ക് നഷ്ടമായത് പ്രിയപ്പെട്ടവളേയും. അമ്മയില്ലാതെ വളരേണ്ടുന്ന അവസ്ഥ ലോകത്ത് ഒരു കുഞ്ഞിനും വരാതിരിക്കട്ടേ..'– പ്രാർഥനയോടെയാണ് അഭിലാഷ് തുടങ്ങിയത്.

പരിചിതമാകാന്‍ മാത്രം പ്രമുഖനല്ല തിരുവനന്തപുരം ബാലരാമപുരം റസൽപുരം സ്വദേശി അഭിലാഷ് എന്ന പേര്. പക്ഷേ അമ്മയില്ലാതെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ആഘോഷിക്കേണ്ടി വന്ന കുഞ്ഞിനെയും അവന്റെ അച്ഛനേയും മുഖം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിത് വളരെ പെട്ടെന്നാണ്. സമൂഹ മാധ്യമ കൂട്ടായ്മയില്‍ പങ്കുവച്ച ആ പിറന്നാളുകാരനോട് ‘വനിത ഓണ്‍ലൈന്‍’ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒരായുഷ്‌ക്കാലത്തിന്റെ നഷ്ടത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്. മകന്റെ പ്രസവത്തോടെ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ പ്രിയപ്പെട്ടവളുടെ കഥ. ഓര്‍മകള്‍ പിന്നോട്ടു വലിക്കുമ്പോള്‍ ആശുപത്രിയുടെ ലേബര്‍ വാര്‍ഡിനു പുറത്താണ് അഭിലാഷ്. അവിടെ നിന്നു തുടങ്ങുന്നു എല്ലാ നഷ്ടങ്ങളുടേയും കഥ...

ഏപ്രില്‍ 8ന്റെ ഓര്‍മയ്ക്ക്

ടീച്ചറായിരുന്നു അഖില. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിച്ചവള്‍. എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷവും നല്‍കിയവള്‍. തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ മുളപൊട്ടിയത് അറിഞ്ഞപ്പോൾ മുതൽ അവൾ നിലത്തൊന്നും അല്ലായിരുന്നു. ഉള്ളിലെ കണ്‍മണിയുടെ കൈവളരുന്നുണ്ടോ കാല്‍ വളര്‍ന്നോ എന്ന് കണക്കു കൂട്ടി കഴിച്ചു കൂട്ടിയ നാളുകള്‍. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷം കുടുംബത്തേക്ക് എത്തുന്ന മുത്തിനു വേണ്ടി വീട്ടുകാരും കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ എല്ലാം വെറുതെയായി.- പെയ്യാന്‍ വെമ്പിനിന്ന മിഴിനീരിനെ മറച്ച് അഭിലാഷ് പറഞ്ഞു തുടങ്ങുകയാണ്.

ചെക്കപ്പിൽ എല്ലാം ഓകെയായിരുന്നു. മുന്‍കരുതലുകളും ജാഗ്രതയും ഒക്കെയുണ്ടായിരുന്നു. ഒടുവില്‍ കാത്തിരുന്ന ദിനമെത്തി, ഏപ്രില്‍ 8. ലേബര്‍ റൂമിനകത്തേക്ക് സന്തോഷത്തോടെ അവള്‍ പോയതു മാത്രം ഓര്‍മയുണ്ട്. അവസാന നിമിഷങ്ങളിലെന്തോ ഡോക്ടറും നഴ്‌സും വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു. ഞങ്ങള്‍ക്കും എന്തോ പന്തികേട് മണത്തു. ഡെലിവറി കഴിഞ്ഞ ശേഷവും അത് ഞങ്ങളെ അറിയിക്കാന്‍ അരമണിക്കൂര്‍ വൈകിപ്പിച്ചു

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA