ക്വാറന്‍റീന് മന്ത്രിമാരും സ്കൂളൊരുക്കി; തെളിവുമായി ട്രോളുകളെ നേരിട്ട് രമ്യ: അഭിമുഖം

ramya-haridas-covid-troll
SHARE

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന മലയാളികളെ പ്രളയകാലത്തിലെന്ന പോലെ സ്കൂളുകളിൽ അടക്കം ക്വാറന്‍റീൻ ചെയ്യാമല്ലോ എന്ന ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘പെങ്ങളൂട്ടിക്ക് ഇതേ കുറിച്ച് വലിയ ബോധ്യമില്ലേ.’ എന്ന് പരിഹസിച്ചാണ് സൈബർ ഗ്രൂപ്പുകൾ ഇൗ വാക്കുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഭാഗത്തും സ്കൂളുകളിൽ ഇതിനോടകം ആളുകളെ ക്വാറന്റീൻ ചെയ്തു കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ് എംപി പറയുന്നു. മന്ത്രിമാരായ എ.കെ ബാലന്റേയും എ.സി മൊയ്തീന്റേയും മണ്ഡലങ്ങളിൽ സ്കൂളുകളിൽ ഇൗ സംവിധാനം ഇപ്പോഴും സജീവമാണെന്നും എം.പി. പറഞ്ഞു. 

ആലത്തൂർ മണ്ഡലത്തിൽ ഇൻസ്റ്റിറ്റ്യൂഷണല്‍  ക്വാറന്റീൻ സംവിധാനത്തിൽ എത്തുന്നവർക്ക്  ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് കഴിയില്ലെങ്കിൽ എംപി എന്ന നിലയിൽ അവർക്കുള്ള സൗകര്യമൊരുക്കാൻ തയാറാണെന്നും രമ്യ വ്യക്തമാക്കി. പ്രചരിക്കുന്ന ട്രോളുകളെ കുറിച്ചും രമ്യാ ഹരിദാസ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

ramya-scholl
ആലത്തൂർ മണ്ഡലത്തിൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക

‘ഞാൻ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല. സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, കോളജുകൾ ഇവിടെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ സംവിധാനം നടപ്പാക്കാവുന്നതാണ്. ഇപ്പോൾ പരിഹസിക്കുന്നവരുടെ യുവജനസംഘടനകൾ അടക്കം സ്കൂളുകളും കോളജുകളും വൃത്തിയാക്കി ക്വാറന്റീൻ സംവിധാനം ഒരുക്കിയെന്ന് മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. ഇടതുപക്ഷ എംഎൽഎമാർ അടക്കം അതാത് മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തയാറെടുപ്പുകൾ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞാൻ അതു പറഞ്ഞപ്പോൾ എനിക്കെതിരെ പതിവായി നടക്കുന്ന സൈബർ ആക്രമണത്തിന് ഒരു കാരണം കൂടി. ഇതൊക്കെ കാണുന്നവർക്ക് മനസിലാകുന്നുണ്ട്...’

ശുചിമുറി സൗകര്യങ്ങൾ പരിമിതമല്ലേ സ്കൂളുകളിൽ?

സ്വന്തം പഞ്ചായത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മലയാളികളുടെ എണ്ണം ചുരുക്കമായിരിക്കുമല്ലോ. ഇവരിൽ പരിശോധനകൾക്കു ശേഷം വീട്ടിൽ തന്നെ ക്വാറന്റീൻ ഇരിക്കാൻ താൽപര്യമുള്ളവരുണ്ടാകും. അല്ലാത്തവർക്ക് നമ്മൾ സൗകര്യം ഒരുക്കണം. അവർക്ക് സ്കൂളുകളിൽ സൗകര്യം ഒരുക്കാമല്ലോ. അവിടെ എത്തുന്നവരുടെ എണ്ണം കുറവാകുമ്പോൾ അവിടെയുള്ള ശുചിമുറികൾ തന്നെ ഉപയോഗിക്കാം. ശുചീകരണത്തിനു വേണ്ട ജീവനക്കാരെയും നമുക്ക് സജ്ജമാക്കാം. ഇനി അതല്ല താൽക്കാലിക ശുചിമുറി സൗകര്യങ്ങൾ വേണമെങ്കിലും ഒരുക്കാൻ തയാറാണ്. 

ഇപ്പോൾ തന്നെ മന്ത്രി എ.സി മൊയ്തീന്റെ നിർദേശപ്രകാരം തെക്കുംക്കര ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കൻഡറി സ്കൂളിലാണ് അതിഥി തൊഴിലാളികളെ  താമസിപ്പിച്ചിരിക്കുന്നത്. എ.കെ ബാലൻ മന്ത്രിയുടെ മണ്ഡലത്തിൽ സെന്റ് മേരീസ് പോളിടെക്നിക് കോളജ് അടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ക്വാറന്റീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് ക്യത്യമായി നമ്മുടെ സ്കൂളുകളിൽ തന്നെ മടങ്ങിയെത്തുന്നവർക്ക് വേണ്ട സൗകര്യം ഒരുക്കാൻ കഴിയും. ഇതാണ് ഞാൻ പറഞ്ഞത്. അതിനെ മണ്ടത്തരം എന്ന് പ്രചരിപ്പിക്കുന്നവരോട് എന്തു പറയാനാണ്. 

ഇൗ പറയുന്നവർ വാളയാറിൽ കുടുങ്ങി പോയവരോട് ഒന്ന് സംസാരിക്കണം. കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ ഒരു അമ്മ എന്നോട് പറഞ്ഞത് വേണ്ട എന്നാണ്. കാരണം അവിടെ ബാത്ത്റൂമിൽ പോകാൻ ഒരു സൗകര്യവുമില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ അതിർത്തികളിൽ കുടുങ്ങി കിടക്കുന്നവരോട് സംസാരിക്കണം. അവർക്കായി തമിഴ്നാട് സർക്കാരാണ് സൗകര്യം ഒരുക്കിയത്. ഇതൊന്നും ഇവർ കാണുന്നില്ലേ. മടങ്ങിയെത്തുന്ന പ്രവാസികൾക്കെല്ലാം കേരളം സൗകര്യം ഒരുക്കി എല്ലാം തയാറാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലക്ഷങ്ങൾ ഒന്നും വന്നിട്ടില്ലല്ലോ ആ സൗകര്യങ്ങളിൽ അതിർത്തിയിൽ എത്തുന്ന മലയാളികൾകളെ കൂടി ഉൾപ്പെടുത്തണം. അല്ലാതെ സത്യം പറയുന്നവരെ അപഹസിക്കുക അല്ല വേണ്ടത്. ഇൗ സൈബർ ആക്രമണം എനിക്കെതിരെ സ്ഥിരമായതുെകാണ്ട് ജനങ്ങൾക്ക് കാര്യം മനസിലാകും. ഞാൻ പറഞ്ഞതെന്താണെന്ന് അവർക്ക് മനസിലാകും.’ രമ്യ വ്യക്തമാക്കി.

English Summary: Ramya Haridas About School Quaranteen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA