ADVERTISEMENT

ചെന്നൈയിൽ അണ്ണാ നഗറിലെ ആ മൂന്നു നില വീട്ടിൽ ലോക്ക് ഡൌൺ ആയതിനുശേഷം തുള്ളിച്ചാടി സന്തോഷിച്ചു നടക്കുന്ന ഒരാൾ ഉണ്ട്, അത് ആരാണെന്നല്ലേ, കഴിഞ്ഞ നാൽപതു വർഷമായി മലയാളിയുടെ മനസിൽ സംഗീതത്തിന്റെ തേൻമഴ പൊഴിക്കുന്ന ഗായിക സുജാത മോഹന്റെ ചെറുമകൾ ശ്രേഷ്ഠ.  ആ സന്തോഷത്തിനു ഒരു കാരണം കൂടിയുണ്ട്. റെക്കോർഡിങ്ങും സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്കോടു തിരക്കായിരുന്ന അമ്മയും അമ്മൂമ്മയും ഇപ്പോൾ എപ്പോഴും കൂടെയുണ്ട്.  കൊഞ്ചിക്കാനും കളിപ്പിക്കാനും പാടി ഉറക്കാനും ഒരുപാട് അമ്മമാർ പിന്നെ വേറെന്തു വേണം, ഇത്തവണത്തെ മദർസ് ഡേ സുജാത എന്ന അമ്മൂമ്മക്കും വളരെ പ്രിയപ്പെട്ടത് തന്നെ.  സ്വന്തം അമ്മയും, മകളും ചെറുമകളും കൂടെ ഉണ്ട്.  കുഞ്ഞു മോളോടൊപ്പം ചിലവഴിക്കാൻ ഒരുപാട് സമയം കിട്ടുന്നു.  ആ സന്തോഷത്തിനിടയിലും മനസിൽ അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്. കേൾക്കുന്നതൊന്നും നല്ല വാർത്തയല്ല.  കോവിഡ് ഹോട്ട്സ്പോട്ട് ആയ ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിലിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സന്തോഷവും ആകുലതകളും പങ്കുവയ്ക്കുന്നു.

അമ്മയും, മകളും, ചെറുമകളും ഒപ്പമുള്ള ഇത്തവണത്തെ മദർസ് ഡേ യെക്കുറിച്ച്?

sujatha-2

എനിക്ക് എന്നും മദർസ് ഡേ തന്നെയാണ്..  അമ്മയാകുന്ന നിമിഷം മുതൽ എല്ലാ അമ്മമാർക്കും അങ്ങനെ തന്നെയായിരിക്കും എന്ന് തോന്നുന്നു.  എപ്പോഴും മകളെ കുറിച്ചുള്ള ചിന്ത തന്നെയാണ്.  അവൾ വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയായി എങ്കിലും ഇപ്പോഴും അവൾ എനിക്ക് കുഞ്ഞാണ്.  അവൾ എവിടെ പോയാലും എനിക്ക് ആധിയാണ്.  എത്തേണ്ടിടത്തു ചെന്നെത്തി അവൾ തിരിച്ചു വിളിക്കുന്നതു വരെ സമാധാനം കിട്ടില്ല.  അവൾ സുഖമായിരിക്കുന്നോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്തെല്ലാം തരം ടെൻഷൻ ആണ്.  അവൾ തിരിച്ചും അങ്ങനെ തന്നെ.  എവിടെ പോയാലും ചെന്നെത്തിയാൽ ഉടനെ വിളിക്കും, പ്രോഗ്രാം ആണെങ്കിൽ അത് കഴിഞ്ഞു വന്നു വിളിക്കും. അവൾ വിളിക്കാതെ ഞാൻ ഉറങ്ങില്ല എന്ന് അവൾക്കറിയാം. എനിക്ക് തോന്നുന്നത് എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ്.  ഇപ്പോൾ ശ്വേതയ്ക്കും അത് മനസ്സിലാകുന്നുണ്ട്. ഒരു കുഞ്ഞായതോടെ അവളും ഇത്തരം ഒരു അവസ്ഥയിലാണ്.  അച്ഛൻമാർ പിണങ്ങേണ്ട കേട്ടോ അച്ഛൻമാർക്കറിയാം കുഞ്ഞുങ്ങളെ അമ്മമാർ ശ്രദ്ധിക്കും എന്ന്, അതാണ് അവരുടെ സമാധാനം.

