ADVERTISEMENT

അമ്മയും അച്ഛനും നാല് സഹോദരങ്ങളും അടങ്ങുന്ന സാധാരണ കർഷകകുടുംബത്തിലെ ഇളയമകൻ. പാടത്തെ പണിക്കിടയിൽ അച്ഛൻ കഴിച്ചിട്ട് ഓട്ടുകിണ്ണത്തിൽ ബാക്കി വയ്ക്കുന്ന ആഹാരം ഇളയമകനായ ഗോപിനാഥിന് അവകാശപ്പെട്ടതായിരുന്നു.  പക്ഷെ ഒരു ദിവസം അച്ഛൻ ബാക്കിവച്ചതു കാണുന്നില്ല.  കുഞ്ഞ് വാവിട്ടു കരഞ്ഞു. 'അമ്മ ഓടി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു, അച്ഛന്റെ ബാക്കിയില്ല എന്ന് പറഞ്ഞു ആ കുട്ടി കരഞ്ഞു.   'അമ്മ ഒരു വാഴയില കൊണ്ട് വന്നു ആ കിണ്ണത്തിൽ അടച്ചു തുറന്നപ്പോൾ ആ കിണ്ണത്തിലിരിക്കുന്നു ഒരു ചെറിയ പുട്ടിന്റെ കഷ്ണം. ഇന്ന് ലോകം കണ്ട മായാജാലക്കാരനായ ഗോപിനാഥ് മുതുകാട് ജീവിതത്തിൽ ആദ്യമായി കണ്ട ഇന്ദ്രജാലം.    'ഓരോരുത്തരുടെയും ജീവിതത്തിൽ വിസ്മയത്തിന്റെ ഇന്ദ്രജാലം തീർക്കുന്ന അമ്മ ദൈവമാണെന്നും സ്നേഹമാണെന്നും പറയുന്നു ഈ മായാജാലക്കാരൻ. ഈ മാതൃദിനത്തിൽ അമ്മയെന്ന വലിയ ഇന്ദ്രജാലത്തെ കുറിച്ച് മനോരമ ഓണ്‍ലൈനോട് മനസു  തുറക്കുകയാണ് ഗോപിനാഥ് മുതുകാട്

അമ്മയ്ക്കു സമർപ്പിച്ച മാജിക്കിന്റെ ഓസ്കാർ 

അമ്മയാണ് നമ്മുടെ കാണപ്പെട്ട ദൈവം, അമ്മയ്ക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയുക.  എന്റെ അമ്മ വളരെ സുഖമായി ജീവിച്ചു വന്ന ഒരാളല്ല . അമ്മയുടെ മകൻ ഒരു വലിയ അവാർഡ് വാങ്ങുമ്പോൾ ആ വേദിയിൽ അമ്മ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  മലപ്പുറത്ത് വച്ച് ഒരു അവാർഡ് കിട്ടിയപ്പോൾ ഞാൻ പോയില്ല. അത് മനഃപൂർവം അമ്മയെ കൊണ്ടാണ് വാങ്ങിപ്പിച്ചത്.  എന്റെ 30 സെന്റ് സ്ഥലത്തു ഞാൻ തെരുവ് കലാകാരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട് വച്ച് കൊടുത്തു.  അവിടെയും മൂന്നു മിനിസ്റ്റേഴ്സ് ഉണ്ടായിരുന്നിട്ടും എന്റെ അമ്മയെക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.  അമ്മയ്ക്കായി എന്ത് ചെയ്താലും എനിക്ക് മതിയാകില്ല.  കാരണം അമ്മയാണെന്റെ എല്ലാം.  എന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ച്ചറുകൾ എല്ലാം അമ്മയുമായി നിൽക്കുന്ന പടമാണ്

മദേഴ്സ് ഡേയെപ്പറ്റി?

അമ്മയെ ഓർക്കാൻ എന്തിനാണ് അങ്ങനെയൊരു ദിവസം?? 'അമ്മ എപ്പോഴും നമ്മോടൊപ്പമുണ്ട്, അമ്മയുടെ ഒരംശം തന്നെയാണ് നമ്മൾ. ഒരു ദിവസം ഫിക്സ് ചെയ്തു അമ്മദിനം ആഘോഷിക്കുന്നതിൽ വിശ്വാസമില്ല.  ഒരു ദിവസത്തേക്ക് വേണ്ടി മാത്രം ഓർക്കേണ്ടതല്ല അമ്മ.  പക്ഷെ ചെയ്യുന്നവർക്ക് ചെയ്യാം, എന്റെ അഭിപ്രായത്തിൽ എനിക്ക് എന്നും  മദേഴ്സ് ഡേ ആണ്.  എന്നും അമ്മയ്ക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നാണു നാം നോക്കേണ്ടത്, സന്തോഷനിമിഷങ്ങൾ എത്രമാത്രം നമുക്ക് കൊടുക്കാൻ സാധിക്കും എന്നാണു നാം ചിന്തിക്കേണ്ടത് കാരണം എന്റെ അച്ഛൻ മരിച്ച സമയത്തു ഞാൻ സ്റ്റേജിൽ പെർഫോം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പിറ്റേന്നാണ് അവിടെ എത്താൻ  കഴിഞ്ഞത്. അപ്പോൾ ഞാൻ ആഗ്രഹിച്ചു ഒരു ദിവസം കൂടി അച്ഛൻ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു കൊടുക്കാമായിരുന്നു എന്ന്. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് .  അമ്മയ്ക്കും അച്ഛനും പകരം വയ്ക്കാൻ ഒന്നുമില്ല.  ഇത്രയധികം സത്യസന്ധമായി നമ്മെ സ്നേഹിക്കാൻ അവർക്കു മാത്രമേ കഴിയൂ… 

എന്റെ മാജിക് അക്കാദമിയിലെ Different Arts Centre എന്ന സെന്ററിൽ നൂറു ഭിന്നശേഷിക്കാർ കുട്ടികൾ ഉണ്ട്.  അതിൽ 78 കുട്ടികളുടെ വീട്ടിലും അവർക്കു ഭക്ഷണകിറ്റ് കൊണ്ടുകൊടുക്കാനായി ഈ ലോക്ക് ഡൌൺ സമയത്ത് പോയി.  അവിടെ കണ്ട അമ്മമാരുടെ അവസ്ഥ എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറമാണ്.  ഇത്തരം കുട്ടികളുടെ അവസ്ഥ ഒരിക്കലും മാറില്ല.  അമ്മയെപ്പോലും തിരിച്ചറിയാത്ത ഹൈപ്പർ ആക്റ്റീവ് ആയ എത്ര എത്ര കുട്ടികൾ, ആ അമ്മമാരുടെ മുഖത്ത് ഞാൻ വായിച്ചെടുത്ത വേദന. ഇവരൊക്കെയാണ് യഥാർത്ഥ അമ്മമാർ. കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ജീവിതം തന്നെ ഉഴിഞ്ഞുവച്ച അമ്മമാർ.  ഞാനിപ്പോ ഡെയിലി അവരുടെ അവസ്ഥ കാണാറുണ്ട്,  “എംപവർ” എന്ന് പേരിൽ ഞങ്ങൾ ഒരു പ്രൊജക്റ്റ് ചെയുന്നുണ്ട്.  കേരള സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ചേർന്ന് മാജിക് പഠിപ്പിക്കുന്ന ഒരു പ്രൊജക്റ്റ് ആണ് അത്.  ആ കുട്ടികളെ അസ്സെസ്സ് ചെയ്തപ്പോൾ അവർക്കു മാറ്റം വന്നതായി കണ്ടു. ആ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.  അങ്ങനെ അവിടെ ഡിഫറന്റ് ആർട്ട് സെന്റർ തുടങ്ങി. ഡാൻസ്, പാട്ട്, ചിത്രംവര, സിനിമ നിർമാണം അങ്ങനെ എല്ലാ ആർട്ട് ഫോംസും ഈ കുട്ടികളെ പഠിപ്പിക്കുക.  മാജിക് പ്ലാനെറ്റിൽ വരുന്ന ആൾക്കാർ ഇവരുടെ പെർഫോമൻസ് കണ്ടിട്ടു അവരുടെ കയ്യടിയും പ്രോത്സാഹനവും കണ്ട് ഇവർക്ക് വരുന്ന മാറ്റം ഇതാണ് ഞങ്ങളുടെ പ്രോജക്ടിന്റെ ലക്ഷ്യം.   അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടിയിലാണ് ലോക് ഡൗൺ ആയത്

ലോക്ക് ഡൌൺ ആയതിനു ശേഷം അമ്മയെ കാണാൻ കഴിഞ്ഞോ?

ഇല്ല ശരിക്കും അതുമാത്രമാണ് എന്റെ ദുഃഖം.  ഇത്രയും നാൾ അടുപ്പിച്ച്  അമ്മയെ കാണാതിരുന്നിട്ടില്ല.  ലോക്ക് ഡൌൺ കഴിഞ്ഞു ഉടനെ അമ്മയെ പോയി കാണണം.  ഞാൻ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി വർക്ക് ചെയ്യുന്നുണ്ട്.   ബോധവത്കരണ പരിപാടികളിൽ ഏർപ്പെടുന്നുണ്ട്.  

മദർസ് ഡേ ആഘോഷിക്കുന്നവരോട് എന്താണ് അങ്ങേക്ക് പറയാനുള്ളത്?

എനിക്ക് പറയാനുള്ളത് മക്കളോടാണ്.  നിസ്വാർത്ഥമായി അമ്മയെയും അച്ഛനെയും സ്നേഹിക്കുക.  നമ്മൾ നിഷ്കളങ്കരായിരുന്ന ശൈശവത്തിൽ നമ്മെ ചേർത്തുപിടിച്ച അമ്മയെ അതേ സ്നേഹത്തോടെ തിരിച്ചു ചേർത്തുപിടിക്കുക, നിഷ്കളങ്കമായി സ്നേഹിക്കുക.  ഓരോരുത്തരുടെ മനസ്സിലും വിസ്മയങ്ങൾ നിറയ്ക്കുന്ന അമ്മയാണ് ദൈവം.  അമ്മയില്ലാത്ത ലോകം ശൂന്യമാണ്.  എല്ലാ വേദനകളുമകറ്റുന്ന മാന്ത്രികസ്പർശമാണമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com