sections
MORE

മറ്റുള്ളവർ മാറിനിന്ന വഴിയിലൂടെ സഞ്ചരിച്ചു; പ്രതീക്ഷയ്ക്കും അപ്പുറത്തെ ലാഭം കൊയ്ത് പ്രിയ

priya
പ്രിയ ശിവദാസ്
SHARE

ജീവിതത്തിൽ ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് ഓരോ വഴികൾ ആണ്. ആ വഴികൾ നമ്മുടെ ജീവിതത്തിൽ മാത്രം പ്രകാശം തെളിയിക്കുന്നതായിരിക്കില്ല. ഒരുപാട് ജീവിതങ്ങളും ചിലപ്പോൾ വലിയ പ്രസ്ഥാനങ്ങളും വരെ ആ ആ പ്രഭയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. പ്രിയ ശിവദാസ് അങ്ങനെയൊരു വഴിയിലേക്ക് എത്തിപ്പെട്ടയാളാണ്. കോർപ്പറേറ്റ് ട്രെയ്നറും സംഘടനാ വികസന ഉപദേശവുമായി തിളങ്ങുന്ന പ്രിയ ശിവദാസ്. സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർ മുതൽ വൻകിട കമ്പനികൾ വരെ പ്രിയയെ തേടിയെത്തുന്നു.  മാഹിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് കോർപ്പറേറ്റുകളുടെ ലോകത്ത് അതും സ്ത്രീകൾ അധികം ചെന്നെത്താത്ത ഒരു മേഖലയിലേക്ക് വന്നെത്തി നിറഞ്ഞ ചിരിയോടെ മുന്നോട്ടുപോകുന്ന പ്രിയ സംസാരിക്കുന്നു. മത്സരങ്ങളുടെ ലോകത്ത് ശരിക്കുമുള്ള മത്സരാർത്ഥികൾ ഏറെ വിലകൽപിക്കുന്ന തന്റെ പ്രൊഫൈൽനെക്കുറിച്ച് പ്രിയ തന്നെ കൂടുതൽ സംസാരിക്കട്ടെ.

തുടക്കം വീട്ടിൽനിന്ന്

മാഹിയിലെ പ്രശസ്തമായ കക്കാട് കുടുംബത്തിലാണ് ജനനം. അച്ഛനും അമ്മയും അമ്മാവന്മാരും നിറഞ്ഞ ഒരു കുടുംബത്തിൽ സ്നേഹമേറെ അറിഞ്ഞാണ് വളർന്നത്. പക്ഷേ അവർ യാഥാസ്ഥിതികരും ആയിരുന്നു.അങ്ങനെ ഒരു കുടുംബാന്തരീക്ഷത്തിലുള്ള ഏതൊരു പെൺകുട്ടിയെയും പോലെ ഡാൻസും പാട്ടും കളിയും മാത്രമായിരുന്നു എന്റെയും ലോകം. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു എന്നതിനാൽ അത്തരത്തിലുള്ള ആശങ്കകൾ ഏതുമില്ലാതെയാണ് ഞാൻ വളർന്നത്. അതിന്റെതായ കുറച്ച് തലക്കനവും ഉണ്ടായിരുന്നു. കൂട്ടുകാർക്ക് നമ്മൾ എവിടെയെങ്കിലും കുട്ടിയും കുടുംബവും ആയി കഴിഞ്ഞു കൂടണം എന്ന് തന്നെ ആയിരിക്കുമല്ലോ സ്വഭാവികമായി ആഗ്രഹം. പക്ഷേ ഒരു  ബിസിനസ് കുടുംബത്തിലെ രീതികൾ കണ്ടു വളർന്ന എനിക്ക് അന്നേ ആ രംഗത്തോട് വലിയ താൽപര്യമായിരുന്നു. ബിസിനസ്സിലെ ഉയർച്ചയും തളർച്ചയും കണ്ടുശീലിച്ച എനിക്ക് ഒരു കൗതുകം തന്നെയായിരുന്നു. ബിസിനസ് സ്ഥാപനങ്ങൾക്ക് ഉള്ളിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനും അവ വിലയിരുത്താനും അതിൽ നിർദ്ദേശങ്ങൾ നൽകാനും ഒക്കെ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഓരോ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്ന് അന്നേ മനസ്സിൽ ഉള്ള ഒരു കാര്യമായിരുന്നു. പക്ഷേ, എങ്ങനെ അതൊരു പ്രൊഫഷൻ ആക്കി മാറ്റാം ജീവിതത്തിലുടനീളം ചേർത്തു പിടിക്കണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു ജോലി നേടുമെന്നും ആ ജോലി ഇത്തരത്തിലുള്ള ഒന്ന് ആയിരിക്കുമെന്നും അന്നേ ഞാൻ ഉറപ്പിച്ചിരുന്നു. ഒരു വ്യക്തിയേയോ അല്ലെങ്കിൽ ഒരു വലിയ ബിസിനസ് സംരംഭത്തെയോ സഹായിക്കാൻ കഴിയുക എന്നത് ഒരു ജീവിതത്തെ മാത്രമല്ല ഒരുപാട് ജീവിതങ്ങളെയും അതുപോലെ ഒരു സമൂഹത്തെയും സഹായിക്കുന്നതിന് തുല്യമായിരിക്കും എന്ന് തിരിച്ചറിഞ്ഞിരുന്നു. യാഥാസ്ഥിതിക കുടുംബമാണ് എങ്കിലും എപ്പോഴും നല്ലത് ചെയ്യുക എന്നത് മാത്രം പറഞ്ഞാണ് വളർത്തിയത്. സെന്റ് തെരേസാസിൽ നിന്നു കമ്മ്യൂണിറ്റി ഡെവലപ്മെന്റിൽ ഡിഗ്രിയും അതുകഴിഞ്ഞ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നു എംബിയും നേടി. എന്റെ ജീവിതത്തിൽ  വഴിത്തിരിവായത് ഡോക്ടർ പ്രസാദ് സുന്ദർ രാജനുമായുള്ള കൂടിക്കാഴ്ചയായിരുന്നു.  

 അധികമാർക്കുമറിയാത്ത വഴികൾ... 

 കോർപ്പറേറ്റ് സ്ഥാപനങ്ങളെയും അവിടത്തെ വ്യക്തികളെയും ട്രെയിൻ ചെയ്യുന്ന അതിനുവേണ്ടുന്ന ഉപദേശങ്ങൾ നൽകുന്ന ഒരു വ്യക്തിയിലേക്കുള്ള യാത്ര അദ്ദേഹത്തിൽ നിന്നാണ് തുടങ്ങിയത്. ഐഐഎമ്മിൽ നിന്ന് പഠിച്ചിറങ്ങിയ പ്രസാദ് സുന്ദർരാജൻ നമ്മുടെ ക്ലാസ് മുറികളിൽ അടച്ചിട്ടു പഠിപ്പിക്കുന്ന വെറും ഒരു ട്രെയിനർ ആയിരുന്നില്ല. എങ്ങനെ മറ്റുള്ളവരെ കൂടുതൽ നന്നാക്കാം എന്ന് പഠിപ്പിക്കുന്ന വെറും ഒരു അധ്യാപകൻ മാത്രമായിരുന്നില്ല അദ്ദേഹം.  ഗുരുകുല രീതിയാണ് പിന്തുടരുന്നത്.  അദ്ദേഹത്തിന്റെ പ്രോഗ്രാമിൽ മൂന്നുവർഷം ഞാൻ പഠിച്ചു. എന്താണ് ശരിയായ സന്തോഷം എന്ന് അറിഞ്ഞ കാലമായിരുന്നു അത്. എല്ലാവരും അറിയപ്പെടുന്ന ട്രെയിനർ ആയി മാറുക കൂടുതൽ പണം സമ്പാദിക്കുക, പ്രശസ്തി നേടുക അതൊന്നുമല്ല എന്നെ ഈ പ്രൊഫഷനിലേക്ക് ആകർഷിച്ച കാര്യം.

priya2

തീർച്ചയായും സാമ്പത്തികമായി നമ്മൾ സ്വതന്ത്രർ ആയിരിക്കണം എന്നതൊരു വസ്തുതയാണ്. പക്ഷേ പണം എന്നത് എന്നെ ഒരിക്കലും മുന്നോട്ടു നയിച്ചു കാര്യമായിരുന്നില്ല. അത് അദ്ദേഹത്തിൽ നിന്ന് പകർന്നുകിട്ടിയ കാര്യമാണ് കാര്യങ്ങളെ കൂടുതൽ വിശദീകരണം ചെയ്യാനും വ്യക്തികളെ വിശകലനം ചെയ്യാനും നമ്മൾ നമ്മളായിരിക്കണം എന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. 

