ADVERTISEMENT

ലോക്ഡൗൺ കാലം ആഗോള തലത്തിൽ സാമ്പത്തികമാന്ദ്യമുൾപ്പടെയുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാൽ വ്യക്തിപരമായി ചില ഗുണങ്ങളും ഇല്ലാതെയില്ല. ജീവിതത്തിന്റെ സമയമില്ലായ്മകൾക്കിടയിൽ മനസിന്റെ അടിത്തട്ടിലേക്ക് അടിഞ്ഞുപോയ കലകളെ പലർക്കും വീണ്ടും പൊടിതട്ടിയെടുക്കാൻ കിട്ടിയ സമയം കൂടിയായി ഈ വീട്ടിലിരുപ്പ് കാലം മാറി. പഴയ സൗഹൃദങ്ങൾ പുതുക്കാനുമൊക്കെയുള്ള സമയമായി ഈ ലോക്ഡൗൺ മാറി. നൃത്തമെന്ന പഴയ പ്രണയത്തെ വീണ്ടെടുത്ത് കൂട്ടുകാരികളുമൊത്ത് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള നൃത്തം ചെയ്തതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് രേണു ഉണ്ണികൃഷ്ണൻ. ഈ നൃത്താവിഷ്കാരത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

കോട്ടയം സ്വദേശിയായ രേണുവിന്റെ വാക്കുകൾ ഇങ്ങനെ:എട്ടു വയസ് മുതൽ പതിനാറുവയസുവരെ ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസിൽ അരങ്ങേറ്റം കുറിച്ചു. കോട്ടയത്തു തന്നെയുള്ള ശ്രീമതി ശോഭ രാമചന്ദ്രനായിരുന്നു അധ്യാപിക. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സെമി ക്ലാസിക്കൽ എന്നീ ഇനങ്ങളാണ് അഭ്യസിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂളിലും കൊളേജിലുമൊക്കെ നൃത്ത ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലുള്ള എന്റെ കൂട്ടുകാരികളാണ് സഹോദരിമാരായ അഞ്ജലി നായരും ആരതി നായരും. നൃത്തത്തോടുള്ള താൽപര്യം തന്നെയാണ് ഞങ്ങളുടെ സൗഹൃദത്തിന് വഴിയൊരുക്കിയത്.

എല്ലാവരും പറയുന്നത് പോലെ ജോലിയും കല്യാണവും കുട്ടിയുമൊക്കെയായതോടെ നൃത്തത്തിന്റെ ലോകത്ത് നിന്ന് ഞാൻ അകന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എന്തെങ്കിലും പ്രോഗ്രാമുകൾക്കോ കുടുംബസദസുകളിലോ മാത്രമായി നൃത്തം ഒതുങ്ങി. പതുക്കെ അതും ഇല്ലാതെയായി. ഞാനൊരു നൃത്തകിയാണെന്ന കാര്യം തന്നെ മറന്നുപോയി. ഈ ഫെബ്രുവരിയിൽ വ്യക്തിപരമായ ചില പ്രശ്നങ്ങൾ മൂലം ആകെ നിരാശയായി ഇരിക്കുമ്പോൾ ഭർത്താവാണ് വീണ്ടും നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചത്. ഇത്രയും കാലം നൃത്തം പഠിച്ചതല്ലേ, വെറുതെയിരുന്ന് ഒരോന്ന് ആലോചിച്ച് വിഷമിക്കാതെന്ന് അദ്ദേഹം പറഞ്ഞതിനെത്തുടർന്നാണ് വീണ്ടും ചിലങ്ക അണിയുന്നത്. കോട്ടയത്ത് പാരിസ് ലക്ഷ്മിയുടെ നൃത്തവിദ്യാലയത്തിൽ ചേർന്ന് പഠനം പുനരാരംഭിച്ചു. ഞാൻ പഠിക്കാൻ തുടങ്ങിയതോടെ പഴയ കൂട്ടുകാർക്കും ഉത്സാഹമായി. പിന്നെ വീണ്ടും ഞങ്ങൾ ഒരുമിച്ചായി പഠനം. 

വീണ്ടും നൃത്തവഴിയിലേക്ക് വന്നപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നത്. അതോടെ ക്ലാസുകൾ ഓൺലൈനിലൂടെയായി. ലോക്ഡൗൺ വന്നതോടെ സമയം ഇല്ല എന്നുള്ള പരാതി തീർന്നു. ഇഷ്ടം പോലെ സമയമായി. ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ വാട്സാപ്പ് സ്റ്റാറ്റസ് ഇടാറുണ്ടായിരുന്നു. ഫെയ്സ്ബുക്കിലിടാനുള്ള ധൈര്യം ഇല്ലായിരുന്നു. ഒരു അടുത്ത സുഹൃത്താണ് സമൂഹമാധ്യമത്തിൽ വിഡിയോ ഇടാനുള്ള പ്രചോദനം നൽകിയത്. പേടിച്ചാണ് ഇട്ടത്. പക്ഷെ എല്ലാവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെ ആത്മവിശ്വാസമായി. ചെറുപ്പകാലത്തെ പോലെ ഒരുമിച്ച് ഒരു പ്രകടനം വേണമെന്ന് എനിക്കും അഞ്ജലിക്കും ആരതിക്കും വലിയ ആഗ്രഹമായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് എല്ലാവരും കുമാരനല്ലൂരുള്ള വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. 

വീടുകൾ തൊട്ടടുത്താണെങ്കിലും പ്രാക്ടീസൊക്കെ വാട്സാപ്പിൽ കൂടെ തന്നെയായിരുന്നു. വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് സമീപത്തുള്ള പറമ്പിൽ കൂടിയത്. കോട്ടയം ഗ്രീൻസോണിലായിരുന്ന സമയത്തായിരുന്നു ഷൂട്ടിങ്ങ്. ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരുമിച്ച് ചിലങ്ക അണിഞ്ഞത് ജീവിതത്തിലെ തന്നെ മറക്കാനാകാത്ത അനുഭവമാണ്. ഞാൻ ഡാൻസ് ചെയ്യുന്നത് കണ്ട് ഇപ്പോൾ എന്റെ മൂന്നുവയസുകാരി മോളും ഒപ്പം ചെയ്യാറുണ്ട്. എന്നെങ്കിലുമൊരിക്കൽ മോളോടൊപ്പം ഒരേ വേദിയിൽ നൃത്തം ചെയ്യണമെന്നാണ് ഇപ്പോഴത്തെ സ്വപ്നം. ലോക്ഡൗൺ കഴിഞ്ഞും നൃത്തത്തിന് ലോക്ഡൗൺ വീഴാതെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം.– രേണു പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com