പി.എസ്. സുമ, ഷീല എന്നീ വനിതാ കണ്ടക്ടർമാർ കെഎസ്ആർടിസിയിൽ നിന്നു വിരമിക്കുന്നത് സംസ്ഥാനത്തിന്റെയും ഗതാഗത വകുപ്പിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് കെഎസ്ആർടിസിയുടെ 82 വർഷത്തെ ചരിത്രത്തിൽ ആദ്യം നിയമിതരായ 10 വനിതാ കണ്ടക്ടർമാരിൽ രണ്ടുപേരാണ് ഇവർ. പതിറ്റാണ്ടുകൾ നിലനിന്ന പുരുഷ മേധാവിത്വത്തിന് അന്ത്യം കുറിച്ചവർ. 1992 ജൂലൈ ഒന്നിനായിരുന്നു ചരിത്ര മുഹൂർത്തത്തിന്റെ പിറവി. പ്രത്യേക നോട്ടിഫിക്കേഷനിലൂടെ നിയമിതരായ വനിതാ കണ്ടക്ടർമാർ കെഎസ്ആർടിസിയുടെ ഭാഗമായി. ആർ. ബാലകൃഷണപിള്ളയായിരുന്നു അന്നു ഗതാഗത വകുപ്പ് മന്ത്രി.
10 പേരും ഒരുമിച്ചാണു നിയമിതരായതെങ്കിലും സീനിയോറിറ്റി സുമയ്ക്കാണ്. കാരണം അന്നു മന്ത്രി ടിക്കറ്റ് റാക്കറ്റ് ആദ്യം കൈമാറിയത് ആ കൈകളിലേക്ക്. കണ്ടക്ടർ പോസ്റ്റിന് അപേക്ഷിച്ചവരിൽ ആദ്യ റാങ്ക് നേടിയതും സുമ തന്നെയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിനു സമീപം ഇടപ്പരിയാരം ആണു സുമയുടെ സ്വദേശം. പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാൻ അനുവാദമണ്ടായിരുന്ന കണ്ടക്ടർ പോസ്റ്റിലേക്ക് പ്രത്യേക വിജ്ഞാപന പ്രകാരമാണ് അന്നു നിയമനം നടത്തിയതെന്ന് സുമ ഓർമിക്കുന്നു. ഷീലയ്ക്കൊപ്പം സുമയ്ക്കും തിരുവനന്തപുരത്തായിരുന്നു നിയമനം. അതോടെ ജീവിതവും തലസ്ഥാന നഗരത്തിൽ തന്നെയായി. ഗതാഗത വകുപ്പിന്റെ ആസ്ഥാനമായ പാപ്പനംകോട്ട് ആറു ദിവസത്തെ പരിശീലനത്തിനുശേഷമാണ് ജോലി തുടങ്ങിയത്. സുമയുടെ ആദ്യത്തെ ട്രിപ്പിൽ ഭർത്താവും അനുഗമിച്ചു. അന്നു വാർത്തമാന പത്രങ്ങള്ക്കൊപ്പം ദൂരദർശനും ചടങ്ങ് ആഘോഷമാക്കി.
സഹകരണ ബാങ്കിലെ ക്ലറിക്കൽ ജോലി ഉപേക്ഷിച്ചിട്ടാണ് സുമ കണ്ടക്ടർ തസ്തികയിൽ എത്തുന്നത്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ തന്റെ തീരുമാനത്തിൽ സുമയ്ക്ക് പശ്ചാത്താപമില്ല. കൊമേഴസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് സുമ. നിയമന ദിവസം മന്ത്രി പറഞ്ഞതായിരുന്നു പ്രധാന പ്രചോദനം.
‘നിങ്ങൾ ഈ ജോലി ഉപേക്ഷിച്ചാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് ഒരുതൊഴിൽ മേഖല അപ്രാപ്യമാകും. തുടർന്നാൽ ആയിരക്കണക്കിനു സ്ത്രീകൾക്ക് ഒട്ടേറെ അവസരവും ലഭിക്കും’. തുടക്കത്തിൽ മൂന്നു വർഷത്തെ കോൺട്രാക്ടിലാണ് ജോലി തുടങ്ങിയത്. വനിതകൾ ജോലി ഉപേക്ഷിച്ചുപോകുമെന്ന് സർക്കാർ പോലും ഭയപ്പെട്ടിരുന്നു എന്നു വ്യക്തം. ഒടുവിൽ 2001 ലാണ് സ്ഥിര നിയമനം ലഭിക്കുന്നത്. കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും നല്ല പിന്തുണ ലഭിച്ചതു കൊണ്ടാണ് ജോലി തുടരാനായതെന്ന് സുമയും ഷീലയും പറയുന്നു. എന്നാൽ, അപൂർവം പേർ കലികാലത്തിന്റെ തുടക്കമെന്നാണ് വനിതാ കണ്ടക്ടർമാർ ജോലിയിൽ പ്രവേശിച്ചതിനെക്കുറിച്ചു പറഞ്ഞത്.
തിരുവനന്തപുരത്ത് നിന്ന് പിടിപി നഗറിലേക്കായിരുന്നു ഷീലയുടെ ആദ്യസർവീസ്. അന്നു മുതൽ ഇന്നുവരെ പ്രശ്ന രഹിതമായ കരിയർ. യാത്രക്കാരിൽ നിന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കള്ളൻമാരെയും മോഷ്ടാക്കളെയുമൊക്കെ പൊലീസിൽ ഏൽപിച്ചിട്ടുണ്ട് സുമ. ഒരിക്കൽ ഒരു പ്രൈമറി സ്കൂൾ പെൺകുട്ടിയെ ഉപദ്രവിച്ച വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബസിൽ നിന്ന് പുറത്തേക്ക് അടിച്ചിറക്കേണ്ടിയും വന്നു. ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച വ്യക്തിയായിരുന്നു ഉദ്യോഗസ്ഥൻ. അന്നു ജോലി കഴിഞ്ഞ് സുമ പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടെങ്കിലും കേസ് വേണ്ട എന്നായിരുന്നു അവരുടെ നിലപാട്.
ഒരിക്കൽ മരുതംകുഴിയിൽ ബസ് അപകടത്തിൽ പെട്ട സംഭവവുമുണ്ടായി. ഭാഗ്യത്തിന് അന്ന് ആർക്കും അപകടം ഉണ്ടായില്ല. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും സുമ ഒരു കൈ നോക്കി. ഇടതുപക്ഷ യൂണിയന്റെ സംസ്ഥാന കമ്മിറ്റി വരെയെത്തി. വർക്കിങ് വിമൻസ് യൂണിയന്റെ ജില്ലാ കൺവീനർ സ്ഥാനത്തും. സുമ ഭർത്താവിനൊപ്പം തിരുവനന്തപുരത്താണ് താമസം . രണ്ടു മക്കളുമുണ്ട്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയായ ഷീല വട്ടിയൂർക്കാവിലാണ് താമസം. രണ്ട് ആൺമക്കളാണ് ഷീലയ്ക്ക്.
സർവീസ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒരു വിഷമം ഇല്ലാതില്ല. തുടക്കത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തതിനാൽ പ്രമോഷൻ ലഭിച്ചിട്ടില്ല. അന്നു ജോലി ലഭിച്ച 10 പേരിൽ രണ്ടു പേർ ഇപ്പോഴും സർവീസിൽ ഉണ്ട്. മൂന്നു പേർ അധ്യാപികമാരായി ജോലി കിട്ടി പോയി.
English Summary: Women bus conductors, who ended male domination in KSRTC 28 years ago