 കേരളവും ഈ പ്രൊഫഷനും

കേരളത്തെ സംബന്ധിച്ച് ഇത്തരം ഒരു ജോലി എന്നാൽ മോട്ടിവേഷൻ ആണ്. മലയാളികൾക്ക്  കൂടുതലും സ്വീറ്റ് ടോക് അഥവാ അവരെ കൂടുതൽ വിഷമിപ്പിക്കാതെ നല്ലതുമാത്രം പറഞ്ഞു കൊണ്ട് മുന്നോട്ടു നയിക്കുന്ന ആളുകളെയാണ് കൂടുതൽ ഇഷ്ടം.  അവരെയാണ് വേണ്ടത്. പക്ഷേ ഞാൻ മുന്നോട്ടു കൊണ്ടു പോകുന്ന ട്രെയിനിങ് രീതി അതല്ല. ഒരു വ്യക്തിയെയോ ഒരു കോർപ്പറേറ്റ് സ്ഥാപനത്തെയും ട്രെയിൻ ചെയ്യുമ്പോൾ ആ ഒരു രീതിയിൽ ഉള്ള ട്രെയിനിങ് കൊടുത്തത് കൊണ്ട് ഒരു കാര്യവും ഉണ്ടാകാൻ പോകുന്നില്ല. ഞാൻ പഠിച്ചതും അതാണ്. സുന്ദർരാജനെ  ആദ്യമൊന്നും എനിക്കിഷ്ടമല്ലയിരുന്നു. കാരണം നമ്മളെ ഒരുപാട് വിമർശിക്കും,  വിഷമിപ്പിക്കും. എന്നിട്ടേ കാര്യത്തിലേക്ക് വരികയുള്ളൂ. ആ കോഴ്സ് പഠിക്കാൻ പോകുന്നതിന് വീട്ടിൽനിന്ന് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് 50,000 രൂപയായിരുന്നു ഫീസ്. പക്ഷേ എനിക്ക് തോന്നി ഇതാണ് എന്റെ വഴി ഞാൻ ഇതു  ചെയ്യണം എന്ന്. അങ്ങനെ  തോന്നിയതുകൊണ്ട് നിർബന്ധം പിടിച്ചു കോഴ്സിന് ചേർന്നു. കോഴ്സിന്റെ രീതിയിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഞാൻ ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ട്. പതിയെ പതിയെ അദ്ദേഹം എത്രമാത്രം സ്വാഭാവികത ഉള്ള വ്യക്തിയാണ്, മനസ്സ് ശുദ്ധമാണ്,  എന്തിനുവേണ്ടിയാണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞതോടെ നിലപാടുകളും രീതിയും മാറി. പക്ഷേ കേരളത്തിൽ ഈ റഫ് രീതി അഥവാ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടുള്ള ട്രെയിനിങ് രീതി അത്ര പരിചിതമല്ല. വെറുതെ ഒരു ട്രെയിനിങ് പ്രോഗ്രാം എന്നതിനപ്പുറം എന്നെ  ബന്ധപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എന്നിലൊരു  വിശ്വാസമുണ്ട് എന്ന് തോന്നിയാൽ മാത്രമേ ഞാൻ മുന്നോട്ടു പോകാറുള്ളൂ. 

ജീവിതത്തിലെ സന്തോഷം ആത്മസംതൃപ്തി

ഒരുപാട് ആളുകളും സ്ഥാപനങ്ങളുമായി വലിയ രീതിയിൽ ഇടപഴകാനും പ്രവർത്തിക്കാനും സാധിക്കുമെങ്കിലും മനസ്സുകൊണ്ട് ഞാനൊരു അമ്പലവാസി ആണ്. സാധാരണ സ്ത്രീയാണ്. പ്രസാദ് സുന്ദർരാജൻ ആണ് വേദങ്ങളെക്കുറിച്ച് പഠിപ്പിച്ചത്. ഏറ്റവും ആശ്വാസം തരുന്ന കാര്യങ്ങളും വേദങ്ങളെ കുറിച്ചുള്ള പഠനവും ആത്മീയ പുസ്തകങ്ങളും തന്നെയാണ്

കരിയറിൽ മികച്ച രീതിയിൽ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ഒരു പറിച്ചു നടൽ. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ട് 12 വർഷത്തിലേറെയായി ആയിരുന്നു. അന്നേരം  എനിക്ക് എന്റെ കുടുംബവുമായി നാട്ടിലെ ബന്ധങ്ങളുമായി കൂടുതൽ ചേർന്ന് നിൽക്കണം എന്നു തോന്നി. മാത്രമല്ല, എന്റെ മകൻ വളർന്നു വരികയാണ്. കുടുംബ ബന്ധം എന്താണെന്നു അവൻ കൂടുതൽ അറിയണം,  നാട്ടിലെ ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ എല്ലാത്തിനും പങ്കെടുത്ത് അത് എന്താണെന്ന് അവൻ അറിയണം എന്ന് തോന്നി. ബാംഗ്ലൂരിലെ തിരക്കുള്ള ജീവിതവും മറ്റു പ്രശ്നങ്ങളും അവനെ കൂടുതൽ ബാധിക്കുന്നു എന്ന് തോന്നിയപ്പോഴാണ് വീടിന്റെ ചട്ടക്കൂട് തേടി ഞാൻ കൊച്ചിയിലേക്ക് വരുന്നത്. അതൊരു എടുത്തുചാട്ടം ആയോ മണ്ടത്തരം ആയോ അന്ന് എന്നെ അറിയുന്ന പലർക്കും തോന്നിയിരിക്കാം. പക്ഷേ, ഇന്ന് എന്റെ മകനിലേക്ക് നോക്കുമ്പോൾ ആ തീരുമാനം ഏറ്റവും ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു

ഇവിടെ എങ്ങനെ തുടങ്ങണമെന്നോ എന്റെ ജോലി രീതികളുമായി ഇവിടുത്തെ അന്തരീക്ഷം ചേരുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. എന്തും വരട്ടെ എന്ന രീതിയിലാണ് ട്രെയിനിങ് ഫോർ യു എന്ന സ്ഥാപനം  തുടങ്ങുന്നത്. പ്രസാദ് സുന്ദർരാജനിൽ  നിന്ന് പകർന്നു കിട്ടിയ അറിവും അദ്ദേഹം പകർന്ന പോസിറ്റീവ് എനർജിയും മാത്രമായിരുന്നു അവിടെ ഒരു സ്ഥാപനം തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഏക വിശ്വാസം.

മിസ്റ്റിക് കോച്ച് 

മിസ്റ്റിക് കോച്ച് ആയിട്ടാണ് പ്രിയ തന്റെ കേരള ദൗത്യത്തിന് തുടക്കമിട്ടത്. സ്വന്തം കിടക്ക വൃത്തിയാക്കി സൂക്ഷിക്കുന്നത് മുതൽ വൻകിട കമ്പനികളുടെ എച്ച്ആർമാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ വരെ നീളുന്നതായിരുന്നു സുന്ദർരാജൻ ക്ലാസുകൾ. ക്ലാസുകളുടെ ബലത്തിൽ കരിയർ പടുത്തുയർത്തിയ പ്രിയ സ്വയം തിരഞ്ഞെടുത്ത മറ്റൊരു ഇടമാണ് മിസ്റ്റിക് കോച്ച്. തനിക്കു മുന്നിൽ എത്തുന്നവരുടെ സത്യത്തെ തിരിച്ചറിഞ്ഞ് കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുക എന്നതാണ് മിസ്സ് കോച്ചിങ് കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം.  മലയാളികൾ എങ്ങനെ ഇതിനോട് സുപരിചിതമാകും എന്ന ആശങ്കയൊന്നും അന്ന് പ്രിയക്ക്‌  ഉണ്ടായിരുന്നില്ല. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യുക എന്നത് മാത്രമായിരുന്നു അന്നത്തെയും ഇന്നത്തെയും നിലപാട്. അതുകൊണ്ടു തന്നെ അധികം വൈകാതെ കൊച്ചിയിലും ഇടം കണ്ടെത്തി. 

കോവിഡും  ആശങ്കകളും

എല്ലാവരും ചോദിക്കുന്ന കാര്യമാണ് കോവിഡ് കാലത്തിന്റെ പ്രശ്നങ്ങളെ കുറിച്ച്. എല്ലാവർക്കും വലിയ ആശങ്കയാണ് പക്ഷേ, ജീവിതത്തിൽ ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ നേരിട്ട് വന്ന് എന്നെ പോലെയുള്ളവർക്ക് അതൊരു കാര്യമേയല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം എന്റെ വിവാഹം ആയിരുന്നു. കളികൂട്ടുകാരനായ വ്യക്തിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച കാര്യം. അദ്ദേഹം അസുഖ ബാധിതനായി ചികിത്സയിലായിരുന്നതിനാലും  വീട്ടിൽ പറയാനുള്ള ധൈര്യം ഇല്ലാതിരുന്നതിനാലും  രഹസ്യമായി ഞങ്ങൾ വിവാഹം കഴിച്ചു.  എന്നിട്ട്  അവരവരുടെ ലോകത്തേക്ക് പോവുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ആണ് വീട്ടിൽ ഇക്കാര്യം അവതരിപ്പിക്കുന്നത്. പ്രതീക്ഷിച്ചപോലെ നല്ലതല്ലായിരുന്നു  മറുപടി. അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു തന്നു. ഒരു തരത്തിലുള്ള ഈഗോയും ബാധിക്കാതെ പത്തുവർഷത്തോളം അടിച്ചുപൊളിയായാണ്  ജീവിച്ചത്. പിന്നീട് ഞങ്ങൾക്കിടയിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായി. 

ട്രെയ്നർ ഒക്കെ ആണെങ്കിലും ഞാൻ ഏതൊരു സ്ത്രീയെയും പോലെ വിഷമഘട്ടങ്ങളിൽ പൊട്ടിക്കരയുന്ന ആളു തന്നെ ആയിരുന്നു. അന്ന് എന്നെ ചേർത്തു നിർത്തിയത് എന്റെ അമ്മയാണ്‌.  പത്താം ക്ലാസ് പോലും പൂർത്തിയാക്കിയ ഒരു വ്യക്തിയല്ല അവർ. അച്ഛനും  വലിയ വിദ്യാഭ്യാസമുള്ള ആളല്ല. പക്ഷേ അവർ പകർന്ന ജീവിതമൂല്യങ്ങളും അടിയുറച്ച വിശ്വാസവും അച്ചടക്കവുമായിരുന്നു ആ പ്രതിസന്ധി ഘട്ടത്തിലൊക്കെ പിടിച്ചു നിർത്തിയത്. ആ പ്രതിസന്ധിഘട്ടം ആണ് എന്നെ കൂടുതൽ ശക്തയാക്കി തീർത്തത്. ഒരു വലിയ വിഷമഘട്ടത്തിൽ കൂടെ കടന്നുപോയ ഒരു സ്ത്രീ അതിനെ അതിജീവിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ ഈ ലോകത്ത് ഒരു ശക്തിക്കും അവളെ താഴ്ത്തിക്കെട്ടാൻ കഴിയുകയില്ല.

അഭിമാനം ഈ നേട്ടങ്ങൾ അല്ല. 

ഒരു മകനുണ്ട് റിഷി.  ഇന്ന് വരെ അവനെ അ എന്ന് എഴുതാൻ പോലും ഞാൻ പഠിപ്പിച്ചിട്ടില്ല.  പക്ഷേ അവൻ അവന്റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും.  അവനും ഇപ്പോഴേ സ്വന്തം കാര്യം നോക്കുന്നുണ്ട്. അവനെ കൊണ്ടു കഴിയുന്ന രീതിയിൽ സമ്പാദിക്കുന്നുണ്ട്. സ്വന്തമായി പഠിക്കുന്നു. വീട് വൃത്തിയാക്കുന്നു. അങ്ങനെ എല്ലാ രീതിയിലും മുന്നോട്ടുപോകുന്നു. നടത്തുന്ന കമ്പനിയുടെ മാനേജർ പോസ്റ്റിൽ ഉള്ളത് അവൻ തന്നെയാണ്. കമ്പനിയുടെ പരസ്യങ്ങൾ തീരുമാനിക്കുന്നതും വീഡിയോകൾ ചെയ്യുന്നതും അത് എഡിറ്റിങ്ങും എല്ലാം അവൻ തന്നെയാണ് നോക്കുന്നത്. ഞാൻ അവന് അർഹിക്കുന്ന പ്രതിഫലം നൽകാറുണ്ട്. ഒരു ബർഗർ വാങ്ങി കഴിക്കണമെങ്കിൽ അവൻ തന്നെ സമ്പാദിക്കണം എന്ന് പറഞ്ഞു തന്നെയാണ് ഞാൻ വളർത്തുന്നതും അങ്ങനെ തന്നെയാണ് ജീവിക്കുന്നതും.

ഇപ്പോഴുള്ള ഞാൻ

ഗായത്രി മേനോനുമായി നടക്കാനിരിക്കുന്ന inward-out എന്ന പ്രോഗ്രാം ആണ് ഏറ്റവും പുതിയത്. സ്ത്രീകൾക്കായുള്ള ഒരു പരിപാടിയാണ് അത്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ മാസ്റ്റർ ട്രെയിനർ കൂടിയാണ് ഞാൻ.  2019 എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു.  കേരള പോലീസ് ഉൾപ്പെടെ വിവിധ മേഖലയിലുള്ള വ്യക്തികൾക്ക് ട്രെയിനിങ് കൊടുക്കാൻ സാധിച്ചു.ബ്യൂട്ടി പേജന്റ്,  മിസിസ്  യൂണിവേഴ്സ് എന്നീ പരിപാടികളിലും ട്രെയിനിങ് നൽകാനായി.

സാമ്പത്തികം,  ബ്യൂട്ടി,  കൺസ്ട്രക്ഷൻ,  സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വൻകിട പ്രൈവറ്റ് സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ട്രെയിനർ ആയി പ്രവർത്തിക്കാൻ സാധിച്ചു.  പോയ വർഷം  പ്രവർത്തനമേഖല കുറേക്കൂടി വൈവിധ്യമുള്ളതായി. ട്രെയിനിനെ സംബന്ധിച്ച് ആളുകളിലെ ധാരണ മാറി വരുന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.  16 വർഷത്തിലേറെയായി ഞാൻ ഈ രംഗത്ത് വന്നിട്ട്. ട്രെയിനിങ് ഫോർ യു കൂടാതെ വുമൺ മാജിക് എന്നൊരു സ്ഥാപനം കൂടി സ്വന്തമായുണ്ട്. 

ട്രെയിനിങ്ങിന് അപ്പുറം

നഴ്സറി കുട്ടികൾ മുതൽ എങ്കിൽ കമ്പനികളുടേയും പിന്നീട് ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരെയും വരെ ട്രെയിൻ ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഓരോരുത്തരിൽ നിന്നും ഓരോന്ന് പഠിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, എന്റെ ജീവിതത്തിൽ ഏറ്റവും വലിയ കരുത്ത് അല്ലെങ്കിൽ ഒരു ശക്തിസ്രോതസ് എന്ന് പറയുന്നത് മെഡിറ്റേഷനാണ്. ഒരു വ്യക്തിയെ കാണുന്ന മാത്രയിൽ തന്നെ പഠിക്കാനും അവരെ കുറിച്ച് ഒരു നല്ല ആമുഖം സ്വാംശീകരിക്കാനും എനിക്ക് സാധിക്കാറുണ്ട്. അമ്മയിൽ നിന്നാണ് മെഡിറ്റേഷൻ പഠിക്കുന്നത് അമ്മ വെളുപ്പിനെ നാലരയ്ക്ക് ഉണർന്നു മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയായിരുന്നു. 