പിന്നെ ഇങ്ങനെ ഒരു മദർസ് ഡേ ആഘോഷം കൊണ്ട് ചില അമ്മമാർക്കെങ്കിലും ഗുണം ഉണ്ടായേക്കും, മക്കൾ കെയർ ചെയ്യാത്ത ഒരുപാട് അമ്മമാർ ഉണ്ടാകും അവരെ ഓർക്കാനായി ഒരു ദിവസം. എന്റെ മനസിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മദർസ് ഡേ ഉണ്ട്.  നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു മദർസ് ഡേക്കു ശ്വേത ഒരു ഭാരതീയാർ കവിത പാടി എനിക്ക് ഡെഡിക്കേറ്റ് ചെയ്തു അയച്ചു. “ ചിന്നംച്ചിരു കിളിയെ” എന്നുള്ള പാട്ടാണ് ശ്വേത പാടി അയച്ചത്.  എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരുന്നു അത്.  ഞാൻ അറിയാതെ അവൾ അത് ചെയ്തു അയച്ചു, മനസ് നിറഞ്ഞു തൂവിയ  ഭയങ്കര സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു അത്.  

“A Mother's love is the purest love. This video is a humble gift to my mother, Sujatha Mohan, and a universal dedication to all mothers across the globe."  Swetha Mohan….

ചെന്നൈയിൽ ലോക്ക് ഡൌൺ ആണല്ലോ എങ്ങനെ സമയം ചിലവഴിക്കുന്നു?

ചെന്നൈയിൽ രണ്ടുമാസമായി ഞങ്ങൾ വീട്ടിൽ തന്നെയാണ്.  ശ്വേതക്കു കുഞ്ഞുണ്ടായപ്പോൾ ശ്വേതയുടെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്കു ഞങ്ങൾ മാറി.  സെക്കന്റും തേർഡും ശ്വേതയും അവളുടെ ‘ഇൻലോസും’ താമസിക്കുന്നു.  ശ്വേതയ്ക്ക് കുഞ്ഞുണ്ട്, പിന്നെ എന്റെ വയസായ അമ്മയുണ്ട് അതുകൊണ്ടു ഇങ്ങനെ താമസിച്ചപ്പോൾ സൗകര്യമായി.   അതിപ്പോ ശരിക്കും ഉപകാരമായി. എല്ലവർക്കും ലോക്ക് ഡൗൺ സമയത്ത് ഒരുമിച്ചു നില്ക്കാൻ കഴിഞ്ഞു.  ലോക്ഡൗൺ ആയതിൽ പിന്നെ ആരും പുറത്തു പോയിട്ടില്ല.  ഇപ്പോൾ ശരിക്കും ഒരു വീട്ടമ്മയുടെ റോളിൽ ആണ്.  വീടിന്റെ ഫ്രണ്ടിൽ അത്യാവശ്യ സാധനങ്ങൾ എല്ലാം കൊണ്ട് വരും. എപ്പോഴും ബിസി ആയിരുന്നതുകൊണ്ടു വീട്ടുജോലി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.  ഇപ്പോൾ എല്ലാം ചെയ്യുന്നു. കുക്കിങ് മുതൽ വീട് ക്ലീനിങ് വരെ.  പിന്നെ കുഞ്ഞുവാവ ഉള്ളതുകൊണ്ട് ആർക്കും ബോർ അടിക്കില്ല അവൾ എല്ലായിടത്തും തുള്ളിച്ചാടി നടക്കും, ഞങ്ങളെയെല്ലാം ഒരുമിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് മോൾ.  

ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ മഹാമാരിയെ കുറിച്ച്?

ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ആരും കരുതിയതല്ലല്ലോ. ലോകം മുഴുവൻ ഒരുമിച്ചു ഒരു പാൻഡെമിക്നെ നേരിടുകയല്ലേ. എത്രയെത്ര അമ്മമാരാണ് കുഞ്ഞുങ്ങളെ പിരിഞ്ഞു പലയിടത്തു കഴിയുന്നത് അതുപോലെ തിരിച്ചും. എത്ര മരണങ്ങൾ ആണ് കേൾക്കുന്നത്. അനവധി ആളുകളുടെ ജോലി പോയി ഞങ്ങളുടെ ഇൻഡസ്ട്രിയിൽ തന്നെ ഡെയിലി വേജസിനു ജോലി ചെയ്തോണ്ടിരുന്നവരുടെയൊക്കെ കാര്യം കഷ്ടമാണ്. ഒരുപാടു പേര് ദുരിതം അനുഭവിക്കുന്നു. ഒക്കെ ഓർക്കുമ്പോൾ സങ്കടമാണ്.  പിന്നെ എല്ലാ ദുഖവും ശമിപ്പിക്കുന്ന ഒരു ഔഷധമാണല്ലോ സംഗീതം. കുറച്ചു നേരം പാടും അപ്പോൾ ഒരു സമാധാനം കിട്ടും. അതാണ് മുന്നോട്ടു നയിക്കുന്നത്.  പിന്നെ ചില ഗ്രൂപ്പുകളിലൊക്കെ പാടി കൊടുക്കാറുണ്ട്. ശ്വേതയും വളരെ ബിസി ആണ്. ഓൺലൈൻ ഗ്രൂപ്പുകളിൽ ഒക്കെ പാടാറുണ്ട്.  മറ്റുള്ളവർക്ക് വേണ്ടി ഇത്രയൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയൂ.   

മറ്റുള്ള അമ്മമാരോട് ഈ മദർസ് ഡേയിൽ എന്താണ് പറയാനുള്ളത്?  

sujatha3

എന്താ പറയുക. മദേഴ്സ് ഡേ എന്നല്ല എന്തെങ്കിലും ആഘോഷിക്കാൻ നമുക്കിപ്പൊ കഴിയുമോ? എന്റെ അമ്മയും മകളും കുഞ്ഞുമോളും കൂടെയുള്ളത് തന്നെ എനിക്ക് സന്തോഷം. എല്ലാ അമ്മമാർക്കും സ്വന്തം കുഞ്ഞുങ്ങളോടൊപ്പം കഴിയാൻ പറ്റട്ടെ. ദൂരെയുള്ളവരൊക്കെ അരികെ വന്നു ചേരട്ടെ..   

എനിക്ക് തോന്നുന്നത് ഇപ്പോൾ മനുഷ്യരുടെ സ്വാർത്ഥത അല്പം കുറഞ്ഞിട്ടുണ്ടെന്നാണ്. എവിടെ നോക്കിയാലും അങ്ങോട്ടും ഇങ്ങോട്ടും കെയർ ചെയ്യുന്നതായാണ് തോന്നുന്നത്.  സോഷ്യൽ ഡിസ്റ്റൻസിങ് ആണെങ്കിലും മനസു കൊണ്ട് എല്ലാരും ഒന്നായിട്ടുണ്ട്. ഈ മഹാമാരിയും നമുക്ക് മറികടക്കാൻ കഴിയും... എല്ലാവരും വളരെ ശ്രദ്ധിച്ചു ജീവിക്കുക.  ഇത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്.  ലോകമൊട്ടാകെ ഒരുപാടുപേർ ദുരിതമനുഭവിക്കുന്നുണ്ട്.  എല്ലാം ശരിയായി വരുന്ന ഒരു സമയം ഉണ്ടാകും അതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.   പഴയ ഒരു ജീവിതത്തിലേക്ക് പോകാൻ കുറച്ചു സമയം എടുത്തേക്കും.  വളരെ സൂക്ഷിച്ചു പണം ചെലവഴിക്കുക.  പാഴ്ചെലവുകൾ കുറയ്ക്കുക.  ബുദ്ധിമുട്ടുന്ന ഒരുപാടുപേർ ഉണ്ട്, അവരെ കഴിവതും സഹായിക്കുക. നാമൊന്നിച്ചു അതിജീവിക്കും.

എപ്പോഴും കൊഞ്ചി ചിരിച്ചു പാടുന്ന പ്രിയപ്പെട്ട ഗായികയുടെ സ്വരത്തിൽ വേദനയുടെ നനവ്  എങ്കിലും “Hope is the best thing”  എന്നും എല്ലാവരും ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കണമെന്നും എല്ലാ അമ്മമാർക്കും സ്നേഹത്തോടെ മാതൃദിനം ആശംസിക്കുന്നു എന്നും മലയാളികളുടെ പ്രിയ ഗായിക പറയുന്നു.

English Summary: Mother's Day Special Story Of Sujatha Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com