സ്ത്രീ എന്ന ഘടകം

സ്ത്രീകളെ പൂജിക്കുകയും ഏറെ പിന്തുണ നൽകുകയും ചെയ്യുന്ന ഒരു സമൂഹം ആണ് എന്നൊക്കെ വാക്കുകൾ മാത്രമുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ അല്ലെങ്കിൽ ഒരു കൊച്ചു കുഞ്ഞ് ബലാൽസംഗത്തിന് വിധേയമാകുമ്പോൾ അതിനെതിരെ ശക്തമായി നമ്മൾ പ്രതികരിക്കും,  മെഴുകു തിരി തെളിക്കും പ്രതിഷേധം സംഘടിപ്പിക്കും എഴുതും. ഒക്കെ ചെയ്യും. പക്ഷേ ഒരു സ്ത്രീ  അവരുടെ കഴിവുകൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ സ്വതന്ത്രമായി  നിലപാടുകൾക്ക് അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ അതിനേക്കാൾ വലിയ രീതിയിൽ എതിർക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഞാൻ ആ സത്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ജീവിക്കുന്നത്. പക്ഷേ ഒരു സ്ത്രീ എന്നത് ഈ രംഗത്ത് തുടരുന്നത് എനിക്ക് ഒരിക്കലും തടസ്സമായിട്ടില്ല. ഒരുപക്ഷേ അത് ഇടപഴകുന്ന ആളുകളുടെ വ്യത്യാസം കൊണ്ടാകാം. അല്ലെങ്കിൽ ഞാൻ മുന്നോട്ടു വെക്കുന്ന ആത്മവിശ്വാസവും നമ്മുടെ നിലപാടുകളും  കാരണമാകാം. സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രമേ ഉള്ളൂ. എത്രമാത്രം പഠിക്കാൻ കഴിയുമോ അത്രയും പഠിക്കുക. എന്ത് പഠിക്കുന്നു എന്നതിലല്ല കാര്യം അതെങ്ങനെ പഠിക്കുന്നു ജീവിതത്തിൽ എത്രമാത്രം ആത്മവിശ്വാസത്തോടെ സമീപിക്കുന്നു എന്നതിലാണ് കാര്യം. അങ്ങനെ സമീപിച്ച് നിങ്ങൾ മുന്നോട്ട് പോകുക. പഠിച്ച അറിവുകൾ ഒരാൾക്ക് പകർന്നു കൊടുക്കുമ്പോൾ പഠിച്ചു അനുസരിച്ച് ജോലി ചെയ്യുമ്പോൾ ഒരിക്കലും ആർക്കും സൗജന്യമായി ഒന്നും ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കുക. അതിനർത്ഥം അവരെ ഉപയോഗപ്പെടുത്തി ഒരുപാട് പൈസ വാങ്ങണം ഒരുപാട് കഷ്ടപ്പെട്ട് സമ്പാദിക്കണം എന്നല്ല ഞാനുദ്ദേശിക്കുന്നത്.  ഒരു രൂപ എങ്കിലും നിങ്ങൾ ഫീസായി വാങ്ങിയിട്ട് മാത്രമേ എല്ലാം ചെയ്യാൻ നിൽക്കാവൂ. കാരണം സൗജന്യമായി ചെയ്യുന്ന ഒരു കാര്യത്തിനും ഇന്നത്തെ ലോകത്ത് വിലയില്ല. സുന്ദർരാജിൽ നിന്ന് ഞാൻ പഠിച്ച മറ്റൊരു കാര്യമാണിത്.

ജീവിതത്തിലെ നിലപാട്

ഞാൻ പറഞ്ഞില്ലേ പ്രൊഫഷനിലെ  എല്ലാ  നേട്ടങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറം ഒരു സാധാരണ സ്ത്രീയാണ് .നൃത്തത്തെ സ്നേഹിക്കുന്ന തെയ്യങ്ങളെ ഏറെ സ്നേഹിക്കുന്ന അതിനേക്കാളുപരി ഒരു അമ്പലവാസി കുട്ടിയാണ് ഞാൻ അന്നും ഇന്നും. മൈ ബെസ്റ്റ് ഫ്രണ്ട് തെയ്യം എന്ന ഒരു ബുക്ക് കൂടി ഞാൻ എഴുതിയിട്ടുണ്ട്.

ജീവിത വിജയത്തെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും പറയുന്ന ഒരു വാക്കാണ് സ്നേഹം എന്നുള്ളത്. സ്നേഹം കൊടുക്കുന്നതിനെയും സ്നേഹം കിട്ടാതെ പോകുന്നതിനെയും കുറിച്ചാണ് മിക്കവരും സംസാരിക്കാൻ ആഗ്രഹിക്കുന്നത്. സ്നേഹത്തിലൂന്നി ജീവിക്കണം പ്രവർത്തിക്കണമെന്നാണ് എല്ലാവരും പറയാറുള്ളത്. സ്നേഹമുള്ളവർ ആയിരിക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്.  പക്ഷേ എന്റെ നിലപാട് എന്റെ  അനുഭവങ്ങളിൽ നിന്ന് പകർന്നു കിട്ടിയ പാഠം കർമത്തിലൂന്നി ജീവിക്കണം എന്നാണ്.  നിങ്ങൾ നിങ്ങളുടെ കർമ്മം നന്നായി ചെയ്യു. ജീവിതത്തിൽ എല്ലാം അതിലൂടെ നിങ്ങളെ തേടി വരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA